പക്ഷികളില്ലാത്ത സ്വിസ്സ് ഗ്രാമത്തിൽ പക്ഷി നിരീക്ഷണത്തിന് ഇറങ്ങിയവരുടെ ലക്ഷ്യമെന്തായിരുന്നു ?

61

മുരളി തുമ്മാരുകുടി

ലെനിൻ പക്ഷി നിരീക്ഷണത്തിന് ഇറങ്ങിയ സ്വിസ്സ് ഗ്രാമം.

പക്ഷിനിരീക്ഷകരുടെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ സമ്മേളനം നടന്നത് 1915 സെപ്റ്റംബറിൽ സ്വിറ്റ്‌സർലാൻഡിലാണ്. സ്വിസ് തലസ്ഥാനമായ ബേണിന് തൊട്ടടുത്തുള്ള സിമ്മർവാൾഡ് എന്ന ഗ്രാമത്തിൽ. പക്ഷെ, അതിശയകരമായ കാര്യം ലോകത്തിലെ പക്ഷി നിരീക്ഷകരൊന്നും ഈ സമ്മേളനത്തെപ്പറ്റി കേട്ടിട്ടില്ല എന്നതാണ്. പക്ഷികൾക്ക് പ്രശസ്തമായ പ്രദേശവുമല്ല സിമ്മർവാൾഡ്.
അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം, സിമ്മർവാൾഡിൽ പക്ഷി നിരീക്ഷണത്തിന് വന്നവരൊന്നും പക്ഷി നിരീക്ഷകർ ആയിരുന്നില്ല, അവരെല്ലാം യൂറോപ്പിലെ ഏറ്റവും മുതിർന്ന സോഷ്യലിസ്റ്റ് നേതാക്കളായിരുന്നു. പിൽക്കാലത്ത് സ്വിസ് കൗൺസിലിന്റെ പ്രസിഡന്റായി ഉയർന്ന റോബർട്ട് ഗ്രിം ആയിരുന്നു മുഖ്യ സംഘാടകൻ. ആകെ പതിനാറ് രാജ്യങ്ങളിൽ നിന്നായി മുപ്പത്തിയെട്ട് പ്രതിനിധികൾ.

ഒന്നാം ലോകമഹായുദ്ധം തുടങ്ങിയ കാലമായതിനാൽ രാഷ്ട്രീയമായ മീറ്റിംഗുകൾക്കൊന്നും സ്വിസ് ഗവണ്‍മെന്റ് അംഗീകാരം കൊടുത്തിരുന്നില്ല. അതിനാലാണ് സോഷ്യലിസ്റ്റ് കോൺഫറൻസ് എന്ന പേരിന് പകരം പക്ഷി നിരീക്ഷണ കോൺഫറൻസ് എന്ന് സംഘാടകർ പേരുകൊടുത്തത്. പക്ഷിനിരീക്ഷണത്തിന് വന്നവർ ഹോട്ടലിന് പുറത്തിറങ്ങിയില്ല, പോരാത്തതിന് രാത്രി വൈകീട്ടും ചർച്ചയുടെ ഒച്ചയും ബഹളവുമാണെന്ന് നാട്ടുകാർ പോലീസിൽ പരാതി പറഞ്ഞു. പോലീസ് ഹോട്ടലിലെത്തി “പക്ഷിനിരീക്ഷകരോട്” അധികം ഒച്ചയുണ്ടാക്കരുതെന്ന് നിർദ്ദേശിച്ചു. അപ്പോഴും അവർക്ക് അവിടെയുള്ളവർ പക്ഷി നിരീക്ഷകർ അല്ലെന്നും ലോകത്തെ ഏറ്റവും പ്രശസ്തരായ സോഷ്യലിസ്റ്റ് നേതാക്കളാണെന്നും മനസ്സിലായില്ല.

