അവസരം കിട്ടുമ്പോൾ ഒക്കെ അത്യാവശ്യം ഒക്കെ ലൈംഗിക പരീക്ഷണങ്ങൾ ഒക്കെ ചെയ്യുന്നതൊന്നും ധാർമ്മികമായ ആയ കുറ്റം ഒന്നുമല്ല

200

A must must read post by മുരളീ തുമ്മരുകുടി..

പ്രായപൂർത്തി ആയ പുരുഷനും സ്ത്രീയും (ഈ പ്രായപൂർത്തി എത്ര വയസ്സാണ് എന്നൊക്ക നമുക്ക് ഡിബേറ്റ് ചെയ്യാം), സ്വന്തം ഇഷ്ടത്തിനനുസരിച്ച് പങ്കാളികളെ കണ്ടെത്തുന്നതാണ് ഈ നൂറ്റാണ്ടിന് ചേർന്ന രീതി. ലോകത്തെ ബഹുഭൂരിപക്ഷം ആളുകളും അതാണ് ചെയ്യുന്നത്.

സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പക്വത നിങ്ങളുടെ മക്കൾക്ക് ആയിട്ടില്ല എന്ന് തോന്നുന്നുണ്ടെങ്കിൽ അവർക്ക് വിവാഹ ജീവിതത്തിന് പക്വതയായിട്ടില്ല എന്നതാണ് നിങ്ങൾ മനസ്സിലാക്കേണ്ടത്. അതുകൊണ്ട് സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാൻ പക്വതയില്ലാത്തവർക്ക് “എന്നാൽ ഞങ്ങൾ പക്വത ഉള്ളവർ ഒരു പങ്കാളിയെ കണ്ടുപിടിച്ചു കൊടുത്തേക്കാം” എന്ന് ചിന്തിക്കുന്നതല്ല ബുദ്ധി. മക്കൾക്ക് പക്വത ഒക്കെ വന്നിട്ട് പതുക്കെ തിരഞ്ഞെടുത്താൽ മതി.

ഒരു കാര്യം കൂടി പറയാം, ഈ പക്വത ഒന്നും പുറമേ നിന്നും ഉണ്ടാക്കി കൊടുക്കാവുന്ന ഒന്നല്ല. തീരുമാനങ്ങൾ എടുത്ത് സ്വയം ഉണ്ടാക്കിയെടുക്കേണ്ട ഒന്നാണ്. അതുകൊണ്ട് സ്വന്തം പങ്കാളിയെ കണ്ടുപിടിക്കാനുള്ള കാര്യത്തിൽ ഒക്കെ നമ്മുടെ കുട്ടികളെ പരിശീലിപ്പിക്കുക. അവരുടെ തീരുമാനങ്ങൾ അവരുമായി ചർച്ച ചെയ്യുക. നമ്മുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ അവരുടെ തീരുമാനം തെറ്റാണെന്ന് തോന്നിയാൽ മാറ്റണമെങ്കിൽ പറയുക. പക്ഷെ അപ്പോഴും ഒരു കാര്യം ആദ്യമേ സമ്മതിക്കണം. “നിങ്ങളുടെ തീരുമാനം തെറ്റായത് കൊണ്ട് ഇനി ഞങ്ങൾ തീരുമാനം എടുക്കും എന്നല്ല. നിങ്ങളുടെ ഈ തീരുമാനം തെറ്റാണെന്നാണ് ഞങ്ങളുടെ അഭിപ്രായം, പക്ഷെ ഇതാണെങ്കിലും മറ്റൊന്നാണെങ്കിലും തീരുമാനം എടുക്കേണ്ടത് നിങ്ങൾ തന്നെയാണ്”. ഈ ഗ്രൗണ്ട് റൂൾ അംഗീകരിച്ചാൽ പിന്നെ ചർച്ച ആകാം, ഒളിച്ചോട്ടം വേണ്ടി വരില്ല.

