പങ്കാളി മരിച്ച വൃദ്ധർക്ക് സമപ്രായക്കയോട് ഒത്തുകൂടാനുള്ള സംവിധാനമാണ് ‘പകൽ വീടുകൾ’. വളരെ നല്ലൊരു ആശയമാണ്. കാരണം ജീവിതത്തിന്റെ സായാഹ്നത്തിലെ ഇരുട്ടിനെ ഒരുപരിധി വരെ അകറ്റാൻ അത് ഉപകരിക്കും. വൃദ്ധർ അധികപ്പറ്റാകുന്ന വീടുകൾ അനവധിയാണ്. ആരുടെയും ദുർമുഖം കാണാതെ തന്റെ കാര്യം നോക്കി ജീവിക്കാനും വാർദ്ധക്യത്തിലെ നിരാശകളെയും ഏകാന്തതയെയും മറികടക്കാനും സാധിക്കുന്നു. എന്നാൽ ഈ പകൽ വീടുകളിൽ ചില പ്രണയങ്ങളൊക്കെ ഉണ്ടാകുന്നുണ്ട് കേട്ടോ. പ്രണയത്തിനു പ്രായമില്ലല്ലോ. പകൽ വീട് സന്ദർശിച്ച ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വകുപ്പിലെ ദുരന്തനിവാരണ വിഭാഗം മേധാവിയായിരുന്ന മലയാളി മുരളി തുമ്മാരുകുടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന കുറിപ്പ് വായിക്കാം

മുരളി തുമ്മാരുകുടി

അപ്പന്റെ പ്രേമം, അത് നമുക്ക് കലക്കണം !!!

ഇത്തവണ നാട്ടിൽ വന്നിട്ട് അനവധി സ്ഥാപനങ്ങൾ സന്ദർശിച്ചു, അംഗൻവാടി മുതൽ ജയിൽ വരെ, കൃഷിത്തോട്ടം മുതൽ ടൂറിസ്റ്റ് ഇൻഫോർമേഷൻ സെന്റർ വരെ. ഓരോ സ്ഥലത്തും അതിലെ ജീവനക്കാർ, കുട്ടികൾ, അന്തേവാസികൾ, നടത്തിപ്പുകാർ എന്നിവരോടെല്ലാം സംസാരിക്കും. എല്ലായിടത്തുനിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകും, എല്ലായിടത്തും എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകുവാനും. ഏതൊരു യാത്രയും വിദ്യാഭ്യാസമാണ്.

ഈ സന്ദർശനങ്ങളിൽ ഇത്തവണ എന്നെ ഏറെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തത് ഒരു പകൽ വീട് സന്ദർശനമാണ്. കേരളത്തിൽ പ്രായമായി വരുന്നവരുടെ എണ്ണം കൂടുന്നു. അവരുടെ പങ്കാളികൾ മരിച്ചു പോകുന്നതോടേയും മക്കൾ ജോലിക്ക് പോകുന്നതിനാലും അവർക്ക് വലിയ ഏകാന്തതയാണ് അനുഭവപ്പെടുന്നത്. അതുണ്ടാക്കുന്ന മാനസികവും ശാരീരികവും ആയ പ്രശ്നങ്ങൾ ഇത്രനാൾ കേരളം ആരോഗ്യ രംഗത്തും സാന്പത്തിക രംഗത്തും ഉണ്ടാക്കിയ പുരോഗതിയുടെ ബാക്കിപത്രമാണ്. ഈ വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ നാം ഉണ്ടാക്കിയേ പറ്റൂ. അതിന് മുൻപ് വയസ്സായവരുടെ പ്രശ്നങ്ങൾ നാം അറിയണം, അംഗീകരിക്കണം.

പ്രായമായി വീട്ടിൽ ഒറ്റപ്പെട്ട് പോകുന്നവർക്ക് പകൽ സമയം വീടിന് പുറത്ത് സമ പ്രായക്കാരോട് ഒത്ത് സമയം ചെലവഴിക്കാനുള്ള ഒരു സംവിധാനമായിട്ടാണ് പകൽ വീട് എന്ന സംവിധാനം നാട്ടിൽ വികസിച്ചു വരുന്നത്. പ്രായമാകുന്പോൾ ഓൾഡ് ഏജ് ഹോമിൽ പോകുന്നതിനോടുള്ള എതിർപ്പ് ഈ വിഷയത്തിൽ പ്രായമായവർക്കും സമൂഹത്തിനും ഇല്ല, അതുകൊണ്ട് തന്നെ പകൽ വീടുകളുടെ എണ്ണം അടുത്ത പത്തു വർഷത്തിനകം ഏറെ വർദ്ധിക്കും. നല്ല കാര്യം. ഇപ്പോൾ സ്റ്റേറ്റ്, സി ബി എസ് ഇ, ഐ സി എസ് ഇ സിലബസിൽ സ്‌കൂളുകൾ ഉള്ളതുപോലെ ഇനിയുള്ള കാലത്ത് പല നിലവാരത്തിലുള്ള പകൽ വീടുകൾ വരും. അഡ്മിഷൻ കിട്ടാൻ കോഴയും റെക്കമെൻഡേഷനും വേണ്ടിവരും. വരട്ടെ.

