ട്രാൻസ്‌ഫോർമറിലെ എണ്ണ വാതത്തിന്റെ മരുന്നാക്കിയ കഥ

67

Muralee Thummarukudy

ട്രാൻസ്‌ഫോർമറിലെ എണ്ണ!

എന്റെ അമ്മയുടെ ചേച്ചിയെ ഞങ്ങൾ ‘മറ്റമ്മ’ എന്നാണ് വിളിച്ചിരുന്നത്. വെങ്ങോലയിൽ നിന്നും അഞ്ചു കിലോമീറ്റർ കിഴക്ക് പുല്ലുവഴിയിലുള്ളവർ അമ്മയുടെ ചേച്ചിയെ പേരമ്മ എന്നും വെങ്ങോലയിൽ നിന്നും പത്തു കിലോമീറ്റർ പടിഞ്ഞാറ് വീടുള്ളവർ അമ്മയുടെ ചേച്ചിയെ വല്യമ്മ എന്നുമാണ് വിളിക്കുന്നത്. ഒരേ ബന്ധത്തിലുള്ളവരെ വിവിധ മതങ്ങളിലുള്ളവർ വിവിധ പേരുകളിലാണ് വിളിക്കുന്നത്. എന്തുകൊണ്ടാണ് ഒരേ സ്ഥലത്ത് ജീവിക്കുന്ന വിവിധ മതക്കാർക്ക് അച്ഛൻ അപ്പച്ചനും ഉപ്പയും ആകുന്നത്? ഒരേ മതത്തിലെ വിവിധ ജാതികളിൽ പോലും ബന്ധുക്കൾക്ക് വേറെ വേറെ വിളിപ്പേരാണ്. എന്തുകൊണ്ടാണ് ഇരുപത്തിയഞ്ച് കിലോമീറ്ററിനുള്ളിൽ ഒരേ മതത്തിൽ പോലും പല വിളിപ്പേരുകൾ ഉണ്ടാകുന്നത്? ഏത് കാലത്താണ് ഇവ വ്യത്യസ്തമായത്?

എന്ത് പേരിട്ട് വിളിച്ചാലും എന്റെ മറ്റമ്മമാരും വല്യമ്മമാരും അക്കാലത്ത് ഞാൻ കണ്ടിട്ടുള്ള എല്ലാ സ്ത്രീകളെയും പോലെ ബഹുവർണ്ണ കഥാപാത്രങ്ങളായിരുന്നു, ധൈര്യശാലികളും. ഒരു ‘ഥപ്പഡ്’ വിപ്ലവമാകുന്ന ഈ കാലത്തിനും അര നൂറ്റാണ്ട് മുൻപ് ആവശ്യം വന്നാൽ രണ്ടു ഥപ്പഡ് തിരിച്ചുകൊടുത്ത് കെട്ടിയ ആളെ വീട്ടിൽ പറഞ്ഞുവിടാനുള്ള ധൈര്യം ഉണ്ടായിരുന്നവർ, അത് വേണ്ട വിധത്തിൽ പ്രയോഗിച്ചിരുന്നവർ. എങ്ങനെയാണ് കഴിഞ്ഞ രണ്ടു തലമുറക്കുള്ളിൽ വിവാഹം മറ്റെന്തിനും മുകളിൽ പവിത്രമായത്? എന്തുകൊണ്ടാണ് വിദ്യാഭ്യാസം കൂടിയിട്ടും സ്വന്തമായി വരുമാനം ഉണ്ടായിട്ടും ആളുകൾ ഇഷ്ടമില്ലാത്ത വിവാഹത്തിനുള്ളിൽ കുരുങ്ങിപ്പോകുന്നത്?

