Nishal Thampan
രാഘവൻ അഞ്ജലിക്ക് കൊടുത്ത എഴുത്ത് എന്തായിരിക്കാം? ഒരു പക്ഷെ ഇതായിരിക്കാം ആ കുറിപ്പ്.
പ്രിയപ്പെട്ട അഞ്ജലിക്ക്,
പ്രശസ്തിയാണോ സ്വാതന്ത്ര്യമാണോ ഒരു മനുഷ്യൻ ജീവിതത്തിൽ ഏറ്റവുമധികം ആഗ്രഹിക്കുന്നത്? പലർക്കും അത് പ്രശസ്തിയായിരിക്കാം, പക്ഷെ എനിക്ക് സ്വാതന്ത്ര്യമാണ്. അത് പക്ഷെ നിങ്ങളേ പോലുള്ള ഭൂരിഭാഗം വരുന്ന ആളുകൾ കരുതുന്ന പോലെ ഈ ഭൂമിയുടെ ഏതറ്റം വരെയും അലഞ്ഞു തിരിഞ്ഞു നടക്കാനുള്ള സ്വാതന്ത്ര്യമല്ല. എനിക്ക് എന്നോടൊപ്പം മാത്രമാകുവാനുള്ള സ്വാതന്ത്ര്യമാണ്. മടിയനായ എനിക്ക് ഈ ലോകത്തിന്റെ മറ്റ് പ്രവർത്തനങ്ങളുടെ ഭാഗമാവാൻ താല്‍പര്യമില്ല.
നൈമിഷികമായി കിട്ടുന്ന ഈ പ്രശസ്തി ഒരു പക്ഷെ നിങ്ങളെ ഇപ്പൊ ഭ്രമിപ്പിക്കുന്നുണ്ടാവും; എന്നെയും ഒന്ന് ഭ്രമിപ്പിച്ചു ആദ്യം, പക്ഷെ ഒടുക്കം സ്വാതന്ത്ര്യം തന്നെയാണ് വലുത് എന്ന് ഞാൻ മനസിലാക്കുന്നു. എല്ലാ നാശത്തിന്റെയും ആരംഭം എന്തിനോടെങ്കിലുമുള്ളൊരു ഭ്രമം ആണെന്ന് ഞാൻ മനസിലാക്കുന്നു. ഇത് വായിച്ചു കഴിയുമ്പോഴേക്കും നിങ്ങൾക്കും ആ സത്യം ബോധ്യമാവും. ചിലർക്ക് അധികാരത്തോടുള്ള ഭ്രമം, ചിലർക്ക് മനുഷ്യരോടുള്ള ഭ്രമം, ചിലർക്ക് വസ്തുക്കളോട്, ചിലർക്ക് പണത്തിനോട്, പിന്നെ നിങ്ങളെ പോലെയുള്ള മറ്റ് ചിലർക്ക് പ്രശസ്തിയോടുള്ള ഭ്രമം. എന്തിനോട് ആണെങ്കിലും, അന്തിമ ഫലം നാശം തന്നെ. ഇതൊരു പരമമായ സത്യമാണ്, അശോക സ്തംഭത്തിൽ നമ്മുടെ കണ്ണിൽ പെടാതെ തിരിഞ്ഞു നിൽക്കുന്ന നാലാമത്തെ സിംഹം പോലെ മറഞ്ഞിരിക്കുന്ന ഒരു സത്യം.
നിങ്ങൾ ഒരു പക്ഷെ മനസിലാക്കാൻ വൈകുന്ന സത്യം. ഇതൊക്കെയാണെങ്കിലും എനിക്ക് ഒന്നിനോടും ഭ്രമം ഇല്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? തീർച്ചയായുമുണ്ട്. സ്വാതന്ത്ര്യത്തോട് തന്നെ! നാളിതു വരെയുള്ള എന്റെ യുദ്ധവും അതിനു വേണ്ടി തന്നെ! ഞാനതിൽ വിജയിച്ചിട്ടുമുണ്ട്. എങ്ങനെ ആണെന്ന് അറിയാൻ ആകാംഷയുണ്ടല്ലേ? പറയാം വിദ്യാഭ്യാസ സമ്പ്രദായമാണ് എന്റെ സ്വാതന്ത്ര്യത്തിൽ ആദ്യം തടയിട്ടത്. വാർപ്പുമാതൃകകൾ പിന്തുടർന്ന് വരുന്ന രീതിയോട് എനിക്ക് താല്പര്യമില്ലായിരുന്നു, വായനയാണ് എനിക്ക് ഇഷ്ടം. അത് മറ്റുള്ള ആളുകൾക്ക് തീരുമാനിക്കാൻ എന്ത് അധികാരം?