“ഈ ഒളിച്ചോടുന്നവരിൽ അധികം പേരും സ്നേഹമല്ല, കാമത്താൽ പ്രചോദിതർ ആണ്. “കാര്യം സാധിച്ചു കഴിയുമ്പോൾ രണ്ടും രണ്ടുവഴിക്കാകും” എന്നതാണ് മറ്റൊരു ലൈൻ.ഇതിൽ സത്യം ഉണ്ട്, പക്ഷെ അതിലും കുറ്റമൊന്നുമില്ല.പതിനഞ്ചു വയസ്സാകുമ്പോൾ തന്നെ നമ്മുടെ ശരീരം ലൈംഗികതയുടെ കാര്യത്തിൽ പൊതുവെ “പ്രായപൂർത്തി” ആയിക്കഴിഞ്ഞു. മനുഷ്യകുലത്തെ നിലനിർത്താൻ പ്രകൃതി ഉണ്ടാക്കി വച്ചിട്ടുള്ള ഹോർമോണുകൾ ഒക്കെ നമ്മുടെ തലച്ചോറിനെ നിയന്ത്രിക്കാൻ തുടങ്ങും. ഭൂരിഭാഗം ആളുകൾക്കും എതിർലിംഗത്തിൽ ഉള്ളവരോട് ആകർഷണം ഒക്കെ തോന്നും. അതൊക്കെ പ്രകൃതി നിയമം ആണ്.ലോകത്ത് ഏറെ ഇടങ്ങളിൽ ഈ പ്രായത്തിൽ തന്നെ കൗമാരപ്രായക്കാർ ലൈംഗികമായി ഇടപെടാനും പരീക്ഷണങ്ങൾ നടത്താനും ഒക്കെ തുടങ്ങും. ലോകത്ത് വേറെ ഏറെ ഇടങ്ങളിൽ (ഇന്ത്യയിൽ ഉൾപ്പടെ) അച്ഛനമ്മമാർ കുട്ടികളെ വിവാഹം കഴിപ്പിച്ചു വിട്ടു തുടങ്ങും.

കേരളത്തിൽ ഇത് രണ്ടും ഇല്ല. വിവാഹ പ്രായം കൂടിക്കൂടി വരുന്നു. ലൈംഗിക വളർച്ച എത്തുന്ന പ്രായം കുറഞ്ഞു കുറഞ്ഞു വരുന്നു. കുട്ടികൾ ലൈംഗിക വളർച്ച എത്തുകയും അവർക്ക് സമൂഹത്തിന്റെ എതിർപ്പില്ലാതെ ലൈംഗികമായി ഇടപെടാൻ അവസരം കിട്ടുന്നതും തമ്മിലുള്ള പ്രായത്തിന്റെ അന്തരം നോക്കിയാൽ അതിൻ്റെ ലോക റെക്കോർഡ് ഇപ്പോൾ കേരളത്തിനായിരിക്കും.

അതിൻ്റെ ഒക്കെ പ്രതിഫലനം ആണ് മൊബൈൽ ഫോണുകളിലൂടെ പോണോഗ്രഫിയായി ഒഴുകുന്നത്, അതാണിപ്പോൾ ഒളിഞ്ഞു നോട്ടവും ബസിനുള്ളിലെ ചിക്കൻ വർക്കും ഒക്കെയായി മാറുന്നത് (ഈ പണിക്കിറങ്ങുന്നത് കൗമാരക്കാർ മാത്രമല്ല കേട്ടോ). ശരീരത്തിന് പ്രായം ആയിക്കഴിഞ്ഞാൽ പങ്കാളികളെ തേടുന്നതൊക്കെ തികച്ചും സ്വാഭാവികമായ പ്രക്രിയയാണ്. അവസരം കിട്ടുമ്പോൾ ഒക്കെ അത്യാവശ്യം ഒക്കെ ലൈംഗിക പരീക്ഷണങ്ങൾ ഒക്കെ ചെയ്യുന്നതൊന്നും ധാർമ്മികമായ ആയ കുറ്റം ഒന്നുമല്ല. നമ്മൾ അങ്ങനെ ഒക്കെ ആക്കി വക്കുന്നത് കൊണ്ടാണ് കുട്ടികൾക്ക് ഇത് ഒളിച്ച വച്ച് ചെയ്യേണ്ടി വരുന്നത്. അങ്ങനെയാണ് അവർ ബീച്ചിൽ കുടപിടിച്ചിരിക്കുന്നതും ലോഡ്ജിൽ പോകുന്നതും ഒക്കെ. അതുകൊണ്ടാണ് അവരെ ഉപദ്രവിക്കാൻ സദാചാര പോലീസിനും മുതലെടുക്കാൻ സാമൂഹ്യ ദ്രോഹികൾക്കും ഒക്കെ സാധിക്കുന്നത്. കൗമാരപ്രായം കഴിഞ്ഞ കുട്ടികൾ ഇങ്ങനെ ഒക്കെ കാണിക്കുന്നത് സ്വാഭാവികം ആണ്, ഇതൊന്നും പ്രണയമല്ല, ഇതൊന്നും വിവാഹത്തിൽ എത്തിച്ചേരാനുള്ളതല്ല എന്നൊക്കെ എല്ലാവരും മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ നമുക്കുള്ളൂ. ഇത് പ്രകൃതി നിയമവും മനുഷ്യ നിയന്ത്രണങ്ങളും തമ്മിലുള്ള യുദ്ധമാണ്. ഈ യുദ്ധത്തിൽ പ്രകൃതിയേ ജയിക്കൂ. പ്രകൃതിയേ ജയിക്കാവൂ, അല്ലെങ്കിൽ മനുഷ്യ കുലം അന്യം നിന്ന് പോകും.

