തലയാട്ടുന്ന കഴുതകൾ – മുരളി തുമ്മാരുകുടി എഴുതുന്നു

53

മുരളി തുമ്മാരുകുടി

തലയാട്ടുന്ന കഴുതകൾ…

രണ്ടു വർഷം മുൻപ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനം ഉൽഘാടനം ചെയ്യാൻ എന്നെ അവർ ക്ഷണിച്ചു. ചെറുപ്പം മുതൽ ദൂരെനിന്ന് കണ്ട് ഏറെ ഇഷ്ടപ്പെടുന്ന ഒരു പ്രസ്ഥാനമായതിനാൽ ഉടൻ സമ്മതിക്കുകയും ചെയ്തു.
പക്ഷെ ചിലർക്ക് അത് ഇഷ്ടപ്പെട്ടില്ല. മുരളി വലിയ സംഭവം ഒക്കെയായിരിക്കും, പക്ഷെ ‘ശാസ്ത്രജ്ഞൻ’ അല്ല എന്ന് അവർ തറപ്പിച്ച് പറഞ്ഞു. (അപ്പോഴേക്കും സാഹിത്യ അക്കാദമി അവാർഡ് രണ്ടെണ്ണം കിട്ടിയത് കൊണ്ടാകാം മുരളി ‘വെറും’ ഫേസ്ബുക്ക് എഴുത്തുകാരനാണ് അല്ലാതെ ‘ശരി സാഹിത്യകാരൻ’ ഒന്നുമല്ല എന്ന് പറയാതിരുന്നത്). കേരളത്തിൽ ഒരാൾ ശരി കമ്മ്യൂണിസ്റ്റ് ആണോ, യഥാർത്ഥ ദേശസ്നേഹി ആണോ, വാസ്തവത്തിൽ ബുദ്ധി ജീവി ആണോ, എന്നൊക്കെ തീരുമാനിക്കാൻ പ്രത്യേകം കമ്മിറ്റികൾ ഉണ്ട്. അവരുടെ തീരുമാനം അവരെ സംബന്ധിച്ചിടത്തോളം അവസാന വാക്കുമാണ്.

പക്ഷെ അവർക്ക് തെറ്റി. ഇരുപത്തി നാലാം വയസ്സിൽ (1988) എന്റെ ആദ്യത്തെ ജോലി നാഷണൽ എൻവിറോണ്മെന്റൽ എഞ്ചിനീയറിങ്ങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞൻ ആയിട്ടായിരുന്നു. അന്നത്തെ വിസിറ്റിങ് കാർഡ് കയ്യിലുണ്ട്, മണിച്ചിത്രത്താഴിലെ സണ്ണിയുടെ സ്വർണ്ണമെഡൽ പോലെ അതൊക്കെ എപ്പോൾ വേണമെങ്കിലും കാണിച്ചു കൊടുക്കുകയും ചെയ്യാം !!
ഇങ്ങനെ ശാസ്ത്രജ്ഞൻ ആയി അനവധി യുവശാസ്ത്രജ്ഞകളുടെ കൂട്ടത്തിൽ ഗവേഷണം നടത്തിയിരിക്കുന്ന സമയത്താണ് എന്റെ ബോസ് വിളിക്കുന്നത്.

