കൊറോണ എന്നത് ഒരു ഫുട്ബാൾ മാച്ച് ഒന്നുമല്ല

22
മുരളി തുമ്മാരുകുടി
ഐക്യരാഷ്ട്ര ദുരന്തനിവാരണ വിഭാഗം മേധാവി

ഈ സാഹചര്യത്തിൽ നമ്മൾ എന്താണ് ചെയ്യേണ്ടത് ?

1. കൊറോണയുടെ ഭീഷണി ഒട്ടും കുറഞ്ഞിട്ടില്ലെന്നും വാസ്തവത്തിൽ കൂടി വരികയാണെന്നും സ്വയം മനസ്സിലാക്കുക.
2. ആരോഗ്യ ശീലങ്ങൾ, സാമൂഹിക അകലം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുക.
3. വീട്ടിലുള്ള വയസ്സായവർ, രോഗികൾ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കുക. അവരിൽ നിന്നും മറ്റുള്ളവർ പരമാവധി സാമൂഹിക അകലം പാലിക്കുക, കൊച്ചുമക്കളുമായി പ്രായമായ അമ്മയെ കാണാൻ പോകാതിരിക്കുനന്ത് അമ്മയോടുള്ള സ്നേഹം കൊണ്ടാണെന്ന് അവരെ പറഞ്ഞു മനസിലാക്കുക.
4. ലോക്ക് ഡൌൺ നിയന്ത്രങ്ങളിൽ വരുത്തുന്ന ഇളവുകൾ ശാസ്ത്രീയ തത്വങ്ങൾ അല്ല എന്നും ആരോഗ്യവും സമ്പദ് വ്യവസ്ഥയും തമ്മിൽ ബാലൻസ് ചെയ്യാൻ ശ്രമിക്കുന്ന ഒരു ഭരണകൂടത്തിന്റെ തീരുമാനങ്ങൾ ആണെന്നും മനസിലാക്കുക. ഇന്ത്യയിൽ പൊതുവെ കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സമയത്ത് കല്യാണത്തിന് കൂടാവുന്നവരുടെ എണ്ണം ഇരുപതിൽ നിന്നും അമ്പത് ആക്കുന്നതിനും ബസിലും വിമാനത്തിലും അടുത്തടുത്ത സീറ്റിൽ ഇരിക്കാമെന്നും (സാമൂഹിക അകാലമായ ആറടി ദൂരം പാലിക്കേണ്ടതില്ല എന്നും) പറയുന്നതിൽ ശാസ്ത്രമൊന്നുമില്ല.
5. സർക്കാർ നൽകുന്ന ഇളവുകൾ എല്ലാം ഉപയോഗിച്ചാൽ രോഗം വരില്ല എന്നൊരു തെറ്റിദ്ധാരണ വേണ്ട. അളവുകളിൽ നമുക്ക് ആവശ്യമുള്ളത് പരമാവധി കുറച്ച് ഉപയോഗിക്കുക. ആരാധനാലയങ്ങളോ റെസ്റ്റോറന്റുകളോ തുറന്നത് കൊണ്ട് അവിടെ പോകണം എന്നില്ലല്ലോ.
6. സർക്കാർ എത്രമാത്രം നിയന്ത്രണങ്ങൾ പിന്വലിക്കുന്നുവോ അത്രമാത്രം കൂടുതൽ ശ്രദ്ധ നമ്മൾ സ്വന്തം കാര്യത്തിൽ ഉണ്ടാക്കണം. റിസ്ക് കുറയുമ്പോൾ കൂടുതൽ ഇളവ് കിട്ടുന്ന ഒരു സാഹചര്യമല്ല ഇന്ത്യയിൽ ഉള്ളത്, മറിച്ച് ഓരോ ഇളവുകളും വരുമ്പോൾ റിസ്ക്ക് കൂടുകയാണ്. ഇത് എപ്പോഴും ഓർക്കുക.
