അധ്യാപകരുടെ നിലവാരം തന്നെ താഴേക്ക് വരുമ്പോൾ ഓരോ തലമുറ കഴിയുമ്പോഴും കുട്ടികളുടെ നിലവാരം താഴേക്ക് വരുന്നു

0
231
മുരളി തുമ്മാരുകുടി
അധ്യാപനമില്ലാത്ത ഭാവി
“ഡെമോഗ്രാഫി ഈസ് ഡെസ്ടിനി” എന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. അതുപോലെ തന്നെ ഉറപ്പിക്കാവുന്ന മറ്റൊന്നാണ് “ടീച്ചിങ്ങ് ഈസ് ഫ്യൂച്ചർ” എന്നത്.
ഏതൊരു രാജ്യത്തിന്റെയും ഭാവി അവർ എങ്ങനെ അവരുടെ പുതിയ തലമുറയെ വിദ്യാഭ്യാസം ചെയ്യിക്കുന്നു എന്നനുസരിച്ചിരിക്കും. “ഡെമോഗ്രാഫിക് ഡിവിഡന്റ്” എന്ന് നാം പറയുന്ന ഭാവി നമുക്കുണ്ടാകണം എങ്കിൽ കൂടുതൽ കുട്ടികൾ ഉണ്ടായാൽ മാത്രം പോരാ, അവരെ വേണ്ട വിധത്തിൽ വിദ്യാഭ്യാസം ചെയ്ത് സമൂഹത്തിന്റെ വികസനത്തിന് സംഭാവന ചെയ്യുന്ന രീതിയിൽ ആക്കണം.
ഒരു സമൂഹത്തിന്/രാജ്യത്തിന് നല്ല ഭാവി ഉണ്ടാകണമെങ്കിൽ അവിടുത്തെ വിദ്യാഭ്യാസം കുട്ടികളെ കേന്ദ്രീകരിച്ചുള്ളതാകണം, എല്ലാ കുട്ടികളേയും ഉൾക്കൊള്ളാൻ പറ്റുന്നതാകണം, എല്ലാവർക്കും സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ ലഭ്യമാകുന്നതായിരിക്കണം. ഇതിനും പുറമെ സമൂഹത്തിലെ ഏറ്റവും മിടുക്കുള്ളവർ ആയിരിക്കണം അടുത്ത തലമുറയെ പഠിപ്പിക്കുന്നത്.
ലോകത്തിലെ ഇപ്പോഴത്തെ ഏറ്റവും നല്ല സ്‌കൂൾ വിദ്യാഭ്യാസമായി കരുതപ്പെടുന്നത് ഫിന്ലാന്ഡിലെ സ്‌കൂളുകളെ ആണ്. അവിടുത്തെ ആളുകളുടെ ഏറ്റവും ഇഷ്ടപ്പെട്ട തൊഴിലാണ് അധ്യാപനം. മാസ്റ്റേഴ്സ് ഡിഗ്രി ആണ് അവിടെ പ്രൈമറി സ്‌കൂളിൽ പോലും പഠിപ്പിക്കാനുള്ള അടിസ്ഥാന യോഗ്യത. മെഡിസിൻ പഠിക്കാനോ നിയമം പഠിക്കാനോ അഡ്മിഷൻ കിട്ടാനുള്ളതിലും ബുദ്ധിമുട്ടാണ് അവിടെ അധ്യാപനത്തിനുള്ള പ്രോഗ്രാമിൽ അഡ്മിഷൻ കിട്ടാൻ.
ഇത് ഫിൻലാന്റിലെ മാത്രം കാര്യമല്ല.