“മുരളി ഈ ബോംബൈ ഹൈ ബോംബൈ ഹൈ എന്ന് കേട്ടിട്ടുണ്ടോ?”
“സാർ, ബോംബെ എന്ന് കേട്ടിട്ടുണ്ട്, ഹൈ,ഹായ്, എന്നൊക്കെയും കേട്ടിട്ടുണ്ട്. പക്ഷെ ബോംബൈ ഹൈ എന്നൊന്നും കേട്ടിട്ടില്ല.”
“ഓക്കേ, കുഴപ്പമില്ല. ഞാനും അടുത്തയിടെ കേട്ടതേ ഉള്ളൂ. ഇന്ത്യയുടെ എണ്ണ പ്രകൃതിവാതക കമ്മീഷന് അവിടെ എണ്ണ പ്ലാറ്റുഫോമുകൾ ഉണ്ട്, അതിന്റെ ഒരു പരിസ്ഥതി ആഘാത പഠനം നടത്തണം.”
ചെറുപ്പം ആയാൽ അതിന് ചില ഗുണങ്ങളുണ്ട്. അപാര ആത്മവിശ്വാസം ആയിരിക്കും. ബോംബെയും ഹൈയും കണ്ടിട്ടില്ലാത്ത ഞാൻ അപ്പഴേ സമ്മതം മൂളി.
“മുരളി അത്ര വേഗത്തിൽ ഉത്തരം പറയേണ്ട. കടലിൽ പോകണം, അതിന് മുൻപ് നാവിക സേനയുടെ കീഴിൽ വലിയ പരിശീലനങ്ങളുമുണ്ട്.”
“അതൊന്നും കുഴപ്പമില്ല സാർ.”
“പിന്നെ ഒരു കാര്യം കൂടിയുണ്ട്,”
“അതെന്താണ് സാർ”
“ഈ അസൈൻമെന്റിൽ സ്ത്രീകളെ ഉൾപ്പെടുത്താൻ പറ്റില്ല. നാവിക പരിശീലനത്തിൽ, കപ്പൽ യാത്രയിൽ പ്ലാറ്റ്ഫോമിലെ താമസത്തിൽ ഇതിനൊക്കെ സ്ത്രീകൾക്ക് നിയന്ത്രണങ്ങളുണ്ട്.” (അന്ന്).

എനിക്കന്ന് ഓഫീസിൽ ഒരു പ്രേമമുണ്ട്, അത് ബോസിനറിയാം. രാജ്യത്ത് മറ്റുള്ള പല പ്രോജക്ടിനും ഞങ്ങളെ ഒരുമിച്ചു വിടാൻ അദ്ദേഹം മഹാമനസ്കത കാണിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇത്തവണ അത് നടപ്പില്ല എന്ന് ബോസ് പറഞ്ഞത്.
അല്പം ധർമ്മസങ്കടം വന്നു. ഏതാണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന അസൈൻമെന്റ് ആണ്. പ്രേമിക്കുന്നവർക്ക് അറിയാമല്ലോ, അക്കാലത്ത് അത്രയുമൊക്കെ വിട്ടുനിൽക്കുന്നത് വലിയ സംഭവമായി തോന്നും.
“ഞാൻ എന്നാലും റെഡി സാർ, ഇതൊരു അവസരമല്ലേ”
“നന്നായി മോനെ, ഇനിയും നിന്നെ ഞാൻ നിരുൽസാഹപ്പെടുത്തുന്നില്ല,” ബോസ് എൽദോയെ ഉടൻ സിൽമേലെടുത്തു.
ഇന്ത്യയിൽ പരിസ്ഥിതി ആഘാതപഠനം നടത്താനുള്ള നിയമം കൊണ്ടുവരുന്നത് രാജീവ് ഗാന്ധിയാണ്. (പരിസ്ഥിതിയിൽ മാത്രമല്ല മറ്റനവധി രംഗങ്ങളിൽ കാലത്തിന് മുൻപേ നടന്ന നേതാവാണ് രാജീവ് ഗാന്ധി. തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിൽ അദ്ദേഹം വധിക്കപ്പെട്ടിരുന്നില്ലെങ്കിൽ ഇന്ത്യ എവിടെ എത്തുമായിരുന്നു എന്ന് ഞാൻ ചിലപ്പോൾ സ്വപ്നം കാണാറുണ്ട്). ആ നിയമം അനുസരിച്ച് ആദ്യമായിട്ടാണ് ബോംബൈ ഹൈയിൽ ഒരു പരിസ്ഥിതി ആഘാത പഠനം നടത്തുന്നത്.

