നിങ്ങൾ ആസ്ബസ്റ്റോസ് റൂഫിനടിയിൽ ആണോ താമസിക്കുന്നത് ? ഇത് വായിച്ചു ഭയക്കാതെ മുൻകരുതൽ ചെയ്യുക

  219

  Muralee Thummarukudy ഫേസ്ബുക്കിൽ എഴുതിയത്

  നാം തിരഞ്ഞെടുക്കുന്ന രോഗം

  രോഗങ്ങൾ അലട്ടുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്. ചൊറിച്ചിൽ മുതൽ ശ്വാസകോശ അർബുദം, നടുവേദന, ബ്രെയിൻ ട്യുമർ തുടങ്ങിയ എത്രയോ അസുഖങ്ങൾ ജനങ്ങളെ അലട്ടുന്നു. നമുക്കെല്ലാവർക്കും എന്തെങ്കിലും ഒക്കെ രോഗങ്ങൾ ഉണ്ടായിട്ടുണ്ട്, ഇനി ഉണ്ടാവുകയും ചെയ്യും.ആളുകൾക്ക് ഓരോ രോഗം ഉണ്ടാകുന്നത് ഓരോ “ചാൻസ്” അല്ലെങ്കിൽ “വിധി” ഒക്കെയായിട്ടാണ് മിക്ക ആളുകളും കരുതുന്നത്. എന്നാൽ സത്യം അതല്ല. നമുക്കുണ്ടാകുന്ന പല രോഗങ്ങൾക്കും നമ്മുടെ ജീവിത രീതികൾ, ഭക്ഷണം, നമ്മൾ ജീവിക്കുന്ന പരിസ്ഥിതി ഒക്കെയായി ബന്ധമുണ്ട്.

  ഇതിനുമപ്പുറം പല രോഗങ്ങൾക്കും നമ്മുടെ തൊഴിലുമായി ബന്ധമുണ്ട്. തൊണ്ട് തല്ലുന്ന ജോലി മുതൽ രാഷ്ട്രീയക്കാരന്റെ ജോലി വരെയുള്ള വ്യത്യസ്ത തൊഴിൽ മേഖലകൾ നാം തിരഞ്ഞെടുക്കുന്പോൾ തിരഞ്ഞെടുക്കുന്നത് ചില രോഗ സാദ്ധ്യതകൾ കൂടിയാണ്. നമ്മൾ തൊഴിലുകൾ തിരഞ്ഞെടുക്കുന്പോൾ ഇക്കാര്യം ഒരിക്കലും ശ്രദ്ധിക്കാറില്ലെന്ന് മാത്രമല്ല നമുക്ക് രോഗങ്ങൾ ഉണ്ടാകുന്പോൾ അത് തൊഴിൽ ജന്യമാണെന്ന് ബന്ധപ്പെടുത്താറുമില്ല.ഒക്കുപ്പേഷണൽ ഇൽനെസ്സ് അല്ലെങ്കിൽ തൊഴിൽജന്യ രോഗങ്ങൾ ഇപ്പോഴും വേണ്ടത്ര മനസിലാക്കപ്പെട്ട ഒന്നല്ല. ആഗോളമായി ഒരു കോടിയിലേറെ ജനങ്ങൾ പ്രതിവർഷം തൊഴിൽജന്യ രോഗങ്ങൾക്ക് അടിപ്പെടുന്നു. ഏഴ് ലക്ഷത്തോളം ആളുകൾ മരിക്കുന്നു. എന്നിട്ടും ലോകത്തെ 15 ശതമാനം ആളുകൾക്ക് മാത്രമാണ് ശരിയായ ഒക്കുപ്പേഷണൽ ഹെൽത്ത് ഉപദേശങ്ങളും സഹായങ്ങളും ലഭ്യമാകുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ.

