Columns
മുല്ലപെരിയാര്‍ ചരിത്രം – ആധികാരിക ചരിത്ര രേഖകള്‍ സഹിതം
അന്വേഷണാത്മക ബ്ലോഗ് റിപ്പോര്‍ട്ടിംഗ് എന്ന മേഖലയില്‍ ഒരു നൂതന ചരിത്രം എഴുതി ചേര്‍ത്തുകൊണ്ട് ബൂലോകം ഓണ്‍ലൈന്‍ മുല്ലപ്പെരിയാര്‍ ചരിത്രം ആധികാരിക രേഖകള്‍ സഹിതം ഇവിടെ വിശദം ആക്കുന്നു.
453 total views, 2 views today

അന്വേഷണാത്മക ബ്ലോഗ് റിപ്പോര്‍ട്ടിംഗ് എന്ന മേഖലയില്‍ ഒരു നൂതന ചരിത്രം എഴുതി ചേര്‍ത്തുകൊണ്ട് ബൂലോകം മുല്ലപ്പെരിയാര്‍ ചരിത്രം ആധികാരിക രേഖകള്‍ സഹിതം ഇവിടെ വിശദമാക്കുന്നു. ലണ്ടനിലെ ബ്രിട്ടീഷ് ചരിത്രസംഹിതയില് മുലപ്പെരിയാരിന്റെ ചരിത്രം തേടി ബൂലോകം നടത്തിയ ഗവേഷണത്തിന്റെ ഫലമായി, ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി അഞ്ചില്‍ ബ്രിട്ടനില്‍ പെരിയാര്‍ അണക്കെട്ടിന്റെ ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകള്‍ കണ്ടെത്തിയിരിക്കുന്നു.
നൂറ്റി പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ബ്രിട്ടീഷ് എന്ജിനീയരിങ്ങിന്റെ മഹത്വം വിളിച്ചോതി, പെരിയാറില്‍ അത്ഭുതം ആയി വിരിഞ്ഞ ഈ അണക്കെട്ട് ഒരു ജനതയുടെ കാര്‍ഷികപരവും സാമ്പത്തികപരവുമായ ഉന്നമനത്തിനു കാരണം ആയെങ്കില്‍, ഒരു ശതാബ്ദത്തിന് ശേഷം അതെ അണക്കെട്ട് തന്നെ ഒരു ജനതയുടെ വിനാശത്തിന് കാരണഭൂതം ആയേക്കാം എന്ന് ആര് കണ്ടു?
1895 ഒക്ടോബര്‍ 15 ചൊവ്വാഴ്ച ലണ്ടനില്‍ ഇറങ്ങിയ മോര്‍ണിംഗ് പോസ്റ്റ് പത്രം ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു.
പെരിയാര്‍ വാട്ടര്‍ വര്‍ക്സ്
[രോയിട്ടെര്സ് ടെലെഗ്രാം]
മദ്രാസ്: വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മദ്രാസ് ഗവര്‍ണര്‍ വെന്‍ലോക് പ്രഭു മധുരയിലെ ജലക്ഷാമം പരിഹരിക്കാനുള്ള പെരിയാര്‍ വാട്ടര്‍ വര്‍ക്സ് പത്താം തീയതി ഉദ്ഘാടനം ചെയ്തു. കമാണ്ടെര് ഇന്‍ ചീഫ് സര് ജോര്‍ജ് വൈറ്റ് സന്നിഹിതന്‍ ആയിരുന്നു. ചടങ്ങില്‍ വച്ച് അണക്കെട്ടിന്റെ ശില്പിയും മദ്രാസ് പൊതു മരാമത്തു വകുപ്പ് സെക്രെട്ടറിയും ആയ കേണല്‍ പെന്നിക്വിക്കിനെ കമ്പാനിയന് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റാര്‍ ഓഫ് ഇന്ത്യ എന്ന സ്ഥാനം നല്കി ആദരിച്ചു.