ബോംബയിൽ വന്ന് ഒരാഴ്ച നാവികസേനയുടെ ട്രെയിനിങ്ങ് കേന്ദ്രത്തിൽ കടലിൽ മുങ്ങിച്ചാവാതിരിക്കാനുള്ള പരിശീലനം ഒക്കെ നൽകിയിട്ടാണ് കപ്പലിൽ കയറ്റുന്നത്. വൈകീട്ട് മൂന്ന് മണിക്ക് കപ്പലിൽ കയറുന്പോൾ പൊരിച്ച കോഴിയുടെ മണം. ഇന്ന് രാത്രി കുശാൽ എന്നൊക്കെ ഓർത്ത് സന്തോഷമായി ഇരുന്നു. കപ്പൽ ബോംബെ തീരം വിട്ടു.
പിന്നെ ഞാൻ ഓർക്കുന്നത് കപ്പലിന്റെ ഡെക്കിൽ മലർന്നു കിടക്കുന്നതാണ്. മുകളിൽ ആകാശം, കപ്പൽ ഉയരുകയും താഴുകയും ചെയ്യുന്നു. ഞാൻ ഇടക്കിടക്ക് എണീക്കുന്നുണ്ട്, എന്നിട്ട് അടുത്തിരിക്കുന്ന ബക്കറ്റിലേക്ക് ഛർദ്ദിക്കും, വീണ്ടും കിടക്കും.
“അത്താഴമായി” കപ്പലിൽ സ്ഥിരം ക്രൂ വന്നു വിളിച്ചു.
“ഓ വേണ്ട, ഞാൻ ആകാശം നോക്കി ഇവിടെത്തന്നെ കിടന്നോളം.”
(കപ്പൽ യാത്ര അന്നും ഇന്നും എനിക്ക് മാരണമാണ്).
കപ്പൽ രാത്രി മുഴുവൻ സഞ്ചരിച്ചു, ഞാൻ രാത്രി മുഴുവൻ ഛർദ്ദിച്ചു. ഒടുവിൽ കപ്പൽ എവിടെയോ നിർത്തി. ഞാൻ തലയുയർത്തി നോക്കുന്പോൾ ദീപാവലിക്ക് ചിരാത് കത്തിച്ചു വെച്ചതു പോലെ എല്ലായിടത്തും പ്രകാശം പരത്തുന്ന ഒരിടത്തെത്തി. എവിടെ നോക്കിയാലും നമ്മുടെ റിഫൈനറിയിൽ നിന്നുള്ളതു പോലെ ഉയർന്നു കത്തുന്ന ഫ്ളെയറുകൾ. മനോരഹരമായ കാഴ്ചയാണത്. (അതൊക്കെ പരിസ്ഥിതികമായി വലിയ തെറ്റാണെന്നും ആഗോള താപനം ഉണ്ടാക്കുന്നതിൽ പ്രധാനിയാണെന്നും മനസ്സിലാക്കുന്നത് പിന്നീടാണ്).

ഭാഗ്യത്തിന് രണ്ടാം ദിവസം മുതൽ എനിക്ക് കടൽച്ചൊരുക്ക് അധികം ഉണ്ടായില്ല. പതിവ് പോലെ കപ്പലിൽ കേരളത്തിൽ നിന്നുള്ള അനവധി ആളുകൾ ജോലി ചെയ്യുന്നുണ്ടായിരുന്നു, അവരെന്നെ വേണ്ടതുപോലെ പരിചരിച്ചു, കടലിൽ നിന്നും മീൻ പിടിച്ചു വറത്തു തന്നു, കഥകൾ പറഞ്ഞു. അങ്ങനെ ഒരു മാസം പോയതറിഞ്ഞില്ല. എന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ച ഒരു അസൈൻമെന്റ് ആയിരുന്നു അത്. ബോംബെ ഹൈയിലെ പഠനം കഴിഞ്ഞതോടെ ഞാൻ ഓയിൽ ഇൻഡസ്‌ട്രി വിഷയത്തിൽ ഒരു ഉസ്താദ് ആയി. ജ്വാലാമുഖി മുതൽ കാവേരി ബേസിൻ വരെ, കച്ച് മുതൽ ദിഗ്‌ബോയ് വരെയുള്ള എണ്ണപ്പാടങ്ങളിൽ, മഥുര റിഫൈനറി മുതൽ മംഗലൂരിലെ പെട്രോകെമിക്കൽ പ്ലാനറ്റ് വരെ ഇന്ത്യയിലെ എണ്ണ പ്രകൃതിവാതകവുമായി ബന്ധപ്പെട്ട് അന്നുണ്ടായിരുന്ന എല്ലാ സ്ഥാപനങ്ങളുടെയും പരിസ്ഥിതി ആഘാത പഠനം നടത്തിയ സംഘത്തിൽ ഞാൻ ഉണ്ടായിരുന്നു. ഏറെ ഇന്ത്യ കണ്ടു, ധാരാളം പഠിക്കുകയും ചെയ്തു.

