2013 എന്ന വർഷം മലയാള സിനിമയിൽ ചില പ്രത്യേകതകൾ സംഭവിച്ച വർഷം ആയിരുന്നു . മലയാളത്തിൽ ഏറ്റവും പ്രശസ്തമായി തീർന്ന മൂന്നു ത്രില്ലറുകൾ ഇറങ്ങിയ വർഷവും കൂടിയായിരുന്നു. മുംബൈ പോലീസും മെമ്മറീസും ദൃശ്യവും. സിനിമാസ്വാദകർക്കു അവർക്കു വേണ്ടതെല്ലാം ലഭിച്ച മൂന്നു കിടിലൻ ചിത്രങ്ങൾ. രാഗീത് ആർ ബാലന്റെ പോസ്റ്റ് വായിക്കാം
രാഗീത് ആർ ബാലൻ
2013 എന്ന വർഷത്തിന് മലയാള സിനിമയുടെ കലണ്ടിറിൽ സവിശേഷമായ ഒരു സ്ഥാനം ഉണ്ടെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.. മികച്ച ഒരുപാട് സിനിമകൾ റിലീസ് ആയ വർഷം ആയിരുന്നു 2013. എന്നാൽ എന്നെ ഏറ്റവും കൂടുതൽ ത്രിൽ അടിപ്പിച്ചു തീയേറ്ററിൽ പിടിച്ചിരുത്തുകയും എന്നേ അത്ഭുതപെടുത്തുകയും ഒരേ വർഷം ഒന്നിനൊന്നു മികച്ച ത്രില്ലർ സിനിമകൾ ഇറങ്ങിയ വർഷം കൂടെ ആണ് 2013. മെയ് 3-നു മുംബൈ പോലീസ്, അവിടുന്ന് 98-മത് ദിവസം ഓഗസ്റ്റ് 9-നു മെമ്മറീസ്, അവിടുന്ന് 132-മത് ദിവസം ഡിസംബർ 19-നു ദൃശ്യം. 3 സിനിമകളും ഒന്നിനൊന്നു മികച്ചവ ആയിരുന്നു..
മുംബൈ പോലീസ് –
സംവിധാനം-റോഷൻ ആൻഡ്രൂസ്
രചന-ബോബി-സഞ്ജയ്
ഞാൻ കണ്ട മലയാള സിനിമകളിലെ ഏറ്റവും ശക്തവും വ്യത്യസ്തവുമായ ഒരു സിനിമയും പോലീസ് കഥാപാത്രവും ആയിരുന്നു മുംബൈ പോലീസ് എന്ന സിനിമയും ആന്റണി മോസസ് എന്ന കഥാപാത്രവും .നമ്മൾ കണ്ടു ശീലിച്ച പോലീസ് കഥാപാത്രങ്ങളുടെ ഒരു പൊളിച്ചെഴുത്തായിരുന്നു ആന്റണി മോസസ്. മലയാള സിനിമയുടെ നായക സങ്കലപ്പമാണ് ആന്റണി മോസസ് എന്ന കഥാപാത്രത്തിലൂടെ പൃഥ്വിരാജ് തിരുത്തികുറിച്ചത്.
കുറ്റവാളികളോടും സ്ത്രീകളോടും ക്രൂരമായി പെരുമാറുന്ന റാസ്ക്കൽ മോസസ് എന്ന പോലീസുകാരൻ. തന്റേടം ഉള്ളവനും സമർത്ഥനുമായ പോലീസുകാരൻ. ‘റാസ്‌ക്കൽ മോസസ് ‘ എന്ന് ഓരോ പ്രേക്ഷകനും വിധി എഴുതിയ കഥാപാത്രം.എന്നാൽ ആ കഥാപാത്രത്തിനു മറ്റൊരു ഐഡന്റിറ്റി കൂടി ഉണ്ടായിരുന്നു അയാൾ ഒരു സ്വവർഗാനുരാഗി ആയിരുന്നു. ആന്റണി മോസസ് തന്റെ ഗേ ഐഡന്റിറ്റി എല്ലാവരുടെയും മുന്നില്‍ പരിപൂര്‍ണ്ണമായി ഒളിപ്പിച്ചുവെച്ച് ജീവിക്കുന്ന ഒരു പോലീസുകാരൻ ആയിരുന്നു. തന്റെ സ്വവര്‍ഗലൈംഗികത ഒളിപ്പിച്ചുവച്ചുകൊണ്ട് ജീവിക്കുന്നത് മന:സംഘര്‍ഷങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നു ഉണ്ട് എന്നത് കൊണ്ട് തന്നെയാണ് സ്വയം അയാൾ ഒരു റാസ്കൽ മോസസ് ആയി മാറുന്നത്.
