കൊറോണയും കൊറോണപ്പേടിയും

98
Muralee Thummarukudy
കൊറോണയും കൊറോണപ്പേടിയും
++++++++++
കേരളത്തിൽ കൊറോണപ്പേടി ചിലപ്പോഴൊക്കെ അതിരുവിടുന്നതായി തോന്നുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മാളുകൾ അടക്കാനുള്ള തീരുമാനം അത്തരത്തിൽ ഒന്നായിരുന്നു. സ്വാഭാവികമായും എല്ലാ ഉദ്യോഗസ്ഥരും ജനനന്മയെ കരുതിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. പക്ഷെ ഓരോ തീരുമാനം എടുക്കുമ്പോഴും അതിന്റെ പ്രത്യാഘാതം പലപ്പോഴും വ്യക്തമാകണമെന്നില്ല. മാളാണെങ്കിലും റിസോർട്ട് ആണെങ്കിലും അടപ്പിക്കുവാൻ ഏളുപ്പമാണ്, തുറക്കാനും വലിയ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷെ ഇത്തരം എടുത്തുചാടി ഉള്ള നടപടികൾ ഉണ്ടാക്കുന്ന ഭീതി സ്വിച്ചിടുന്ന പോലെ മാറ്റിയെടുക്കാൻ പറ്റില്ല. മാളുകൾ തുറന്നാലും ആളുകൾ ആ വഴി പോകാൻ മടിക്കും.
ഭാഗ്യത്തിന് മുഖ്യമന്ത്രി വൈകിട്ടത്തെ പത്ര സമ്മേളനത്തിൽ ശാന്തനായി മാളുകൾ ഒന്നും അടക്കേണ്ട സാഹചര്യം ഇല്ല എന്ന് പറഞ്ഞു. ആളുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ഭീതി കുറക്കാൻ തീർച്ചയായും ഇത് ഉപകരിക്കും, അത്യാവശ്യ വസ്തുക്കളുടെ ക്ഷാമം ഇല്ലെന്ന് ഉറപ്പ് വരുത്താനും.
കേരളം (ഇന്ത്യയും) കൊറോണബാധയുടെ പുതിയൊരു തലത്തിലേക്ക് നീങ്ങാൻ പോവുകയാണ്. ഇന്ത്യയിൽ കൊറോണ കേസുകളുടെ എണ്ണം നൂറു കവിഞ്ഞു. മറ്റു രാജ്യങ്ങളിൽ സംഭവിച്ചത് പോലെയാണ് ഇന്ത്യയിലും സംഭവിക്കാൻ പോകുന്നതെങ്കിൽ (അങ്ങനെ ആകാതിരിക്കേണ്ട കാര്യമില്ല), ഇനി കേസുകളുടെ വളർച്ച കുറച്ചുകൂടി വേഗത്തിലാകും. അപ്പോൾ കൊറോണയെ നേരിടാൻ പുതിയ തന്ത്രങ്ങൾ വേണ്ടി വരും. ഇന്ത്യ പോലുള്ള വലിയ ജനാധിപത്യ രാജ്യത്ത് ഏതൊക്കെ നിയന്ത്രണങ്ങൾ ആണ് നടപ്പിലാക്കാൻ പറ്റുന്നത് ?, ഏത് തരത്തിലാണ് ടെസ്റ്റിംഗും കേസുകളും കൈകാര്യം ചെയ്യേണ്ടത് ഇതൊക്കെ കൂടുതൽ ചിന്തിച്ചു തീരുമാനം എടുക്കേണ്ടി വരും.
മറ്റുള്ള എമാർജൻസികളെ പോലെ തന്നെ ഒരു “റിസ്ക് മാനേജ്‌മെന്റ് ഫ്രെയിംവർക്ക്” അനുസരിച്ചാണ് ഇനി കൊറോണയെ കൈകാര്യം ചെയ്യേണ്ടത്. കൊറോണയെ നിയന്ത്രിക്കാൻ എടുക്കുന്ന ഓരോ തീരുമാനത്തിനും കൊറോണക്കും ആരോഗ്യ രംഗത്തിനും പുറത്ത് പ്രത്യാഘാതങ്ങൾ ഉണ്ടാകും. അത് കൊറോണക്കാലത്തിലും നീണ്ടു നിൽക്കും. അപ്പോൾ ഓരോ തീരുമാനം എടുക്കുന്നതിന് മുൻപും അതിന്റെ എല്ലാ പ്രത്യാഘാതങ്ങളും ഒന്ന് ചിന്തിക്കണം. ഇതൊന്നും താഴത്തെ തട്ടിലുള്ള ഉദ്യോഗസ്ഥർക്കോ എന്തിന് ഒരു വകുപ്പിന്റെ മന്ത്രിക്ക് മാത്രമോ അറിഞ്ഞിരിക്കണം എന്നില്ല. പൊതുജനാരോഗ്യം സംരക്ഷിക്കാൻ വേണ്ടി എടുക്കുന്ന തീരുമാനങ്ങൾ ഇപ്പോൾ തന്നെ ടൂറിസം മേഖലയെ അടിപ്പെടുത്തി കഴിഞ്ഞു. ട്രാവൽ ഏജൻസി മുതൽ കാറ്ററിങ്ങ് വരെ ഉള്ള മേഖലകളിലും മാന്ദ്യം വ്യക്തമാണ്. സിനിമാ തീയേറ്ററുകളിൽ നിന്നും മാന്ദ്യം സിനിമാ വ്യവസായത്തിലേക്ക് എത്തും. അരക്ഷിതാവസ്ഥ മൂലം പൊതുവിൽ ആളുകൾ പണമിറക്കുന്നത് കുറയ്ക്കും, അപ്പോൾ സേവന രംഗം സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമായി കേരളത്തിന്റെ എക്കോണമിയിൽ അത് വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന മാന്ദ്യം തിരിച്ച് പൊതുജനാരോഗ്യത്തെ ബാധിക്കുന്ന സമയം വരും. ആരോഗ്യ രംഗത്തെ ഏറെ വിഭവങ്ങളും സമയവും ഇപ്പോൾ കൊറോണ പ്രതിരോധത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. ആശുപത്രിയിലേക്ക് ഒരു രോഗവുമായി പോകാനുള്ള “ത്രെഷോൾഡ്” ആളുകൾ ഇപ്പോൾ തന്നെ മാറ്റിക്കഴിഞ്ഞു. ഇത്തരത്തിൽ സമയത്ത് ചികിത്സ കിട്ടാത്തതിനാൽ സാധാരണഗതിയിൽ നിസ്സാരമായി ചികിൽസിച്ചു പോകാമായിരുന്ന മറ്റു രോഗങ്ങൾ കൂടുതൽ വഷളായി എന്ന് വരാം. മൊത്തം നോക്കിയാൽ കൊറോണയുണ്ടാക്കിയതിലും ആരോഗ്യപ്രശ്നങ്ങൾ കൊറോണപ്പേടി ഉണ്ടാക്കാം.
ഇതൊക്കെ ഉണ്ടാകും എന്നല്ല, ഉണ്ടാകാം എന്നാണ് ഞാൻ പറയുന്നത്. അതുകൊണ്ടു തന്നെ മാറിവരുന്ന കൊറോണ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് ഒരു ഉന്നതതല സംഘം ചർച്ച ചെയ്യുന്നതിനോടൊപ്പം എങ്ങനെയാണ് കൊറോണ മറ്റു രംഗങ്ങളിലേക്ക് പടരുന്നത് എന്നതിനെ പറ്റി വ്യാപകമായ ചർച്ചകൾ ഏറ്റവും ഉന്നത തലത്തിൽ നടത്തണം. അതനുസരിച്ചു വേണം പുതിയതായി നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ. ഒരു ജില്ലയിലും ഓരോ തരത്തിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതും കൊറോണ എന്നൊരു വിഷയത്തെ മാത്രം ആസ്പദമാക്കി ഏറ്റവും കർശനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതും ആരോഗ്യ രംഗത്തിന് ഉൾപ്പടെ ഗുണകരമാവില്ല. കൊറോണ കഴിഞ്ഞും ഒരു ഭാവി നമുക്ക് വേണം എന്ന ഓർമ്മ വേണം.
==============
കൊറോണക്കാലത്തെ അതിജീവിക്കുന്പോൾ.