1895 ഡിസംബര്‍ 7-ന് പുറത്തിറങ്ങിയ ഗ്രാഫിക് പത്രം, പെരിയാര്‍ ഡാമിന്റെ കമനീയമായ ബ്ലാക്ക് ആന്‍ഡ് വയ്റ്റ്, മുഴുവന്‍ പേജു ഫോട്ടോയും, ‘മദ്രാസിലെ മഹത്തായ കുടിവെള്ള പദ്ധതി‘എന്ന തലക്കെട്ടില്‍ പ്രധാന വാര്‍ത്തയും നല്കി. ”ഒരു ഇന്ത്യന്‍ എന്‍ജിനീയറിംഗ് നേട്ടം: പെരിയാര്‍ പദ്ധതി” എന്ന തലക്കെട്ടുള്ള മദ്രാസിലെ നികോളാസ് ആന്‍ഡ് കമ്പനി എടുത്ത ചിത്രം, വലത്തേ കരയില്‍ നിന്നും തെക്കോട്ട് നോക്കുമ്പോള്‍ താഴ്വര്ക്ക് കുറുകെ ഉള്ള ഡാമിന്റെ ദൃശ്യം ആണ്. നൂറു കണക്കിനു തൊഴിലാളികള്‍ ഡാമിന്റെ മുകളില്‍ ഉള്ള നടപ്പാതക്കു വലതു വശത്തായി ഉള്ള ഭിത്തി സുര്‍ക്കിയും കല്ലും ഉപയോഗിച്ച് നിര്‍മിക്കുന്നതും കാണാം. ഡാമിന്റെ പിന്‍ഭാഗത്ത് ഉള്ള ചാഞ്ഞ ഭിത്തിയിലെക്കായി നിര്‍മിച്ച താല്കാലിക മരപ്പാലം ഭിത്തിയോട് ചേര്‍ന്ന് ഒരു ഭീമന് ഗോവണി ആയി പരിണമിക്കുന്നതും, ഉറുമ്പുകളെപ്പോലെ ജോലിക്കാര്‍ ഡാം നിര്‍മാണ വസ്തുക്കളുമായി മുകളിലേക്ക് കയറി പ്പോകുന്നതും കാണാം.
ചരിത്രത്തിന്റെ താളുകളില്‍ ഇത് പകര്‍ത്തിയവര്‍ നൂറ്റാണ്ടിനപ്പുരം പതിനായിരക്കണക്കിനു ആളുകള്‍ ഈ ചിത്രങ്ങള്‍ തേടി വരും എന്ന് സ്വപ്നത്തില്‍ എങ്കിലും നിനച്ചിട്ടുണ്ടാവുമോ? അതി മനോഹരമായ പെരിയാര്‍ വാലിയുടെ പശ്ചാത്തലത്തില്‍ പണിക്കായി തീര്‍ത്ത താല്‍ക്കാലിക കെട്ടിടങ്ങളിടെ ചിത്രവും ഇതോടു ഒപ്പം ഉണ്ട് .
ഒക്ടോബര്‍ 26-നു ഇറങ്ങിയ ഗ്രാഫിക് പത്രത്തില്‍ കേണല്‍ പെന്നിക്വിക്കിനെ കമ്പാനിയന് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റാര്‍ ഓഫ് ഇന്ത്യ എന്ന പദവി നല്കിയ വാര്‍ത്തയോട് ഒപ്പം അദ്ധേഹത്തിന്റെ ലണ്ടനില്‍ എടുത്ത ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്. മഹാനായ ആ രാജശില്പി ഒരിക്കലെങ്കിലും ആ ഡാമിന്റെ മുകളില്‍ നിന്ന് കൊണ്ട് വിചാരിച്ചുട്ടുണ്ടാവുമോ, ഈ കാട് പിടിച്ച സ്ഥലം ഒരുനാള്‍ ലക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസ കേന്ദ്രം ആകുമെന്നും, തന്റെ രക്തം കൊണ്ട് നിര്‍മ്മിച്ച ആ മഹനീയ സംരഭം ആ ജനതയുടെ ജീവന് ഭീഷണി ആകുമെന്നും. ബ്രിട്ടീഷ് എന്ജിയീയരിംഗ് വൈദക്ദ്ധ്യം ലോകം അറിഞ്ഞ ആ നാളുകളില്‍, തന്റെ പിന്ഗാമികളില് വിശ്വാസം അര്‍പ്പിച്ചു ആകാം അദ്ദേഹം അത് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചത് .