പാരീസ് ആസ്ഥാനമായുള്ള ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ ഒപ്പേറഷൻ ആൻഡ് ഡെവെലപ്‌മെന്റ്റ് (OECD) കഴിഞ്ഞ മാസം വികസിത രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ തൊഴിൽ സ്വപ്നങ്ങളെ പറ്റി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. “Dream Jobs? Teenagers’ Career Aspirations and the Future of Work” എന്നാണ് റിപ്പോർട്ടിന്റെ പേര്. അറിഞ്ഞിരിക്കേണ്ട അനവധി കാര്യങ്ങൾ അതിലുണ്ട്.
എന്നെ അതിശയപ്പെടുത്തിയ ഒരു കാര്യം വികസിത രാജ്യങ്ങളിലെ കുട്ടികളുടെ ഏറ്റവും ഇഷ്ടപ്പെട്ട തൊഴിലുകളിൽ ആദ്യത്തെ പത്തെണ്ണത്തിനുള്ളിൽ “അധ്യാപനം” ഇപ്പോഴും ഉണ്ട് എന്നുള്ളതാണ്. നൂറു കണക്കിന് തൊഴിൽ സാധ്യത ഉള്ള കുട്ടികളാണ് അധ്യാപനം ഒരു സ്വപ്നമായി ഇപ്പോഴും കൊണ്ട് നടക്കുന്നത്.
ഇതേ ചോദ്യം ഇപ്പോൾ കേരളത്തിൽ ചോദിച്ചാൽ എന്തായിരിക്കും സ്ഥിതി ?
കേരളത്തിൽ സത്യത്തിൽ അധ്യാപനം ഒരു തൊഴിലായി സ്വപ്നം കാണാൻ പോലും ഇപ്പോൾ നമുക്ക് സാധിക്കാത്ത സ്ഥിതിയാണ്.കേരളത്തിലെ സ്‌കൂളുകൾ എടുത്താൽ അത് മൂന്നു തരം ഉണ്ട്. സർക്കാർ സ്‌കൂളുകൾ, എയ്ഡഡ് സ്‌കൂളുകൾ, അൺ എയ്ഡഡ് സ്‌കൂളുകൾ എന്നിങ്ങനെ. എണ്ണം വച്ച് നോക്കിയാൽ പകുതിയിലും കൂടുതലും സർക്കാരിതര സ്‌കൂളുകളിൽ ആണ്. ഇതിൽ സർക്കാർ ശമ്പളം നൽകുന്ന എയ്‌ഡഡ്‌ സ്‌കൂളുകളിൽ ബഹുഭൂരിപക്ഷത്തിലും അധ്യാപക ജോലി കിട്ടണമെങ്കിൽ വലിയ തുക സംഭാവന നൽകേണ്ടി വരും. കഴിവുള്ളവർക്ക് ഈ ജോലി സ്വപ്നമായി അവശേഷിക്കും. അതേ സമയം അൺ എയ്ഡഡ് സ്‌കൂളുകളിൽ ആകട്ടെ ശമ്പളം എന്ന് പറയുന്നത് പലയിടത്തും കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉള്ളവർക്ക് കിട്ടുന്നതിലും കുറവാണ്. മറ്റു തൊഴിലുകൾ കിട്ടാത്തവരും, മറ്റു തൊഴിലുകൾക്ക് വേണ്ടി നോക്കിയിരിക്കുന്നവരും ഒക്കെയാണ് ഇവിടെ അധ്യാപകരായിരിക്കുന്നത് (ഈ അധ്യാപകരുടെ ആത്മാർത്ഥതയെ അല്ല ഞാൻ ചോദ്യം ചെയ്യുന്നത്, വേണ്ടത്ര ശമ്പളം കൊടുക്കാത്തതിനാൽ കഴിവും അവസരവും ഉള്ളവർ ഇവിടെ നിൽക്കില്ല എന്ന് കാണിക്കാൻ വേണ്ടി പറഞ്ഞതാണ്).