ഞാൻ പകൽ വീട്ടിൽ എത്തിയപ്പോൾ അവിടെ പ്രായമായവർ ആരും ഉണ്ടായിരുന്നില്ല. കൊറോണ കാരണം അവരെല്ലാം ഇപ്പോൾ റിവേഴ്‌സ് ക്വാറന്റൈനിലാണ്. നല്ല കാര്യം. പ്രായമായവർ ഒരുമിച്ച് താമസിച്ചിരുന്ന സ്ഥലങ്ങളിൽ കൊറോണ എത്തിയാൽ മരണ നിരക്ക് കൂടും എന്ന് പല പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും അനുഭവങ്ങളുണ്ട്.
അതേസമയം സ്ഥിരമായി പകൽവീട്ടിൽ പൊയ്‌ക്കൊണ്ടിരുന്നവർക്ക് അവിടെ വരാൻ പറ്റാത്തതിന്റെ മാനസിക വിഷമങ്ങൾ ഉണ്ട്. അവരൊക്കെ വാക്‌സിൻ വരുന്നതും കൊറോണ പോകുന്നതും നോക്കിയിരിക്കയാണ് എന്നെല്ലാം നടത്തിപ്പുകാർ എന്നോട് പറഞ്ഞു. അടുത്ത ഓണമെങ്കിലും അവർക്ക് പകൽ വീട്ടിൽ ഉണ്ണാം എന്ന് ആശംസിക്കുന്നു.

പകൽ വീട് നടത്തിപ്പുകാരോട് സംസാരിച്ചപ്പോൾ അവർ പറഞ്ഞ ഒരു കാര്യം എന്നെ ഏറെ സന്തോഷിപ്പിച്ചു. പങ്കാളികൾ മരിച്ച് പകൽ വീടുകളിൽ എത്തുന്ന അറുപത് കഴിഞ്ഞവരിൽ ഏറെ ‘പ്രേമങ്ങൾ’ ഉണ്ടാകുന്നുണ്ടത്രേ !. ചിലതൊക്കെ പണ്ട് സ്‌കൂൾ കാലത്തുണ്ടായിരുന്ന നടക്കാതെ പോയ പ്രണയങ്ങളുടെ തുടർച്ചയാണ്. ഇപ്പോൾ രണ്ടു പേരുടെയും പങ്കാളികൾ മരിച്ചു, എന്നാൽ പഴയ പ്രണയം ഒരിക്കൽ കൂടി നനച്ചു വളർത്താം എന്ന് കരുതുന്നവർ. പക്ഷെ അത് മാത്രമല്ല, പുതിയതായി ആദ്യമായി കാണുന്നവർ തമ്മിലുണ്ടാകുന്ന പ്രണയങ്ങളുമുണ്ട്.
ഇതിലൊന്നും യാതൊരു അസ്വാഭാവികതയും ഇല്ല. അതൊക്കെ നടക്കട്ടെ, ഇത്തരം പ്രണയങ്ങൾ വർധിക്കട്ടെ. ജീവിതത്തിന്റെ അവസാന ക്വാർട്ടർ ആയതിനാൽ ജാതി മത ചിന്തകൾക്കപ്പുറം ആകട്ടെ ഇത്തരം പ്രേമങ്ങൾ.

എന്നെ ചിരിപ്പിച്ചതും വിഷമിപ്പിച്ചതും ആയ ഒരു കാര്യം കൂടി അവർ പറഞ്ഞു. ഇത്തരത്തിൽ പ്രായമായവർ തമ്മിൽ പ്രേമിക്കുന്നത് അവരുടെ വീട്ടുകാർക്ക് പൊതുവെ ഇഷ്ടമല്ല. വയസ്സാംകാലത്ത് അപ്പനോ ഉമ്മയോ പ്രേമിച്ചു എന്ന് മറ്റുള്ളവർ അറിഞ്ഞാലുള്ള ‘മാനഹാനി’ ആകാം ഒന്ന്. അച്ഛനോ, അമ്മയോ പ്രേമിച്ചു വേറെ ബന്ധങ്ങൾ ഉണ്ടായാൽ അവരുടെ സ്വത്തുക്കൾ കിട്ടാതായേക്കുമോ എന്ന പേടിയാകാം മറ്റൊന്ന്. എന്തായാലും ‘ഒന്നും അറിയാത്ത’ പ്രായത്തിൽ പ്രേമത്തിൽ പോയി വീണ് ‘വിലപ്പെട്ടതൊക്കെ’ നഷ്ടപ്പെടുമെന്നുള്ള ഭയം ആകാൻ വഴിയില്ല.