അസിസ്റ്റന്റ് കമ്മീഷണര്‍ ആയ ആന്റണി മോസസ് ഉറ്റ സുഹൃത്തായ സഹപ്രവര്‍ത്തകനെ കൊല ചെയ്യുന്നു. കേസന്വേഷണം ആന്റണിയിൽ തന്നെ ഏല്‍പ്പിക്കപ്പെടുന്നു. കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ കൊലചെയ്തത് താനാണെന്ന കുറ്റസമ്മതം നടത്തിയ ഉടനെ വാഹനാപകടത്തില്‍ ആന്റണിയുടെ ഓര്‍മ്മകള്‍ നഷ്ടമാവുന്നു.അങ്ങനെ ഓര്‍മ്മ നഷ്ടപ്പെട്ട അയാളെക്കൊണ്ട് തന്നെ ആ കുറ്റകൃത്യം എന്തിന് എങ്ങനെ ചെയ്തു എന്ന് പറയിപ്പിച്ച കഥയാണ് മുംബൈ പോലീസിനെ ഒരു മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആക്കുന്നത്.
പ്രതിയായ തന്നെ തന്നെ സംരക്ഷിക്കാൻ ആന്റണി മോസസ് അന്വേഷണഘട്ടത്തിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ…ഓര്‍മ്മകള്‍ നഷ്ടമായ മറ്റൊരു ആന്റണി മോസസ് താൻ തന്നെ നശിപ്പിക്കുവാൻ ശ്രമിച്ച തെളിവുകളെ കണ്ടെത്തുന്നു. സിനിമാചരിത്രത്തില്‍ സവിശേഷമായ സ്ഥാനം അടയാളപ്പെടുത്തിയ ഒരു കഥാപാത്രം അതാണ് ആന്റണി മോസസ്.ഇനി മലയാള സിനിമയിൽ ആന്റണി മോസസിനെ പോലൊരു നായകൻ ജനിക്കുമോ എന്നുള്ളത് സംശയമാണ്.
മെമ്മറീസ്-ജീത്തു ജോസഫ്
മലയാള സിനിമകളിൽ മികച്ച ത്രില്ലർ സിനിമകൾ എടുത്താൽ അതിൽ മുൻപന്തിയിൽ തന്നെ ഉണ്ടാവുന്ന സിനിമയാണ് ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2013 ആഗസ്റ്റ് 9 ന് പുറത്തിറങ്ങിയ മെമ്മറീസ് എന്ന സിനിമ .സിനിമയുടെ മികച്ച വശങ്ങളിലൊന്നു കൃത്യമായ മേക്കിങ് സ്റ്റൈൽ തന്നെയാണ്. അതുവരെ കണ്ട ജീത്തു ജോസഫ് എന്ന സംവിധായകനായിരുന്നില്ല ഈ ചിത്രത്തിൽ കണ്ടത്. പൃഥ്വിരാജ് എന്ന നടന്റെ അഭിനയ മികവിനെ മികച്ച രീതിയിൽ ഉപയോഗിച്ച സിനിമ ആയിരുന്നു മെമ്മറീസ്. എടുത്തു പറയേണ്ട മറ്റു രണ്ടു ഘടകങ്ങൾ സുജിത് വാസുദേവിന്റെ ഛായാഗ്രഹണവും ജോൺ കുട്ടിയുടെ എഡിറ്റിംഗുമാണ്. അത്രയ്ക്കു മികവാർന്ന രീതിയിലാണ് സുജിത് വാസുദേവ് ഒരൊ ഫ്രെയിമും പകർത്തിയതും ജോൺ കുട്ടി എഡിറ്റ് ചെയ്തതും.
ഒരേ പാറ്റേൺ പിന്തുടരുന്ന വ്യത്യസ്ത കൊലപാതകങ്ങൾ അന്വേഷിക്കാൻ നിയമിക്കപ്പെടുന്ന കള്ളുകുടിയനായ സാം അലക്‌സ് എന്ന പോലീസ് ഓഫീസറുടെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥാഗതി നീങ്ങുന്നത്. ഭാര്യയുടെയും മകളുടെയും വിയോഗം മൂലം മുഴുവൻ സമയവും കുടിയനായി മാറിയ ഇയാളുടെ ജീവിതത്തിൽ കടന്നുവരുന്ന അപ്രതീക്ഷിത സംഭവങ്ങളുടെ ചുവടുപറ്റിയാണ് സിനിമയുടെ കഥാഗതി സഞ്ചാരിക്കുന്നത്.
ദൃശ്യം -ജീത്തു ജോസഫ്
ദൃശ്യം എന്ന സിനിമ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കാൻ പറ്റുന്നത് . കുടുംബ സിനിമ ആണോ അതോ സസ്പെൻസ് ത്രില്ലർ ആണോ ? അതെ.. എല്ലാവിധ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയ സിനിമ.
അങ്ങനെ 2013 എന്നിലെ പ്രേക്ഷകനെ പൂർണ്ണ രീതിയിൽ തൃപ്തി പെടുകയും അത്ഭുതപെടുത്തുകയും ചെയ്ത സിനിമകൾ ആയിരുന്നു ഇവ മൂന്നും. ഒരു സംവിധായകന്റെ തന്നെ മികച്ച 2 ത്രില്ലർ സിനിമകൾ വന്ന വർഷം ഒരേ നടന്റെ തന്നെ മികച്ച 2ത്രില്ലർ സിനിമകൾ വന്ന വർഷം കുടുംബ പ്രേക്ഷകരെയും എല്ലാത്തരം പ്രേക്ഷകരെയും തീയേറ്ററുകളിലേക്ക് തിരിച്ചു കൊണ്ട് വന്ന മോഹൻലാൽ സിനിമ ഇറങ്ങിയ വർഷം.
***