Muralee Thummarukudy

സഹോദരങ്ങളുടെ മക്കളായ അഞ്ചും ആറും വയസ്സുള്ള രണ്ടു കുട്ടികൾ വീടിനടുത്തുള്ള കുളത്തിൽ മുങ്ങി മരിച്ച വാർത്തയാണ് ഇന്ന് വരുന്നത്.

ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പെൺകുട്ടിയെ രക്ഷപെടുത്താൻ ശ്രമിച്ച ലൈഫ് ഗാർഡ് മുങ്ങി മരിച്ച വാർത്ത കഴിഞ്ഞയാഴ്ചയും വന്നിരുന്നു.

ഓരോ വർഷവും ആയിരത്തിന് മുകളിൽ ആളുകൾ ആണ് മുങ്ങി മരിക്കുന്നത്. അതിൽ കുട്ടികൾ ഉണ്ട്, മുതിർന്നവർ ഉണ്ട്, നീന്തൽ അറിയാൻ പാടില്ലാത്തവർ ഉണ്ട്, നീന്തൽ വിദഗ്ദ്ധർ ഉണ്ട്. ഫ്ളാറ്റിലെ ബക്കറ്റിൽ മുതൽ കടലിൽ വരെ അത് സംഭവിക്കുന്നു.

പല പ്രാവശ്യം പറഞ്ഞ കാര്യമാണ്, എന്നാലും ഒന്ന് കൂടി പറയാം. തീ പോലെയോ ഉയരങ്ങളെ പോലെയോ സ്വാഭാവികമായി ഒരു മുന്നറിയിപ്പും നൽകുന്ന ഒന്നല്ല വെള്ളം. കുട്ടികളെ ഒക്കെ അത് മോഹിപ്പിക്കുകയും ചെയ്യും. പക്ഷെ എത്ര പരിചയം ഉള്ള ആളാണെങ്കിലും നിലവിട്ടാൽ അഞ്ചുമിനിട്ട് പോലും വേണ്ട മരണം സംഭവിക്കാൻ.

വെളളത്തിനടുത്ത് കുട്ടികളെ എപ്പോഴും സൂപ്പർവൈസ് ചെയ്യുക, അറിവാകുന്ന പ്രായത്തിൽ തന്നെ ജല സുരക്ഷയെ പറ്റി പറഞ്ഞു കൊടുക്കുക, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ വെള്ളത്തിൽ പോകാതിരിക്കുക, ഒരു കാരണവശാലും സ്വയ രക്ഷ നോക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങാതിരിക്കുക ഇങ്ങനെയുള്ള തത്വങ്ങൾ സ്ഥിരമായി പാലിക്കുക എന്നത് മാത്രമാണ് മുങ്ങി മരണങ്ങൾ കുറക്കാനുള്ള പോം വഴി.

ഒരു പതിറ്റാണ്ടിലേറെ പ്രവർത്തി പരിചയം ഉള്ള, അനവധി ആളുകളെ മുങ്ങി മരണത്തിൽ നിന്നും രക്ഷിച്ച, ഒരാളും മരണപ്പെട്ട സാഹചര്യത്തിൽ ലൈഫ് ഗാർഡുകൾക്ക് നൽകുന്ന പരിശീലനം, വ്യക്തസുരക്ഷാ ഉപകരണങ്ങൾ, അപകട സമയത്ത് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന നിർദ്ദേശങ്ങൾ ഇവയൊക്കെ ഒന്ന് കൂടി പരിശോധിക്കണം. പോരാത്തതിന് സ്വിമ്മിങ്ങ് പൂള് തൊട്ട് കടൽ തീരത്ത് വരെ കാവൽ നിൽക്കുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ നിർബന്ധം ആക്കണം.

കേരളത്തിൽ ഒരു വർഷം എത്ര ആളുകൾ മുങ്ങി മരിക്കുന്നുണ്ട് എന്ന കണക്ക് ആയിരത്തി തൊള്ളായിരത്തി അറുപത്തി ഏഴു മുതൽ രണ്ടായിരത്തി പതിനഞ്ചു വരെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷെ ഇപ്പോൾ ആ വിവരങ്ങൾ ലഭ്യമല്ല. ഈ വിവരം കേരളത്തിലെ സംവിധാനങ്ങളിൽ നിന്നാണ് മുകളിലേക്ക് പോകേണ്ടത്, പക്ഷെ കേരളത്തിൽ എവിടെയാണ് ഈ വിവരം ഉള്ളതെന്ന് ഞാൻ അന്വേഷിക്കാത്ത സ്ഥലമില്ല. “പനിക്ക് ചികിത്സ അറിയില്ലെങ്കിൽ രോഗിയുടെ ചൂട് പരിശോധിക്കരുത്” എന്നൊരു ചൊല്ലുണ്ട്. ഏതാണ്ട് അതുപോലെ ആണ് കാര്യങ്ങൾ.

ആയിരത്തിൽ ഒരുവൻ (അല്ലെങ്കിൽ ഒരുവൾ) ആകാതെ നോക്കുക. കുടുംബത്തോടും പറയുക, സുരക്ഷിതരായിരിക്കുക.

മുരളി തുമ്മാരുകുടി

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.