അത് നന്നായി. കോൺഫറൻസിന്റെ ലക്ഷ്യവും ചർച്ചാ വിഷയങ്ങളും അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ സർക്കാർ സമ്മേളനത്തിന് അനുമതി നിഷേധിക്കുമായിരുന്നു. മാത്രമല്ല, പറ്റിയാൽ എല്ലാവരെയും പിടിച്ച് അകത്തിടുകയും ചെയ്തേനെ. ഒന്നാം ലോകമഹായുദ്ധത്തിന്റെ വരവ് ‘സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ’ എന്നൊക്കെ മുദ്രാവാക്യം ഉയർത്തിയിരുന്ന ലോകത്തെ – പ്രത്യേകിച്ചും യൂറോപ്പിലെ സോഷ്യലിസ്റ്റുകൾക്ക് വലിയ തിരിച്ചടിയായി. കാരണം ഒരു രാജ്യം യുദ്ധത്തിൽ ഏർപ്പെടുന്പോൾ അതിനെ ആ രാജ്യത്തെ പൗരന്മാർ എതിർക്കുന്നത് രാജ്യദ്രോഹമാണ്. പോരാത്തതിന് വികാരം കൊണ്ട് ചിന്തിക്കുന്നവരെല്ലാം എല്ലാക്കാലത്തും സ്വന്തം രാജ്യങ്ങൾ നടത്തുന്ന യുദ്ധങ്ങളെ അനുകൂലിക്കുന്നവരുമാണ്. അതിന് കാലദേശ വ്യത്യസ്തമല്ല. അപ്പോൾ യൂറോപ്യൻ രാജ്യത്തെ സോഷ്യലിസ്റ്റ് സംഘനകളുടെ അംഗങ്ങൾ ഭൂരിഭാഗവും അവരവരുടെ രാജ്യങ്ങളെ അനുകൂലിക്കുന്നവരാണ്. അതുകൊണ്ട് തന്നെ തന്ത്രപരമായ നേതൃത്വങ്ങൾക്ക് യുദ്ധസംരംഭങ്ങളെ പിന്തുണക്കേണ്ടി വന്നു. അപ്പോൾ ആശയപരമായ “സർവ്വ രാജ്യവും” വികാരപരമായ “എൻറെ രാജ്യവും” തമ്മിൽ എങ്ങനെ ചേർത്തുവെക്കുമെന്ന് നേതാക്കൾക്ക് ആശയക്കുഴപ്പമായി.

ഈ സാഹചര്യത്തിൽ എങ്ങനെയാണ് യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുന്നത്, ഒരു യുദ്ധവിരുദ്ധ പ്രസ്ഥാനം എങ്ങനെ കെട്ടിപ്പടുക്കാം, യുദ്ധാനന്തര കരാറുകളും യുദ്ധാനന്തര ഭരണസംവിധാനവും എന്തൊക്കെയായിരിക്കണം എന്നതെല്ലാം ചർച്ച ചെയ്യാനാണ് നേതാക്കൾ എത്തിയത്. നേർക്കുനേർ യുദ്ധം ചെയ്യുന്ന ഫ്രാൻസിലെയും പ്രഷ്യയിലെയും (ജർമ്മനി) സോഷ്യലിസ്റ്റ് നേതാക്കളും, ഇറ്റലിയിൽ നിന്നും ലക്സംബർഗിൽ നിന്നും എത്തിയ ആളുകളും, നോർവേയിൽ നിന്നും സ്വീഡനിൽ നിന്നുമുള്ള യുവനേതാക്കളും, അന്താരാഷ്ട്ര സോഷ്യലിസ്റ്റുകളുടെ പ്രതിനിധികളുമുണ്ട്. ഇവരെല്ലാം കൂടിയിട്ടും ഒരു ട്രെയിനിന്റെ രണ്ടു കോച്ചിൽ ഒതുങ്ങുന്ന ആളുകളേയുള്ളു. യൂറോപ്പിലെ യുദ്ധവിരുദ്ധർ ആകെ കൂട്ടിയാൽ ഒരു ട്രെയിനിൽ കൊള്ളുന്ന ആളുകളേയുള്ളു എന്ന് അവർ തമാശ പറഞ്ഞു.