ഇത്തരം ഒളിച്ചോട്ടവും തിരിച്ചോട്ടവും ഒന്നും വിവാഹവും ആയി ബന്ധിപ്പിക്കേണ്ട ഒരു കാര്യവും ഇല്ല. സ്വന്തമായി ജീവിക്കാനുള്ള വരുമാനം ഉണ്ടാകുന്നതിന് മുൻപ് ആൺകുട്ടി ആണെങ്കിലും പെൺകുട്ടി ആണെങ്കിലും എത്ര “പക്വത” വന്നാലും വിവാഹജീവിതത്തിന് ഇറങ്ങി പുറപ്പെടാതിരിക്കുകയാണ് ഭംഗി. ആദ്യം തൊഴിൽ നേടുക, സ്വന്തമായി വരുമാനം ഉണ്ടാക്കുക, പറ്റിയാൽ വീട്ടിൽ നിന്നും മാറി പുറത്തു താമസിക്കുക. അതുകഴിഞ്ഞാൽ പ്രേമം, പ്രണയം, അല്ലിക്ക് ആഭരണം വാങ്ങൽ, വിവാഹം എന്തുമാകാം.
ഇങ്ങനെ ഒക്കെ സ്വാതന്ത്ര്യം കൊടുത്താൽ വലിയ പ്രശ്നം ആവില്ലേ എന്നതാണ് കൂടുതൽ ആളുകളുടേയും ചിന്ത. ഒളിച്ചോടിയ കുറച്ചു പേർക്കുണ്ടായ ദുരനുഭവം ഒക്കെ എല്ലാവർക്കും അറിയാം അതുദാഹരിച്ചാണ് പലപ്പോഴും സ്വാതന്ത്ര്യത്തെ കൂടെ എതിർക്കുന്നത്. ആളുകൾക്ക് സ്വാതന്ത്ര്യം കൊടുക്കുമ്പോൾ വ്യക്തികൾ എന്ന നിലക്കും സമൂഹം എന്ന നിലക്കും ഒക്കെ തെറ്റുകൾ സംഭവിക്കും. നമ്മുടെയും മറ്റുള്ളവരുടെയും തെറ്റിൽ നിന്നും കൂടിയാണ് നമ്മൾ ശരിയായ തീരുമാനങ്ങൾ എടുക്കാൻ പഠിക്കുന്നത്. അല്ലാതെ എല്ലാക്കാലത്തും മറ്റുള്ളവർ നമുക്ക് വേണ്ടി തീരുമാനം ഏടുത്തിട്ടല്ല.

എന്നാൽ ഞാൻ ഒരു കാര്യം കൂടി പറയട്ടെ. അച്ഛനും അമ്മയും സമൂഹവും ജ്യോത്സ്യനും എല്ലാവരും കൂടി പക്വമായി എടുത്ത തീരുമാനങ്ങൾക്കുള്ളിൽ കിടന്നു ആളുകൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ ഒരംശം പോലും വരില്ല ഈ ഒളിച്ചോട്ടക്കാരുടെ ദുരിതങ്ങൾ. നമ്മുടെ ചുറ്റിലും ഇതുണ്ട്. പക്ഷെ അറേഞ്ച്ഡ് മാരേജിനുള്ളിൽ നടക്കുന്ന ലൈംഗികവും അല്ലാതെയും ഉള്ള അക്രമങ്ങൾ മൂടിവെക്കുകയും സ്വന്തം തീരുമാനങ്ങൾ എടുക്കുന്നവർക്ക് ഉണ്ടാകുന്ന ദുരനുഭവങ്ങൾ പാര്വതീകരിച്ചു കാണിക്കുകയും ചെയ്യേണ്ടത് ഇത്തരം പിന്തിരിപ്പൻ ആചാരങ്ങൾ കൊണ്ട് നടക്കേണ്ട സമൂഹത്തിന്റെ ആവശ്യമാണ്. അതിനെ താങ്ങിപ്പിടിക്കേണ്ട ഉത്തരവാദിത്തം ഒന്നും മിലേനിയൽസിനില്ല, ബൂമറാണെങ്കിലും എനിക്കുമില്ല.