Sanjeev S Menon
ട്വിസ്റ്റ് …. ട്വിസ്റ്റ് … ട്വിസ്റ്റ് … നമ്മൾ എന്തൊക്കെയോ പ്രതീക്ഷിക്കും, പക്ഷെ ഒന്നും സംഭവിക്കില്ല. അതാണ് മുംഗാരുമളെ എന്ന ചിത്രത്തിന്റെ ഒരു പ്രത്യേകത. അവസാന രണ്ടു മിനിറ്റിലും പ്രതീക്ഷ കൈവിട്ടില്ല, പക്ഷെ .
കൊഡഗു നാട്ടുകാർ പണ്ടേ തങ്ങളുടെ പോരാട്ട വീര്യം കാണിച്ചു തന്നവരാണ്. ഫീൽഡ് മാർഷൽ കരിയപ്പ എന്ന പേരുകേട്ടാൽ സല്യൂട്ട് അടിച്ചു പോകും. 1947ലെ ഇൻഡോ- പാക് യുദ്ധത്തിൽ ഇന്ത്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ യുദ്ധം നയിച്ച നായകൻ.5 സ്റ്റാർ കിട്ടിയ രണ്ടേ രണ്ടു പേരിൽ ഒരാൾ. മറ്റൊരാൾ മറ്റാരുമല്ല, ഫീൽഡ് മാർഷൽ മനേക് ഷാ!! ആ പാരമ്പര്യം നിലനിർത്തുന്ന നാട്.സൈന്യത്തിൽ ജോലി ചെയ്യുന്നതിൽ അഭിമാനം കാണുന്നവരുടെ നാട്…..കൊഡഗു!….അതു കൊണ്ടു തന്നെ ആ മനോഹര നാട്ടിലുള്ള പട്ടാളക്കാരുടെ കുടുംബത്തിലുള്ളതും അല്ലാത്തവരുമായ സ്ത്രീകളിൽ കുറച്ചു പേർ വീര്യം നുകരാറുണ്ട്. കാവേരിയുടെ വരദാനമായ കൊഡഗു സുന്ദരിയാണ്. കൊഡഗിന്റെ സൗന്ദര്യത്തെ മഴ അതിസുന്ദരിയാക്കുന്നു. ഈ ചിത്രത്തിൽ ആ സൗന്ദര്യത്തെ കഴിയുവോളം ആവാഹിച്ചിട്ടുണ്ട്. ജോഗ് ഫോൾസ് ഒരു മുഖ്യ ആകർഷണമാണ് ഈ ചിത്രത്തിൽ .അതു കണ്ടു തന്നെയറിയണം.
ഇനി മുംഗാരു മളെ എന്ന ചിത്രത്തിലേക്കു വന്നാൽ, ബെംഗളൂരു എന്ന മഹാനഗരത്തിൽ തുടങ്ങി കൊഡഗിൽ അവസാനിക്കുന്ന ചിത്രമാണ്. ഒരുപാട് പ്രത്യേകതകൾ അവകാശപ്പെടാനുള്ള ഒരു കമേർഷ്യൽ ചിത്രമാണ് മുംഗാരുമളെ. 2006 ൽ പുറത്തിറങ്ങിയ ഈ ചിത്രം നിരവധി റെക്കോഡുകൾ ഭേദിച്ചു!! ഒരു മൾട്ടിപ്ലക്സ് തീയറ്ററിൽ ഒരു വർഷത്തിലധികം പ്രദർശിപ്പിച്ച ചിത്രം., കന്നഡ സിനിമയിൽ ഏറ്റവും അധികകാലം പ്രദർശിപ്പിച്ച് ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്ത ചിത്രം, ഇന്ത്യൻ സിനിമാ ചരിത്രത്തിൽ PVR സിനിമയിൽ ഒരു വർഷത്തിലധികം പ്രദർശിപ്പിച്ച ചിത്രം, 2 കോടി മുടക്കി 50 കോടി നേടിയ ചിത്രം…. പക്ഷെ ഇൻകം ടാക്സ് ഡിപ്പാർട്ടുമെന്റിന്റെ കണക്കു പ്രകാരം 67.5 കോടി നേടിയ ചിത്രമാണ്. നേടിയ കളക്ഷന് ആനുപാതികമായി ടാക്സ് അടച്ചില്ല എന്നതിനാൽ IT ഡിപ്പാർട്ട്മെന്റ് ആക്ഷേപം ഉന്നയിച്ച ചിത്രം, PVR ൽ 460 ദിവസം പ്രദർശിപ്പിച്ച ചിത്രമാണ്. തെലുഗു, മറാഠി, ഒഡിയ ഭാഷകളിൽ റീമേക്ക് ചെയ്ത ചിത്രം!!