ലേഖനം സമൂഹത്തിന്റെ തയ്യാറെടുപ്പുകളെ പറ്റിയല്ല, വ്യക്തിപരമായ തയ്യാറെടുപ്പുകളെക്കുറിച്ചാണ്.
നമ്മുടെ ലോകം ഈ തലമുറ ഇന്നുവരെ കൈകാര്യം ചെയ്യാത്ത മഹാമാരി എന്ന വെല്ലുവിളിയിലൂടെ കടന്നു പോകുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 135 രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ലോകത്തെ മൊത്തം രാജ്യങ്ങളുടെ മൂന്നിൽ രണ്ടോളം വരും ഇത്). ഓരോ രാജ്യവും അവർക്ക് അറിയുന്നതും ആവുന്നതുമായ രീതിയിൽ ഈ വെല്ലുവിളിയെ നേരിടുന്നു. രാജ്യം ആകെ അടച്ചിടുക, പ്രായമായവരെ മാത്രം മാറ്റിത്താമസപ്പിക്കുക, പരമാവധി കുറച്ച് ആളുകൾക്ക് അസുഖം ബാധിക്കുന്ന തരത്തിൽ സമൂഹത്തിലൂടെ ഈ വൈറസ് പടർന്നു തീരട്ടെ എന്ന നയം, രോഗലക്ഷണമുള്ള ഓരോരുത്തരെയും ടെസ്റ്റ് ചെയ്ത് കണ്ടുപിടിച്ച് അവരുമായി ബന്ധപ്പെട്ട എല്ലാവരെയും ട്രേസ് ചെയ്ത് ക്വാറന്റൈനിൽ ആക്കുന്ന രീതി, രോഗം വരുന്നവർ സ്വയം മാറിയിരുന്നിട്ട് പ്രായമായവരെയും പ്രമേഹമോ മറ്റു രോഗങ്ങളോ മുന്പുണ്ടായിരുന്നതിനാൽ പ്രശ്നം വഷളാവാവാൻ സാധ്യത ഉളളവർക്ക് മാത്രം ചികിത്സ ലഭ്യമാക്കുന്ന രീതി തുടങ്ങി വ്യത്യസ്തമായ മാർഗ്ഗങ്ങളാണ് ഓരോ രാജ്യങ്ങളും സ്വീകരിക്കുന്നത്. ഇതിൽ ഏതാണ് ശരി ഏതാണ് കൂടുതൽ ഫലപ്രദം എന്നതൊക്കെ പിൽക്കാലത്ത് ഗവേഷണ വിഷയങ്ങളാകാൻ പോകുന്ന വിഷയങ്ങളാണ്. താൽക്കാലം പരിചയമില്ലാത്ത ഒരു ചക്രവാളത്തിലൂടെയാണ് വിമാനം ഓടിക്കൊണ്ടിരിക്കുന്നത്. പരിചയസന്പന്നരായ പൈലറ്റുമാർ ഉള്ളത് മാത്രമാണ് നമ്മുടെ ആശ്വാസം.
സംസ്ഥാനം മുഴുവൻ അടച്ചിടാൻ തീരുമാനിച്ചിട്ടില്ലെങ്കിലും രോഗം ഉണ്ടാകാൻ സാധ്യതയുള്ള ഓരോരുത്തരെയും കണ്ടുപിടിച്ച് ടെസ്റ്റ് ചെയ്ത് അവരിൽ രോഗമുള്ളവരെ ഐസൊലേറ്റ് ചെയ്ത് ചികിൽസിക്കുകയും അവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി സ്വയം ക്വാറന്റൈൻ ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയാണ് ഇതുവരെ കേരളം സ്വീകരിച്ചിരിക്കുന്നത്. കൊറോണയുടെ ഒന്നാം വരവ് അതിലൂടെ പിടിച്ചുകെട്ടാനും സാധിച്ചു. രണ്ടാം വരവിൽ ഈ തന്ത്രം ഫലിക്കുമോ അതോ പുതിയ തന്ത്രങ്ങൾ വേണ്ടിവരുമോ എന്ന് നമുക്ക് ചർച്ച ചെയ്യണം (വേണ്ടി വരും എന്നാണ് എന്റെ പ്രൊഫഷണൽ അഭിപ്രായം).
സർക്കാർ പൊതുവെ വളരെ ആത്മവിശ്വാസത്തോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. നിപ്പ മുതൽ പ്രളയം വരെ കൈകാര്യം ചെയ്ത പരിചയം കൊണ്ടും വളരെ മികച്ചതായ നമ്മുടെ പൊതുജനാരോഗ്യ സംവിധാനം കൊണ്ടും ഒക്കെയാണ് ഇത് സാധ്യമാകുന്നത്. എന്നാൽ വ്യക്തിപരമായും സമൂഹമെന്ന നിലയിലും നമ്മൾ കൂടുതൽ ആശങ്കാകുലരാകുകയാണ്. ഇറ്റലിക്കാർക്കെതിരെ കഴിഞ്ഞയാഴ്ച ഉണ്ടായ ജനരോഷവും ചെറുതായെങ്കിലും സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതും പൊതുഗതാഗതം വിജനമാകുന്നതുമൊക്കെ ഇതിന്റെ സൂചനകളാണ്. ഇത് സ്വാഭാവികമാണെങ്കിലും ഇതിന്റെ പ്രധാന കുഴപ്പം ഇത് മനുഷ്യന്റെ അടിസ്ഥാനപരമായ ജന്മസ്വഭാവത്തിലേയ്‌ക്ക് നമ്മെ നയിക്കും എന്നതാണ്. നമ്മുടെ ആരോഗ്യവും നമ്മുടെ ജീവനും മാത്രമാണ് പ്രധാനം എന്നൊരു മാനസികാവസ്ഥയിലേക്ക് സമൂഹവും വ്യക്തികളും എത്തും. നമ്മുടെ തെറ്റിദ്ധാരണയുടെ പേരിലോ ഒന്നോ രണ്ടോ പേരുടെ തെറ്റായ പെരുമാറ്റത്തിന്റെ പേരിലോ സമൂഹത്തെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഒറ്റപ്പെടുത്തുന്ന രീതി വരും. അടുത്ത വീട്ടിൽ ഒരാൾക്ക് സാധാരണ ഫ്ലൂ വന്നാൽ പോലും അവരെ ഒറ്റപ്പെടുത്തുകയോ അവിടെ നിന്നും മാറാൻ നിർബന്ധിക്കുകയോ ചെയ്യുന്ന അവസ്ഥ വരും. വാക്കുകൊണ്ട് ആക്രമിക്കുന്ന രീതി ശരിയല്ല. ഇത്തരം അന്തരീക്ഷം അക്രമത്തിലേക്ക് നയിക്കാൻ ഒട്ടും സമയം വേണ്ട.
എല്ലാ തരം ആളുകളും ഒരുമിച്ചു ജീവിക്കുകയും പരസ്പരം ബന്ധപ്പെടുകയും റെസിഡന്റ് അസോസിയേഷനും സദാചാര പോലീസും ഒക്കെയായി അടുത്തുള്ള വീട്ടിലെ കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന ഒരു സംസ്‌ക്കാരമുള്ള സ്ഥലമാണ് കേരളം. ആഗോളീകരണത്തിന്റെ എല്ലാ ഗുണങ്ങളും അനുഭവിച്ചിട്ടുള്ളവരാണ് മലയാളികൾ. വലിയ ശതമാനം വിദേശ മലയാളികളും, വിദേശി ടൂറിസ്റ്റുകളും കേരളത്തിൽ ജോലി ചെയ്യാനെത്തുന്ന മറുനാട്ടുകാരുമെല്ലാം കേരളം ആഗോള സന്പദ്‌വ്യവസ്ഥയുമായി ഏറെ ബന്ധപ്പെട്ടതിൽ നിന്നും ഉണ്ടായതാണ്. അപ്പോൾ ഒരു മഹാമാരി ഉണ്ടാകുന്ന സമയത്ത് നമ്മൾ ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്ന തരത്തിൽ പെരുമാറരുത്. കൊറോണക്കപ്പുറത്തും ഒരു കാലം ഉണ്ട്. ഈ കൊറോണക്കാലം നമ്മുടെ സന്പദ്‌വ്യവസ്ഥയുടെ നടുവൊടിക്കാൻ പോവുകയാണ്, അതിൽ നിന്നും കരകയറണമെങ്കിൽ ആഗോളീകരണത്തെ തന്നെ ആശ്രയിച്ചേ പറ്റൂ. പ്രവാസി മലയാളികളെയും ടൂറിസ്റ്റുകളേയും നമ്മുടെ അയൽക്കാരെയും ഒക്കെ നമുക്ക് നാളെയും വേണ്ടി വരും. അതോർത്ത് വേണം ഈ കൊറോണക്കാലത്ത് നാം പെരുമാറാൻ.