ഇന്നത്തെ എന്റെ വിഷയം ഇതൊന്നുമല്ല. എന്റെ വല്യമ്മയുടെ വാത ചികിത്സയാണ്.
എനിക്ക് ഓർമ്മവെക്കുന്ന കാലം മുതലേ മറ്റമ്മക്ക് വാതത്തിന്റെ ബുദ്ധിമുട്ടുണ്ട്. ഏതു സമയവും മുട്ട് തിരുമ്മിക്കൊണ്ടിയിരിക്കും. വൈകീട്ടാണെങ്കിൽ കുഴന്പിട്ടായിരിക്കും തിരുമ്മുന്നത്.
ഒരിക്കൽ മറ്റമ്മ വീട്ടിൽ വന്നപ്പോൾ മറ്റമ്മയുടെ കൈയിൽ കുഴന്പിന് പകരം മറ്റൊരു മരുന്നാണ്.
“ട്രാൻസ്‌ഫോർമർ ഓയിൽ ആണ്”, മറ്റമ്മ പറഞ്ഞു. “വാതത്തിന് ബെസ്റ്റ് ആണ്.”
വാസ്തവത്തിൽ അന്ന് നാട്ടിൽ കറണ്ട് വന്നിട്ട് അത്ര കാലമായിട്ടില്ല. ഞാൻ അന്ന് ട്രാൻസ്‌ഫോർമർ കണ്ടിട്ടുകൂടിയില്ല.
“ആര് പറഞ്ഞു ?”

“എന്റെ നാട്ടിൽ ഇലക്ട്രിസിറ്റി ഓഫിസിൽ ജോലി ചെയ്യുന്ന ഒരു ലൈൻമാൻ ഉണ്ട്. അവനാണ് പറഞ്ഞത്. സാധനം കിട്ടാനില്ല, പക്ഷെ ഞാൻ അവനു കുറച്ച് കാശുകൊടുത്തു വാങ്ങി. പുരുഷനും കുറച്ചു കൊണ്ടുവന്നിട്ടുണ്ട്.”
അന്ന് എന്താണ് ട്രാൻസ്‌ഫോർമർ ഓയിൽ എന്ന് എനിക്ക് മനസിലായില്ല. അമ്മാവൻ അത് ഉപയോഗിച്ചോ എന്നും, ട്രാൻസ്‌ഫോർമർ ഓയിൽ മറ്റുള്ള കുഴന്പുകളേക്കാൾ വാതത്തിന് കൂടുതൽ ഗുണകരമായിരുന്നോ എന്നും അറിയില്ല.
പിൽക്കാലത്താണ് ട്രാൻസ്‌ഫോർമർ ഓയിൽ എന്താണെന്ന് മനസ്സിലാക്കുന്നത്. ട്രാൻസ്‌ഫോർമർ ചൂടാകാതെ നോക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉത്തരവാദിത്തം, അതേസമയം ഉയർന്ന വോൾട്ടേജുള്ള വൈദ്യുതിയുമായി ബന്ധപ്പെടുന്നതിനാൽ കണ്ടക്റ്റിവിറ്റി നന്നേ കുറവായിരിക്കണം. എന്റെ മറ്റമ്മ അതിനെ വാതത്തിന്റെ മരുന്നാക്കിയ കാലത്ത് പോളി ക്ലോറിനേറ്റഡ് ബൈ ഫിനൈൽ എന്ന രാസവസ്തുവാണ് ട്രാൻസ്‌ഫോർമർ ഓയിൽ ആയി ഉപയോഗിച്ചിരുന്നത്. ഭീകരനാണവൻ, കൊടും ഭീകരൻ.
Polychlorinated biphenyls (PCBs) were formerly used as transformer oil, since they have high dielectric strength and are not flammable. Unfortunately, they are also toxic, bioaccumulative, not at all biodegradable, and difficult to dispose of safely. When burned, they form even more toxic products, such as chlorinated dioxins and chlorinated dibenzofurans.