  എനിക്ക് ഈ വിഷയത്തിൽ താല്പര്യം തുടങ്ങുന്നത് 1997 ലാണ്. ആ വർഷമാണ് അച്ഛന് ‘മിസോഥിലിയോമ’ എന്ന കാൻസർ ബാധിക്കുന്നത്. വളരെ വേദനാജനകവും, പൊതുവെ ചികിത്സയില്ലാത്തതും, നിർണയിച്ച് പരമാവധി രണ്ടു വർഷത്തിനകം മരണം സംഭവിക്കുന്നതുമായ അസുഖമാണ്. രോഗനിര്‍ണ്ണയ ശേഷം ഒരു മാസത്തിനകം അച്ഛൻ മരിച്ചു. ഏറെ വേദനിക്കാതെ മരിച്ചതിൽ ഞങ്ങൾ ആശ്വാസം കണ്ടു.പക്ഷെ മിസോഥിലിയോമയുടെ ചികിത്സാ സാദ്ധ്യതകൾ അറിയാൻ കൂടുതൽ വായിച്ചപ്പോഴാണ് മനസ്സിലായത് അത് തൊഴിൽജന്യ രോഗങ്ങളിൽ മുൻനിരയിലുള്ള ഒന്നാണെന്ന്. ആസ്ബെസ്റ്റോസിന്റെ നാരുകൾ ശ്വാസകോശത്തിൽ എത്തിക്കഴിയുന്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ്. സാധാരണ ഗതിയിൽ നമ്മൾ ആസ്ബസ്റ്റോസ് കെട്ടിടങ്ങളുടെ മേൽക്കൂരയായിട്ടാണ് കാണപ്പെടുന്നത്. ഞങ്ങളുടെ വീട്ടിൽ ഒരു കാലത്തും ആസ്ബസ്റ്റോസ് റൂഫിങ്ങ് ഒന്നും ഉണ്ടായിട്ടില്ല, പിന്നെവിടെ?

  അച്ഛൻ ജോലി ചെയ്തിരുന്നത് രണ്ടു സ്ഥാപനങ്ങളിലാണ്. കളമശേരിയിലെ ഇന്ത്യൻ അലുമിനിയം കന്പനിയിലും ഉദ്യോഗമണ്ഡലിലെ എഫ്. എ. സി. റ്റി. യിലും. രണ്ടു സ്ഥലത്തും ആസ്ബസ്റ്റോസ് കണ്ടേക്കാമല്ലോ. ഞാൻ ഇന്ത്യൻ അലുമിനിയം കന്പനിയുടെ ഡോക്റ്ററെ കാണാൻ പോയി. അച്ഛന്റെ കാര്യം പറഞ്ഞു. അച്ഛൻ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുൻപ് അവിടെ ജോലി ചെയ്തിരുന്ന ആളാണ്. അന്നത്തെ കന്പനിയല്ല 1997 ലെ കന്പനി. എന്നാലും അവിടുത്തെ ഡോക്ടർ (അദ്ദേഹത്തിൻറെ പേര് ഓർമ്മയില്ല. ഒക്ക്യൂപ്പേഷണൽ മെഡിസിനിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ള ആളാണെന്ന് ഓർക്കുന്നുണ്ട്) വളരെ താല്പര്യപൂർവ്വം എന്നോട് സംസാരിച്ചു. കന്പനിയിൽ ആസ്ബസ്റ്റോസ് റൂഫിങ്ങ് ഉണ്ടെങ്കിലും അതിന് താഴെ ജോലി ചെയ്തത് കൊണ്ടുമാത്രം ആർക്കും മീസോത്തീലിയോമ ഉണ്ടാകില്ല എന്നും ആസ്ബെസ്റ്റോസിന്റെ നാരുകൾ സിമെന്റിൽ ഉറപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു (ശരിയായ കാര്യമാണ്). പിന്നീട് അതിൻറെ പുറകെ പോയില്ല.