പിൽക്കാലത്ത് ബ്രൂണെയിൽ ഷെൽ പെട്രോളിയം കന്പനിയുടെ പരിസ്ഥിതി പഠനവിഭാഗം തലവനായി മുപ്പത്തി ഒന്നാം വയസ്സിൽ എത്തിപ്പറ്റിയതും ഈ ബോംബൈ പരിശീലനത്തിന്റെ ബലത്തിലാണ്. പിന്നെ ഒമാനിൽ എണ്ണക്കന്പനിയിൽ എത്തി അവിടെയും നാല് വർഷം ജോലി ചെയ്തു. യുഎന്നിൽ എത്തിയിട്ടും എണ്ണയും പ്രകൃതിവാതകവും ഓയിൽ റിഫൈനറിയും എണ്ണക്കപ്പലും ഒക്കെയായി എവിടെയെല്ലാം ദുരന്തങ്ങളുണ്ടോ, അതിലൊക്കെ എത്തിച്ചേരേണ്ട ജോലി എനിക്ക് തന്നെയാണ്. ഒന്നാം ഗൾഫ് യുദ്ധത്തിൽ കുവൈറ്റിലെ എണ്ണപ്പാടങ്ങളിൽ എണ്ണൂറ് എണ്ണക്കിണറുകൾക്ക് ഇറാക്ക് തീയിട്ടിരുന്നു. അതുണ്ടാക്കിയ പരിസ്ഥിതി ആഘാതം, നൈജീരിയയിലെ ഒഗോണിലാണ്ടിൽ അൻപത് വർഷം എണ്ണയുടെ ഉത്പാദനം ഉണ്ടാക്കിയ പരിസ്ഥിതി പ്രശ്നങ്ങൾ ഇതൊക്കെ പഠിക്കാനുള്ള അവസരവും എനിക്കുണ്ടായി.

അതാണ് ഞാൻ പറയുന്നത് ജീവിതത്തിൽ ഒരു അവസരം വരുന്പോൾ വ്യക്തിജീവിതത്തിൽ കുറച്ചു ത്യാഗങ്ങൾ സഹിച്ചാണെങ്കിലും എങ്ങനെയും അതേറ്റുടുക്കണം എന്ന്. നമ്മുടെ ജീവിതം അത് മാറ്റിമറിച്ചേക്കാം.
അതൊക്കെ ശരി, ഏതോ കഴുതയുടെ കാര്യം പറഞ്ഞിരുന്നല്ലോ?
ഓ, തലക്കെട്ടിന്റെ കാര്യം മറന്നില്ല അല്ലേ. ചേട്ടന്റെ എഴുത്തിന് ഭയങ്കര ഒഴുക്കാണെന്നൊക്കെ ആളുകൾ പറഞ്ഞപ്പോൾ ഞാൻ തെറ്റിദ്ധരിച്ചു.
“അതൊക്കെ ഞങ്ങൾ ചേട്ടനെ സുഖിപ്പിക്കാൻ പറയുന്നതല്ലേ !, ചേട്ടനിനി കഴുതകളുടെ കാര്യം പറഞ്ഞിട്ട് പോയാൽ മതി”.
ഓക്കേ, ഓക്കേ, പറയാം.
“ഇന്ത്യയിലെ ഈ പെട്രോൾ വിലയുടെ പ്രശ്നം അറിയാമല്ലോ.”
“പിന്നില്ലേ, ലോകത്തെ ക്രൂഡ് ഓയിൽ വില ഏറെ കുറഞ്ഞു എന്നിട്ടും പെട്രോൾ വില കുറയുന്നില്ല. അത് വലിയ തട്ടിപ്പല്ലേ ചേട്ടാ?”
“ഇതിപ്പോൾ ആദ്യമായിട്ടാണോ?”
“എന്നൊക്കെ ചോദിച്ചാൽ…”
എന്നാൽ ഞാന്പറയാം.
1973 ൽ ശ്രീ അടൽ ബിഹാരി വാജ്‌പേയ് പാർലമെന്റിലേക്ക് ഒരു കാളവണ്ടി യാത്ര നടത്തി. അതൊരു ചരിത്രമാണ്.
“എന്തായിരുന്നു വിഷയം?”
“പെട്രോളിന്റെ (മണ്ണെണ്ണയുടെയും) വിലക്കയറ്റം”
അതിന് ശേഷം സർക്കാരുകളും പാർട്ടികളും എത്രയോ വന്നു. ഓരോന്നിന്റെയും കാലത്തും പെട്രോളിന്റെ വില കൂടി, ഓരോ കാലത്തും ഹർത്താലും സമരവും ഉണ്ടായി.
“എന്നിട്ട്?”
എന്നിട്ടെന്തുണ്ടാകാൻ. ആഗോള എണ്ണ വിപണിയിലെ അസംസ്കൃത എണ്ണയുടെ വിലയുമായിട്ടാണ് ആത്യന്തികമായി ലോകത്തെ പെട്രോൾ വില ബന്ധിക്കപ്പെട്ടിരിക്കുന്നത്. പക്ഷെ ലോകത്തെ ഓരോ രാജ്യവും പ്രട്രോളിന്റെ വില തീരുമാനിക്കുന്നത് ഓരോ തരത്തിലാണ്.