2018 ലെ പ്രളയകാലത്ത് കേരളം ലോകത്തിന് മാതൃകയായിരുന്നു എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. എങ്ങനെയാണ് ഈ കൊറോണക്കാലത്ത് നമുക്ക് വീണ്ടും ലോകത്തിന് മാതൃകയാകാവുന്നത് എന്ന് നോക്കാം.
1. ഏതൊരു അടിയന്തര ഘട്ടത്തിലും ആളുകൾക്ക് ഭയവും ആശങ്കയും കൂടുന്നത് കൃത്യമായ വിവരങ്ങൾ കിട്ടാതിരിക്കുകയും, വ്യക്തിപരമായി ഒന്നും ചെയ്യാൻ സാധിക്കുകയില്ല എന്ന നിസ്സഹായാവസ്ഥ വരികയും ചെയ്യുന്പോൾ ആണ്. കേരളത്തിൽ ആവശ്യത്തിന് വിവരം കിട്ടാത്തതിന്റെ പ്രശ്നമില്ല. എന്നാൽ കൊറോണ അടുത്തടുത്ത് വരുന്നുണ്ടെങ്കിലും നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന പേടി ആളുകൾക്കുണ്ട്. അവിടെ നിന്നാണ് അവരും നമ്മളും എന്ന തരത്തിലുള്ള ചിന്തകൾ ഉണ്ടാകുന്നതും അത് ചെറുതും വലുതുമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതും. നമുക്ക് ഈ വിഷയത്തിൽ വ്യക്തിപരമായും കൂട്ടായും എന്തൊക്കെ ചെയ്യാനുണ്ടെന്ന് അറിയുകയും ആ കാര്യങ്ങൾ ചെയ്തുതുടങ്ങുകയും ചെയ്താൽ സ്ഥിതിഗതികളിൽ നമുക്കും നിയന്ത്രണമുണ്ടെന്നൊരു തോന്നൽ ഉണ്ടാകും. ആശങ്കകൾ ജാഗ്രതയ്ക്ക് വഴിമാറുകയും ചെയ്യും.
2 . വ്യക്തിപരമായ ഭയം പരമാവധി കുറയ്‌ക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇപ്പോൾ കേരളത്തിൽ കൊറോണബാധിതരുടെ എണ്ണം നൂറിലും താഴെയാണ്. വാസ്തവത്തിൽ പത്തുലക്ഷത്തിൽ ഒരാൾക്കുപോലും ഇപ്പോൾ കേരളത്തിൽ കൊറോണ ബാധ ഇല്ല. ഇന്നലത്തെ കണക്കനുസരിച്ച് സ്വിറ്റ്‌സർലന്റിൽ 1200 പേർക്ക് കൊറോണ ബാധയുണ്ട്. ഇവിടെ കൊറോണ സംശയിക്കുന്ന എല്ലാവരെയും ടെസ്റ്റ് ചെയ്യുന്നു പോലുമില്ല. രോഗം വഷളാകുന്നവരെയോ വഷളാവാൻ സാധ്യതയുള്ളവരെയോ മാത്രമേ ടെസ്റ്റ് ചെയ്യുന്നുള്ളൂ. അപ്പോൾ യഥാർത്ഥ നന്പർ ഇതിലും അധികമാകാം. അതായത് ആയിരത്തിൽ ഒരാൾക്ക് മുകളിൽ ഇവിടെ കൊറോണ ബാധ ഉണ്ട്. പക്ഷെ ഒരു ഭയത്തിന്റെ അന്തരീക്ഷമല്ല ഇവിടെ ഉള്ളത്. മറിച്ച് എങ്ങനെയാണ് നമുക്ക് കൊറോണ ബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുന്നത്, ഉണ്ടായാൽ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നിങ്ങനെ രണ്ടു കാര്യത്തിലാണ് ആളുകൾ ശ്രദ്ധ ചെലുത്തുന്നത്.
3. എന്തൊക്കെയാണ് കൊറോണബാധ ഒഴിവാക്കാൻ ആളുകൾ ചെയ്യേണ്ടതെന്ന കാര്യത്തിൽ ആവശ്യത്തിലധികം നിർദ്ദേശങ്ങൾ ഇപ്പോൾത്തന്നെ കേരളത്തിൽ എല്ലാ മലയാളികൾക്കും കിട്ടിയിട്ടുണ്ട്. (മറു നാട്ടുകാർക്ക് അത്യാവശ്യത്തിനെങ്കിലും കിട്ടിയിട്ടുണ്ട് എന്ന് വിശ്വസിക്കാം). വ്യക്തിപരമായി കൊറോണബാധ ഉണ്ടായാൽ എന്താണ് ചെയ്യേണ്ടതെന്ന ചിന്ത ആളുകൾക്ക് അധികമില്ല. അങ്ങനെ ഉണ്ടാകാനുള്ള സാഹചര്യം വളരെ കുറവായതിനാലും, സർക്കാർ വേണ്ടത്ര നടപടികൾ എടുക്കുന്നുണ്ട് എന്ന ബോധ്യം കാരണവും, പിന്നെ മറ്റെല്ലാ ദുരന്തങ്ങളേയും പോലെ ഇതും ‘മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്ന ഒന്നാണ്’ എന്ന (തെറ്റായ) വിശ്വാസവും കാരണമാണ് ഇത് സംഭവിക്കുന്നത്. വ്യക്തിപരമായ ഭയം കുറയ്‌ക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഇത്തരം ഒരു സാഹചര്യമുണ്ടായാൽ എങ്ങനെ സ്വയം കൈകാര്യം ചെയ്യും എന്ന് ചിന്തിക്കുന്നത് തന്നെയാണ്.
4. കുടുംബത്തിൽ ഒരാൾക്ക് കൊറോണബാധ ഉണ്ടായാൽ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വീട്ടിലുള്ളർ എല്ലാവരും ഒരുമിച്ച് ചർച്ച ചെയ്യണം. കുട്ടികളെയും മുതിർന്നവരെയും വീട്ടിൽ ഭിന്നശേഷിയുള്ളവർ ഉണ്ടെങ്കിൽ അവരെയും ഇക്കാര്യത്തിൽ ഭാഗഭാക്കാകണം. അവർക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ടെൻഷൻ ഉണ്ടാകാൻ സാധ്യതയുള്ളത്.
5. അടുത്ത പടി ഇക്കാര്യം റെസിഡന്റ്റ് അസോസിയേഷനിൽ ചർച്ച ചെയ്യുകയാണ്. ഇപ്പോഴത്തെ രീതിയിൽ റെസിഡന്റ് അസോസിയേഷനിൽ ഒരാൾക്ക് കൊറോണ വരുന്നത് പോയിട്ട് കൊറോണബാധിത പ്രദേശത്ത് നിന്നും ഒരാൾ സ്വന്തം വീട്ടിലോ ബന്ധുവീട്ടിലോ എത്തിയാൽത്തന്നെ മറ്റുളളവർ അവരെ ഒറ്റപ്പെടുത്തുന്ന രീതിയാണ്. ഇത് അറിവില്ലായ്മ കൊണ്ടും മുൻപ് പറഞ്ഞ വന്യമായ സഹജവാസനയിൽ നിന്നും ഉണ്ടാകുന്നതാണ്. ഇന്നലെ വരെ സ്നേഹത്തോടെ ജീവിച്ചവരും പ്രളയത്തെ ഒത്തൊരുമയോടെ നേരിട്ടവരുമായ നമ്മൾ, മഹാമാരി വരുന്പോൾ സ്വന്തം കാര്യം നോക്കുന്നവരായി മാറരുത്. അതൊരു സംസ്‌ക്കാരമുള്ള സമൂഹത്തിന്റെ ലക്ഷണമല്ല.