ഇന്നിപ്പോൾ അത് ലോകരാജ്യങ്ങളിൽ ഒക്കെത്തന്നെ നിരോധിച്ചു എന്ന് മാത്രമല്ല, പഴയ ട്രാൻസ്‌ഫോർമർ വല്ലതുമുണ്ടെങ്കിൽ അതിൽ നിന്നുള്ള PCB കൈകാര്യം ചെയ്യുന്നത് വലിയ മുൻകരുതലുകളോടെയുമാണ്. യുദ്ധാനന്തര സെർബിയയിൽ ഒരു ഖനിയുടെ പവർ സ്റ്റേഷനിൽ നാറ്റോ ബോംബിങ്ങിൽ ട്രാൻസ്ഫോർമറുകൾ തകർന്ന് PCB അവിടെയെല്ലാം ഒഴുകിപ്പടർന്നു. ആ പ്രദേശം പരിശോധിച്ച് വൃത്തിയാക്കുന്ന ഒരു പ്രോജക്റ്റ് ഞാൻ ചെയ്തിട്ടുണ്ട്. ഗ്ലവും, ഷൂവും, മാസ്കും ഒക്കെയായി PCB സാന്പിൾ എടുക്കാൻ പോകുന്പോൾ കുപ്പിയിൽ നിന്നും PCB എടുത്ത് മുട്ടിൽ തേക്കുന്ന മറ്റമ്മയെ എനിക്ക് ഓർമ്മ വരും.
(ചിരിക്കേണ്ട, ഇരുപത്തിയെട്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വായിലേക്ക് തേനിൽ വയന്പിനോടൊപ്പം സ്വർണ്ണം എന്ന ഘനലോഹം അരച്ച് കൊടുക്കുന്ന മനോഹരമായ ആചാരമുള്ള നാടാണ് ഇപ്പോഴും സാക്ഷര സുന്ദര കേരളം !).
വാസ്തവത്തിൽ മറ്റമ്മയെ അല്ലെങ്കിൽ ലൈൻ മാനെ അത്ര കുറ്റം പറയാൻ പറ്റില്ല. ഈ മരുന്നെന്നൊക്കെ പറയുന്നത് ഇങ്ങനെയൊക്കെയാണ് കണ്ടുപിടിക്കുന്നത്. ആദ്യമായി പാറയിൽ നിന്നുള്ള എണ്ണ (‘petra ‘oleum’ അഥവാ rock oil) കണ്ട ഇൻഡോനേഷ്യ മുതൽ അസർബൈജാൻ വരെയുള്ള നാട്ടുകാരും ആദ്യം ചിന്തിച്ചത് ഇത്ര അപൂർവ്വമായ വസ്തുവിന് എന്തെങ്കിലും ഒക്കെ മരുന്നിന്റെ ഗുണം ഉണ്ടാകാതിരിക്കില്ലല്ലോ എന്നാണ്. “അശുദ്ധ രക്തം വലിച്ചു കുടിക്കാൻ കണ്ണിലും പുണ്ണിലും അട്ടയെ ഉപയോഗിച്ചിരുന്ന കാലത്ത്, സൗന്ദര്യമുണ്ടാക്കാൻ മുഖത്തും മാറിലും ചെളി തേച്ചു പിടിപ്പിച്ചിരുന്ന കാലത്ത്, പറന്പിൽ നിന്നും അല്പം എണ്ണ കിട്ടിയാൽ അത് സൗന്ദര്യത്തിനോ വരട്ടു ചൊറിക്കോ ഉപയോഗിക്കാൻ തോന്നുന്നത് സ്വാഭാവികം മാത്രം. അങ്ങനെയൊക്കെയാണ് വൈദ്യശാസ്ത്രം ഉണ്ടായതും വികസിച്ചതും. ഒരു മരുന്ന് ഉപയോഗിച്ചിട്ട് ഗുണമില്ല എന്ന് കണ്ടാലോ അഥവാ ഗുണത്തിലും കൂടുതൽ ദോഷമാണെന്ന് കണ്ടാലോ ആധുനിക വൈദ്യശാസ്ത്രം അതെടുത്ത് കാട്ടിൽ കളയും. മറ്റുള്ള ചില ശാസ്ത്രങ്ങൾ, ഇതെന്റെ അച്ഛനും അപ്പൂപ്പനും ഉപയോഗിച്ചിരുന്നതാണ്, അതുകൊണ്ട് തെളിവില്ലെങ്കിലും വിശ്വാസമുണ്ടല്ലോ എന്നു പറഞ്ഞുകൊണ്ട് അതിന്റെ ഉപയോഗം തുടരും. അത്തരത്തിൽ ഉള്ള വൈദ്യശാസ്ത്രത്തിലെ മരുന്നായിരുന്നെങ്കിൽ ഇന്നും ക്രൂഡ് ഓയിൽ മരുന്നായിരുന്നേനെ ! ക്രൂഡ് ഓയിലിന്റെ വില അധികം കുറയില്ലായിരുന്നു.

