വീണ്ടും കൊറോണയുടെ ജാഗ്രതക്കാലം

33

മുരളി തുമ്മാരുകുടിയുടെ സോഷ്യൽ മീഡിയ കുറിപ്പ്

വീണ്ടും കൊറോണയുടെ ജാഗ്രതക്കാലം …

തിരഞ്ഞെടുപ്പ് കഴിഞ്ഞു. വോട്ടെല്ലാം പെട്ടിയിലുമായി. ഇനി വോട്ടെണ്ണുന്നത് മെയ് രണ്ടാം തിയതിയാണ്.
ഗാലറിയിലിരുന്നു രാഷ്ട്രീയം കാണുന്ന കേരളത്തിനും പുറത്തുമുള്ള ബഹുഭൂരിപക്ഷം മലയാളികൾക്കും ഈ ഒരു മാസം ഇടവേള വലിയ അലോസരമാണ് ഉണ്ടാക്കുന്നത്. യു കെ യിലെ പോലെ വൈകുന്നേരം തിരഞ്ഞെടുപ്പ് കഴിയുന്നു. അന്ന് രാത്രിയോ അടുത്ത ദിവസം പകലോ തിരഞ്ഞെടുപ്പ് ഫലം, പിന്നെ വൈകാതെ മന്ത്രിസഭ, പുതിയ മന്ത്രിമാർ ഇതാണ് ഞങ്ങൾ സ്വപ്നം കാണുന്ന കിനാശ്ശേരി. പണ്ടൊക്കെ ഒരു ദിവസം തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിറ്റേന്ന് വൈകുന്നേരം ആകുന്പോഴേക്ക് വോട്ടെണ്ണലും കഴിഞ്ഞു രാഷ്ട്രീയ ചിത്രം വ്യക്തമാകും.

പക്ഷെ കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്തരത്തിൽ ഒരു മാസം ഇടവേള ഉണ്ടാകുന്നത് എനിക്ക് ശരിക്കും ഇഷ്ടമാണ്. കാരണം നമ്മുടെ രാഷ്ട്രീയ നേതാക്കളും സജീവ പ്രവർത്തകരും ഈ തിരഞ്ഞെടുപ്പ് കാലത്ത് എത്രമാത്രം അധ്വാനിക്കുന്നുണ്ടെന്ന് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അവർക്ക് കുറച്ചു വിശ്രമം കിട്ടുന്നത് നല്ലതാണ്. ഒരു മാസം അവരൊക്കെ രാഷ്ട്രീയം മാറ്റിവെച്ച് ഒന്ന് വിശ്രമിക്കട്ടെ.

ഇന്നത്തെ എൻറെ വിഷയം അതല്ല. വീണ്ടും കോവിഡ് തന്നെയാണ്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ദിവസേന ഉണ്ടാകുന്നത് ഇപ്പോൾ ഇന്ത്യയിലാണ്. കഴിഞ്ഞ ദിവസം കോവിഡ് തുടങ്ങിയതിൽ പിന്നെ ഇതാദ്യമായി ഇന്ത്യയിൽ കേസുകളുടെ എണ്ണം ഒരു ദിവസം ലക്ഷത്തിൽ കൂടുതൽ ആയി. യൂറോപ്പിലും അമേരിക്കയിലും രണ്ടാമത്തെ തരംഗം വന്നപ്പോൾ ഇന്ത്യയിൽ കേസുകൾ കുറഞ്ഞു വരികയായിരുന്നു. വാക്‌സിനേഷൻ തുടങ്ങിയതോടെ നമ്മൾ ഭാഗ്യത്തിന് രക്ഷപ്പെട്ടു എന്നാണ് ചിന്തിച്ചിരുന്നത്. പക്ഷെ കാര്യങ്ങൾ അങ്ങനെയല്ല പോകുന്നത്. ഒന്നാമത്തെ തരംഗത്തിന് മുകളിലാണ് ഇപ്പോൾപ്രതിദിന കേസുകൾ, ഒന്നാമത്തെ തരംഗം അതിൻറെ ഏറ്റവും ഉയരത്തിൽ എത്തിയതിലും വേഗതയിലാണ് രണ്ടാമത്തെ തരംഗം കയറിവരുന്നത് എന്നതും, ഇനിയും ഇത് പാരമ്യത്തിൽ എത്തിയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. കേസുകളുടെ എണ്ണം കൂടുന്നതോടെ മരണങ്ങളുടെ എണ്ണവും കൂടി വരികയാണ്. പ്രധാനമന്ത്രി എട്ടാം തീയതി മുഖ്യമന്ത്രിമാരെ കാണുന്നുണ്ടെന്ന് വായിച്ചു. കൂടുതൽ നിയന്ത്രണങ്ങൾ തീർച്ചയായും പ്രതീക്ഷിക്കണം.