6. അടുത്ത ബന്ധുക്കൾ, മുട്ടിന് മുട്ടിന് റെസിഡന്റ് അസോസിയേഷൻ, കൈയെത്തും ദൂരത്ത് മെഡിക്കൽ സൗകര്യങ്ങൾ എല്ലാമുള്ള കേരളത്തിൽ കൊറോണബാധ വന്ന് ആശുപത്രിയിലോ (ഭാവിയിൽ വീട്ടിലോ) കഴിയേണ്ടി വന്നാൽ അതൊരു വലിയ പ്രശ്നമല്ല. പ്രളയ കാലത്ത് കണ്ടത് പോലെ പ്രായമായവർ മാത്രമുള്ള വീടുകൾ, ഭിന്നശേഷിയുള്ളവർ, മറുനാട്ടുകാർ, ആദിവാസികൾ എന്നിവരൊക്കെയാണ് ഈ സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടേണ്ടത്. അവരായിരിക്കും ഇപ്പോൾ ഏറ്റവും ഭയപ്പെടുന്നത്. അവർക്ക് വേണ്ടി ഒരു പ്രത്യേക പ്ലാൻ നമ്മൾ ഇപ്പോഴേ ഉണ്ടാക്കണം.
7. കൊറോണപ്പേടിയുള്ള രാജ്യങ്ങളിൽ ആളുകൾ ഭക്ഷണവും മറ്റു സാധനങ്ങളും മൊത്തമായി വാങ്ങിക്കൂട്ടി വലിയ സൂപ്പർമാർക്കറ്റുകൾ വരെ കാലിയാക്കിയ സാഹചര്യം ഉണ്ടായി. കേരളത്തിൽ ഭാഗ്യത്തിന് ഇതുവരെ അങ്ങനൊരു സാഹചര്യം ഉണ്ടായിട്ടില്ല. പക്ഷെ ഇങ്ങനെ ഒരു പേടി വരാനും ആളുകൾ അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടാനും കച്ചവടക്കാർ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാനും ഒരു ദിവസം പോലും വേണ്ട. ഇക്കാര്യത്തിലും റെസിഡന്റ് അസോസിയേഷൻ തലത്തിൽ ചെറിയൊരു ബഫ്ഫർ സ്റ്റോക്ക് ഉണ്ടാക്കാൻ തീരുമാനിച്ചാൽ ഓരോ വീട്ടുകാരും ഒരു മാസത്തേക്കുള്ള പലചരക്ക് വാങ്ങിവെക്കേണ്ട ആവശ്യം വരില്ല. ലോകത്തെല്ലായിടത്തും മുൻകാല ദുരന്തങ്ങളിൽ കണ്ടിരിക്കുന്നത് ഇത്തരത്തിൽ പേടിച്ചു വാങ്ങിക്കൂട്ടിയ വസ്തുക്കൾ മിക്കതും പാഴായ സാഹചര്യമാണ്.
8. നമ്മുടെ യുവാക്കൾ കൊറോണ പ്രതിരോധത്തിന് രംഗത്തിറങ്ങേണ്ട സമയമാണ് ഇപ്പോൾ. വിദേശത്തു നിന്നു വരുന്നവരെ ഒളിക്യാമറ വെച്ച് പിടിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സദാചാര പോലീസിംഗ് രീതിയിലുള്ള പ്രവർത്തനമല്ല, മറിച്ച് ഓരോ നാട്ടിലുമുള്ള വീടുകളിൽ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാനുള്ള സംവിധാനമാണ് ഉണ്ടാക്കിയെടുക്കേണ്ടത്. പ്രായമായവർ ഒറ്റയ്‌ക്ക് താമസിക്കുന്ന വീടുകളിൽ അവരെ ദിവസവും പോയിക്കണ്ട് ആവശ്യമുണ്ടെങ്കിൽ സഹായമുണ്ടാകും എന്ന് ഉറപ്പു നൽകുക. കൊറോണപ്പേടി കാരണം ജോലി നഷ്ടപ്പെടുന്ന ആളുകൾ ഉള്ളിടത്ത് അവരുടെ സാന്പത്തിക സ്ഥിതി അന്വേഷിച്ച് അവർക്ക് ഭക്ഷണത്തിന്റെ കാര്യത്തിലെങ്കിലും ബുദ്ധിമുട്ടില്ല എന്ന് ഉറപ്പു വരുത്തുക. നീണ്ട അവധിക്കാലത്ത് കുട്ടികൾ വീട്ടിൽ വെറുതെയിരിക്കുന്പോൾ അവരോടൊപ്പം കളിക്കാനും അവരെ എന്തെങ്കിലുമൊക്കെ പഠിപ്പിക്കാനും ചെറിയ അയൽക്കൂട്ടങ്ങൾ ഉണ്ടാക്കാനും ശ്രമിയ്‌ക്കുക. സന്നദ്ധ പ്രവർത്തകർക്ക് ചെയ്യാൻ അനവധി കാര്യങ്ങളുണ്ട്. സർക്കാർ ഇപ്പോൾ പ്ലാൻ ചെയ്തിരിക്കുന്ന പല കാര്യങ്ങളിലും സന്നദ്ധ പ്രവർത്തകരുടെ സഹകരണം വേണം. ഈ വിഷയം മാത്രമായി നാളെ കൂടുതൽ വിശദമായ ഒരു പോസ്റ്റ് ഇടാം.
9. കൊറോണയെപ്പറ്റിയുള്ള വിവരങ്ങൾ കൈമാറാൻ ആപ്പുകൾ പലത് ആയിക്കഴിഞ്ഞു. പക്ഷെ കൊറോണയുടെ കാലത്ത് പരസ്പരം എങ്ങനെ സഹായിക്കാം എന്ന കാര്യത്തിൽ കേരളത്തിൽ നിന്ന് ഒരു ആപ്പും ഇതേവരെ കണ്ടില്ല. പ്രളയകാലത്ത് ഉണ്ടായത് പോലെ ഈ കൊറോണക്കാലത്തും സഹായം ആവശ്യമുള്ളവരെയും സഹായം നൽകാൻ കഴിവുള്ളവരെയും ബന്ധിപ്പിക്കുന്ന ഒരു ക്ലിയറിങ്ങ് ഹൌസ് തീർച്ചയായും ഉണ്ടാക്കണം. നമ്മുടെ ഐ ടി പിള്ളേർ ഒന്ന് ശ്രമിച്ചാൽ മതി.
10. പ്രളയകാലത്ത് മറുനാടൻ മലയാളികളും കേരളത്തിലുള്ളവരും സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് ഒരുമിച്ച് പ്രവർത്തിച്ച സാഹചര്യമുണ്ടായി. അന്ന് കേരളത്തിലുള്ളവർ സഹായം ആവശ്യമുള്ളവരും പുറത്തുള്ളവർ അത് നൽകാൻ സന്നദ്ധരും ആയിരുന്നു. എന്നാൽ കൊറോണക്കാലം അല്പം വ്യത്യസ്തമാണ്. ഇറാൻ, ഇറ്റലി, അമേരിക്ക, അഫ്ഘാനിസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലുള്ള മലയാളികൾക്ക് അവരുടെ വ്യക്തിപരമായ സുരക്ഷയെക്കുറിച്ചും നാട്ടിലെ അവരുടെ ബന്ധുക്കളെക്കുറിച്ചും ആശങ്കകളുണ്ട്, തിരിച്ചും. അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പങ്കുവെക്കാനും പരസ്പരം സഹായങ്ങൾ ചെയ്യാനുമുള്ള ഒരു പോർട്ടലോ ആപ്പോ നമുക്ക് ഉണ്ടാക്കിയെടുത്താൽ ഏറെ ഉപകാരപ്രദമാകും.
തൽക്കാലം ഇവിടെ നിറുത്തുന്നു. കാര്യങ്ങൾ വേഗത്തിൽ മാറുന്നതിനാൽ കൂടുതൽ നിർദ്ദേശങ്ങളുമായി വീണ്ടും വരാം. പ്രളയകാലത്തെ ദുരന്തനിവാരണം നൂറുമീറ്റർ ഓട്ടമായിരുന്നുവെങ്കിൽ കൊറോണക്കാലം ഒരു മാരത്തൺ ആണെന്ന് ഓർക്കുക. വേഗത്തിൽ ഓടിത്തുടങ്ങിയാൽ മാത്രം പോരാ, അല്പം സ്റ്റാമിന കൂടി വേണ്ടിവരും ഈ കാലം അതിജീവിക്കാൻ. ഇടയ്‌ക്കിടെ തന്ത്രങ്ങൾ മാറ്റേണ്ടി വരും. ഇക്കാലത്തെല്ലാം വ്യക്തികളും സമൂഹവും സർക്കാറും പരസ്പരവിശ്വാസത്തോടെ കൂട്ടായ പ്രവർത്തനം നടത്തുക എന്നതാണ് പ്രധാനം.