ലോകത്തെല്ലായിടത്തും യുദ്ധകാലത്ത് അതിനെ അനുകൂലിക്കുന്നവരാണ് ഭൂരിഭാഗവും എന്നത് ചരിത്ര സത്യമാണ്.എണ്ണത്തിലല്ലല്ലോ കാര്യം. രഹസ്യചർച്ചകൾ ആയിരുന്നിട്ടും അനൗദ്യോഗിക ചർച്ചകൾ ആയിരുന്നിട്ടും വളരെ അച്ചടക്കത്തോടെയാണ് ചർച്ചകൾ നടന്നതെന്ന് റെക്കോർഡുകൾ പറയുന്നു. ചർച്ചയുടെ അവസാനം എല്ലാവരും അംഗീകരിച്ച സിമ്മർവാൾഡ് മാനിഫെസ്റ്റോ ഇന്നൊരു ചരിത്ര രേഖയാണ്. യുദ്ധത്തിന്റെ കെടുതികൾ, അതിലേക്ക് നയിക്കുന്ന സാമ്രാജ്യത്വത്തിനെതിരെ ശക്തമായ ആക്രമണം ഒക്കെയായിട്ടാണ് മാനിഫെസ്റ്റോ തുടങ്ങുന്നത്.

European proletarians!
The war lasted more than a year. Millions of corpses cover the battlefields, millions of people have been crippled for their entire lives. Europe is like a gigantic
human slaughterhouse. The whole culture, created by the labor of many generations, is doomed. The wildest barbarism celebrates its triumph today over everything that has so far made the pride of mankind.
Whatever the truth of the immediate responsibility for the outbreak of this war – one thing is certain: the war that created this chaos is the result of imperialism,
the striving of the capitalist classes of every nation, their greed for profit through the exploitation of human beings To nourish work and the natural resources of the world.

സ്വന്തം രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കാനാണ് യുദ്ധം എന്ന് മുതലാളിത്ത ശക്തികൾ ജനങ്ങളോട് പറയുമെന്നും അത് നുണയാണെന്നും മാനിഫെസ്റ്റോ പറയുന്നു. വിജയിച്ച രാജ്യങ്ങളിലും
പരാജയപ്പെട്ട രാജ്യങ്ങളിലുമുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം കുറയുകയും ജീവിതം കൂടുതൽ ബുദ്ധിമുട്ടുള്ളതാവുകയും ചെയ്യുമെന്നും അവർ മുൻകൂട്ടി കാണുന്നു.

“The capitalists of all countries, who coin the red gold of war profits from the shed blood of the people, claim that the war serves to defend the fatherland,
democracy, and the liberation of oppressed peoples. They lie. In
fact, they bury the freedom of their own people and the independence of other nations on the sites of desolation. New fetters, new chains, new burdens will arise, and the proletariat of all countries, victorious and defeated, will have to bear them.”

രാജഭരണം ആണെങ്കിലും ജനാധിപത്യം ആണെങ്കിലും ഭരിക്കുന്നവരുടെ മാത്രം താല്പര്യം ആണ് യുദ്ധങ്ങളിൽ സംരക്ഷിക്കപ്പെടുന്നത്. ബിസിനസ്സും മാധ്യമങ്ങളും മതങ്ങളും ഒക്കെ ഇക്കാര്യത്തിൽ
ഒറ്റക്കെട്ടാണ്. ഈ യുദ്ധത്തിന്റെ ഉത്തരവാദിത്തം അവർക്കാണ് !

The ruling powers of capitalist society, in whose hands the destiny of the peoples rested, the monarchical as well as the republican governments, the secret diplomacy,
the powerful business organizations, the bourgeois parties, the capitalist press, the church – they all bear the full weight of responsibility for this war, which has arisen from the social order that nourishes and protects them and is waged for their interests.

യുദ്ധത്തിന്റെ ആരംഭത്തിൽ നിങ്ങളെ സഹോദരനെന്നും സഖാവെന്നും പറഞ്ഞ് യുദ്ധത്തിലേക്ക് പറഞ്ഞുവിട്ട നേതാക്കൾ നിങ്ങൾ മുറിവേറ്റും അവശനായും ഇരിക്കുന്ന കാലത്ത് നിങ്ങളോട് ചോദിക്കാതെനിങ്ങളുടെ സ്വാതന്ത്ര്യങ്ങൾ കവർന്നെടുക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ പറയാനുള്ള അവകാശം ചവിട്ടി മെതിക്കപ്പെടുന്നു.