കാരണം എന്തായാലും, അപ്പനമ്മാർക്ക് പ്രേമം ഉണ്ടെന്നറിഞ്ഞാൽ വാത്സല്യത്തിലെ മമ്മൂട്ടി അനിയത്തിയോട് ഇനി നീ പഠിക്കാൻ പോകേണ്ട എന്ന് പറയുന്നത് പോലെ “അച്ഛനിനി പകൽ വീട്ടിൽ ഒന്നും പോകേണ്ട” എന്ന് പറയുന്ന മക്കൾ ഉണ്ടത്രേ !!. കണക്കായിപ്പോയി. പഠിച്ചതല്ലേ പാടൂ.

എനിക്കൊന്നേ പറയാനുള്ളൂ. അച്ഛനാണെങ്കിലും മോനാണെങ്കിലും പ്രേമം സ്വന്തം ഇഷ്ടമാണ്. പ്രേമിക്കാൻ പോകുന്നതിനെ തടയിടാൻ വന്നാൽ വീണ്ടും ചില വീട്ടുകാര്യങ്ങളിലെ റോയിയെപ്പോലെ “മോനോട് പോയി പണി നോക്കാൻ പറയണം” അല്ല പിന്നെ.
ഇപ്പോൾ സ്‌കൂളിലും കോളേജിലും മക്കളുള്ള അച്ഛനമ്മമാർക്ക് ഒരുപദേശം കൂടി തരാം. നിങ്ങളുടെ മക്കൾക്ക് പ്രേമമുണ്ടായാൽ അതിനെതിരെ ഉടക്കാൻ പോകാതിരിക്കുന്നതാണ് ബുദ്ധി. കാലം മാറുകയാണ്. മനുഷ്യന്റെ കാര്യമല്ലേ, ഇനി എപ്പോഴാണ് നിങ്ങളുടെ ഊഴം വരുന്നതെന്ന് പറയാൻ പറ്റില്ല. അപ്പോൾ മക്കളുടെ പ്രേമത്തിന് പാരവെച്ച അപ്പന്റെ പ്രേമം ‘ഒന്ന് കലക്കണം’ എന്ന് മക്കൾ തീരുമാനിച്ചാൽ കുറ്റം പറയാൻ പറ്റില്ല.കൊടുത്താൽ കൊല്ലത്തും കിട്ടും, സൂക്ഷിച്ചാൽ ദുഖിക്കേണ്ട, എന്നല്ലേ !!

You May Also Like

ഈ കളിപ്പാട്ടം നിങ്ങൾ മറന്നുകാണില്ലല്ലോ ? എന്താണ് ഇതിന്റെ പ്രവർത്തന തത്വം ?

ഏറ്റവും ലളിതമായ, ചലിക്കുന്ന ഭാഗങ്ങളില്ലാത്ത ആവി എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിപ്പിക്കപ്പെടുന്ന കളിപ്പാട്ടമാണ് പട് പട് ബോട്ട്

നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ചില ജന്തു കൗതുകങ്ങളും ചില ലോക യാഥാർഥ്യങ്ങളും

യൂറോപ്പിനെ കിടു കിടാ വിറപ്പിച്ച നെപ്പോളിയന്‍ ബൊണാപാര്‍ട്ടിന് പൂച്ചകളെ പേടിയായിരുന്നു.

നായകൾക്ക് മാത്രം പ്രവേശനം ഉള്ള അത്യാഡംബര ഹോട്ടൽ ഇന്ത്യയിലുണ്ടെന്ന് അറിയാമോ ?

നായകൾക്ക് മാത്രം പ്രവേശനം ഉള്ള അത്യാഡംബര ഹോട്ടൽ എവിടെയാണ് ? അറിവ് തേടുന്ന പാവം പ്രവാസി…

നഗ്നനായി വന്നാൽ മാത്രം പ്രവേശനം ലഭിക്കുന്ന മ്യൂസിയത്തിലെ വിശേഷങ്ങൾ

നഗ്നനായി വന്നാൽ മാത്രം പ്രവേശനം ലഭിക്കുന്ന മ്യൂസിയത്തിലെ വിശേഷങ്ങൾ അറിവ് തേടുന്ന പാവം പ്രവാസി കലാസ്വാദകരുടെ…