സത്യം പറഞ്ഞാൽ ഈ പെട്രോളിയം ദേഹത്ത് പുരട്ടുന്നത് പോയിട്ട് അടുത്ത് ഇരുന്നാൽ പോലും നമുക്ക് ദോഷകരമാണ്. പെട്രോളിയം എന്നാൽ ഒറ്റ രാസ വസ്തുവല്ല, നൂറുകണക്കിന് രാസവസ്തുക്കളുടെ സങ്കരമാണ്. അതിൽ നിന്നും ‘ശുദ്ധീകരിച്ചെടുക്കുന്ന’ പെട്രോളോ ഡീസലോ പോലും ഒറ്റ രാസവസ്തുവല്ല. പെട്രോളിലും ഡീസലിലും അടങ്ങിയിട്ടുള്ള പല രാസവസ്തുക്കളും ആരോഗ്യത്തിന് ഹാനികരമാണ്. പത്തുവർഷത്തോളം ക്രൂഡ് ഓയിൽ സ്പില്ലുമായി നേരിട്ട് ഇടപെടേണ്ടി വന്ന ഒരാൾ എന്ന നിലയിൽ എന്റെ അകത്തും ഈ രാസവസ്തുക്കൾ ഒക്കെ ഏറെ എത്തിയിട്ടുണ്ട്. എന്നാണ് അതൊരു രോഗമായി പുറത്തു വരിക എന്ന് പറയാൻ പറ്റില്ല. ഭാഗ്യത്തിന് ക്രൂഡ് ഓയിൽ ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷത്തിനും ക്രൂഡ് ഓയിൽ നേരിട്ട് കൈകാര്യം ചെയ്യേണ്ടി വരാറില്ല, മിക്കവരും ക്രൂഡ് ഓയിൽ കണ്ടിട്ട് പോലുമുണ്ടാകില്ല.

നിർഭാഗ്യവശാൽ പെട്രോളിയം ഇൻഡസ്‌ട്രിയുടെ ഇങ്ങേ അറ്റത്ത് ജോലി ചെയ്യുന്ന, അതായത് പെട്രോൾ പന്പുകളിൽ ജോലി ചെയ്യുന്നവരുടെ കാര്യം അങ്ങനെയല്ല. തൊഴിൽ ചെയ്യുന്ന ഓരോ മിനുട്ടിലും പെട്രോളിന്റെയും ഡീസലിന്റെയും അംശങ്ങൾ അവരുടെ ചുറ്റുമുള്ള വായുവിലൂടെ അവരുടെ ശ്വാസകോശത്തിൽ എത്തും. കാൻസർ പോലുള്ള രോഗങ്ങളുണ്ടാക്കുന്ന ബെൻസീൻ പണ്ടുകാലത്ത് പെട്രോളിൽ അധികമായി ഉണ്ടായിരുന്നു. (ചില രാജ്യങ്ങളിൽ പെട്രോളിന്റെ പേര് തന്നെ ബെൻസീൻ എന്നാണ്). തൊഴിലിന്റെ ഭാഗമായി പെട്രോൾ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യം പരിശോധിക്കാനും അവർ ശ്വസിക്കുന്ന വായുവിൽ ബെൻസീൻ ഉൾപ്പെടെയുള്ള മാരക രാസവസ്തുക്കൾ ഉണ്ടോ എന്ന് പരിശോധിക്കാനുമുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ഈ പരിശോധനകൾ ആശാവഹമായ ഉത്തരങ്ങളല്ല നൽകിയത്. ലോകത്തെ ഏറെ രാജ്യങ്ങളിൽ പെട്രോൾ സ്റ്റേഷനുകളിൽ പെട്രോളും ഡീസലും അടിക്കുന്ന ജോലി വാഹന ഉടമകൾ സ്വയം ചെയ്യണമെന്നില്ല എന്നുള്ള നിയമങ്ങൾ ഉണ്ടായതിൽ ഈ പഠനവും ഒരു പങ്കു വഹിച്ചിട്ടുണ്ട്.

കേരളത്തിൽ ഇപ്പോഴും നമ്മൾ പെട്രോൾ സ്റ്റേഷനിൽ ആളുകളെ ജോലിക്ക് വെച്ചിരിക്കയാണ്. വാഹന ഉടമ വാഹനത്തിൽ ഇരിക്കുന്നു, ജോലിക്കാർ പെട്രോളടിക്കുന്നു. അവർ ശ്വസിക്കുന്ന വായുവിൽ ഏതൊക്കെ ഹൈഡ്രോകാർബണിന്റെ അംശങ്ങളുണ്ട്? അത് ഏതൊക്കെ തരത്തിൽ കുഴപ്പങ്ങളുണ്ടാക്കുന്നു? അവിടെ മാസ്കുകൾ ഉപയോഗിക്കുന്നുണ്ടോ? ഉപയോഗിച്ചിട്ട് കാര്യമുണ്ടോ? ഇത്തരം ഗവേഷണങ്ങൾ ആരെങ്കിലും നടത്തുന്നുണ്ടോ? പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്യുന്നവരെങ്കിലും ഇതേപ്പറ്റി അന്വേഷിക്കേണ്ടതാണ്.