  വർഷങ്ങൾക്ക് ശേഷം ആസ്ബെസ്റ്റോസിന്റെ ലോകത്തിലെ ഏറ്റവും വലിയ വിദഗ്ദ്ധന്മാരിലൊരാളായ ഡേവിഡ് സ്മിത്തുമായി ജോലി ചെയ്യാൻ അവസരമുണ്ടായി. നമ്മുടെ ചുറ്റും, ഇന്നത്തെ പ്ലാസ്റ്റിക്ക് പോലെ, പണ്ട് ആയിരത്തോളം രൂപത്തിൽ ആസ്ബസ്റ്റോസ് ഉപയോഗിച്ചിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞു. ആസ്ബസ്റ്റോസ് റൂഫിന്റെ താഴെ ജീവിക്കുന്നത് സുരക്ഷിതമാണെങ്കിലും അത് മുറിക്കുകയോ പൊട്ടുകയോ ചെയ്യുന്പോൾ ദശലക്ഷക്കണക്കിന് നാരുകളാണ് അന്തരീക്ഷത്തിൽ പടരുന്നത്, അത് നമ്മുടെ ശ്വാസകോശത്തിൽ എത്തിയാൽ പിന്നെ ഇത്തരം കാൻസർ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. വികസിത രാജ്യങ്ങൾ ആസ്ബസ്റ്റോസ് നിരോധിച്ചിരിക്കുകയാണ്. ഇപ്പോൾ ആസ്ബസ്റ്റോസ് ഉള്ള ഒരു കെട്ടിടമോ മെഷിനറിയോ ഡീക്കമ്മീഷൻ ചെയ്യണമെങ്കിൽ ആ പ്രദേശം മുഴുവൻ വളച്ചു കെട്ടി, ആളുകളെ അറിയിച്ച്, മാറ്റി പാർപ്പിച്ച് കൊറോണക്കാലത്തെ ഡോക്ടർമാരുടേത് പോലുള്ള വ്യക്തി സുരക്ഷാ കവചങ്ങൾ ഇട്ടു വേണം പണിയെടുക്കാൻ. മീസോതീലിയോമ ആസ്ബസ്റ്റോസ് കൊണ്ട് മാത്രം ഉണ്ടാകുന്നതാകയാൽ ഏതെങ്കിലും ഒരാൾക്ക് ആ രോഗം ഉണ്ടായാൽ അതിൻറെ ഉറവിടം കണ്ടെത്തി ആ സ്ഥാപനത്തിൽ നിന്നും നഷ്ടപരിഹാരം മേടിച്ചു കൊടുക്കുന്ന സ്ഥാപനങ്ങൾ പാശ്ചാത്യ രാജ്യങ്ങളിലുണ്ട്. ഇതുകൊണ്ടൊക്കെ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ആസ്ബസ്റ്റോസ് ഉണ്ടെങ്കിൽ ആ സ്ഥാപനം ഏറ്റെടുക്കാനും കെട്ടിടം മേടിക്കാനും ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ ആളുകൾ ധൈര്യം കാണിക്കില്ല.

  ഇതൊന്നും പക്ഷെ നാട്ടിൽ ഇപ്പോഴും അറിയില്ല. ഒരു വർഷം കേരളത്തിൽ ഈ കാൻസർ വന്ന് എത്ര പേർ മരിക്കുന്നുണ്ട്?, എവിടെ നിന്നായിരിക്കാം അവർക്ക് ആസ്ബസ്റ്റോസ് എക്സ്പോഷർ ഉണ്ടായത്?, ജോലിയെടുത്ത് റിട്ടയർ ആയതിന് ശേഷം ഒരു തൊഴിൽ ജന്യരോഗം ഉണ്ടായാൽ പഴയ സ്ഥാപനത്തിന് എന്ത് ഉത്തരവാദിത്തമാണ് ഉള്ളത്? നാളത്തെ കേരളത്തിൽ ഇത്തരത്തിലുള്ള ചിന്തകളും നിയമങ്ങളും ഉണ്ടാകണം.

