Share The Article

എഴുതിയത്  : Muralee Thummarukudy

എല്ലാവരും എൻജിനീയർമാർ ആകുന്ന ദിവസം

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായിരുന്ന എൻജിനീയർ ആയ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനം ആയ സെപ്റ്റംബർ പതിനഞ്ച് ഇന്ത്യയിൽ എൻജിനീയർമാരുടെ ദിനമായി ആചരിക്കുന്നുണ്ട്. മറ്റു ചില രാജ്യങ്ങളിലും എഞ്ചിനീയേഴ്‌സ് ഡേ ഒക്കെ ഉണ്ട്, അതൊക്കെ വേറെ ദിവസങ്ങളിൽ ആണ്.
എഞ്ചിനീയറിങ്ങ് കോളേജിൽ പോയി എന്ജിനീയറിങ്ങ് പാസ്സായതിനാൽ എൻജിനീയർ ആണെന്ന് എനിക്ക് വേണമെങ്കിൽ പറയാം. പക്ഷെ ജീവിതത്തിൽ ഒരിക്കലും ഒരു “എൻജിനീയർ” പദവിയിൽ ഇരുന്നിട്ടില്ല. സിവിൽ എൻജിനീയർ ആണെങ്കിലും ഒരു കോഴിക്കൂട് പോലും പണിതിട്ടും ഇല്ല (അതിനൊക്കെ അമേരിക്കയിൽ വേറെ ആളുണ്ട് Ranjith Antony !).

പക്ഷെ എഞ്ചിനീയറിങ്ങ് എന്നത് ഒരു പഠന വിഷയത്തിനപ്പുറം ഒരു ജീവിത വീക്ഷണം ആണെന്നാണ് എൻ്റെ വിശ്വാസം. അടിസ്ഥാനമായി പ്രശ്നങ്ങൾക്ക് പരിഹാരം കാണൽ ആണ് എൻജിനീയറുടെ ജോലി. ഒരാൾ കുഴിയിൽ കിടക്കുന്ന കണ്ടാൽ എങ്ങനെ അയാളെ ഏറ്റവും വേഗത്തിൽ കുഴിയിൽ നിന്നും മുകളിൽ കയറ്റാം എന്നാണ് ഒരു എൻജിനീയർ ചിന്തിക്കുന്നത് അല്ലാതെ അയാൾ എങ്ങനെ വീണു എന്നതിന്റെ അപഗ്രഥനം അല്ല. അതുകൊണ്ടു തന്നെ നിങ്ങൾ കുഴിയിൽ വീണാൽ ആ വഴിയിൽ കൂടെ ഒരു എൻജിനീയർ നടന്നുവരുന്നതാണ് ഒരു തത്വശാസ്ത്രക്കാരനോ ശാസ്ത്രഞ്ജനോ നടന്നു വരുന്നതിലും നല്ലത്. ഇത് റോഡിലെ കുഴിയിൽ മാത്രമല്ല ജീവിതത്തിലെ കുഴിയിൽ വീഴുന്ന ആളുകളുടെ കാര്യത്തിലും ശരിയാണ്. ഇത്തരത്തിൽ ചിന്തിക്കുന്ന ആരും എൻജിനീയർമാർ ആണ്. എഞ്ചിനീയറിങ്ങ് കോളേജുകൾ ഉണ്ടാകുന്നതിന് മുൻപും എൻജിനീയർമാർ ഉണ്ടായിരുന്നു. എഞ്ചിനീയറിങ്ങ് കോളേജുകളിൽ പോകുന്ന എല്ലാവരും എഞ്ചിനീയറിങ്ങ് മൈൻഡ്‌സെറ്റ് ആർജ്ജിക്കുന്നുമില്ല. ആ അർത്ഥത്തിൽ ഞാൻ അന്നും ഇന്നും എൻജിനീയർ തന്നെയാണ്. എത്ര ബുദ്ധിമുട്ടുള്ള വിഷയം മുന്നിൽ വന്നാലും അതിലെ ബുദ്ധിമുട്ടുകൾ അല്ല പ്രശ്നപരിഹാരം ആണ് എൻ്റെ ഫോക്കസ്.