എഴുത്തും വായനയും കുറച്ചു പഠിച്ച ശേഷം കൂടുതൽ പഠനത്തോട് താല്പര്യം കാണിക്കാൻ എനിക്ക് തോന്നിയില്ല. ഇഷ്ടമില്ലാത്തത് പഠിപ്പിക്കാൻ സമ്മർദം ചെലുത്തുന്ന അധ്യാപകർ. ഒറ്റയ്ക്ക് സ്വസ്ഥമായി എവിടെയെങ്കിലും ഇരിക്കാൻ താല്പര്യമുള്ള എന്നെ കൂടെ കൂടെ ശല്യം ചെയ്യുന്ന മറ്റുള്ളവർ. എനിക്ക് ഇടയ്ക്ക് സംസാരിക്കാനൊക്കെ ഇഷ്ടം തന്നെയാണ്. പക്ഷെ അത് എനിക്ക് ഇഷ്ടമുള്ളപ്പോ മാത്രം. അങ്ങനെ എന്റേതായ ഇടത്തിലേക്ക് ഇടക്കിടക്ക് വന്നു ശല്യപ്പെടുത്തിയ ഒരുത്തനായിരുന്നു വർക്കി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ. സ്വസ്ഥമായി ഇരിക്കുന്ന എന്നെ വന്നു ഓരോന്ന് പറഞ്ഞു കളിയാക്കും, തോണ്ടും, അവനതൊരു ഹരമാണെന്ന് തോന്നുന്നു. എന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ വന്ന ആദ്യത്തെ ഇരയായിരുന്നു വർക്കി. എന്റെ യുദ്ധത്തിലെ ആദ്യ ചെറു വിജയം. സ്കൂൾ പരിസരത്തിലെ ഒരു കോണിൽ കിട്ടിയ അവനെ ഞാൻ ഒരു വടി വെച്ച് പിന്നിൽ നിന്ന് തലക്കടിച്ചു.
ചോര ഒലിച്ചിറങ്ങുന്നത് ഞാൻ നോക്കി നിന്നു. ചോര ചിന്താതെ എന്ത് യുദ്ധം?! എന്റെ കൃത്യം നിർവഹിച്ചതിന് ശേഷം ഞാൻ നടന്നു നീങ്ങി, ഓടി ഒളിച്ചില്ല, കാരണം ഞാൻ ആരെ ഭയക്കണം? പക്ഷെ ആ പരിസരത്ത് സത്യം പറയാൻ ആരും ഇല്ലാരുന്നു. നാലാമത്തെ സിംഹം വീണ്ടും അവിടെ തിരിഞ്ഞു നിന്നു. ശാന്തപ്രകൃതം എന്ന് കരുതപെട്ട എന്നെ ആരും സംശയിച്ചുമില്ല.
പിന്നിൽ നിന്നുള്ള ആഘാതമായതിനാൽ അവന് ഒന്നും ഓർമ്മയില്ലാരുന്നു. അവൻ മരിച്ചില്ല, പക്ഷെ അവന്റെ മുറിവ് ഭേദമായി വന്നപ്പോഴേക്കും പത്താം ക്ലാസ്സ് കഴിഞ്ഞു. അങ്ങനെ ഞാൻ വിദ്യാലയമെന്ന മനുഷ്യ നിർമ്മിത സ്ഥാപനത്തെയും വർക്കിയെയും പറിച്ചു മാറ്റി. പിന്നീട് കുറേ നാൾ സ്വസ്ഥതയുടെ നാളുകൾ ആയിരുന്നു. അങ്ങനെ ഞാൻ വിവാഹത്തിലേക്ക് കടന്നു. രമണിയെ വിവാഹം ചെയ്തു. വിവാഹം, മനുഷ്യ നിർമ്മിതമായ മറ്റൊരു തളച്ചിടൽ. പ്രണയം നല്ലതാണ്, പക്ഷെ സാഷ്ടാംഗ പ്രണയം? എനിക്ക് അതിനോട് യോജിപ്പില്ല, ഞാൻ തന്ന ഡയറിയിലും ഇത് വായിച്ചിരിക്കണമല്ലോ, അല്ലെ?