Workers! Exploited, disenfranchised, disregarded, they called you brothers and comrades at the outbreak of war, when it was a matter of leading yourselves to the
slaughter, towards death. And now that you are crippled, torn to pieces, humiliated and destroyed by militarism, the rulers are demanding that you surrender your interests, your goals, your ideals, in one word: slavish submission to the truce. You are deprived
of the opportunity to express your views, your feelings, your pain, you are prevented from making your demands and advocating them. The press gagged, political rights and freedoms trampled – this is how the military dictatorship rules with an iron fist today.

മാനിഫെസ്റ്റോയുടെ അവസാനഭാഗത്ത് യുദ്ധം അവസാനിക്കുന്പോൾ പാലിക്കേണ്ട മര്യാദകളെപ്പറ്റി പറയുന്നുണ്ട്. രാജ്യത്തിൻറെ ഭാഗങ്ങളോ രാജ്യത്തെയോ പിടിച്ചെടുക്കരുത്, രാജ്യങ്ങളുടെ
മേൽ നഷ്ടപരിഹാരം അടിച്ചേൽപ്പിക്കരുത്, സാമ്രാജ്യത്വം അവസാനിപ്പിച്ച് ജനങ്ങൾക്ക് സ്വയം ഭരണാവകാശങ്ങൾ നൽകണം എന്നിങ്ങനെ.

Neither the occupation of entire countries nor of individual parts of the country may lead to their violent annexation. No annexation, neither an open nor a masked
one, nor any compulsory economic affiliation, which is made even more unbearable through political disenfranchisement. The peoples’ right to self-determination must be an unshakable principle in the order of national conditions.

യുദ്ധത്തിന്റെ തുടക്കത്തിൽ അവരവരുടെ രാജ്യത്തിന്റെ ഭരണാധികാരികളുടെ താല്പര്യത്തിന് വേണ്ടി പ്രവർത്തിച്ച തൊഴിലാളി വർഗ്ഗത്തോട് അത് വെടിഞ്ഞ് തൊഴിലാളിവർഗ്ഗത്തിൻറെ താല്പര്യങ്ങൾക്ക്
വേണ്ടി ശ്രമിക്കണം, അതിന് വേണ്ടി ഒന്നിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് മാനിഫെസ്റ്റോ അവസാനിക്കുന്നത്.

Proletarian! Since the outbreak of the war you have put your energy, your courage and your perseverance at the service of the ruling classes. Now it is necessary
to stand up for one’s own cause, for the sacred goals of socialism, for the redemption of the oppressed peoples and the enslaved classes through the irreconcilable proletarian class struggle.
The task and duty of the socialists of the warring countries is to take up this struggle with full force, the task and duty of the socialists of the neutral states
to support their brothers in this struggle against bloody barbarism with all effective means.
Never in world history has there been a more urgent, a higher, a loftier task, the fulfillment of which should be our common work. No sacrifice too great, no burden
too heavy to achieve this goal: to achieve peace among the peoples.
Workers! Mothers and fathers! Widows and orphans! Wounded and crippled! To all of you who are suffering from and through the war, we call out: across borders,
across the steaming battlefields, across the destroyed cities and villages,
Proletarians of all countries, unite!

