എങ്ങനെയാണ് സ്നേഹത്തെ പൂട്ടിയിടേണ്ടാത്ത ഒരു കാലം നമുക്ക് ഉണ്ടാകുന്നത് ?

0
194

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് കുറിപ്പ് 

പൂട്ടിയിട്ടിരിക്കുന്ന സ്നേഹം!

പാലക്കാട് ഒരാൾ പ്രേമിച്ച പെൺകുട്ടിയെ പത്തുവർഷം വീട്ടിൽ ഒളിച്ചു താമസിപ്പിച്ച കഥയാണല്ലോ ഇപ്പോൾ എല്ലാവരും പറയുന്നത്. ആ കഥ സത്യമാണോ, സത്യമാണെങ്കിൽ തന്നെ ഇത് സ്നേഹമാണോ എന്നൊക്കെയാണ് ചർച്ചകൾ.

ഈ വാർത്ത സത്യമാണോ എന്ന് സംശയിക്കുന്നവർ ധാരാളമുണ്ട്. സത്യമായിരിക്കാം, അല്ലായിരിക്കാം. ഒരു വീട്ടിൽ ഒരാളെ പത്തു വർഷം ഒളിപ്പിച്ചു താമസിപ്പിക്കുന്നതൊക്കെ സാധ്യമാണോ എന്ന് സംശയമുള്ളവർ ഓസ്ട്രിയയിലെ ഫ്രിറ്റ്‌സൽ കേസ് ഒന്ന് വായിച്ചു നോക്കണം. ഒരു പിതാവ് സ്വന്തം മകളെ വീടിൻറെ ബേസ്‌മെന്റിൽ 24 വർഷമാണ് ഒളിച്ചു താമസിപ്പിച്ചത്. ആ കാലത്ത് അയാൾ അവളെ പലവട്ടം ബലാത്സംഗം ചെയ്തു. അവർക്ക് ഏഴു കുട്ടികൾ ഉണ്ടായി, അതിൽ ഒരു കുട്ടി മരിച്ചു, മൂത്ത കുട്ടിക്ക് ഇരുപത് വയസ്സാവുന്നത് വരെ ആ കുട്ടി പുറം ലോകം കാണാതെ വീടിനടിയിൽ കഴിഞ്ഞു. ചില കുട്ടികളെ അയാൾ പുറത്തുകൊണ്ടു വന്ന് അനാഥകുട്ടികളായി വളർത്തി. ഈ സമയത്തെല്ലാം മകൾ എവിടെ പോയി എന്നറിയാതെ അമ്മ തൊട്ടു മുകളിൽ ജീവിക്കുന്നുണ്ടായിരുന്നു !!. അവിശ്വസനീയമായ ഈ കഥ പക്ഷെ സത്യമാണ് !!.

പാലക്കാട്ടെ കഥ സത്യമാണെങ്കിലും അല്ലെങ്കിലും ഒരു കാര്യം സത്യമാണ്. സ്വന്തം സ്നേഹം പുറത്തു പറഞ്ഞാൽ സമൂഹം തന്നെ എന്ത് ചെയ്യും എന്ന പേടി ഇപ്പോഴും നമ്മുടെ യുവാക്കൾക്കും യുവതികൾക്കും ഉണ്ട്. അത് അസ്ഥാനത്തുള്ള പേടി അല്ല. ഇഷ്ടപ്പെട്ടവരോടൊപ്പം ജീവിക്കാൻ ശ്രമിച്ചു എന്ന പേരിൽ കൊല്ലപ്പെട്ട യുവാക്കളും യുവതികളും കേരളത്തിൽ എത്രയോ ഉണ്ട്. അതിൽ എത്രയോ കൂടുതൽ ആളുകൾ മർദ്ദിക്കപ്പെടുന്നു, വീട്ടു തടങ്കലിൽ ആക്കപ്പെടുന്നു, ഇഷ്ടമില്ലാത്തവരോടൊപ്പം ജീവിക്കാൻ നിർബന്ധിക്കപ്പെടുന്നു. ഇതുപോലെ തന്നെ കുടുംബവും സമൂഹവും എതിർക്കും, അല്ലെങ്കിൽ പ്രശ്നമുണ്ടാക്കും, ഒരു പക്ഷെ ജീവൻ തന്നെ പോയേക്കും എന്ന പേടിയാൽ സ്വന്തം സ്നേഹത്തെ പൂട്ടിയിട്ടിട്ടുള്ളവരുടെ കണക്കെടുത്താൽ നമ്മളിൽ മിക്കവരും അതിൽ കാണും. ഇങ്ങനെ, സ്നേഹിച്ചു എന്ന കുറ്റത്തിന് സ്വന്തം മക്കളെ പോലും കൊല്ലുകയും തല്ലുകയും ചെയ്യുന്നതും അത് പേടിച്ച് സ്നേഹത്തെ തന്നെ പൂട്ടിയിടുകയും ചെയ്യുന്ന കേരളം പോലുള്ള ഒരു അപരിഷ്‌കൃത സമൂഹത്തിൽ ജീവിക്കാൻ വേണ്ടി ഒരാൾ സ്വന്തം കാമുകിയെ ഒളിപ്പിച്ചു താമസിപ്പിക്കാൻ തീരുമാനിച്ചാൽ അതിൽ ഒട്ടും അത്ഭുതമില്ല.

ഞാൻ ആദ്യം പറഞ്ഞത് പോലെ പാലക്കാട്ടെ കഥ സത്യമാണോ ദുരൂഹമാണോ എന്നതൊന്നും എനിക്കറിയില്ല, അതെന്റെ വിഷയവുമല്ല. ആ കുട്ടികൾക്ക് ആവശ്യമായ കൗൺസലിംഗ് കൊടുക്കുക, അവർക്കിഷ്ടമുള്ളിടത്തോളം കാലം പങ്കാളികളായി സാധാരണ ജീവിതം നയിക്കാൻ അനുവദിക്കുക.
ആ കഥയുടെ സത്യവും അസത്യവും തിരയുന്നതിന് പകരം എങ്ങനെയാണ് സ്വന്തം ഇഷ്ടപ്രകാരം പങ്കാളികളെ കണ്ടെത്താനും കണ്ടെത്തുന്ന പങ്കാളികളോടൊപ്പം പേടിക്കാതെ ജീവിക്കാനും നമ്മുടെ പുതിയ തലമുറക്ക് ധൈര്യവും സ്വാതന്ത്ര്യവും അവസരവും ഉണ്ടാക്കുന്നത് എന്ന് ചർച്ച ചെയ്യാനാണ് ഈ അവസരം നമ്മൾ ഉപയോഗിക്കേണ്ടത്.

എന്നാണ് വികസിത ലോകത്ത് തികച്ചും സാധാരണമായ അത്തരം സംസ്കാരത്തിലേക്ക് നമ്മുടെ സമൂഹം വളരുന്നത്? എങ്ങനെയാണ് സ്നേഹത്തെ പൂട്ടിയിടേണ്ടാത്ത ഒരു കാലം നമുക്ക് ഉണ്ടാകുന്നത്? ആ കാലവും സമൂഹവുമാണ് ഞാൻ ആഗ്രഹിക്കുന്ന കിനാശ്ശേരി!