പെട്രോളിയം ഉൽപ്പാദിപ്പിക്കുന്ന ചില രാജ്യങ്ങൾ പെട്രോൾ ഉണ്ടാക്കുന്ന വിലയിലും കുറവിൽ ആ നാട്ടിൽ പെട്രോൾ വിൽക്കും. ആ രാജ്യത്ത് പെട്രോൾ ഉൽപ്പാദിപ്പിക്കുന്നതിൽ നാട്ടുകാർക്കുള്ള ഒരു ബോണസായിട്ടാണ് ആളുകൾ അത് കാണുന്നത്. നൈജീരിയ, ഇറാൻ ഒരു കാലത്ത് വെനിസ്വേല, ചില ഗൾഫ് രാജ്യങ്ങൾ, ബ്രൂണൈ ഇവയൊക്കെ പലപ്പോഴും ഈ പോളിസി പിന്തുടർന്നിട്ടുള്ളവയാണ്.
പിന്നെ ചില രാജ്യങ്ങൾ ഉണ്ട്, അമേരിക്ക പോലെ. പെട്രോൾ ഉൽപാദിപ്പിക്കാനുള്ള ചിലവും, കുറച്ചു ലാഭവും, അത്യാവശ്യം ടാക്‌സും ഉൾപ്പെടുത്തിയാണ് അവിടെ വില നിർണ്ണയിക്കുന്നത്. അതുകൊണ്ട് പെട്രോൾ വില ഏറെ കുറവ്, ആളുകൾ കൂടുതൽ വലിയ കാറുകൾ വാങ്ങുന്നു. എല്ലാവർക്കും സന്തോഷം.

പിന്നെ ഉള്ളത് ജപ്പാനും യൂറോപ്യൻ രാജ്യങ്ങളും ഒക്കെയാണ്. അവർ എണ്ണക്ക് മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നു. അതുകൊണ്ട് പെട്രോളിന് അവർ വലിയ നികുതിയാണ് ചുമത്തുന്നത്. ഇറക്കുമതി ചെയ്യുന്ന പെട്രോളിയത്തിലുള്ള ആശ്രയത്വം കുറക്കാനും നല്ല പബ്ലിക്ക് ട്രാൻസ്പോട്ട് ഉണ്ടാക്കാനും റിന്യൂവബിൾ എനർജിയിൽ ഗവേഷണത്തിന് പണം നിക്ഷേപിക്കാനുമായി അവർ ആ നികുതി ഉപയോഗിക്കുന്നു.