  ഇത് ആസ്ബെസ്റ്റോസിന്റെ മാത്രം കഥയല്ല. മറ്റൊരു ഉദാഹരണം പറയാം. തൊഴിൽജന്യ രോഗങ്ങളിൽ രണ്ടാമതായി ഞാൻ ഇടപെടുന്നത് 1998 ൽ ബ്രൂണെയിൽ വെച്ചാണ്. വാഹനങ്ങൾക്ക് പെട്രോൾ നിറച്ചുകൊടുക്കുന്നവരിൽ പലരും ദിവസേന എട്ട് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ പെട്രോൾ പന്പിൽ ചിലവിടുന്നുണ്ട്. പെട്രോൾ പന്പിൽ ഒരിക്കലെങ്കിലും പോയിട്ടുള്ളവർക്കറിയാം, അവിടെ എപ്പോഴും പെട്രോളിന്റെ ചെറിയ മണം ഉണ്ടായിരിക്കുമെന്ന്. ഹൈഡ്രോ കാർബണുകൾ എന്ന രാസവസ്തുവാണ് ഈ മണത്തിനു കാരണം. ഹൈഡ്രോ കാർബണുകൾ പലതും രോഗമുണ്ടാക്കുന്നതാണ്. ബെൻസീൻ ഒക്കെ കാൻസർ വരെ ഉണ്ടാക്കും (അതുകൊണ്ട് ഇപ്പോൾ ബെൻസീനിന്റെ അളവിന് നിയന്ത്രണം ഒക്കെയുണ്ട്). അപ്പോൾ സ്ഥിരമായി പെട്രോൾ സ്റ്റേഷനിൽ നിൽക്കുന്ന ജോലിക്കാർ എത്രയോ രാസവസ്തുക്കളാണ് ദിവസവും ശ്വസിക്കുന്നത്. അവ എന്തൊക്കെ രോഗങ്ങളാണ് ഉണ്ടാക്കുന്നത്?. നമ്മുടെ പെട്രോൾ പന്പിൽ നിൽക്കുന്നവർക്കും റിട്ടയർ ആയവർക്കും കാൻസറോ മറ്റു രോഗങ്ങളോ ഉണ്ടായാൽ അതവരുടെ തൊഴിലുമായി ആരെങ്കിലും ബന്ധിക്കാറുണ്ടോ, അവർക്ക് ചികിത്സാ സഹായവും നഷ്ടപരിഹാരവും നൽകാറുണ്ടോ എന്നതൊക്കെയായിരുന്നു പഠനവിഷയം. ഇത്തരം പഠനങ്ങൾ കേരളത്തിലും നടത്തേണ്ടതാണ്.