ഡിസംബര്‍ 7-ലെ വാര്‍ത്തയില്‍ ഗ്രാഫിക് പത്രം ഡാം നിര്‍മാണത്തിന്റെ ചരിത്രവും ഉണങ്ങി വരണ്ട മധുരക്ക് ജല സമൃദ്ധം ആയ തിരിതാംകൂര് ദാഹജലം നല്കുന്നതിനെപ്പറ്റിയും, അണക്കെട്ടിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെപ്പറ്റിയും വിവരിക്കുന്നു. പണിയുടെ അവസാന ഘട്ടത്തില്‍ വ്യാവസായിക ആവശ്യത്തിനു വൈദ്യുതി ഉണ്ടാക്കുക എന്ന ആവശ്യവും തിരുകി കയറ്റപ്പെട്ടതിനെപ്പറ്റിയും സൂചന ഉണ്ട്. പദ്ധതി തുടക്കം മുതല്‍ ഒടുക്കം വരെ എത്ര ബുദ്ധിമുട്ട് നിറഞ്ഞതാണെന്നും, അതിനുള്ള കാരണങ്ങളും വിവരിക്കുന്നു. റയില്‍വേ ലയിന്‍ നൂറു കണക്കിന് മയിലുകള്‍ അകലെയായതിനാല്‍ ദുര്‍ഘടമായ വഴികളിലൂടെ പ്രാചീന സമ്പ്രദായങ്ങള്‍ ഉപയോഗിച്ച് സാമഗ്രികള്‍ എതിച്ചതിനെപ്പറ്റിയും, കാലവ്സ്ഥയോടും മലേറിയയോടും പടവെട്ടി മനുഷ്യന് നേടിയ വിജയത്തെപറ്റിയും വര്‍ണിക്കുന്നു. അടിസ്ഥാനം നിര്‍മ്മിച്ചത് അനേകം വിഫലം ആയ ശ്രമങ്ങള്‍ക്ക് ഒടുവില്‍ ആണെന്നും 1895 ഒക്ടോബര്‍ 10-ന് നൂറ്റി അന്‍പത്തി അഞ്ചു അടി ഉയരം ഉണ്ടായിരുന്ന ഈ ഭീമന് നിര്‍മിതി പണി പൂര്‍ത്തിയാകുമ്പോള്‍ നൂറ്റി അറുപത്തി നാല് അടി ഉയരത്തില്‍, ആയിരത്തി ഇരുനൂറ്റി എന്പത്തി ഒന്‍പതു മയില്‍ ചുറ്റളവ് ഉള്ള ഒരു കൃത്രിമ തടാകം മലമുകളില്‍ പുതിയതായി സൃഷ്ട്ടിക്കാന്‍ കാരണം ആകും എന്ന് എഴുതിയിരിക്കുന്നു.
ഒന്നാം ഘട്ടം ആയി ഈ ചരിത്ര രേഖകള്‍ ബൂലോകത്തിന്റെ മുമ്പില്‍ എത്തിക്കുന്നതോട് ഒപ്പം ബൂലോകം ബ്രിട്ടീഷ് മ്യൂസിയങ്ങള്‍ , ബ്രിട്ടനില്‍ ഉള്ള ചരിത്രരേഖാ ശേഖരങ്ങള്‍, കേണല്‍ പെന്നിക്വിക്കിന്റെയും കുടുംബാംഗങ്ങളുടെയും സ്വകാര്യ ശേഖരങ്ങള്‍ എന്നിവയില്‍ ലണ്ടന്‍ ആസ്ഥാനംമാക്കി നടത്തുന്ന തുടര്‍ അന്വേഷണങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിനെപ്പറ്റി ഉള്ള വിലപ്പെട്ട ചരിത്രരേഖകള്‍ ഇനിയും കണ്ടെത്താന്‍ ആവും എന്ന് പ്രത്യാശിക്കുന്നു. അങ്ങിനെ കണ്ടെത്തുന്ന രേഖകള്‍ ബൂലോകം ഒന്ലയിനില് തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നതാണ്.
454 total views, 3 views today