വൈറലാകുന്ന മരണം, അടയിരിക്കുന്ന സുരക്ഷ

101
മുരളി തുമ്മാരുകുടി
വൈറലാകുന്ന മരണം, അടയിരിക്കുന്ന സുരക്ഷ
കൊല്ലത്തിനടുത്ത് ദേവനന്ദ എന്നൊരു കുട്ടി മരിച്ച സംഭവം എല്ലാവരേയും വേദനിപ്പിച്ചല്ലോ. ഇന്നലെ രാവിലെ കുട്ടിയെ കാണാതായത് മുതൽ എത്ര വേഗത്തിലാണ് സമൂഹമാധ്യമങ്ങളിൽ കൂടിയും മറ്റു മാധ്യമങ്ങളിലൂടെയും ആ വാർത്ത കേരളം മുഴുവൻ അറിഞ്ഞത്. എനിക്ക് തന്നെ ഒരേ മെസ്സേജ് ഒരു മുപ്പത് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ കൂടി കിട്ടി. ഫേസ്ബുക്കിൽ കണ്ടത് വേറെയും.
Image result for devanandaഇത്തരം ഒരു സംഭവം കേരളത്തിൽ ആദ്യമായിട്ടല്ല സംഭവിക്കുന്നത്. സാഹചര്യങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പോലും മേൽനോട്ടക്കാരുടെ ശ്രദ്ധ അല്പമൊന്നു മാറിയാൽ കുട്ടികൾ അപകടത്തിൽ പെടുന്നതും കുട്ടികളെ അപായപ്പെടുത്തുന്നതും ഒക്കെ എത്രയോ സംഭവിക്കുന്നു.
രണ്ടു ദിവസം മുൻപ് സ്‌കൂൾ ബസ്സിൽ നിന്നിറങ്ങിയ ഒരു കുട്ടി അതേ ബസിടിച്ചു മരിച്ചു. ഇത്തരം ഒരു സംഭവവും കേരളത്തിൽ ആദ്യമല്ല, ഓരോ വർഷവും എവിടെയെങ്കിലും ഒരുപോലെ ഇത് സംഭവിക്കാറുണ്ട്. എങ്ങനെയാണ് സ്‌കൂൾ ബസ് ഒരു സ്റ്റോപ്പിൽ നിറുത്തേണ്ടത്, അതിൽ നിന്നിറങ്ങുന്ന കുട്ടികളുടെ സുരക്ഷ് എങ്ങനെയാണ് ഉറപ്പാക്കേണ്ടത് എന്നതിനൊക്കെ വളരെ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്, ഞാൻ തന്നെ പല വട്ടം ഇവിടെ പറഞ്ഞിട്ടുമുണ്ട്.
കുട്ടികളുടെ സുരക്ഷ എന്നത് ഏതൊരു സമൂഹവും വലിയ ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്. അത് അവർക്കെതിരെ വീട്ടിലോ സ്‌കൂളിലോ മറ്റിടങ്ങളിലോ നടക്കുന്ന പീഡനങ്ങൾ മുതൽ, അവരെ തട്ടിക്കൊണ്ട് പോകുന്നതോ അപായപ്പെടുത്തുന്നതും ഉൾപ്പടെ അവർക്ക് റോഡിലോ വെള്ളത്തിലോ ഒക്കെ സംഭവിക്കുന്ന അപകടങ്ങൾ വരെ എന്തുമാകാം. കുട്ടികൾ എന്നത് സമൂഹത്തിന്റെ മൊത്തം ഭാവിയാണ്, അതുകൊണ്ട് നമ്മുടെ എല്ലാം കണ്ണ് നമ്മുടെ കുട്ടികളിൽ മാത്രമല്ല എല്ലാ കുട്ടികളിലും വേണം.
പക്ഷെ കുട്ടികളുടെ സുരക്ഷയെ പറ്റി ആരെങ്കിലും സംസാരിച്ചാൽ, അല്ലെങ്കിൽ അതൊരു പോസ്റ്റായി ഇട്ടാൽ അതൊന്നും ഒരിക്കലും വൈറൽ ആകാറില്ല. കുട്ടികൾ ഉള്ളവർ കുറച്ചുപേരൊക്കെ ശ്രദ്ധിച്ചേക്കാം. പൊതുവിൽ എല്ലാവരും അവരുടെ കുട്ടികളെ നന്നായി നോക്കുന്നതിനാൽ “ഇതൊന്നും നമ്മുടെ കുട്ടിക്ക് ബാധകമല്ല” എന്നൊരു ചിന്താഗതിയാണ് കൂടുതലും. പക്ഷെ ഇത്തരം അപകടം സംഭവിക്കുന്നതൊക്കെ ആരുടെയെങ്കിലും ഒക്കെ കുട്ടികൾക്കാണ്, അവരൊക്കെ ഇതൊന്നും അവർക്ക് സംഭവിക്കില്ല എന്ന് വിശ്വസിച്ചവരും ആണ്.
എപ്പോഴും പറയാറുള്ള കാര്യമാണ്. ഒരു ദുരന്തം ഉണ്ടായിക്കഴിഞ്ഞാൽ സഹതപിക്കാൻ എളുപ്പമാണ്, ദുരന്ത സമയത്ത് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടാനും ഓടി നടക്കാനും ഒക്കെ ആളുകൾക്ക് ഒരു ക്ഷാമവുമില്ല. അതൊക്കെ വേണ്ടതുമാണ്. പക്ഷെ സമൂഹത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും സുസ്ഥിരമായ സുരക്ഷ വേണമെങ്കിൽ ദുരന്ത ലഘൂകരണത്തിൽ നമ്മുടെ സമൂഹം കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സുരക്ഷയെ പറ്റി ആരെങ്കിലും സംസാരിച്ചാൽ, ഒരു വീഡിയോ കണ്ടാൽ, എവിടെയെങ്കിലും ഒരു അപകടമുണ്ടായാൽ അതിൽ നിന്നൊരു പാഠം ഉണ്ടെങ്കിൽ അതൊക്കെ നാം കൂടുതൽ ശ്രദ്ധിക്കണം, ഷെയർ ചെയ്യണം, വീട്ടിലും സമൂഹത്തിലും കൂടുതൽ ചർച്ചാ വിഷയം ആക്കണം. നമ്മുടെ സുരക്ഷാ സംസ്കാരം നമുക്ക് മാറ്റിയെടുക്കണം.
സുരക്ഷിതരായിരിക്കുക