മനസ് കൊണ്ട് പ്രണയിക്കാം, എന്നാൽ അതിന് ശരീരം കൂടെ പങ്കിടുന്നത് എന്റെ ശരീരത്തിന് മേലുള്ള അധികാരത്തിന് ഏൽക്കുന്ന ക്ഷതമല്ലേ? അങ്ങനെ എന്റെ മനസിനും ശരീരത്തിനും മേൽ പങ്കാളിത്തം ആഗ്രഹിച്ച രമണിയേയും ഞാൻ പറിച്ചു മാറ്റി. എന്റെ സ്വാതന്ത്ര്യത്തിന്റെ രണ്ടാം വിജയം. ശ്വാസം മുട്ടലിന്റെ അസുഖം ഉണ്ടായിരുന്ന അവളെ ഞാൻ കഴുത്തു ഞെരിച്ചു കൊന്നു. വീണ്ടും സമാധാനത്തിന്റെ നാളുകൾ ആയിരുന്നു കുറച്ചു നാൾ. പിന്നീട് ഞാൻ ഒരു മാർവാഡി പെണ്ണിന്റെ ഡ്രൈവർ ആയി ജോലി ചെയ്യാൻ തുടങ്ങി. മുതലാളിത്ത സമൂഹത്തിന്റെ മറ്റൊരു വികൃത മുഖം മാത്രമായിരുന്നു ആ പെണ്ണ്. എന്നെ ആവശ്യത്തിൽ കൂടുതൽ ജോലി എടുപ്പിക്കും. വൈകി വന്നാൽ വഴക്ക് പറയും. ഒരു ജോലിക്കാരനോട് കൊടുക്കണ്ട മാന്യത എനിക്ക് തന്നില്ല. ചെയ്‌ത ജോലിക്ക് കിട്ടുന്ന ശമ്പളം മാത്രമാണോ ഒരു തൊഴിലാളിയുടെ കൂലി? ഒരിക്കലുമല്ല. അവിടെയും സ്വാതന്ത്ര്യമുണ്ട്.
തൊഴിലാളിക്കും തന്റേതായ ഒരു ഇടം വേണമെന്നും എല്ലാവരെയും പോലെ ബഹുമാനം അർഹിക്കുന്നുണ്ടെന്നും ഈ നാട്ടിലെ മുതലാളിമാർ എന്ന് പഠിക്കും? ഇങ്ങനെയുള്ള മുതലാളിമാരെയും നാം പറിച്ചു മാറ്റേണ്ടിയിരിക്കുന്നു. അത് തന്നെ ഞാനും ചെയ്തുള്ളു. ദൂരയോട്ടത്തിന് എന്നെ ഒരു ദിവസം വിളിച്ചുവരുത്തി. അന്ന് ഞാനൊരു കത്തി കരുതി. കുറച്ചു ദൂരം ഓടിച്ചു കഴിഞ്ഞു വഴി മാറ്റി ഞാൻ പിടിച്ചു, ഒരു വിജനമായ പ്രദേശത്തേക്ക് ചീറി പാഞ്ഞു പോയി. അവിടെ വണ്ടി നിർത്തിയിട്ടു കത്തിയെടുത്ത് ഞാൻ ആ പെണ്ണിനെ കുത്തി. കുതറിമാറാൻ ശ്രമിച്ചെങ്കിലും അവൾക്കതിന് കഴിഞ്ഞില്ല. അങ്ങനെ അവളുടെ ശരീരത്തിൽ നിന്ന് രക്തം വാർന്നൊഴുകുന്നത് ഞാൻ നോക്കി നിന്നു. മറ്റൊരു യുദ്ധം ജയിച്ച പോരാളിയെ പോലെ. പക്ഷെ ദൂരെ നിന്ന് ഏതോ ഒരാൾ അത് കണ്ടു. ഞാൻ ഓടി ഒളിച്ചൊന്നുമില്ല, ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ.
