തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ എങ്ങനെ രക്ഷപ്പെടുത്താം ? (video)

287
Muralee Thummarukudy

ഒഴിവാക്കാവുന്ന മരണങ്ങൾ..!

ഒരു വർഷം പതിനായിരത്തോളം ആളുകളാണ് കേരളത്തിൽ അപകടങ്ങളിൽ മരിക്കുന്നത്. അതിൽ നാലായിരത്തിൽ കൂടുതലും റോഡപകടമാണ്. ആയിരത്തിന് മുകളിൽ ആളുകൾ മുങ്ങി മരിക്കുന്പോൾ റെയിൽ പാളങ്ങളിൽ മരിക്കുന്നത് അഞ്ഞൂറിലേറെ പേർ. പാന്പുകടിച്ചും ആന കുത്തിയും ആളുകൾ മരിക്കുന്നു.

ഈ അപകടങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ നൂറിൽ തൊണ്ണൂറ്റി ഒന്പതും ഒഴിവാക്കാവുന്നതായിരുന്നു എന്ന് മനസ്സിലാകും. അല്പം അറിവ്, അല്പം പരിശീലനം, കുറച്ചു ശ്രദ്ധ എന്നിവയുടെ നിസ്സാരമായ കുറവുകൾ ഒന്നിന് പുറകെ ഒന്നായി വരുന്പോളാണ് അപകടമുണ്ടാകുന്നത്.

മൂന്നു വർഷം മുൻപ് ഒരു ലേഡി ഡോക്ടർ തൃശൂരിലെ മാളിൽ ഫുഡ് കോർട്ടിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ച സംഭവമുണ്ടായി. ഭക്ഷണം തൊണ്ടയിൽ കുടുങ്ങുന്നവരെ രക്ഷപ്പെടുത്താനുള്ള പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഡോക്ടർമാർ. ഡോക്ടർമാരാണ് കുഴപ്പത്തിലാകുന്നതെങ്കിൽ ആരാണവരെ രക്ഷപ്പെടുത്തുക?

തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയ സാഹചര്യത്തിൽ ആളുകളെ രക്ഷപ്പെടുത്തുന്ന മാർഗ്ഗമായ Heimlich – maneuver, Hforh Helpforhelpless Hforh നടത്തുന്ന സുരക്ഷാ പരിശീലനത്തിന്റെ ഭാഗമാണ്. ഈ പരിശീലനം നേടി നടത്തി വീട്ടിൽ ചെന്നാലുടൻ വീട്ടിലുള്ളവരേയും ഇത് പഠിപ്പിക്കണമെന്നാണ് ഞങ്ങൾ പരിശീലിപ്പിക്കപ്പെടുന്നവരോട് ആദ്യം പറയുന്നത്. എന്നാലേ അവർക്ക് രക്ഷപെടാൻ മാർഗ്ഗമുള്ളൂ.

മരിച്ച ലക്ഷ്മിയുടെ കുടുംബവും സുഹൃത്തുക്കളും ചേർന്ന് ഈ വിഷയത്തിൽ താല്പര്യവും കഴിവും വർദ്ധിപ്പിക്കാനായി ഒരു ഷോർട്ട് ഫിലിം നിർമ്മിച്ചിട്ടുണ്ട്. ഏറ്റവും വേണ്ടപ്പെട്ടവർ നഷ്ടപ്പെട്ട ദുഃഖത്തെ സമൂഹത്തിന് നന്മ ചെയ്യാനും ഇനി അത്തരം ഒരു സാഹചര്യം മറ്റാർക്കും ഉണ്ടാകാതെ നോക്കാനുമുള്ള അവസരമാക്കി മാറ്റുന്ന മാനസികാവസ്ഥ വളരെ ഉദാത്തമാണ്. അവരെ അഭിനന്ദിക്കുന്നു. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചവരേയും.

അല്പം നീണ്ടതാണ് (ഇരുപത് മിനുട്ട്), എന്നാലും കണ്ടു നോക്കണം. ലക്ഷ്മിയുടെ മാതാപിതാക്കൾക്ക് വേണ്ടി ഒരു നല്ല വാക്ക് കമന്റ് ചെയ്യണം, മറ്റുള്ളവർക്ക് ഉപകാരപ്പെടാൻ ഷെയർ ചെയ്യണം. ഇനി ഒരു ലക്ഷ്മി ഉണ്ടാകരുത്, അതിന് ബന്ധുക്കൾ ഇത്രമാത്രം ചെയ്യുന്പോൾ നമുക്കാവുന്നത് നമ്മളും ചെയ്യേണ്ടേ?

video

സുരക്ഷിതരായിരിക്കുക…
മുരളി തുമ്മാരുകുടി