നിർഭാഗ്യവശാൽ യുദ്ധകാലത്ത് ഇത്തരം ഉയർന്ന ചിന്തകൾക്കൊന്നും വലിയ മാർക്കറ്റില്ല. അവരുടെ മാനിഫെസ്റ്റോ ഒന്നും ആരും ശ്രദ്ധിച്ചില്ല. യുദ്ധം പിന്നെയും തുടർന്നു. ദശലക്ഷങ്ങൾ
മരിച്ചു. യുദ്ധം അവസാനിച്ചപ്പോൾ സ്ഥലങ്ങളുടെ പിടിച്ചെടുക്കലുണ്ടായി, രാഷ്ട്രങ്ങളിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടു, ജനങ്ങൾക്ക് അധികാരമോ അവകാശമോ ഒന്നും കിട്ടിയതുമില്ല. ഇതൊക്കെയാണ് രണ്ടാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചതെന്ന് പിന്നീട് ചരിത്രം വിലയിരുത്തി.
ഈ കോൺഫറൻസ് നടന്ന സിമ്മർവാൾഡിലേക്കാണ് എന്റെ ഈ ആഴ്ചത്തെ എന്റെ യാത്ര. ജനീവയിൽ നിന്നും 160 കിലോമീറ്ററുണ്ട്. ഹൈവേയിൽ നിന്നും മാറി ചെറിയ ഗ്രാമീണ റോഡുകളിലൂടെ ഒരു ചെറിയ കുന്നിറങ്ങി ചെല്ലുന്പോൾ ദൂരെ ആൽപ്സ് കാണാം. താഴെ സിമ്മർവാൾഡ് എന്ന ചെറിയ ഗ്രാമം. ആയിരം പേർ പോലും അവിടെ താമസിക്കുന്നില്ല. ഒരു മൂന്നും കൂടിയ ജംക്ഷൻ, ചെറിയൊരു പള്ളി, ഒരു പോസ്റ്റ് ഓഫീസ്, ഒരു റെസ്റ്റോറന്റ്, നൂറോളം വീടുകൾ, കഴിഞ്ഞു.

ഒരു കാര്യം പറയാൻ മറന്നു. സിമ്മർവാൾഡിലെ കോൺഫറൻസ് ഒക്കെ കഴിഞ്ഞു പക്ഷി നിരീക്ഷകർ ഒക്കെ അവരുടെ നാട്ടിലെത്തി. അതിന് ശേഷമാണ് സമ്മേളനത്തിലെ തീരുമാനങ്ങൾ അടങ്ങിയ സിമ്മർവാൾഡ് മാനിഫെസ്റ്റോ എന്ന രേഖ സംഘാടകർ പുറത്തു വിട്ടത്. പക്ഷി നിരീക്ഷണം എന്ന പേരിൽ സോഷ്യലിസ്റ്റുകൾ തങ്ങളുടെ നാട്ടിൽ വന്ന് മീറ്റിങ് നടത്തിയത് ആ നാട്ടുകാർക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടുതന്നെ ചരിത്ര പ്രസിദ്ധമായ ആ സംഭവം സ്വന്തം ചരിത്രത്തിൽ നിന്നും മായ്‌ക്കാൻ അവർ അന്ന് മുതൽ പരമാവധി ശ്രമിക്കുന്നു. ആ നാട്ടിൽ സിമ്മർവാൾഡ് കോൺഫറൻസിനെ പറ്റി ഒരു സ്മാരകവും ഉണ്ടാക്കില്ല എന്ന് അവിടുത്തെ പഞ്ചായത്ത് നയമുണ്ടാക്കിയത്രേ !. ആ സമ്മേളനം നടത്തിയ ഹോട്ടൽ പോലും ഇന്ന്
അവിടെയില്ല. സിമ്മർവാൾഡ് സമ്മേളനത്തിന്റെ നൂറാം വാർഷികം ലോകം ആഘോഷിച്ചപ്പോൾ അനവധി ആളുകൾ സിമ്മർവാൾഡിലെത്തി. അവരെ ആശ്വസിപ്പിക്കാൻ ഹോട്ടൽ നിന്നിരുന്ന സ്ഥലം മാർക്ക് ചെയ്ത് പ്ലൈവുഡിൽ ഒരു കുറ്റിയടിച്ചു. മഞ്ഞുകാലം വന്നപ്പോൾ അതും പോയി. ഇന്ന് അവിടെ ഹോട്ടലിലെ, ബോർഡുമില്ല, കുറ്റിയുമില്ല.

