അപ്പോൾ ചലോ പോളിംഗ് ബൂത്ത്, ബാക്കി എല്ലാം പറഞ്ഞ പോലെ…

549

Muralee Thummarukudy എഴുതുന്നു

ജനാധിപത്യത്തിലെ ഉത്സവം.

ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ആണ് ജനിച്ചത്. അഞ്ചാം ക്‌ളാസിൽ മുതൽ സ്‌കൂളിൽ ക്‌ളാസ്സ് റെപ്രസെന്ററിവീവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മുതൽ വോട്ട് ചെയ്ത് തുടങ്ങിയതാണ്. ജനാധിപത്യം ആഴത്തിൽ വേരോടിയിട്ടുള്ള ഒരു സംസ്ഥാനം ആണ് കേരളം. പഞ്ചായത്ത് മുതൽ പാർലിമെന്റ് വരെ, റെസിഡന്റ് അസോസിയേഷൻ മുതൽ സഹകരണ സംഘം വരെ ജനാധിപത്യപരമായാണ്

Muralee Thummarukudy

തിരഞ്ഞെടുപ്പുകൾ നടക്കുന്നത്. ജനാധിപത്യം ഇല്ലാത്ത മറ്റനവധി രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്, അതിൻ്റെ എല്ലാം ഗുണദോഷ ഫലവും അറിഞ്ഞിട്ടുണ്ട്. എന്നാലും പൊതുവിൽ ഇപ്പോഴും ജനാധിപത്യ വിശ്വാസി തന്നെയാണ്.

അമ്മാവൻ രാഷ്ട്രീയ പ്രവർത്തകൻ ആയിരുന്നതിനാൽ തിരഞ്ഞെടുപ്പ് കാലം എന്നും ആഘോഷം ആയിരുന്നു. തൊള്ളായിരത്തി എഴുത്തുപതി ഒന്നിൽ എം കെ കൃഷ്ണന്റെ പോസ്റ്റർ വരെ വീട്ടിൽ കൊണ്ടുവന്നതും പ്രവർത്തകർ വന്നു വീതം വച്ച് കൊണ്ടുപോകുന്നതും ഒക്കെ ഓർക്കുന്നുണ്ട്. പിന്നെ അടിയന്തിരാവസ്ഥക്ക് ശേഷം പെരുമ്പാവൂരിൽ പി ആർ ശിവൻ ആയിരുന്നു സ്ഥാനാർഥി. അന്നാണ് ആദ്യമായി തിരഞ്ഞെടുപ്പ് സമ്മേളനങ്ങൾക്ക് പോകുന്നത്. എം വി ആർ മുതൽ ഇ എം എസ് ഉൾപ്പടെ ഉള്ളവരുടെ രാഷ്ട്രീയ പ്രസംഗങ്ങൾ, പതിനായിരക്കണക്കിന് ആളുകൾ ഉൾപ്പെട്ട റാലി, മുദ്രാവാക്യം വിളി, എല്ലാം കൂടി ഏറെ ഉത്തേജിതമായ അന്തരീക്ഷം ആണ്.

അന്ന് മുതൽ നാട്ടിൽ ഉള്ളപ്പോൾ ഒക്കെ രാഷ്ട്രീയ സമ്മേളനങ്ങൾ ഉണ്ടെങ്കിൽ പോയി കാണും. സാധാരണഗതിയിൽ ആളുകൾ അവർ വിശ്വസിക്കുന്ന പാർട്ടികളുടെ മീറ്റിംഗിന് മാത്രമേ പോകാറുള്ളൂ, അതുകൊണ്ടു തന്നെ അവർ ചിന്തിക്കുന്നതിന് അനുകൂലമായ ചിന്തകൾ മാത്രമേ പ്രസംഗങ്ങളിലൂടെ അവർക്ക് ലഭിക്കുന്നുള്ളൂ. പക്ഷെ ഇരു ഭാഗത്തേയും ശ്രദ്ധിക്കുന്ന പരിപാടി ഞാൻ ആനി തുടങ്ങി. രാഷ്ട്രീയ രംഗത്ത് ഇരുഭാഗത്തും ഉള്ളവരുടെ പ്രസംഗങ്ങൾ കേൾക്കാൻ ഞാൻ പോയിട്ടുണ്ട്. കോതമംഗലത്ത് പഠിക്കുന്ന കാലത്ത് ശ്രീ ജോർജ്ജ് ജോസഫ് മുണ്ടക്കലിന്റെ തിരഞ്ഞെടുപ്പ് സമ്മേളനങ്ങളിൽ പോകും. കെ എം മാണി മുതൽ ബാലകൃഷ്ണ പിള്ള വരെ ഉളളവരുടെ പ്രസംഗങ്ങൾ ശ്രദ്ധിക്കും.