ഈ സാഹചര്യത്തിൽ ഇനി കേരളത്തിലെ കാര്യം എന്താകും?
ജനുവരിക്ക് ശേഷം കൊറോണയുടെ കേസുകൾ പൊതുവെ കുറഞ്ഞു വരികയായിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് കാലത്ത് ലക്ഷക്കണക്കിന് ആളുകൾ വീടിന് പുറത്തിറങ്ങി, പുറത്തു നിന്നുള്ളവർ വീട്ടിലെത്തി, പരസ്പരം കൈ കൊടുത്തു, കെട്ടിപ്പിടിച്ചു, ഒരുമിച്ച് ജാഥയിലും മീറ്റിംഗിലും പങ്കെടുത്തു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നമുക്കുണ്ടായിരുന്ന ജാഗ്രത വച്ച് നോക്കിയാൽ ഒരു മാസ്ക് വച്ചിട്ടുണ്ടെന്നതൊഴിച്ചുള്ള എല്ലാ മുൻകരുതലുകളും നമ്മൾ ഏതാണ്ട് ഒഴിവാക്കി.

ഇതുകൊണ്ട് തന്നെ കേരളത്തിലും രണ്ടാമത് ഒരു തരംഗം ഇനി പ്രതീക്ഷിച്ചേ പറ്റൂ. അതും വേഗത്തിൽ തന്നെ കയറിവരാനുള്ള സാധ്യതയുണ്ട്. പ്രായമായവരും ആരോഗ്യപ്രവർത്തകരും തന്നെ വാക്‌സിൻ എടുത്തത് കൊണ്ട് കഴിഞ്ഞ തവണത്തെ അത്ര ഭീതി നമുക്കില്ലെങ്കിലും നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇപ്പോഴും ബാക്കിയുണ്ട്. അത് നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കുള്ളിൽ നമ്മുടെ കേസുകളുടെ എണ്ണം പിടിച്ചു നിർത്തുക എന്നതാണ്. അത് സാധിച്ചില്ലെങ്കിൽ മരണ നിരക്ക് ഉയരും. തൽക്കാലം ആ ഒരു സ്ഥിതിയിൽ നമ്മൾ എത്തിയിട്ടില്ല, പക്ഷെ ഇന്ത്യയിൽ മറ്റുള്ള സ്ഥലങ്ങളിൽ കേസുകളുടെ എണ്ണം കയറി വരുന്ന വേഗത കാണുന്പോൾ അത്തരം ഒരു സാഹചര്യം ഉണ്ടാവില്ല എന്ന് പറയാൻ പറ്റില്ല. അതുകൊണ്ട് തന്നെ കേസുകൾ കുറക്കാനുള്ള ശ്രമങ്ങളും കേസുകൾ ഉണ്ടായാൽ അത് ആശുപത്രി സംവിധാനങ്ങളുടെ പരിധിക്കുള്ളിൽ നിർത്താനുള്ള ശ്രമങ്ങളും ഊർജ്ജിതമാക്കണം. പെട്ടിയിലിരിക്കുന്ന വോട്ടുകൾ പോലെ മലയാളികളും അല്പം ഹൈബർനേറ്റ് ചെയ്താൽ രണ്ടാമത്തെ തരംഗത്തിന്റെ രൂക്ഷതയിൽ നിന്നും നാം രക്ഷപെട്ടേക്കാം. സുരക്ഷിതരായിരിക്കുക