  ഒക്കുപ്പേഷണൽ എക്സ്പോഷർ പഠനത്തിൽ എന്നെ ഏറ്റവും വിഷമിപ്പിച്ചത് ആഫ്രിക്കയിലും അമേരിക്കയിലുമുള്ള സ്വർണ്ണഖനികളിലെ തൊഴിലാളികളുടെ കാര്യമാണ് (ഇവരിൽ ഏറെയും കുട്ടികളാണ്). സ്വർണത്തരികൾ ശുദ്ധീകരിക്കുന്ന ഒരു ഘട്ടത്തിൽ അത് മെർക്കുറിയിൽ ലയിപ്പിച്ച് വീണ്ടും മെർക്കുറി ബാഷ്പമാക്കി കൂടുതൽ ശുദ്ധമായ സ്വർണം കൂട്ടിയെടുക്കുന്നതാണ്. ഇത്തരത്തിൽ ബാഷ്പീകരിക്കുന്ന മെർക്കുറി ശ്വസിക്കുന്നവർക്ക് തലച്ചോറിലും നാഡീവ്യൂഹത്തിലും കുഴപ്പങ്ങളുണ്ടാകുന്നു. നമ്മുടെ ജ്വല്ലറികളിൽ തൂങ്ങിക്കിടക്കുന്ന മഞ്ഞലോഹം കാണുന്പോൾ വളർച്ച മുരടിക്കുന്ന ആഫ്രിക്കയിലെ കുഞ്ഞുങ്ങളെ നാം അറിയുന്നുണ്ടോ?
  രാസവസ്തുക്കൾ മാത്രമല്ല, ചൂടും, തണുപ്പും, സ്ഥിരമായി വെള്ളത്തിൽ ജോലി ചെയ്യുന്നതും പല തരത്തിലുള്ള തൊഴിൽജന്യ രോഗങ്ങൾക്ക് കാരണമാകും. സ്ഥിരമായി കംപ്രസ്സ്ഡ് എയർ ഉള്ള സാഹചര്യത്തിൽ ജോലി ചെയ്യുന്നവർ, വെളിച്ചം കുറഞ്ഞ അന്തരീക്ഷത്തിൽ (ഖനികളിലും മറ്റും) ജോലി ചെയ്യുന്നവർ, വ്യത്യസ്ത ടൈം സോണിലുള്ള സ്ഥലങ്ങളിലേക്ക് സ്ഥിര യാത്ര ചെയ്യുന്നവർ (അന്താരാഷ്‌ട്ര വിമാനത്തിലെ ജോലിക്കാർ) ഇവർക്കെല്ലാം അവരവരുടെ ജോലിയുടെ രീതിയനുസരിച്ചുള്ള വിവിധ രോഗങ്ങളുണ്ടായേക്കാം.
  രാസവസ്തുക്കളുടെ ബാഹ്യമായ കാരണങ്ങൾ കൂടാതെ തൊഴിൽ സമയത്തും സ്ഥലത്തും നമ്മുടെ നിൽപ്പും ഇരിപ്പും, കംപ്യുട്ടറിലുള്ള നോട്ടവും, കീബോർഡിൽ ചിലവാക്കുന്ന സമയവും, കസേരയുടെ ചെരിവും, മേശയുടെ ഉയരവും, ജനലിൽ കൂടി വരുന്ന പ്രകാശവും ഒക്കെ നമുക്ക് തൊഴിൽജന്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.