പിന്നെയുള്ളത് നോർവേ ആണ്. അവർക്ക് സ്വന്തമായി പെട്രോളിയം ഉല്പ്പാദനം ഉണ്ട്. പക്ഷെ അത് അവരുടെ അല്ല അടുത്ത തലമുറയുടേതാണ് എന്നാണ് അവരുടെ അഭിപ്രായം. അതുകൊണ്ട് തന്നെ നാട്ടിൽ കിട്ടുന്ന പെട്രോളിയം നാട്ടിൽത്തന്നെ റിഫൈൻ ചെയ്തതാണെങ്കിലും ലോകത്തിലെ ഏറ്റവും ഉയർന്ന പെട്രോൾ വില അവരുടെ നാട്ടിലാണ്. അങ്ങനെ ഉണ്ടാക്കുന്ന തുക അവർ അടുത്ത തലമുറക്കായി നിക്ഷേപിക്കുന്നു. നോർവെയുടെ ഈ ഫണ്ട് (ഓയിൽ ഫണ്ട്), ലോകത്തെ തന്നെ ഏറ്റവും വലിയ സോവറിൻ പെൻഷൻ ഫണ്ട് ആണ്.
അപ്പൊ നമ്മളോ?
ഇന്ത്യയിൽ പെട്രോൾ ഉണ്ടാക്കാനുള്ള പെട്രോളിയം മുഴുവൻ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യയിലെ പെട്രോൾ വില നിർണ്ണയത്തിൽ ആഗോള പെട്രോളിയം വിലക്കും ഡോളറുമായുള്ള നമ്മുടെ വിനിമയ നിരക്കിനും ഒരു പങ്കുണ്ട്. പക്ഷെ പെട്രോളിയത്തിൽ നിന്നും പെട്രോൾ ഉണ്ടാക്കുന്നതിന്റെ ചിലവോ, റിഫൈനറികളുടെയും പന്പുടമകളുടെയും ലാഭമോ മാത്രമല്ല നമ്മുടെ കയ്യിൽ നിന്നും പെട്രോൾ വിലയായി ഈടാക്കുന്നത്. പല തരത്തിലുള്ള ടാക്‌സുകൾ അതിലുണ്ട്, അത് കേന്ദ്രവും സംസ്ഥാനവും വീതിച്ചെടുക്കുന്നു. ബിവറേജസ് കോർപ്പറേഷൻ ആണ് നമ്മുടെ ഏറ്റവും വലിയ വരുമാനമാർഗ്ഗം എന്നൊക്കെ പറയാറുണ്ടെങ്കിലും കേരള സർക്കാരിന്റെ വരുമാനത്തിൽ ഒന്നാമതോ രണ്ടാമതോ സ്ഥാനം ഈ പെട്രോൾ നികുതിക്കുണ്ട്. മറ്റുള്ള എല്ലാ നികുതികളും വെട്ടിക്കുന്നത് ദേശീയ വിനോദമായ നമ്മുടെ നാട്ടിൽ സർക്കാരിന് കൃത്യമായ നിയന്ത്രണമുള്ള ഒന്നാണ് പെട്രോൾ നികുതി. കിട്ടാനുള്ള പണം കൃത്യമായി ഖജനാവിൽ വരും?

