കേരളത്തിൽ എവിടെയാണ് മഞ്ച് മിഠായി വഴിപാടുള്ള ‘മഞ്ച് മുരുകൻ്റെ അമ്പലം’ ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
പല ക്ഷേത്രങ്ങളിലുമുള്ള വഴിപാടുകൾ പലതാണ്.ഉഴുന്ന് വട കൊണ്ടുള്ള മാല മുതൽ അപ്പവും , അരവണയുമൊക്കെ വഴിപാടുകളിൽ പെടും. എന്നാൽ നമ്മൾ കടകളിൽ നിന്ന് വാങ്ങുന്ന നെസ്‌ലെയുടെ മഞ്ച് വഴിപാടാക്കിയ ഒരു ക്ഷേത്രമുണ്ട്.
ആലപ്പുഴയിലെ തലവടി ബാലമുരുക ക്ഷേത്രത്തിലാണ് മഞ്ച് ഒരു പ്രസാദമായി ലഭിക്കുന്നത്. തെക്കൻ പഴനി എന്നറിയപ്പെടുന്ന കേരളത്തിലെ മുരുക ക്ഷേത്രമാണ് തലവടിയിലേത്.ഇവിടെ ഏതു കാലം മുതലാവും ഇങ്ങനെയൊരു വഴിപാടു മുരുകന് പ്രിയങ്കരമായത് എന്ന കാര്യത്തിൽ സംശയം ഉണ്ട്. എന്തുതന്നെയായാലും മഞ്ച് എന്ന ചോക്കലേറ്റ് നമ്മുടെ നാട്ടിലേക്കെത്തിയിട്ടു നൂറ്റാണ്ടുകൾ ഒന്നും ആയിട്ടില്ലാത്ത സ്ഥിതിയ്ക്ക് ഒരുപാടു കാലങ്ങൾ അതിന്റെ പിന്നിലുണ്ടെന്നും പറയാനും വയ്യ. പരീക്ഷയ്ക്ക് നല്ല മാർക്ക് നേടാൻ വേണ്ടി ഒരു കുട്ടി തുടങ്ങി വച്ച ആചാരമായിരുന്നു ഈ മഞ്ച് വഴിപാട് എന്ന് പറയപ്പെടുന്നു. പിന്നീട് അതെ ആവശ്യത്തിന് മറ്റു കുട്ടികളും ചെയ്തു. തുടർന്ന് ആ വഴിപാടു അവരവരുടെ ആഗ്രഹ പൂർത്തീകരണത്തിനായി മുതിർന്നവർ ഏറ്റെടുക്കുകയും ചെയ്തു.
ബാലമുരുക ക്ഷേത്രമാണ് ഇവിടെയുള്ളത്. മുരുകൻ കുട്ടി സങ്കൽപ്പത്തിലാണ് ഇവിടെ പൂജയും. അതുകൊണ്ടു തന്നെ കുട്ടികൾ ആണ് ധാരാളമായി ഇവിടെയെത്തുന്നത്.ചോക്കലേറ്റു എന്നാണ് പൊതുവെ ഇവിടുത്തെ വഴിപാടിനെ കുറിച്ച് പറയുന്നതെങ്കിലും ഏറ്റവുമധികം ഇവിടെ സമർപ്പിക്കപ്പെടുന്നത് നെസ്‌ലെയുടെ മഞ്ച് എന്ന ചോക്കലേറ്റാണ്.സ്ഥിരമായി പഴനി മുരുകനെ കാണാൻ പോയിരുന്ന ഇന്നാട്ടിലെ ഒരാൾക്ക് വയസായി യാത്രകൾ ബുദ്ധിമുട്ടായപ്പോൾ ഇനിയെങ്ങനെ പഴനി മുരുകനെ കാണുമെന്നു ആലോചിച്ചു അയാൾ വ്യാകുലപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പണിഞ്ഞതാണ് ഈ മുരുക ക്ഷേത്രം എന്നാണ് തലവടി മുരുക ക്ഷേത്രത്തിന്റെ ചരിത്രമായി നാട്ടുകാർ പറയുന്ന കഥ.
കുട്ടികളിൽ നിന്നും അത് മുതിർന്നവരിലേക്ക് എത്തപ്പെട്ട ഒരു ആചാരം മാത്രമാണെന്ന് ഇവർ സമ്മതിക്കുന്നു. നിരവധി പേർ മഞ്ചുമായി ഇവിടെ വിവിധ ആവശ്യങ്ങളുന്നയിച്ചു എത്തുന്നു. വരുന്നവർക്ക് പ്രസാദമായി മഞ്ച് തന്നെയാണ് നൽകുന്നത്. ‘മഞ്ച് മുരുകൻ്റെ അമ്പലം’ എന്നാണ് ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. മഞ്ച് അതുപോലെ തന്നെയും , മാലയാക്കിയും ഒക്കെ ഇവിടെ സമർപ്പിക്കാറുണ്ട്.