  വികസിത രാജ്യങ്ങളിൽ ഓരോ തൊഴിലിന്റെയും തൊഴിൽജന്യ ആരോഗ്യപ്രശ്നങ്ങൾ കൃത്യമായി പഠിച്ച് അതിനനുസരിച്ച് തൊഴിലിടങ്ങൾ ചിട്ടപ്പെടുത്തുന്ന രീതിയുണ്ട്. കംപ്യുട്ടർ ഉപയോഗിക്കുന്പോൾ ഇരിക്കുന്ന കസേരക്ക് എത്ര ചക്രങ്ങളുണ്ടായിരിക്കണം, സ്ഥിരമായി ഇരുന്നു ജോലി ചെയ്യുന്നവർ എപ്പോഴൊക്കെ എഴുന്നേറ്റ് നടക്കണം, സ്ഥിരമായി നിന്നുകൊണ്ട് ജോലി ചെയ്യുന്നവർ എപ്പോൾ ഇരിക്കണം, റേഡിയേഷനുള്ള പ്രദേശത്ത് ജോലിചെയ്യുന്ന ആളുകൾ എന്തെല്ലാം മുൻകരുതലുകളെടുക്കണം എന്നതിനെല്ലാം നിർദേശങ്ങളും പരിശീലനവുമുണ്ട്. കേരളത്തിൽ തൊഴിലുറപ്പ് ജോലിക്കാർ മുതൽ ചീഫ് സെക്രട്ടറി വരെയുള്ളവരുടെ പ്രധാന തൊഴിൽജന്യ രോഗങ്ങൾ നമ്മൾ പഠന വിഷയമാക്കേണ്ടതാണ്. നമ്മുടെ തൊഴിലാളി സംഘടനകൾ ഈ വിഷയത്തിൽ പ്രത്യേക താല്പര്യം എടുക്കണം.
  കൊറോണക്കാലത്ത് ആയിരക്കണക്കിന് ആളുകളാണ് ‘വർക്ക് ഫ്രം ഹോം’ രീതിയിലേക്ക് മാറിയത്. വാസ്തവത്തിൽ തൊഴിലെടുക്കാൻ ഡിസൈൻ ചെയ്ത സ്ഥലമല്ല വീട്. നമ്മുടെ കസേരയും മേശയും ലൈറ്റിങ്ങുമൊന്നും അതിനനുസരിച്ചുള്ളതല്ല. കോവിഡ് കാലത്ത് ഇതൊരു തൽക്കാല പരിപാടി ആണല്ലോ എന്ന മട്ടിൽ ശരിയായ രീതിയിലുള്ള ഫർണിച്ചർ ഉണ്ടാക്കാനോ ലൈറ്റിങ് കൊടുക്കാനോ ശ്രദ്ധിക്കാതെ ആളുകൾ സിറ്റിംഗ് റൂമിലെ കസേരയിലും ബെഡ്‌റൂമിലെ കട്ടിലിലും ഇരുന്ന് ജോലി തുടങ്ങി. തൊഴിൽ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല. അങ്ങനെ വർക്ക് ഫ്രം ഹോം ഒരു വർഷം പിന്നിടുന്പോൾ എനിക്കറിയാവുന്ന പല സുഹൃത്തുക്കൾക്കും നടുവേദനയും കണ്ണുവേദനയും അടക്കമുള്ള തൊഴിൽജന്യ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ പുതിയ തലമുറയും അവരുടെ തൊഴിൽ സ്ഥാപനങ്ങളും കൂടുതൽ താല്പര്യമെടുക്കണം.

  കേരളത്തിലെ അനവധി തൊഴിലുകളിൽ തൊഴിൽജന്യ രോഗങ്ങൾ എന്താണെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്താണ് രാഷ്ട്രീയക്കാരിൽ കൂടുതലായി കണ്ടുവരുന്ന രോഗം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്റെ അഭിപ്രായത്തിൽ സ്ഥിരമായ യാത്രകൾ, ഭക്ഷണം കഴിക്കുന്നതിലെ കൃത്യതയില്ലായ്മ, ശരിയായ ഉറക്കത്തിന്റെ അഭാവം, എന്നീ ശീലങ്ങൾ ചേർന്നുണ്ടാകുന്ന അൾസർ ആയിരിക്കണം അവരുടെ പ്രധാന തൊഴിൽജന്യരോഗം. രാഷ്ട്രീയം തൊഴിലായി തിരഞ്ഞെടുക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക.

  മുരളി തുമ്മാരുകുടി.

  അന്താരാഷ്ട്ര തൊഴിൽ സംഘടന തയ്യാറാക്കിയ തൊഴിൽ ജന്യ രോഗങ്ങളുടെ ഒരു ലിസ്റ്റ് കമന്റിൽ കൊടുക്കുന്നു.
  നിങ്ങളുടെ സ്ഥാപനത്തിൽ ഒരു ഒക്കുപ്പേഷണൽ ഹെൽത്ത് വിദഗ്ദ്ധൻ ഉണ്ടോ?, നിങ്ങളിൽ വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്ക് ഓഫീസിൽ നിന്നും പ്രത്യേക നിർദ്ദേശങ്ങൾ, ഒക്കുപ്പേഷണൽ വിദഗ്ദ്ധനിൽ നിന്നും കിട്ടിയിരുന്നോ? നിങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട പ്രത്യേക നിർദ്ദേശങ്ങൾ ഉണ്ടോ (ഉണ്ടെങ്കിൽ അവ ഷെയർ ചെയ്യാവുന്നതാണെങ്കിൽ ഇവിടെ ഷെയർ ചെയ്യാമോ?).