പക്ഷെ, സിമ്മർവാൾഡിനെ ലോകം മറന്നില്ല. കാരണം അതിൽ പങ്കെടുത്ത ഒരാൾ പിന്നീട് ലോകത്തിന്റെ തന്നെ ചരിത്രം മാറ്റിയെഴുതിയ ഒരാളായി. റഷ്യൻ പ്രസിഡന്റായ ലെനിൻ.
അക്കാലത്ത് ലെനിൻ സ്വിറ്റ്സർലാൻഡിലാണ് താമസം. പക്ഷെ, സിമ്മർവാൾഡ് കോൺഫറൻസ് കഴിഞ്ഞ് ഏറെ താമസിയാതെ ഒന്നാം ലോകമഹായുദ്ധം കൊടുന്പിരി കൊണ്ടിരുന്ന, ജർമ്മനിയിലും റഷ്യയും യുദ്ധം ചെയ്യുന്ന കാലത്ത് സ്വിറ്റ്‌സർലൻഡിലെ സൂറിക്കിൽ നിന്നും അടച്ചുപൂട്ടിയ ഒരു ട്രെയിൻ വഴി ലെനിൻ റഷ്യയിലെത്തി. സിമ്മർവാൾഡ് കോൺഫറൻസ് നടത്തിയ റോബർട്ട് ഗ്രിം ആണ് ഈ ട്രെയിൻ യാത്ര സംഘടിപ്പിച്ചത്. ലെനിന്റെ വരവ് റഷ്യയിലെ വിപ്ലവകാരികളെ ആവേശഭരിതരാക്കി. ഒക്ടോബർ വിപ്ലവത്തോടെ ലൈനിൻ റഷ്യയിൽ ഭരണാധികാരിയായി.

ഭരണം കൈയിൽ വന്നപ്പോൾ ലെനിൻ സിമ്മർവാൾഡ് മറന്നില്ല. വിപ്ലവാനന്തര റഷ്യയുടെ ആദ്യത്തെ തീരുമാനങ്ങളിൽ ഒന്ന് യുദ്ധത്തിൽ നിന്നും പിന്മാറുക എന്നതായിരുന്നല്ലോ. റഷ്യ അധീനപ്പെടുത്തിയിരുന്ന പ്രദേശങ്ങളിലുള്ളവർക്ക് പിരിഞ്ഞുപോകാനുള്ള അവകാശവും നൽകി. രണ്ടു മാസത്തിനകം ഫിൻലാൻഡ് സ്വതന്ത്ര രാജ്യമായി.ലെനിന്റെ കഥകളിലൂടെ സിമ്മർവാൾഡ് റഷ്യയിലും ലോകത്തും പ്രശസ്തമായി. റഷ്യയിലെ ആയിരക്കണക്കിന് സ്‌കൂൾ വിദ്യാർഥികൾ സിമ്മർവാൾഡിലേക്ക് ലെനിനെ കുറിച്ച് അന്വേഷിച്ച് കത്തുകൾ അയക്കാൻ തുടങ്ങി. അങ്ങനെ റഷ്യൻ വിപ്ലവം പിറന്ന ഗ്രാമം എന്ന പേരിൽ സിമ്മർവാൾഡ് പ്രശസ്തമായി.

സിമ്മർവാൾഡിലൂടെ, ലെനിന്റേയും ട്രോട്സ്കിയുടെയും കാൽപാദങ്ങൾ പതിഞ്ഞ വഴികളിലൂടെ ഞാൻ കുറച്ചു നേരം നടന്നു. ആരോടെങ്കിലും സിമ്മർവാൾഡ് കോൺഫറൻസ് നടന്ന ഹോട്ടലിരുന്ന സ്ഥലം എവിടെയാണെന്ന് ചോദിക്കണമെന്നുണ്ട്. പിന്നെ “ഓൻ അവരുടെ ആളാണെന്നും” പറഞ്ഞ് എന്നെപ്പിടിച്ചു വിരട്ടിയാലോ എന്ന് പേടിച്ച് അത് ചെയ്തില്ല.

