കേരളത്തിൽ മേഘ വിസ്ഫോടനം ഉണ്ടായോ ?

408

Muralee Thummarukudy എഴുതുന്നു

കേരളത്തിൽ മേഘ വിസ്ഫോടനം (cloud burst)ഉണ്ടായോ ?..

Image result for cloud burstഇന്ത്യയിൽ എവിടെയെങ്കിലും ഒക്കെ പ്രളയമോ ഉരുൾ പൊട്ടലോ ഒക്കെ ഉണ്ടാകുമ്പോൾ അത് “മേഘവിസ്‌ഫോടനം”കൊണ്ടാണ് എന്ന് വാർത്തകൾ വരാറുണ്ട്. മഴമേഘങ്ങൾ ബലൂൺ പോലെ വെള്ളം നിറഞ്ഞിരിക്കുന്ന എന്തോ ആണെന്നും അത് ബലൂൺ പൊട്ടുന്ന പോലെ വള്ളം ഒരുമിച്ചു താഴേക്ക് വരുന്നു എന്നുമാണ് മേഘവിസ്ഫോടനത്തെ പറ്റിയുള്ള ആളുകളുടെ ചിന്ത.

Muralee Thummarukudy
Muralee Thummarukudy

ഈ ചിന്ത ശരിയല്ല. മേഘത്തിൽ വെള്ളമിരിക്കുന്നത് ബലൂണിൽ നിറച്ചു വച്ചിരിക്കുന്നത് പോലെയല്ല. അതുകൊണ്ടു തന്നെ സൂചികൊണ്ട് കുത്തിയത് പോലെ മേഘം പൊട്ടി വെള്ളം താഴേക്ക് ഒഴുകുന്നുമില്ല.

അതേ സമയം അതി തീവ്രതയിൽ പെയ്യുന്ന മഴക്ക് മേഘവിസ്‌ഫോടനം എന്നൊരു വാക്ക് ചിലർ ഉപയോഗിക്കാറുണ്ട് (കാലാവസ്ഥ ശാസ്ത്രജ്ഞന്മാർ അല്ല). എന്താണ് അതി തീവ്രത എന്നതിന് ആഗോളമായി ഒരു മാനദണ്ഡം ഒന്നുമില്ല. ഒരു മിനുട്ടിൽ ഒരു മില്ലിമീറ്റർ, ഒരു മണിക്കൂറിൽ നൂറുമില്ലിമീറ്റർ എന്നിങ്ങനെ പല മാനദണ്ഡങ്ങൾ പലരും ഉപയോഗിക്കുന്നു.

വാസ്തവത്തിൽ മേഘത്തിൽ വിസ്ഫോടനം ഒന്നും ഇല്ലാത്തത് കൊണ്ടും എത്ര തീവ്രത ഉള്ള മഴക്കാണ് ഈ വാക്ക് ഉപയോഗിക്കേണ്ടത് എന്നതിന് കൃത്യമായ ഒരു മാനദണ്ഡം ഇല്ലാത്തതിനാലും കാലാവസ്ഥ ശാസ്ത്രജ്ഞന്മാർ ഈ വാക്ക് പ്രയോഗിക്കാത്തതു കൊണ്ടും മാധ്യമങ്ങൾ ഈ വാക്ക് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അതി ശക്തമായി മഴ പെയ്തു എന്ന് പറയുന്നതിനപ്പുറം ഒരു അർത്ഥവും ഈ പ്രയോഗത്തിനില്ല, കുട്ടികളെ എങ്കിലും തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ഉണ്ട് താനും.

മുരളി തുമ്മാരുകുടി