അയാൾ അവിടെ അടുത്ത് ഉണ്ടായിരുന്ന രണ്ടു മൂന്ന് ആളുകളേയും കൂടെ കൂട്ടി വന്നെന്നെ ബലമായി പിടിച്ചു നിർത്തി. ആ പെണ്ണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പോലീസ് വന്ന് കേസും കോടതിയുമായി. എന്നാൽ അന്നും ഇന്നും ഒരു കാര്യം തന്നെ ഞാൻ പറയും, ഞാൻ കൊന്നിട്ടില്ല. കൊല എന്ന പ്രക്രിയ തികച്ചും വ്യക്തി വൈരാഗ്യത്തിൽ നിന്ന് ഉണ്ടാവുന്ന ഒരു പ്രവർത്തി മാത്രമാണ്, എനിക്ക് ആരോടും ഒരു വൈരാഗ്യവുമില്ല. എന്റെ വഴിയിൽ വന്ന തടസ്സങ്ങളെ ഞാൻ പറിച്ചു മാറ്റി എന്ന് മാത്രം. അതിനെ കൊലയുമായി ബന്ധപ്പെടുത്തുന്നതിൽ ഞാൻ യാതൊരു യുക്തിയും കാണുന്നില്ല. ഇന്നോ നാളെയോ എല്ലാരും മരണത്തിന് വിധേയമാകും, അതിന് പലരും പല രീതിയിൽ ഉപകരണങ്ങൾ ആവും എന്നത് അത്യന്താപേക്ഷികമാണ്.
അതിന് എന്നെ മാത്രം കുറ്റകാരൻ ആക്കുന്നതിൽ അർത്ഥമുണ്ടോ? കോടതി എന്നെ കുറ്റകാരൻ ആക്കിയെങ്കിലും എനിക്ക് കോടതി വലിയ ഒരു സഹായം ചെയ്തു എന്ന് സമ്മതിക്കാതെ വയ്യ. ജയിൽ എന്ന സ്വർഗ്ഗത്തിലേക്കെന്നെ എത്തിച്ചു. ഞാൻ ആഗ്രഹിച്ച സ്വാതന്ത്ര്യം കിട്ടിയ ഒരേയൊരു സ്ഥലം. മനുഷ്യ നിർമ്മിത സമ്പ്രദായങ്ങളിൽ ഏറ്റവും ഉത്തമം എന്ന് ഞാൻ ജയിലിനെ വിശേഷിപ്പിക്കും. ഉപഭോഗ സംസ്കാരത്തിന് അടിമപ്പെട്ട ഒരു സമൂഹത്തിൽ തളക്കപെട്ടു ജീവിക്കുന്നതിലും നല്ലത് പൂർണ സ്വാതന്ത്ര്യത്തോടെ ഈ നാല് ചുമരുകളിൽ തന്നെ ജീവിക്കുന്നതാണ്. ആ സ്വസ്ഥതയിലേക്കാണ് നിങ്ങളുടെ വരവ്. എനിക്ക് നിങ്ങളുടെ പെരുമാറ്റം ഇഷ്ടമായിരുന്നു. മാസികയിൽ എന്റെ പടം വന്നപ്പോൾ സന്തോഷിക്കുകയും ചെയ്തു.
പ്രശസ്തിയിൽ ഞാൻ ഭ്രമിച്ചു പോയ ചുരുക്കം ചില നിമിഷങ്ങൾ. പക്ഷെ ഞാൻ നിങ്ങൾക്ക് വെറുമൊരു ഉപകരണം മാത്രമാണെന്ന് പിന്നീടാണെനിക്ക് മനസ്സിലായത്. ഉപഭോഗ സംസ്കാരത്തിന്റെ മറ്റൊരു മുഖം മാത്രമാണ് നിങ്ങൾ. എന്റെ സ്വാതന്ത്ര്യത്തിന് തടയിടാൻ വന്ന മറ്റൊരു മുഖം. അതുകൊണ്ടു നിങ്ങളേയും എനിക്ക് പറിച്ചു മാറ്റിയെ തീരു. ഈ കുറിപ്പിന്റെ ആദ്യം ഞാൻ സൂചിപ്പിച്ചല്ലോ, എല്ലാ ഭ്രമത്തിന്റെയും ഒടുക്കം നാശമാണ് വിധി, നിങ്ങളുടെ കാര്യത്തിലും അത് മറിച്ചല്ല. ഈ കുറിപ്പ് തീരാറായി, നിങ്ങളുടെ ഭൂമിയിലുള്ള ആയുസ്സും, പക്ഷെ മറഞ്ഞു നിൽക്കുന്ന നാലാമത്തെ സിംഹത്തെ കണ്ടു എന്നോർത്ത് നിങ്ങൾക്ക് തീർച്ചയായും ആശ്വസിക്കാം..!!
എന്ന്, സി.കെ.രാഘവൻ