തൊള്ളായിരത്തി എൺപത്തി ആറിൽ കേരളത്തിൽ നിന്നും പോന്നതിൽ പിന്നെ അധികം സമ്മേളനങ്ങൾ കാണാനും പങ്കെടുക്കാനും പോകാറില്ല. ആഗ്രഹത്തിന്റെ കുറവല്ല. വടക്കേ ഇന്ത്യയിൽ രാഷ്ട്രീയ സമ്മേളനങ്ങൾ അക്കാലത്ത് കേരളത്തിലെ പോലെ അല്ല. ബാബ്‌റി ഏതൊരു സമ്മേളനത്തിലും അക്രമങ്ങൾ ഒക്കെ ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ട് കാൺപൂരിലെ സമ്മേളനങ്ങളിൽ ആളുകളെ പേടിപ്പിക്കാൻ വേണ്ടി തോക്കുമായി വരുന്നത് മുതൽ പാമ്പിനെ തുറന്നു വിടുന്നത് വരെ ഉള്ള സംഭവങ്ങൾ അസാധാരണം അല്ലായിരുന്നു. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പ് കാലത്ത് കാമ്പസിന് പുറത്തു പോകാറില്ല. കാമ്പസിനകത്തേക്ക് ആരും വരാറുമില്ല.

തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിൽ ഇന്ത്യയിൽ നിന്നും പോയതിൽ പിന്നെ അപൂർവ്വമായേ തിരഞ്ഞെടുപ്പ് കാലത്ത് നാട്ടിൽ ഉണ്ടാകാറുള്ളൂ. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പ് രംഗം ദൂരെ നിന്നും വീക്ഷിക്കാനേ പറ്റാറുള്ളൂ. ഇത്തവണ തിരഞ്ഞെടുപ്പ് കാലത്ത് കുറച്ചു നാൾ നാട്ടിൽ ഉണ്ടാകണം എന്നും കുറച്ചു തിരഞ്ഞെടുപ്പ് സമ്മേളനങ്ങൾ കാണണം എന്നും പ്രസംഗങ്ങൾ ഒക്കെ കേൾക്കണം എന്നുമൊക്കെ ആഗ്രഹിച്ചിരുന്നതാണ്. സത്യത്തിൽ എനിക്ക് തിരഞ്ഞെടുപ്പ് കാലം ഉത്സവം പോലെ ആണ്. പള്ളിപ്പെരുന്നാളിനും അമ്പലത്തിലെ പൂരത്തിനും പോകുന്ന പോലെ ഉള്ള താല്പര്യമാണ്. പ്രത്യേകിച്ചും സുഹൃത്തുക്കൾ ആയ ഏറെ ആളുകൾ ഒക്കെ തിരഞ്ഞെടുപ്പ് രംഗത്ത് ഉള്ളതിനാൽ ഇത്തവണ കുറച്ചു കൂടി ആവേശം ഉണ്ട്. പക്ഷെ സമയക്കുറവ് കാരണം അത് സാധിച്ചില്ല. ആളുകൾ ഒക്കെ തിരിച്ചറിഞ്ഞു തുടങ്ങിയതിനാലും ആശാൻ എന്ത് പറഞ്ഞാലും പത്രക്കാർ വാർത്ത ആക്കുമെന്നതിനാലും സമ്മേളനങ്ങളിൽ മുൻകാലത്തെ പോലെ നിൽക്കാനും ബുദ്ധിമുട്ടാണ്. അല്പം നോക്കിയും കണ്ടും വേണം സമ്മേളന സ്ഥലത്ത് നിൽക്കാൻ, അല്ലെങ്കിൽ പണി പാളും.

പക്ഷെ ഇതൊക്കെ ആണെങ്കിലും ഇത്തവണയും കുറച്ചു സമയം തിരഞ്ഞെടുപ്പ് ഉത്സവം കാണാൻ ഞാൻ സമയം കണ്ടെത്തി. കോട്ടക്കൽ ഒരു പരിപാടി കഴിഞ്ഞു കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ്, ആലത്തൂരിലെ സ്ഥാനാർഥി രമ്യ ഹരിദാസിൻ്റെ പ്രോഗ്രാം ആണ്.എൻ്റെ സുഹൃത്ത് ശ്രീ Js Adoor രമ്യയെ പറ്റി എഴുതിയ സമയം മുതൽ ശ്രദ്ധിക്കുന്ന സ്ഥാനാർത്ഥിയാണ്. നേതൃരംഗത്തേക്ക് യുവാക്കളും സ്ത്രീകളും ഒക്കെ വരണമെന്ന് ഞാൻ എപ്പോഴും പറയാറുണ്ടല്ലോ, അതുകൊണ്ട് തന്നെ നേരിട്ട് അറിയില്ലെങ്കിലും എനിക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയാണ്. ബന്ധു ബലം കൊണ്ടല്ല, സ്വന്തം കഴിവ് കൊണ്ട് ഉയർന്നു വന്ന സ്ഥാനാർത്ഥിയാണ്, ജനാധിപത്യം എന്നൊരു സംവിധാനം ഉള്ളത് കൊണ്ട് മാത്രമാണ് ഇത്തരം ഒരു ബാക്ക്ഗ്രൗണ്ടിൽ നിന്നുള്ള ഒരാൾ സ്ഥാനാർഥി പോലും ആകുന്നത്. ഇതൊക്കെ ജനാധിപത്യത്തിൽ എനിക്ക് വിശ്വാസം നില നിൽക്കാനുള്ള കാര്യങ്ങൾ ആണ്.

തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികൾ ഓട്ടത്തോട് ഓട്ടമാണ്. ഒരു സ്ഥലത്തും അഞ്ചോ പത്തോ മിനുട്ട് മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ വാട്സ്ആപ്പിൽ ലൊക്കേഷൻ ഇട്ട് പുറകേ കൂടിയിട്ടും രണ്ടുമണിക്കൂർ എടുത്തു എത്തിപ്പിടിക്കാൻ. മുട്ടിന് മുട്ടിന് സ്വീകരണം ഉണ്ട്. എല്ലാ കവലകളിലും ആൾക്കൂട്ടം ഉണ്ട്. ഒടുവിൽ സ്ഥാനാർഥി വന്നു, അഞ്ചു മിനുട്ട് നന്നായി സംസാരിച്ചു, രാഷ്ട്രീയം തന്നെയാണ് വിഷയം. ഞാൻ നേരിട്ട് കണ്ടു പരിചയപ്പെട്ടു. രാത്രി വിമാനത്തിന് സമയം ആയതിനാൽ വലിയ സമ്മേളനത്തിന് നിൽക്കാൻ സമയം കിട്ടിയില്ല, വമ്പൻ നേതാക്കളുടെ പ്രസംഗം കേട്ടുമില്ല.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കേരളത്തിൽ അവസാനിക്കുകയാണ്. മറ്റന്നാൾ വോട്ടെടുപ്പ്. ഇന്ത്യയുടെ ശരാശരിയിലും ഏറെ മുകളിൽ വോട്ട് ചെയ്യുന്നവർ ആണ് മലയാളികൾ, അത് ഈ വർഷവും തുടരട്ടെ. ലോകത്തെമ്പാടും ജനാധിപത്യം വെല്ലുവിളികൾ നേരിടുന്ന കാലമാണ്. ഏറെ പാരമ്പര്യം ഉള്ള ജനാധിപത്യ രാജ്യങ്ങളിൽ യുവാക്കൾ അൻപത് ശതമാനം പോലും വോട്ട് ചെയ്യുന്നില്ല, ജനാധിപത്യ രീതിയെ വിദേശത്തിരുന്നു പോലും മാനിപ്പുലേറ്റ് ചെയ്യാം എന്ന് തെളിഞ്ഞിരിക്കുന്നു. പോപ്പുലർ ആയ നയങ്ങളും തീവ്രവാദ ആശയങ്ങളും മുട്ടൻ നുണകളും പറഞ്ഞു ആളുകൾ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരം പിടിച്ചെടുക്കുന്നു. ജനാധിപത്യപരമായി ജയിച്ചു വന്ന നേതാക്കൾ മറ്റു ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്നു. ജനാധിപത്യം താഴെ തട്ടിലുള്ള ആളുകൾക്ക് യഥാർത്ഥത്തിൽ ഗുണകരമാണോ, ആളുകളെ നുണപ്രകാരണത്തിലൂടെ, തീവ്രവാദ പ്രചാരണത്തിലൂടെ ഒക്കെ മാറ്റാൻ പറ്റുന്ന ലോകത്ത് ഒരാൾക്ക് ഒരു വോട്ട് എന്ന സംവിധാനം നല്ലതാണോ എന്നൊക്കെ ആളുകൾ ഗൗരവമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

ഇതുകൊണ്ടൊക്കെ തന്നെ നമ്മുടെ ജനാധിപത്യ പ്രക്രിയയിൽ മലയാളികൾ പൂർണ്ണമായും പങ്കു ചേരേണ്ടതും സ്വതന്ത്രമായി ചിന്തിച്ചും അപഗ്രഥിച്ചും സമ്മതിദാന അവകാശം ഉപയോഗിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. മറ്റു പലതും പോലെ ജനാധിപത്യത്തിന്റെയും ഒരു തുരുത്തായി നമുക്ക് നില നിൽക്കണം, കാരണം ജനാധിപത്യം ഇല്ലെങ്കിൽ പിന്നെ നാം അറിയുന്ന കേരളം ഇല്ല. ജാതിയും മതവും, വർഗ്ഗവും വർണ്ണവും, രാജാവും രാജ്ഞിയും, പ്രാദേശികതയും പണവും ഒക്കെ നാം ചിന്തിക്കുന്നതിലും വേഗത്തിൽ നമ്മുടെ സമൂഹത്തെ കീഴടക്കും, കീറി മുറിക്കും. അതനുവദിക്കരുത്. നമ്മുടെ നേതാക്കൾ നമ്മളിൽ നിന്നും ഉയർന്നു വരണം. ജനാധിപത്യ ഉത്സവങ്ങൾ നമുക്ക് ഇനിയും വേണം.

അപ്പോൾ ചലോ പോളിംഗ് ബൂത്ത്, ബാക്കി എല്ലാം പറഞ്ഞ പോലെ..

മുരളി തുമ്മാരുകുടി