‘We Shall Overcome’ എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.
===============
കൊറോണക്കാലത്തെ അവധിക്കാലം.
കൊറോണയെ നേരിടാൻ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ അവധിക്കാല ക്ലാസുകളും സർക്കാർ നിരോധിച്ചിട്ടുണ്ട്. കുട്ടികൾക്കും മാതാപിതാക്കൾക്കും വെല്ലുവിളിയായ ഈ സാഹചര്യത്തെ നേരിടാനുള്ള കുറച്ചു നിർദ്ദേശങ്ങൾ…
1. ഇപ്പോൾ കുട്ടികൾ കാണുന്നതും കേൾക്കുന്നതും സംസാരിക്കുന്നതും കൊറോണയെപ്പറ്റിയാണ്. ഇത് അവരിൽ തീർച്ചയായും ഭീതിയും അരക്ഷിതാവസ്ഥയും ഉണ്ടാക്കും എന്നതിനാൽ ഈ വിഷയം കുട്ടികളോട് വിശദമായി സംസാരിക്കണം. എന്താണ് രോഗം, അതുണ്ടാകാനുള്ള സാധ്യത (വളരെ കുറവ്), നമ്മുടെ സർക്കാർ സംവിധാനങ്ങൾ എങ്ങനെയാണ് കൊറോണ ബാധയെ നേരിടുന്നത് എന്നതെല്ലാം വീട്ടിൽ ചർച്ച ചെയ്യണം. എന്നാൽ ഇതേപ്പറ്റി വളരെ കൂടുതലായ ഉൽക്കണ്ഠ കുട്ടികൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ തീർച്ചയായും പ്രൊഫെഷണൽ സഹായം തേടാം.
2. പരീക്ഷ നടക്കാത്തതും, ട്യൂഷനും എൻട്രൻസ് ഉൾപ്പെടെയുള്ള പരിശീലനങ്ങൾക്ക് പോകാൻ പറ്റാത്തതും കുട്ടികളിലും ചില മാതാപിതാക്കളിലും വലിയ വിഷമം ഉണ്ടാക്കിയേക്കാം. മാതാപിതാക്കൾ അവരുടെ ടെൻഷൻ കുട്ടികളെ അറിയിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ സാഹചര്യം എല്ലാവർക്കും ബാധകമായതിനാൽത്തന്നെ എൻട്രൻസിനെ ഓർത്ത് അധികം വിഷമിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞു മനസ്സിലാക്കണം. ഇതിനെ ഒരു സമയനഷ്ടമായി കണക്കാക്കേണ്ടതില്ല. ഇക്കാര്യത്തിൽ അധ്യാപകർക്കും ഏറെ ചെയ്യാനുണ്ട്. പലപ്പോഴും കുട്ടികൾക്ക് മാതാപിതാക്കൾ പറയുന്നതിനേക്കാൾ വിശ്വാസം അധ്യാപകർ പറയുന്നതാണ്. അതുകൊണ്ട് തന്നെ അവധിയിൽ ഇരിക്കുന്ന കുട്ടികളെ അധ്യാപകർ ആഴ്ചയിൽ ഒരിക്കലെങ്കിലും ടെലിഫോണിൽ വിളിച്ചു സംസാരിക്കുന്നത് നല്ല കാര്യമാണ്.
3. എൻട്രൻസ് പരീക്ഷയുള്ളവർക്ക് വീട്ടിലിരുന്നും പഠിക്കാമല്ലോ. ഓൺലൈൻ ആയി മോക് പരീക്ഷകൾ നടത്താനുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിൽ അവയും പ്രയോജനപ്പെടുത്തണം. ടൈം ടേബിൾ ഉണ്ടാക്കി കൃത്യമായ സമയം ഇതിന് നീക്കിവെയ്‌ക്കുന്നത് പഠനം നഷ്ടപ്പെടാതിരിക്കാനും ടെൻഷൻ കുറക്കാനും സഹായിക്കും.
4. ഭാവിയുടെ ലോകം ഓൺലൈനായിട്ടുള്ള പഠനത്തിന്റെയും ജോലിയുടേതുമാണ്. അത് പ്രാക്ടീസ് ചെയ്തു തുടങ്ങാനുള്ള ഒരവസരമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇന്റർനെറ്റിൽ അനവധി കോഴ്‌സുകൾ – എല്ലാ പ്രായക്കാർക്കും സൗജന്യമായി ലഭ്യമാണ്. കുറച്ചു ലിങ്കുകൾ ഞാൻ കമന്റിൽ ഇടാം. നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയത്തിൽ ഫ്രീ ഓൺലൈൻ കോഴ്സ് എന്ന് ഗൂഗിൾ ചെയ്താൽ ഇഷ്ടം പോലെ അവസരങ്ങളുണ്ട്.
5. അവധിക്കാലത്ത് ഓൺലൈൻ സംവിധാനം ഉപയോഗിച്ച് നാട്ടിലും വിദേശത്തുമുള്ള കൂട്ടുകാരും കസിൻസുമായി എന്തെങ്കിലും ഒരു പ്രോജക്ട് ചെയ്യാൻ പ്ലാൻ ചെയ്യൂ. ഇത് മൊബൈൽ ഉപയോഗിച്ച് ഒരു ഡോക്യൂമെന്ററിയോ ഷോർട്ട് ഫിലിമോ ഉണ്ടാക്കുന്നതോ, ഒരു സ്റ്റാർട്ട് അപ്പ് ഉണ്ടാക്കുന്നതിനെപ്പറ്റിയുള്ള പ്രോജക്റ്റ് ഡിസ്കഷനോ, ഒരു മ്യൂസിക് ആൽബമോ ആകാം. എന്താണെങ്കിലും remote, online, collaborative എന്നീ മൂന്നു വാക്കുകളാണ് പ്രധാനം. ഇതാണ് ഭാവിയുടെ രീതി. ഇക്കാര്യത്തിലും അധ്യാപകർക്ക് പല സഹായവും ചെയ്യാനാകും.
6. ഇത് അധ്യാപകരോടാണ്; സ്കൈപ്പോ വാട്ട്സാപ്പോ ഉപയോഗിച്ച് അധ്യാപകർക്കും ട്യൂഷൻ തുടരാവുന്നതാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമായതുകൊണ്ടുതന്നെ മറ്റുള്ള ഓൺലൈൻ ടീച്ചിങ് പ്ലാറ്റ്ഫോമുകളും ഈയവസരത്തിൽ പരിചയപ്പെടാനും പ്രയോജനപ്പെടുത്താനും ശ്രമിക്കാം. ഗൂഗിൾ ക്ലാസ്സ്‌റൂം പോലുള്ള ഫ്രീ വെബ് സർവീസുകളും പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. അധ്യാപകർക്കും അവരുടെ സ്കില്ലുകൾ ആധുനികമാക്കാൻ ഇതൊരവസരമാകട്ടെ.
7. ഭാഷ പഠിക്കാനോ നന്നാക്കാനോ ഇതിലും നല്ല സമയമില്ല. ചുരുങ്ങിയത് ഇംഗ്ളീഷ് ഭാഷയെങ്കിലും കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുക. ഇതിനും ഓൺലൈൻ വിഭവങ്ങൾ ലഭ്യമാണ്. ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും അതിനായി ഉപയോഗിക്കുക.
8. പുസ്തക വായന എന്ന സ്വഭാവം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലത്ത് അത് തിരിച്ചു പിടിക്കാൻ പറ്റിയ സമയമാണ്. ഇംഗ്ളീഷിലും മലയാളത്തിലും ഒരോ പുസ്തകമെങ്കിലും ആഴ്ചയിൽ വായിക്കാൻ ശ്രമിക്കാം. ആയിരക്കണക്കിന് പുസ്തകങ്ങൾ ഫ്രീ ആയി ഓൺലൈനിൽ ലഭ്യമാണ്. ഓരോ വീട്ടിലും വായിക്കാതെയിട്ടിരിക്കുന്ന പുസ്തകങ്ങൾ ഒരു ഡസനെങ്കിലും കാണും. നാട്ടിലെ ലൈബ്രറികളുമായി ബന്ധപ്പെടാനുള്ള അവസരമാണ്, ലൈബ്രറിക്കാർക്ക് കുട്ടികളെ അവരിലേക്ക് അടുപ്പിക്കാൻ പറ്റിയ സമയവും. ആവശ്യപ്പെടുന്ന പുസ്തകങ്ങൾ വീട്ടിലെത്തിച്ച് കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കാമല്ലോ.
