മദ്യപാനികളെ എന്താ തവിട് കൊടുത്തു വാങ്ങിയതാണോ?

0
210

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റ് 

മദ്യപാനികളെ എന്താ തവിട് കൊടുത്തു വാങ്ങിയതാണോ?

പെരുന്പാവൂരിലെ ബിവറേജസിൽ നിന്നാണെന്ന് പറഞ്ഞ് ഒരു വീഡിയോ കണ്ടിരുന്നു. നൂറു കണക്കിനാളുകൾ ബിവറേജ് തുറക്കാൻ മതിലിന് പുറത്ത് തിരക്ക് കൂട്ടുന്നു. കുറേ പേർ മതില് ചാടി വരുന്നു. അവസാനം അനവധി ആളുകൾ കൂട്ടമായി ഗേറ്റ് തുറന്ന് (മതിൽ പൊളിച്ച് എന്നാണ് ചിലർ പറഞ്ഞത്) ഓടിവന്ന് അടുത്തടുത്ത് ക്യൂ നിൽക്കുന്നു. ലോക്ക് ഡൌൺ കഴിഞ്ഞതിന് ശേഷമുള്ള വീഡിയോ ആണെന്നാണ് പറഞ്ഞത്. സത്യമാണോ എന്നറിയില്ല, സത്യമാകാൻ എല്ലാ സാധ്യതകളുമുണ്ട്. മഴയായാലും വെയിലായാലും കോവിഡായാലും പണി വരുന്നത് കുടിയന്മാർക്ക് തന്നെയാണ്.

Liquor Shops in Delhi: Delhi slaps 70% cess on alcohol after a day of chaos  at outlets | Delhi News - Times of Indiaമുൻപ് പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്. സ്വർണ്ണം മുതൽ പച്ചമീൻ വരെ വാങ്ങുന്നതിന് എയർ കണ്ടീഷൻ ചെയ്ത നല്ല കടകളിൽ അവസരം ഉള്ളപ്പോൾ മദ്യം വാങ്ങുന്നതിന് മാത്രം മഴയോ വെയിലോ കോവിഡോ നോക്കാതെ ക്യൂ നിൽക്കേണ്ട സാഹചര്യമാണ്.ഇതെന്താണ് ഇങ്ങനെ? മദ്യപാന ശീലം കുറച്ചുകൊണ്ടുവരിക എന്നതാണോ സർക്കാരിന്റെ നയം? അതാണ് നയമെങ്കിൽ മദ്യം വാങ്ങുന്നത് മനുഷ്യന് ബുദ്ധിമുട്ടുള്ള രീതിയിൽ ആക്കിയാൽ മദ്യപാനം കുറഞ്ഞു വരുമോ?

മദ്യപാനം കുറച്ചു കൊണ്ടുവരാനുള്ള ഏറ്റവും നല്ല രീതി ആളുകളെ മഴയത്ത് നിർത്തി ബുദ്ധിമുട്ടിക്കുന്നതാണോ? എന്തുകൊണ്ടാണ് ലോകത്തെ മറ്റ് അനവധി ഇടങ്ങളിലെ പോലെ നമുക്ക് ഇഷ്ടമുള്ള മദ്യം മാന്യമായ രീതിയിൽ വാങ്ങാനുള്ള അവസരമുണ്ടാക്കാൻ നമുക്കിനിയും സാധിക്കാത്തത്?
എന്തുകൊണ്ടാണ് മദ്യം വാങ്ങാൻ വരുന്നവരുടെ ഫോട്ടോ എടുത്ത് ചോദിക്കാതെയും പറയാതെയും പോസ്റ്റ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും? സൂപ്പർ മാർക്കറ്റിൽ പോകുന്നവരുടെ ചിത്രം അങ്ങനെ എടുക്കാൻ ആരെങ്കിലും സമ്മതിക്കുമോ? അങ്ങനെ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുന്നത് ശരിയാണെന്ന്‌ നമുക്ക് തോന്നുമോ?

എന്നാണ് മദ്യത്തിന്റെ ഉല്പാദനം, വിതരണം, ഉപഭോഗം എന്നീ വിഷയങ്ങളിൽ ആധുനികവും ആരോഗ്യകരവുമായ ഒരു മദ്യനയം നമുക്ക് ഉണ്ടാകുന്നത്?
എന്നാണ് മദ്യപാനികൾക്കും കുറച്ചു മാനുഷിക അവകാശങ്ങൾ ഒക്കെയുണ്ട് എന്ന് നമ്മൾ മനസ്സിലാക്കുന്നത്?