കോളേജുകളിലെ അധ്യാപകരുടെ കാര്യത്തിലും ഇതേ പ്രശ്നം ഉണ്ട്. കഴിവല്ല പണമാണ് സർക്കാരിതര കോളേജുകളിൽ ജോലികൾ കിട്ടാനുള്ള പ്രധാന മാനദണ്ഡം. കഴിവുള്ളവർക്ക് സ്വപ്നം കാണാനേ പറ്റൂ. കോളേജുകളിൽ പഠിപ്പിക്കുന്നതിന് അധ്യാപനത്തെ പറ്റി പ്രത്യേകിച്ച് ഒന്നും അറിഞ്ഞിരിക്കേണ്ട എന്നൊരു വിഷയവും ഉണ്ട്. കേരളത്തിലെ കോളേജ് അധ്യാപകരായി തിരഞ്ഞെടുക്കുന്നവർക്ക് അധ്യാപനത്തിൽ അടിസ്ഥാനമായ വിദ്യാഭ്യാസം എങ്കിലും നല്കാൻ വേണ്ടി ടീച്ചേഴ്സ് ട്രെയിനിങ് കോളേജുകൾ സ്ഥാപിക്കാനുള്ള ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ പദ്ധതി എങ്ങനെയാണ് വിദ്യാഭ്യാസ വകുപ്പ് പാരവച്ചു മറിച്ചതെന്നതിനെ പറ്റി അംബാസഡർ ശ്രീനിവാസന്റെ പുസ്തകത്തിൽ ഉണ്ട്.
പ്രൊഫഷണൽ കോളേജുകളിലെ കാര്യം ഇതിലൊക്കെ കഷ്ടമാണ്. ഒരു കാലത്ത് എഞ്ചിനീയറിങ്ങ് കോളേജുകളിൽ റാങ്ക് കിട്ടിയവർ ഒക്കെയാണ് അധ്യാപകരായി ചേർന്നിരുന്നത്. ഇന്നത് മാറി. കുറഞ്ഞ ശമ്പളം, ജോലിയിൽ ഒട്ടും സ്ഥിരതയില്ലായ്മ, മിടുക്കരായവർക്ക് പുറത്ത് മറ്റു ജോലികൾ കിട്ടാനുള്ള സാധ്യത ഇതൊക്കെ കൂടിയെടുക്കുമ്പോൾ റാങ്ക് കിട്ടിയവർ പോയിട്ട് ശരാശരിക്കാർ പോലും അധ്യാപനത്തിൽ ഉറച്ചു നിൽക്കുന്നില്ല. അല്പമെങ്കിലും പ്രവർത്തി പരിചയം ഉള്ളവർ അധ്യാപനത്തിലും എത്തുമ്പോഴാണ് പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് ശരിക്ക് “പ്രൊഫഷണലിസം” ഉണ്ടാകുന്നത്. പക്ഷെ പുറത്ത് തൊഴിൽ ചെയ്തവർക്ക് കോളേജിലേക്ക് തിരിച്ചു വരാനുള്ള ഒരു ആകർഷണവും നമ്മുടെ സംവിധാനം ഒരുക്കുന്നില്ല.
ഇതിനൊക്കെ പ്രത്യാഘാതം തീർച്ചയായും ഉണ്ടാകും. ഏറ്റവും മിടുക്കുള്ളവർ അടുത്ത തലമുറയെ പഠിപ്പിക്കുമ്പോൾ കൂടുതൽ മികവുള്ള ഒരു തലമുറ ഉണ്ടാകുന്നു, അങ്ങനെ സമൂഹം മൊത്തമായി പുരോഗമിക്കുന്നു. അധ്യാപകരുടെ നിലവാരം തന്നെ താഴേക്ക് വരുമ്പോൾ ഓരോ തലമുറ കഴിയുമ്പോഴും കുട്ടികളുടെ നിലവാരം താഴേക്ക് വരുന്നു. ഇതൊരു vicious cycle ആയി സമൂഹത്തെ ഉലക്കുന്നു.
ശേഷം ചിന്ത്യം.