8. പുതിയതായി എന്തെങ്കിലും സ്‌കിൽ പഠിക്കാനുള്ള അവസരമാണ്. ഏറ്റവും എളുപ്പം വീട്ടിൽ നിന്നും തുടങ്ങാവുന്ന പാചകം തന്നെ ആകട്ടെ ആദ്യം. വീട് വൃത്തിയാക്കാനും തുണി കഴുകാനും വീട്ടുപകരണങ്ങൾ (മിക്സി തൊട്ട് വാഷിംഗ് മെഷീൻ വരെ) ശരിയായി ഉപയോഗിക്കാനും പഠിക്കാം. ഗാർഡനിങ്ങ് തൊട്ട് മരപ്പണി വരെ എന്തും പഠിക്കാനുള്ള അവസരമാണ്. ഓൺലൈൻ ആയി കാര്യങ്ങൾ പഠിച്ചു തുടങ്ങുക, ഓൺലൈൻ ഗ്രൂപ്പുകളിൽ അംഗമാകുക എന്നിങ്ങനെ പലതും ഈ വിഷയത്തിൽ ചെയ്യാനുണ്ട്. ഒരു വീട്ടിലെ മിക്ക കാര്യങ്ങളും കൈകാര്യം ചെയ്യാനുള്ള അറിവ് ഈ അവധിക്കാലത്ത് ഉണ്ടാക്കിയെടുത്താൽ ഇത് പ്രയോജനപ്രദമായ ഒരു അവധിക്കാലം ആകും. കുട്ടികൾക്കൊപ്പ്പം മാതാപിതാക്കളും കൂടി ശ്രമിച്ചാൽ നടക്കുന്ന കാര്യമേ ഉള്ളൂ.
9. നമ്മുടെ ലോകത്തിന്റെ ഭാവി കൂടുതൽ അറിയാനുള്ള ഒരവസരമാണ്. ആഗോളവൽക്കരണം എങ്ങനെയാണ് ലോകത്തെ മാറ്റിയിരിക്കുന്നത്, നിർമ്മിത ബുദ്ധി എങ്ങനെയാണ് ലോകത്തെ മാറ്റാൻ പോകുന്നത്, കാലാവസ്ഥ വ്യതിയാനം എന്ത് രീതിയിലാണ് ലോകത്തെയും നമ്മളേയും ബാധിക്കാൻ പോകുന്നത്, ഇതൊക്കെ അറിയാൻ പറ്റിയ സമയമാണ്. ഓൺലൈനിൽ Ted Talk ൽ നിന്നും തുടങ്ങി പുസ്തകങ്ങൾ വായിച്ച് കൂടുതൽ താല്പര്യമുണ്ടെങ്കിൽ ഓൺലൈൻ കോഴ്‌സുകളും ചെയ്യാം.
10. എന്തായിരിക്കണം നിങ്ങളുടെ ഭാവി എന്ന് ചിന്തിക്കാൻ പറ്റിയ സമയമാണ്. മാതാപിതാക്കളോടൊപ്പം കൂടുതൽ സമയം കിട്ടുന്നതിനാൽ അവരുമായി സംസാരിക്കുക. വിവിധ കരിയറുകളെപ്പറ്റിയും സാധ്യതകളെ കുറിച്ചും അറിവ് നേടുക. അവധിക്കാലം കഴിയുന്പോഴേക്കും ഈ വിഷയങ്ങളിൽ നിങ്ങളുടെ ചിന്തകൾ കൂടുതൽ തെളിച്ചമുള്ളതാക്കുക.
11. മറ്റുള്ളവരെ എങ്ങനെയാണ് സഹായിക്കാനാകുക എന്ന് ചിന്തിക്കാനുള്ള കാലം കൂടിയാണ് ഇത്. കൊറോണ ഈ വിധത്തിൽ തുടർന്നാൽ കോളേജ് വിദ്യാർത്ഥികൾ സന്നദ്ധ പ്രവർത്തനത്തിനായി രംഗത്ത് ഇറങ്ങേണ്ടി വരും. മാത്രമല്ല, നമ്മുടെ സമൂഹത്തിൽ വയസ്സായവർ, ഭിന്നശേഷി ഉള്ളവർ, മറുനാട്ടുകാർ എന്നിങ്ങനെ നമ്മുടെ സഹായം വേണ്ടവർ ധാരാളമുണ്ട്. വ്യക്തിപരമായും സംഘടിതമായും എന്താണ് അവർക്കു വേണ്ടി ചെയ്യാൻ സാധിക്കുന്നതെന്ന് ചിന്തിക്കുക.
12. കൊറോണ സന്പദ്‌വ്യവസ്ഥയിൽ പല കുഴപ്പങ്ങളും ഉണ്ടാക്കാൻ പോവുകയാണ്. നമ്മുടെ സന്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമായ വിദേശപണത്തിന്റെ വരവ്, ടൂറിസം, നിർമ്മാണം, ട്രാവൽ, ഹോട്ടൽ, കാറ്ററിങ് തുടങ്ങിയ മേഖലകളിലോക്കെ വലിയ ഇടിവ് ഉണ്ടാകും. നമ്മുടെ നാടിന്റെ തൊഴിൽ രംഗത്തെ ഇപ്പോൾ പിടിച്ചു നിർത്തുന്ന മറുനാടൻ തൊഴിലാളികൾ പലരും തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടാകും. കോളേജ് വിദ്യാർഥികൾ പഠനത്തിന്റെ കൂടെ പാർട്ട് ടൈം ജോലി ചെയ്യേണ്ടതിനെക്കുറിച്ച് മുഖ്യമന്ത്രി ഈ വർഷം ആദ്യം പറഞ്ഞിരുന്നുവല്ലോ. ഇത് പ്രാബല്യത്തിലാക്കാൻ പറ്റിയ അവസരമാണ്. ജൂണിനപ്പുറം കൊറോണയിൽ നിന്നും ലോക സന്പദ്‌വ്യവസ്ഥ തിരിച്ചു കയറുന്ന സമയത്ത് നമ്മുടെ വിദ്യാർത്ഥികളും യുവാക്കളും ആയിരിക്കണം കേരളത്തിൽ അതിനെ നയിക്കേണ്ടത്.
14. അവധിക്കാലം എപ്പോഴും അപകടങ്ങളുടെ കാലം കൂടിയാണ്. പ്രതീക്ഷിക്കാതെ കിട്ടിയ ഈ അവധിക്കാലം സുരക്ഷിതമായി വേണം ആഘോഷിക്കാൻ. വെള്ളത്തിലുള്ള അപകടങ്ങളും ബൈക്ക് അപകടങ്ങളും ഒഴിവാക്കാൻ പ്രത്യേകം ശ്രമിക്കണം.
15. മാർച്ച് മുതലാണ് കുട്ടികളുടെ അവധിക്ക് മാതാപിതാക്കൾ പ്ലാൻ ചെയ്തിരുന്നത്. ഇപ്പോൾ അപ്രതീക്ഷിതമായ അവധിക്കാലം വന്നപ്പോൾ വീട്ടിൽ തനിയെ വിട്ടു പോരാൻ പറ്റാത്ത കുട്ടികളെ (ആംഗൻ വാടി തൊട്ട് ഹൈസ്‌കൂൾ വരെ) എന്ത് ചെയ്യും എന്നത് പലയിടത്തും പ്രശ്നമാകും. ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനങ്ങളെടുക്കേണ്ടി വരും. ശ്രദ്ധിക്കുക, നിങ്ങളുടെ കുട്ടികളെ ആരുടെ അടുത്താണോ ആക്കുന്നത് അവിടെ അവർ സുരക്ഷിതരാണെന്നും ദുരുപയോഗം ചെയ്യപ്പെടില്ലെന്നും ഉറപ്പു വരുത്തുക (എത്ര അടുത്ത ബന്ധുവിന്റെ/സുഹൃത്തിന്റെ അടുത്താണെങ്കിൽ പോലും).