7. കൊറോണ അടുത്തയിടക്കൊന്നും നമ്മെ വിട്ടുപോകുമെന്ന് തോന്നുന്നില്ല. അലകൾ അലകൾ ആയി നമ്മെ ചുറ്റിപ്പറ്റി ഇതിവിടെയൊക്കെ കാണും. പക്ഷെ മറ്റുള്ള ഏതൊരു റിസ്കിനെയും പോലെ മനുഷ്യന്റെ മനസ്സ് ഇത് ജീവിതത്തിന്റെ ഭാഗമാക്കും. യുദ്ധവും തീവ്രവാദി ആക്രമണവും ഒക്കെ ദിനം പ്രതി നടക്കുന്ന നഗരങ്ങളിൽ പോലും കുറച്ചു നാൾ കഴിഞ്ഞാൽ ആളുകൾ സാധാരണ പോലെ ജീവിച്ചു തുടങ്ങും. അത് മനുഷ്യന്റെ രീതിയും കഴിവുമാണ്. മൊത്തം കേസുകൾ നൂറു കഴിഞ്ഞപ്പോൾ പേടിച്ച നമ്മൾ ഒരു ദിവസം നൂറു കേസ് വന്നിട്ടും ഒട്ടും പേടിക്കാതിരിക്കുന്നത് അതുകൊണ്ടാണ്. പക്ഷെ ഇക്കാര്യം കൊറോണക്ക് അറിയില്ല എന്നോർക്കണം.
8. ഈ കൊറോണ പെയ്തു തീരുന്നതിന് മുൻപ് നമ്മെയും എന്നെങ്കിലും ഒക്കെ പിടി കൂടും എന്നൊന്ന് ചിന്തിച്ചിരുന്നത് നല്ലതാണ്. അങ്ങനെ വന്നാൽ നമ്മൾ അതിന് തയ്യാറാണോ എന്ന് ചിന്തിക്കുക. നമ്മുടെ ആരോഗ്യം, സാമ്പത്തികം, കുടുംബം, ഇതിനെയൊക്കെ എങ്ങനെയായിരിക്കും കൊറോണ ബാധിക്കുന്നത് ?. ആ സാഹചര്യങ്ങൾ നേരിടാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ പറ്റും ?
9. കൊറോണ എന്നത് ഒരു ഫുട്ബാൾ മാച്ച് ഒന്നുമല്ല. മറ്റുള്ള സംസ്ഥാനങ്ങളിൽ കേസുകൾ കൂടുന്നതും നമ്മുടെ സാഹചര്യവുമായി താരതമ്യപ്പെടുത്തി സന്തോഷിക്കുകയോ അഭിമാനിക്കുകയോ ചെയ്യേണ്ട കാര്യമില്ല. കേരളം ഒരു കോട്ടയോ ദ്വീപോ ഒന്നുമല്ല. ഈ കൊറോണക്കാലത്തെ നമ്മുടെ ഭാവി മൊത്തം രാജ്യത്തിൻറെ ഭാവിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള നല്ല പാഠങ്ങൾ മറ്റു സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നത് പോലെ തന്നെ മറ്റു സംസ്ഥാങ്ങള് നിന്നുള്ള അനുഭവങ്ങളും പാഠങ്ങളും (അത് എന്ത് ചെയ്യരുത് എന്നതിനെ പറ്റിയാണെങ്കിലും) നമ്മൾ പഠിച്ചിരിക്കണം.
10. യൂറോപ്യൻ രാജ്യങ്ങൾ കൊറോണയുടെ ഒന്നാമത്തെ തിരമാലയിൽ നിന്നും പതുക്കെ പുറത്തു വരികയാണ്. നമ്മൾ നമ്പർ വൺ ആണെന്നുള്ള വിശ്വാസത്തിൽ അകത്തേക്ക് നോക്കി ഇരിക്കരുത്. ആയിരക്കണക്കിന് ആളുകൾ മരിച്ചെങ്കിലും അനവധി നല്ല പാഠങ്ങൾ അവിടെ നിന്നും വരുന്നുണ്ട്. ഇവയൊക്കെ പഠിക്കാനുള്ള ഒരു സംവിധാനം നമുക്ക് ഉണ്ടാകണം.
11. മറ്റ് ഏതൊരു വിഷയത്തേയും പോലെ കൊറോണക്കാര്യത്തിലും തീരുമാനം എടുക്കുന്നതിൽ രാഷ്ട്രീയവും സാമ്പത്തികവും ഒക്കെ കടന്നുവരുന്നത് സ്വാഭാവികമാണ്. അതെ സമയം പരമാവധി തീരുമാനങ്ങൾ എടുക്കുന്നതിൽ ആരോഗ്യ രംഗത്തും മറ്റു വിഷയങ്ങളിലും ഉള്ള വിദഗ്ദ്ധരുടെയും അഭിപ്രായങ്ങൾ തേടേണ്ടതും അറിയേണ്ടതും ആണ്.
സുരക്ഷിതരായിരിക്കുക