യുദ്ധങ്ങൾ എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ്. അച്ഛൻ പറഞ്ഞു തന്നിട്ടുള്ള മഹാഭാരത യുദ്ധം മുതൽ എൻറെ ചെറുപ്പകാലത്ത് ഉണ്ടായ ബംഗ്ലാദേശ് യുദ്ധം വരെയുള്ള യുദ്ധങ്ങളുടെ
കഥ എന്നെ ആവേശഭരിതനാക്കിയിട്ടുണ്ട്. ലോകത്തെവിടെ പോകുന്പോഴും യുദ്ധം ഉണ്ടായിട്ടുള്ള സ്ഥലങ്ങൾ ഞാൻ നേരിട്ട് പോയി കാണാറുണ്ട്. കുരുക്ഷേത്രയും, പാനിപ്പറ്റും, കുളച്ചലും, ശ്രീരംഗപട്ടണവും, നെടുങ്കോട്ടയും, ഗാസയും, ബെർലിനും, വാട്ടർലൂവും ഒക്കെ അതിൽ പെടും. അതിൽ നിന്നും മനസ്സിലായ പല കാര്യങ്ങളുണ്ട്. യുദ്ധം എല്ലാക്കാലത്തും ഭരിക്കുന്നവരുടെ താല്പര്യം സംരക്ഷിക്കാനുള്ളതാണ്, ഭരിക്കപ്പെടുന്നവരുടെ അല്ല. ഏതൊരു യുദ്ധകാലത്തും ഒരുപക്ഷെ, എല്ലാ കാലത്തും ഭരിക്കുന്നവരുടെ താല്പര്യം സംരക്ഷിക്കാൻ ആളുകളെ പറഞ്ഞിറക്കി മരണത്തിലേക്ക് തള്ളിവിടാൻ മാധ്യമങ്ങളും മതങ്ങളും മത്സരിക്കും. (പലയിടത്തും മതം തന്നെയാണ് അധികാരവും കൈയാളിയിരുന്നത്, ചിലയിടത്ത് ഇപ്പോഴും. അപ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. രാജ്യത്തിന് വേണ്ടി മരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിലും എളുപ്പമാണ് ദൈവത്തിനും മതത്തിനും വേണ്ടി മരിക്കാനും കൊല്ലാനും ആളുകളെ ഇളക്കി വിടാൻ).

പക്ഷെ ഇന്ന് പോലും ഏതെങ്കിലും രാജ്യം യുദ്ധത്തിൽ ഏർപ്പെടുന്പോൾ ഇത്തരത്തിൽ ചിന്തിക്കുന്നവരെ രാജ്യദ്രോഹിയായേ ഭൂരിപക്ഷവും കാണൂ. പലയിടത്തും കഴുത്തിൽ നിന്ന് തലപോകാൻ ഇത്തരം ഒരു ചിന്താഗതി പറഞ്ഞാൽ മാത്രം മതി. എന്നിട്ടും യൂറോപ്പിലെ കൊടും യുദ്ധകാലത്ത് പരസ്പരം പോരാടുന്ന രാജ്യത്തെ നേതാക്കൾ ഒരുമിച്ചിരുന്ന് സമാധാനത്തെ പറ്റിയും അതിരുകളില്ലാത്ത ലോകത്തെപ്പറ്റിയും ചർച്ച ചെയ്തിരുന്ന ഒരു നാട്ടിലൂടെയാണ് നടക്കുന്നത് എന്നോർത്തപ്പോൾ എനിക്ക് രോമാഞ്ചമുണ്ടായി.

( ഒരു കാര്യം കൂടി പറയട്ടെ. ഈ കൊറോണക്കാലത്ത് ലോക്ക് ഡൌൺ ആയി വീട്ടിൽ മുഴുവൻ സമയവും ഇരിക്കാതെ എല്ലാവരും വല്ലപ്പോഴെങ്കിലും പുറത്തിറങ്ങി ഒന്ന് യാത്രചെയ്യണം എന്നാണ് എൻ്റെ അഭിപ്രായം. കുട്ടികൾക്കും, മുതിർന്നവർക്കും ഒക്കെ ഇത് ഏറ്റവും പ്രധാനമാണ്. അതുകൊണ്ട് തന്നെ ഞാൻ ഓരോ കഥയും എഴുതുമ്പോൾ “സ്വിസ്സ് എത്ര ഭംഗിയാണ്, ചേട്ടന് എത്ര ഭാഗ്യമാണ്” എന്നൊക്കെ കമന്റ് വരുമ്പോൾ എനിക്ക് ദേഷ്യം വരും. നിങ്ങൾ ലോകത്ത് എവിടെയാണെങ്കിലും അതിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ നിങ്ങൾ പോയിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത കഥകളുള്ള സ്ഥലങ്ങൾ ഉണ്ടാകും. അതൊന്നു പോയി കണ്ടിട്ട് അതിൻ്റെ കഥ പറയൂ. അതാണ് ഞാൻ പ്രതീക്ഷിക്കുന്നത്. )