എന്നാലും ചേട്ടാ, നമ്മുടെ പെട്രോൾ വില അല്പം അന്യായമല്ലേ ?
ഇക്കാര്യത്തിൽ തീർച്ചയായും രണ്ട് അഭിപ്രായങ്ങളുണ്ട്. ഇപ്പോൾ പെട്രോളിന്റെ വിലയെപ്പറ്റി പ്രതിപക്ഷം അഭിപ്രായം പറയുന്പോൾ ഇന്നത്തെ ഭരണകക്ഷിയിലെ ആളുകൾ നിരത്തുന്ന ന്യായങ്ങൾ വായിക്കുക. എന്നിട്ട് പത്തു വർഷം പഴയ പത്രം ഗൂഗിൾ ചെയ്തു നോക്കുക. എന്നിട്ട് അന്നത്തെ പ്രതിപക്ഷം അഭിപ്രായം പറഞ്ഞപ്പോൾ അന്നത്തെ ഭരണപക്ഷം പറഞ്ഞ ന്യായങ്ങൾ നോക്കുക. രണ്ടും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കുക !
അപ്പോൾ പെട്രോൾ വില ന്യായമാണെന്നാണോ ചേട്ടന്റെ അഭിപ്രായം?
പെട്രോളിന് ന്യായം എന്നൊരു വിലയില്ല. ലോകത്തെ ഏറ്റവും കൂടിയ പെട്രോൾ വിലയും ഏറ്റവും കുറഞ്ഞ പെട്രോൾ വിലയും ഇന്ത്യയിൽ അല്ല എന്ന് പറഞ്ഞല്ലോ. പെട്രോൾ വിലയുടെ വലിയ ശതമാനം നികുതിയാണെന്നും പറഞ്ഞു. ലോകത്തെ ഏതൊരു സർക്കാരിനും നികുതി പിരിച്ചേ പറ്റൂ, ആ നികുതികൊണ്ടാണ് നമ്മൾ സ്‌കൂളും ആശുപത്രികളും റോഡുകളും ഉണ്ടാക്കുന്നത്. ആ പണം കൊണ്ടാണ് നമ്മൾ ആർമിയും പേലീസും നില നിർത്തുന്നത്. ആ പണം കൊണ്ടാണ് നമ്മൾ റോക്കറ്റ് വിടുന്നതും ഭരണ സംവിധാനം നിലനിർത്തുന്നതും.
പൊതുവെ പറഞ്ഞാൽ ഇന്ത്യയിൽ നികുതിയും നികുതി നൽകുന്നവരുടെ എണ്ണവും വികസിത രാജ്യങ്ങളെ അനുസരിച്ചു കുറവാണ്. ആളുകൾ വേണ്ട നികുതി ഒന്നും നൽകാത്തത് കൊണ്ടാണ് നമുക്ക് വേണ്ടത്ര വികസനം ഉണ്ടാകാത്തതെന്നും സർക്കാർ വേണ്ടത്ര വികസനം ഉണ്ടാകാത്തത് കൊണ്ടാണ് ആളുകൾ നികുതി നല്കാത്തതെന്നും നമുക്ക് എത്ര നാൾ വേണമെങ്കിലും ഡിബേറ്റ് ചെയ്യാം.
പക്ഷെ നമ്മുടേത് ഒരു ജനാധിപത്യ സംവിധാനമാണ്. നമുക്ക് നികുതിയായി വരുന്ന തുകയും നമ്മൾ ചിലവാക്കുന്ന തുകയും ഓരോ വർഷവും നമ്മൾ തിരഞ്ഞെടുത്ത എം എൽ എ മാരും എം പി മാരും ആണ് പരിശോധിച്ച് പാസ്സാക്കിക്കൊടുക്കുന്നത്. നമുക്ക് കിട്ടുന്ന നികുതികൾ ശരിയായി ഉപയോഗിക്കുക എന്നതാണ് പ്രധാനം. അത് നടക്കുന്നുണ്ടെങ്കിൽ നമ്മുടെ പെട്രോൾ വില ന്യായമാണ്, അത് നടക്കുന്നില്ലെങ്കിൽ പെട്രോൾ വില എത്ര കുറഞ്ഞാലും അത് നമുക്ക് ഗുണകരവുമല്ല.
അപ്പോൾ ഈ പെട്രോൾ വിലയെപ്പറ്റി ഭരണം മാറിവരുന്നതനുസരിച്ച് അഭിപ്രായം പറയുന്നവർ നേതൃത്വം പറയുന്നതനുസരിച്ചു തലയാട്ടുന്ന കഴുതകൾ ആണെന്നല്ലേ ചേട്ടൻ ഉദ്ദേശിച്ചത് ?
അല്ലേയല്ല.
കരയിലെ പഴയ എണ്ണക്കിണറുകളിൽ നിന്നും എണ്ണ പന്പ് ചെയ്യാൻ ഉപയോഗിക്കുന്ന ചെറിയ ഒരു സെറ്റ് അപ്പ് ഉണ്ട്, അതിന്റെ ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്. അതിന് ഇംഗ്ളീഷിലെ പേര് ‘nodding donkeys’ എന്നാണ്, അതിന്റെ മലയാള പരിഭാഷയാണ് തലയാട്ടുന്ന കഴുതകൾ എന്നത്. ഓയിൽ ഫീൽഡുകളിൽ പോയിട്ടുള്ളവർക്ക് ഇതറിയാം. അല്ലാതെ പുളു ആണോ എന്ന് സംശയമുള്ളവർ എന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ മതി.