ധനികനായ അച്ഛന്റെ മകനായ പ്രീതം സാധാരണ ചെറുപ്പക്കാരിൽ നിന്ന് അല്പം വ്യത്യസ്തനാണ്. എന്തു കാര്യത്തിലും അവന് ഇന്റിമസി കൂടുതലാണ്. അവന് ശരിയെന്നു തോന്നുന്നത് അവൻ ചെയ്യുന്നു. അവൻ കണ്ടെത്തിയ പെണ്ണ് അവന്റെതാകുമെന്ന് അവൻ കരുതുന്നു.ഓരോ കാഴ്ചയിലും മഴ സാക്ഷിയാണ്. ബെംഗളൂരുവിൽ തുടങ്ങുന്ന പ്രേമം കൊഡഗിൽ എത്തുമ്പോഴും വൺവേ ആയി തുടരുന്നു. ഒരേ വീട്ടിൽ താമസിച്ചിട്ടും അവന് അവന്റെ ആത്മാർത്ഥ സ്നേഹം അവളെ മനസിലാക്കിക്കൊടുക്കാൻ ഒരുപാട് പരിശ്രമിക്കേണ്ടി വരുന്നു. അച്ഛന്റേയും അമ്മയുടേയും പെറ്റ് ആയ അവന് പിന്നീട് തന്റെ ജീവിതത്തിലേക്കു കടന്നു വന്ന ഓരോരുത്തരും പ്രിയപ്പെട്ടവരാണ്.
തന്റെ പ്രണയിനി സ്വന്തം അമ്മയുടെ ചങ്ക് കൂട്ടുകാരിയുടെ മകളാണെന്നറിയുന്നതിലല്ല, അവളുടെ വിവാഹത്തിന് ഇനി 7 നാൾ മാത്രമേ ബാക്കിയുള്ളുവെന്നറിയുമ്പോൾ അവൻ തകർന്നു പോകുന്നു. എന്നിട്ടും അവൻ പ്രതീക്ഷ കൈവിടുന്നില്ല. പക്ഷെ, ചില സത്യങ്ങൾ അറിഞ്ഞപ്പോൾ അവൻ നിസഹായനാകുന്നു. താൻ സ്നേഹിക്കുന്ന, അല്ലെങ്കിൽ തന്നെ സ്നേഹിക്കുന്നവർക്കായി അവൻ തന്റെ ജീവിതം തന്നെ ബലി നല്കുന്നു. അതും തന്നേത്തന്നെ മോശക്കാരനായി ചിത്രീകരിച്ചു കൊണ്ട്!!!!
വില്ലൻ വില്ലനല്ലതാകുന്നു. അവനും തന്നേപ്പോലെ അവളെ അന്ധമായി സ്നേഹിക്കുന്നവനാണെന്നു മനസിലാക്കാൻ പ്രീതം എന്ന ചെറുപ്പക്കാരന് അധികം ബുദ്ധി ചിലവാക്കേണ്ടി വരുന്നില്ല. പറഞ്ഞു വന്നത്, മുംഗാരുമളെ ഒരു ഹാപ്പി എൻഡിംഗ് ചിത്രമല്ല.പക്ഷെ തുടക്കം മുതൽ ഒടുക്കം വരെ നമ്മളെ രസിപ്പിക്കുന്ന ചിത്രം. അറിയാതെ ഒരു കാമുകനോ കാമുകിയോ ആയിപ്പോകും ഈ ചിത്രം കാണുമ്പോൾ..
ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ, ഉദിത് നാരായൺ, ശ്രേയാ ഘോഷൽ, കുണാൽ ഗഞ്ചൻവാലാ, സുനിധി ചൗഹാൻ തുടങ്ങിയ പ്രസിദ്ധ ഹിന്ദി ഗായകർ പാടി അനശ്വരമാക്കിയ ഗാനങ്ങൾ ഈ പടത്തിന്റെ പ്രത്യേകതയാണ്.അതോടെ അവർക്കൊക്കെ കന്നഡ സിനിമയിൽ ഇരിപ്പിടം ഉറച്ചു.
പ്രീതം ആയി ഗണേഷ് തകർത്തു….ആ ചിരി മതിയല്ലോ.കുറേ വർഷങ്ങൾക്കു ശേഷം അനന്ത് നാഗിന്റെ ഒരു നല്ല കഥാപാത്രത്തെ കണ്ടു.കേണൽ സുബ്ബയ്യ, ആ കൈകളിൽ ഭദ്രമായിരുന്നു.പ്രീതമിന്റെ അമ്മയായി സുധാ ബെളവാഡി, അച്ഛനായി ജെയ് ജഗദീഷ്, നന്ദനയുടെ അമ്മയായി പത്മജാ റാവു, വില്ലൻ{?} ആയി നീനാശം അശ്വത് എന്നിവരൊക്കെ മികച്ചു നിന്നു.കൃഷ്ണപ്പ നിർമ്മിച്ച് യോഗ്രാജ് ഭട്ട് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം 2016ൽ പുറത്തിറങ്ങിയിരുന്നു.ഗണേഷിന് സൂപ്പർ സ്റ്റാർ പരിവേഷം നല്കിയ ചിത്രമാണ് മുംഗാരുമളെ