ബംഗാളി മാർക്കറ്റ് വീണ്ടും സജീവമാകുമ്പോൾ
എല്ലാ ഞായറാഴ്ചയും പെരുമ്പാവൂർ നഗരത്തിലെ ഒരു ഭാഗത്ത് മറുനാടൻ തൊഴിലാളികൾക്ക് വേണ്ടി അവരുടെ ഭക്ഷണം, വസ്ത്രം, (കൊച്ചു)പുസ്തകം, സിനിമ ഒക്കെ ലഭ്യമാകുന്ന നാട്ടുകാർ ബംഗാളി മാർക്കറ്റ് എന്നു വിളിക്കുന്ന ആഴ്ച ചന്തയെ പ്പറ്റി ഞാൻ രണ്ടു വർഷം മുൻപ് എഴുതിയിട്ടുണ്ട്.കൊറോണ കാരണം അത് നിർജ്ജീവമായിരുന്നു. പക്ഷെ ഇന്ന് ഞാൻ വീണ്ടും അവിടെ പോയി നോക്കി. ശരിക്കും ജീവൻ വച്ചിട്ടുണ്ട്. ജിലേബി മുതൽ രസഗുള വരെ, തമ്പാകൂ മുതൽ പുകയില വരെ, ലാടവൈദ്യം മുതൽ ബർമൂഡ വരെ അവിടെ ഉണ്ട്. പേശലും വാങ്ങലും തകൃതി.ഇത്തവണ ഞാൻ പ്രത്യേകം ശ്രദ്ധിച്ചത് പുതിയതായിവന്ന അനവധി ടാറ്റൂ കടകൾ ആണ്. അരഡസൻ ഞാൻ എണ്ണി. എറണാകുളത്ത് ഞാൻ അത്രയും കണ്ടിട്ടില്ല. എല്ലാ മലയാളികളും കണ്ടിരിക്കേണ്ട ഒന്നാണ്. ഡെൽഹിയിലെ ദില്ലി ഹാട്ട് പോലെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണവും സംസ്കാരവും പരിചയപ്പെടാൻ അവസരം നല്കുന്ന വലിയൊരു വലിയൊരു ടൂറിസം / ബിസിനസ്സ് സാധ്യതയാണ്. പെരുമ്പാവൂരുകാർ ഈ അവസരം വിട്ടു കളയരുത്.
**