അന്വേഷിക്കേണ്ട മറ്റൊന്നു കൂടിയുണ്ട്. ഇപ്പോൾ നമ്മുടെ പെട്രോൾ സ്റ്റേഷനുകളിലെ ജോലി മിക്കവാറും താൽക്കാലികമാണ്, അവയിൽ ജോലിചെയ്യുന്നവർ പലരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരും. പണ്ട് അങ്ങനെ അല്ലായിരുന്നു. ഓരോ പന്പിലും പതിറ്റാണ്ടുകളായി ജോലി ചെയ്യുന്നവർ വരെയുണ്ടായിരുന്നു. സ്ഥിരമായി ഹൈഡ്രോകാർബൺ രാസവസ്തുക്കൾ ശ്വസിച്ച അവർക്ക് എന്തെങ്കിലും അസുഖങ്ങൾ അതുമൂലം ഉണ്ടായിക്കാണാനുള്ള സാധ്യതയുമുണ്ട്. പക്ഷെ ജോലി നിർത്തിയതിന് ശേഷമാകും പലപ്പോഴും ഈ രോഗങ്ങൾ പ്രത്യക്ഷപ്പെടുക. അല്ലെങ്കിൽത്തന്നെ രോഗവും അവർ തൊഴിൽ ചെയ്യുന്ന സ്ഥലത്തെ സാഹചര്യവുമായി ആളുകൾ പൊതുവെ ബന്ധിപ്പിക്കാറില്ല. ഇത്തരത്തിൽ ഒരു പഠനം നടത്തിയാൽ നമ്മുടെ പന്പിൽ ജോലി ചെയ്തിരുന്നവർക്ക് പൊതുവായ ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്ന് നമുക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും.

ഇതൊക്കെ ആളുകൾക്ക് കാര്യങ്ങൾ ശാസ്ത്രീയമായി മനസ്സിലാക്കാനായി പറയുന്നതാണ്. സത്യത്തിൽ പെട്രോൾ സ്റ്റേഷനിൽ പെട്രോളോ ഡീസലോ അടിയ്ക്കാനായി തൊഴിലാളികളെ നിർത്തുന്ന രീതി എപ്പോഴേ നിർത്തേണ്ടതാണ്. പെട്രോൾ പന്പുകളുടെ തൊട്ടടുത്തുള്ള വായുവിൽ ഹൈഡ്രോകാർബൺ രാസ വസ്തുക്കൾ ഉണ്ടാകും. അവ നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല, മാസ്കുകൾ കൊണ്ട് തടയാൻ പറ്റുന്നതുമല്ല. വാഹനത്തിന്റെ ഡ്രൈവർ സ്വയം പെട്രോൾ അടിച്ചാൽ അവരും കുറച്ചു നേരം ഈ വസ്തുക്കൾ ശ്വസിക്കേണ്ടി വരും, എന്നാൽ ഡ്രൈവർമാർ പൊതുവെ പത്തു ദിവസത്തിലോരിക്കൽ (ടാക്സിയും ബസുമാണെങ്കിൽ ദിവസത്തിൽ ഒരിക്കൽ) അഞ്ചോ പത്തോ മിനുട്ടോ ആണ് പെട്രോൾ പന്പിൽ ഉണ്ടാകുന്നത്. സ്ഥിരം ജോലിക്കാർ ദിവസം എട്ടുമണിക്കൂറും അവിടെത്തന്നെയായതുകൊണ്ടാണ് സ്ഥിരം ജോലിക്കാർ വേണ്ട എന്ന് പറയുന്നത്.
സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
#യാത്രചെയ്തിരുന്നകാലം
മുരളി തുമ്മാരുകുടി
The picture is setting up dosimeters on the petrol station attendant to monitor her exposure to chemical.s