16. അവധിക്കാലം ആഘോഷത്തിന്റെ കൂടി കാലമാണ്. കുറച്ചു കൂടുതൽ അവധി കിട്ടിയത് പരമാവധി ആഘോഷിക്കുക. കൂട്ടം കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെങ്കിലും മുറ്റത്തെ മാവിന്റെ ചോട്ടിൽ അടുത്ത വീട്ടിലെ കുട്ടികളുമായി ഇരിക്കാനും കളിക്കാനും അവസരമുള്ള കുട്ടികൾ ഇനിയും കേരളത്തിൽ ഉണ്ടെങ്കിൽ ആ ചാൻസ് കളയരുത്.
സുരക്ഷിതരായിരിക്കുക! കൊറോണയെപ്പറ്റി മാത്രം ചിന്തിച്ച് വിഷാദമായിരിക്കുന്ന ഒരു അവധിക്കാലമല്ല, മറിച്ച് അടുത്ത കലത്തുണ്ടായിട്ടുള്ളതിൽ ഏറ്റവും അടിപൊളിയായ ഒരു അവധിക്കാലമാകട്ടെ ഇത്!
(മുരളി തുമ്മാരുകുടി, നീരജ ജാനകി)
=============
കൊറോണക്കാലത്തെ ലോക സഞ്ചാരം.
കൊറോണയും പ്രവാസികളും എന്നൊരു ലേഖനം ഇന്നലെ എഴുതിയിരുന്നെങ്കിലും അതിൽ കുറച്ചു ലിങ്കുകൾ ഉണ്ടായിരുന്നത് കൊണ്ട് ഒട്ടും റീച്ച് കിട്ടിയില്ല. അതിലെ വിവരങ്ങൾ ഉൾപ്പെടുത്തി, ലോകത്തെ 122 രാജ്യങ്ങളിൽ സാന്നിധ്യമുള്ള വേൾഡ് മലയാളി ഫെഡറേഷന്റെ കോൺടാക്ട് ലിസ്റ്റുകളും ഉൾപ്പെടുത്തിയ പുതിയൊരു ലേഖനം ആണിത്. യാത്ര ചെയ്യുന്നതിന് മുൻപോ യാത്രക്കിടയിലോ എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ അതാത് രാജ്യത്തെ വേൾഡ് മലയാളി ഫെഡറേഷനുമായി ബന്ധപ്പെടൂ. അവർ കൊറോണ കൈകാര്യം ചെയ്യാനായി മാത്രം ഒരു ആഗോള ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അവരുടെ കോൺടാക്ട് ഒന്നാമത്തെ കമന്റിൽ ഉണ്ട്.
——-
കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിൽ പോവുകയും നൂറിലേറെ രാജ്യങ്ങളിൽ കൊറോണ പടരുകയും ചെയ്തതോടെ ലോകാരോഗ്യ സംഘടന കൊറോണ വൈറസ് ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചു.
ലോകം സമീപകാലത്തൊന്നും കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു സാഹചര്യമാണ്. കർശന നിയന്ത്രണം ഏർപ്പെടുത്തിയ ചൈന ഈ സാഹചര്യത്തെ നിയന്ത്രണത്തിൽ കൊണ്ടുവന്നു. ലോകരാജ്യങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ രാജ്യങ്ങൾ പല തരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുണ്ട്.
ഇന്ത്യയും ഏറെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
OCI കാർഡ് ഉള്ളവർക്കുൾപ്പെടെ വിസകൾ ഏപ്രിൽ പതിനഞ്ചു വരെ സസ്‌പെൻഡ് ചെയ്തു.
അത്യാവശ്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ഒഴിവാക്കാൻ എല്ലാ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടു.
ഇന്ത്യയിലേക്കുള്ള യാത്രകൾ, ഇൻഡ്യാക്കാരുടേത് ഉൾപ്പടെ, അത്യാവശ്യമല്ലെങ്കിൽ ഒഴിവാക്കാൻ ആവശ്യപ്പെട്ടു.
ചൈന, ഇറ്റലി, ഇറാൻ, റിപ്പബ്ലിക്ക് ഓഫ് കൊറിയ, ഫ്രാൻസ്, സ്‌പെയിൻ, ജർമനി, എന്നീ രാജ്യങ്ങളിൽ ഫെബ്രുവരി പതിനഞ്ചിന് ശേഷം യാത്ര ചെയ്തിട്ടുള്ള എല്ലാവരെയും ഇന്ത്യയിൽ എത്തുന്പോൾ പതിനാലു ദിവസം ക്വാറന്റൈനിൽ പ്രവേശിപ്പിക്കും.
കരമാർഗ്ഗം ഇന്ത്യയിലേക്കുള്ള യാത്ര ശരിയായ പരിശോധനാ സംവിധാനങ്ങൾ ഉള്ള ചെക്ക് പോയിന്റുകളിൽ കൂടി മാത്രമാക്കി ചുരുക്കുന്നു.
ലോകത്ത് മിക്കവാറും രാജ്യങ്ങളിലുള്ള മലയാളികൾ ഓരോരുത്തർക്കും കൊറോണ ആശങ്കകൾ ഉണ്ട്. രോഗം വരുമോ എന്നുള്ള പൊതുവായ ആശങ്ക ഒഴിച്ചാൽ വിവിധ രാജ്യങ്ങളിലുള്ളവരുടെ ആശങ്കകൾ വ്യത്യസ്തമാണ്.
രോഗം വന്നാൽ ആവശ്യത്തിനുള്ള ചികിത്സ ലഭിക്കുമോ?
ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം ഉണ്ടാകുമോ?
വിമാനങ്ങൾ റദ്ദാക്കുന്ന സാഹചര്യത്തിൽ തിരിച്ച് നാട്ടിലേക്ക് എത്താൻ സാധിക്കുമോ?
നാട്ടിലേക്ക് പോകുന്നതിന് ഇപ്പോൾ ഇറ്റലിയിൽ ഉള്ളതു പോലെ രോഗബാധയുടെ ടെസ്റ്റുകൾ നിർബന്ധമാക്കുമോ?
നാട്ടിലെത്തിയാൽ ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയേണ്ടി വരുമോ?
നാട്ടിലേക്ക് പോയാൽ പഠനം, തൊഴിൽ ഇവ മുടങ്ങുമോ? തിരിച്ചു വരാൻ സാധിക്കുമോ?
ഓരോ ചോദ്യങ്ങളും പ്രധാനമാണെങ്കിലും അവയ്‌ക്ക് എളുപ്പത്തിൽ ഉത്തരങ്ങളില്ല. ഓരോ രാജ്യത്തും സാഹചര്യം വ്യത്യസ്തമാണ്. നിങ്ങൾ ആ രാജ്യത്തെ പൗരനാണോ, സന്ദർശകനാണോ എന്നുള്ളതും, നിങ്ങൾ ഒറ്റയ്‌ക്കാണോ അതോ ധാരാളം സുഹൃത്തുക്കളും സഹപാഠികളും ഉണ്ടോ എന്നതിനെയും ഒക്കെ അനുസരിച്ചിരിക്കും ഇതിന്റെ ഉത്തരങ്ങൾ. എങ്ങനെയാണ് ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ടതെന്ന കുറച്ചു നിർദ്ദേശങ്ങൾ തരാം.
1. കൊറോണ വൈറസ് ലോകവ്യാപകം ആണെങ്കിലും ബാധിച്ചവരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്. ഏറ്റവും കൂടുതൽ കൊറോണ ബാധയുണ്ടായിട്ടുള്ള ചൈനയിലും ഇറ്റലിയിലും ദക്ഷിണകൊറിയയിലും ഒരു ലക്ഷത്തിൽ ഇരുപത് പേർക്ക് താഴെയാണ് രോഗബാധ ഉള്ളത്. മരിച്ചവരുടെ എണ്ണമാകട്ടെ രോഗം ബാധിച്ചവരിൽ നാലു ശതമാനവും.
2. കൊറോണ ബാധ ഒരു ഫ്ലുവിലപ്പുറം കൂടുതൽ സങ്കീർണ്ണതയിലേയ്‌ക്ക് പോകാനുള്ള സാധ്യത പ്രായമായവരിലും മറ്റു രോഗങ്ങൾ ഉള്ളവർക്കും (ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ, കാൻസർ) ആണ് കൂടുതൽ.
3. നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ശരിയായ ആരോഗ്യ സംവിധാനങ്ങൾ ഉണ്ടാവുകയും നിങ്ങൾക്ക് വേണ്ടത്ര ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്താൽ ഈ രോഗത്തെ മറ്റേതൊരു രോഗത്തെയും പോലെ നേരിടാം. അതുകൊണ്ട് തന്നെ അവിടെ നിന്നും നാട്ടിലേക്ക് എത്രയും വേഗം തിരിച്ചു പോകേണ്ട കാര്യമില്ല.
4. നിങ്ങൾ താമസിക്കുന്ന രാജ്യത്തെ മുനിസിപ്പാലിറ്റിയും, ആരോഗ്യ വകുപ്പുമെല്ലാം കൊറോണയെ നേരിടാനുള്ള അനവധി മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ടാകും, അവ ശ്രദ്ധിക്കണം. നിങ്ങൾ താമസിക്കുന്ന നാട്ടിലെ ഭാഷ പരിചയമില്ലെങ്കിൽ ആ നാട്ടുകാരോട് ചോദിച്ചു കാര്യങ്ങൾ മനസിലാക്കുക.
5. മുൻകരുതലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ലോകാരോഗ്യ സംഘടനയാണ് ഏറ്റവും ആധികാരികമായ വിവരങ്ങൾ നൽകുന്നത്. രോഗമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന മുൻകരുതലുകൾ എടുക്കുക.
5. കുടുംബവുമായും സുഹൃത്തുക്കളുമായും കൊറോണ വിഷയം ചർച്ച ചെയ്യുക. പ്രത്യേകിച്ചും കുടുംബത്തിലോ കൂട്ടുകാരിലോ ഒരാൾക്ക് രോഗബാധ ഉണ്ടായാൽ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്, എങ്ങനെയാണ് പരസ്പരം സഹായിക്കാൻ പറ്റുന്നത് എന്നുള്ളതായിരിക്കണം ചർച്ചകൾ. ഇക്കാര്യത്തിന് മാത്രമായി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുക. ഇതിൽ അനാവശ്യമായ ആശങ്കകൾ ഉണ്ടാക്കുന്ന പോസ്റ്റുകൾ ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തുക.
6. വേണ്ടത്ര ആരോഗ്യ സംവിധാനങ്ങൾ ഇല്ലാത്ത പല രാജ്യങ്ങളിലും മലയാളികൾ ജീവിക്കുന്നുണ്ട്. ഈ പ്രദേശത്തുള്ളവർ രോഗബാധ ഉണ്ടായാൽ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്ന് ചിന്തിക്കുക, സുഹൃത്തുക്കളുമായി സംസാരിക്കുക. നിങ്ങളുടെ ഇൻഷുറൻസ് കന്പനിയോട് ചർച്ച ചെയ്യുക. നിങ്ങളുടെ തൊഴിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശവും തേടിയതിന് ശേഷം നാട്ടിലേക്ക് പോകണോ എന്ന കാര്യം തീരുമാനിക്കുക.
7. പൊതു സുരക്ഷയും ഭക്ഷ്യസുരക്ഷയും പ്രശ്നമായ പ്രദേശങ്ങളിൽ ജീവിക്കുന്ന മലയാളികൾ കൊറോണക്കാലത്ത് കൂടുതൽ സുരക്ഷാ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ നിങ്ങൾ വ്യക്തിപരമായും നിങ്ങളുടെ കമ്മ്യൂണിറ്റി അല്ലെങ്കിൽ ക്യാംപ് വേണ്ടത്ര മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. രണ്ടാഴ്ചത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും, മരുന്നുകളും മറ്റ് അത്യാവശ്യ വസ്തുക്കളും വാങ്ങി ശേഖരിക്കുന്നത് ശരിയായ നടപടിയാണ്.
8. നിങ്ങൾ താമസിക്കുന്ന നാടുകളിലെ ഹോസ്പിറ്റൽ, പോലീസ് എന്നിവയുടെ എമർജൻസി നന്പർ കണ്ടുപിടിച്ച് ഫോണിൽ സേവ് ചെയ്യുക. എല്ലാ കുടുംബങ്ങൾക്കും ഇക്കാര്യം അറിയാം എന്ന് ഉറപ്പു വരുത്തുക. അവിടെ നിന്നും അലെർട്ടുകൾ കിട്ടാൻ സൗകര്യമുണ്ടെങ്കിൽ പേരുകൾ രെജിസ്റ്റർ ചെയ്യുക.
9. നിങ്ങൾ എവിടെയാണെങ്കിലും ഏറ്റവും അടുത്ത മലയാളി അസോസിയേഷൻ, ഇന്ത്യൻ എംബസ്സി, ഇവയുടെ നന്പറുകൾ കയ്യിൽ കരുതുക. ഗ്രൂപ്പിലുള്ളവരുമായി ഷെയർ ചെയ്യുക.
10. കേരളത്തിലുള്ള നിങ്ങളുടെ ബന്ധുക്കളുമായി ദിവസത്തിൽ ഒരിക്കലെങ്കിലും സംസാരിക്കുക. നിങ്ങൾ താമസിക്കുന്ന പ്രദേശത്തെ യഥാർത്ഥമായ സ്ഥിതിഗതികൾ അവരോട് പങ്കുവെക്കുക. അവർക്ക് നിങ്ങളെ കുറിച്ചുള്ള പേടി മനസ്സിലാക്കാവുന്നതാണെങ്കിലും എന്ത് ചെയ്യണം എന്നുള്ള തീരുമാനം അവരുടെ ആശങ്കകളെ അനുസരിച്ചല്ല, നിങ്ങൾ താമസിക്കുന്ന പ്രദേശത്തെ പറ്റിയുള്ള നിങ്ങളുടെ അറിവിനെ അനുസരിച്ചാണ് എടുക്കേണ്ടത്.
11. നിങ്ങൾ ഇപ്പോൾ നാട്ടിൽ ആണെങ്കിൽ വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് മുൻപ് ആ യാത്ര ഒഴിവാക്കാവുന്നതാണോ എന്ന് ചിന്തിക്കുക. നിങ്ങൾ വിദേശത്ത് ജോലി ചെയ്യുകയോ പഠിക്കുകയോ ആണെങ്കിൽ അവരെ വിളിച്ച് ആ സ്ഥാപനങ്ങളിൽ എന്ത് നിർദ്ദേശമാണ് നൽകിയിരിക്കുന്നതെന്ന് അറിയുക. പല സ്ഥാപനങ്ങളും “remote working/teaching” തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയും കൊറോണബാധിത പ്രദേശമായതിനാൽ പല നാടുകളിലേക്കും നിങ്ങൾ ചെല്ലുന്നതിന് വിലക്കുണ്ടെന്നും, ചിലയിടത്തെല്ലാം ക്വാറന്റൈനിൽ ആയേക്കാമെന്നുമുള്ള കാര്യം ശ്രദ്ധിക്കുക. കൂടുതൽ യാത്ര വിലക്കുകൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ടൂറിസത്തിനായുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കുന്നതാണ് ബുദ്ധി. ക്രൂയിസ് ഷിപ്പുകളിലൂടെ ഉള്ള ടൂറിസത്തിൽ ഉൾപ്പെട്ട ആളുകൾ ഏറെ ബുദ്ധി മുട്ടുന്ന കഥകളും വായിക്കുന്നുണ്ടാകുമല്ലോ.
വേൾഡ് മലയാളി ഫെഡറേഷൻ
ലോകത്തിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനായ വേൾഡ് മലയാളി ഫെഡറേഷന് ഇപ്പോൾ ലോകത്തെ 122 രാജ്യങ്ങളിൽ ബ്രാഞ്ചുകൾ ഉണ്ട്. അവയുടെ ഭാരവാഹികൾ ഈ സാഹചര്യത്തിൽ മലയാളികൾക്ക് വേണ്ടത്ര നിർദ്ദേശം നല്കാൻ തയ്യാറാണ്. ഓരോ രാജ്യത്തെയും ഭാരവാഹികളുടെയും കോൺടാക്ട് ഒന്നാമത്തെ കമന്റിൽ ഉണ്ട്.
സുരക്ഷിതരായിരിക്കുക!
=============
കൊറോണക്കാലത്തെ അവധിക്കാലം