ഞാൻ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കാലത്ത് കേരളത്തിൽ ആറ് എഞ്ചിനീയറിങ്ങ് കോളേജാണ് ഉള്ളത്, ഇന്നത് നൂറിന് മുകളിൽ ആയി. അതുകൊണ്ടു തന്നെ “ഇപ്പോൾ കേരളത്തിൽ ആവശ്യത്തിൽ കൂടുതൽ എഞ്ചിനീയറിങ്ങ് കോളേജുകൾ ഉണ്ട്”എന്ന തരത്തിൽ ഉള്ള ചർച്ചകൾ കാണാറുണ്ട്. അതിൽ വലിയ കാര്യം ഒന്നുമില്ല. അന്നും ഇന്നതും കേരളത്തിൽ എഞ്ചിനീയറിങ്ങ് പഠിച്ചുവരുന്നവരിൽ ഭൂരിഭാഗവും കേരളത്തിന് പുറത്താണ് ജോലി ചെയ്യുന്നത്, അപ്പോൾ കേരളത്തിൽ എത്ര എഞ്ചിനീയറിങ്ങ് കോളേജ് ഉണ്ടെന്നുള്ളത് ലോകത്തെ എഞ്ചിനീയർമാരുടെ തൊഴിൽ സാധ്യതയെ വർദ്ധിപ്പിക്കുന്നൊന്നുമില്ല. മറ്റനവധി ഡിഗ്രികളെ അപേക്ഷിച്ച് ആഗോളമായി കൂടുതൽ പോർട്ടബിൾ ആയിട്ടുള്ളത് എഞ്ചിനീയറിങ്ങ് ഡിഗ്രി ആണ്, അതുകൊണ്ടു തന്നെ ലോകമാണ് നമ്മുടെ തൊഴിൽ കമ്പോളമായി എൻജിനീയർമാർ കാണേണ്ടത്.

പക്ഷെ ലോകത്തെ എഞ്ചിനീയറിങ്ങ് തൊഴിൽ കമ്പോളം ഏറെ മാറുകയാണ്. നിർമ്മിത ബുദ്ധിയും റോബോട്ടിക്‌സും എല്ലാം എഞ്ചിനീയർമാർക്ക് പുതിയ അവസരങ്ങളും വെല്ലുവിളികളും ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. ഫോസിൽ ഇന്ധനങ്ങളിൽ നിന്നും മറ്റുള്ള ഊർജ്ജ സ്രോതസ്സുകളിലേക്ക് അതിവേഗം മാറേണ്ടി വരുന്നത്, ഡ്രൈവർ ഇല്ലാതെ ഓടുന്ന വാഹനങ്ങൾ വരുന്ന കാലത്ത് റോഡുകളുടെ നിർമ്മാണം, ആകാശം നിറയെ ഡ്രോണുകൾ ഉള്ള കാലത്ത് നഗരത്തിലെ ആകാശം സുരക്ഷിതമാക്കേണ്ടത്, സൂയിസൈഡ് ബൊംബാർമാരായി റോബോട്ടുകൾ വരുന്നത്, ലോകത്ത് ഏതെങ്കിലും ഒരു കോണിൽ ഇരുന്നു മറ്റൊരു രാജ്യത്തെ മൊത്തം വൈദ്യുതി വിതരണം ഹാക്ക് ചെയ്തു രാജ്യത്തെ നിശ്ചലമാക്കാൻ പറ്റുന്നത് എന്നിങ്ങനെ നാളത്തെ എൻജിനീയർമാർ പരിഹരിക്കേണ്ട ഏറെ പ്രശ്നങ്ങൾ ഉണ്ട്. ഇതൊന്നും കഴിഞ്ഞ നൂറ്റാണ്ടിലെ സിലബസും ആയി പഠിച്ചാൽ നമുക്ക് കൈകാര്യം ചെയ്യാൻ പറ്റില്ല. എങ്ങനെയാണ് നാളത്തെ പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിവുള്ള എൻജിനീയർമാരെ പരിശീലിപ്പിച്ചെടുക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. അതിന് നാം ഇപ്പോൾ തയ്യാറൊന്നുമല്ല, അതുകൊണ്ടു തന്നെ എഞ്ചിനീയറിങ്ങ് കോളേജുകളുടെ എണ്ണം നൂറിൽ നിന്നും ആറായാലും നമ്മുടെ തൊഴിൽ പ്രശ്നങ്ങൾ തീരാൻ പോകുന്നുമില്ല.

,എല്ലാ മലയാളികളും പ്രശ്നങ്ങൾ നമ്മുടെ പ്രശ്നങ്ങളെ പറ്റി പര്സപരംപറയുകയും അതിന് ആരെയെങ്കിലും കുറ്റപ്പെടുത്തുകയും ചെയ്യുന്ന കാലം കഴിഞ്ഞു നമുക്കുള്ള പ്രശ്നങ്ങൾ നമുക്കുള്ള വിഭവങ്ങൾ വച്ച് എങ്ങനെ പരിഹരിക്കാം എന്ന എഞ്ചിനീയറിങ്ങ് മൈൻഡ് സെറ്റ് ഉള്ളവരായി തീരുന്ന കിനാശ്ശേരിയാണ് ഞാൻ സ്വപ്നം കാണുന്നത്.

എല്ലാവർക്കും എഞ്ചിനീയറിങ്ങ് ദിന ആശംസകൾ.
മുരളി തുമ്മാരുകുടി

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.