ആദ്യമായിട്ടാണ് ഇന്ത്യയിൽ നിന്ന് ഒരു നേതാവിന് ഇത്തരമൊരു അവസരം ലഭിക്കുന്നത്

0
426

Muralee Thummarukudy എഴുതുന്നു 

മുഖ്യമന്ത്രിയുടെ സന്ദർശനം

കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ശ്രീ. പിണറായി വിജയൻ ഇന്നലെ മുതൽ സ്വിറ്റസർലണ്ടിലുണ്ട്. അതുമായി ബന്ധപ്പെട്ട തിരക്കുകൾ കൊണ്ടാണ് എഴുതാതിരുന്നത്.

ഇന്നലെ ആയിരുന്നു പ്രധാന പ്രോഗ്രാം. ഐക്യരാഷ്ട്ര സഭയും ലോകബാങ്കും യൂറോപ്യൻ കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക പുനർ നിർമ്മാണ കോൺഗ്രസിൽ മുഖ്യ പ്രഭാഷണം നടത്തിയത് മുഖ്യമന്ത്രിയാണ്. ആദ്യമായിട്ടാണ് ഇന്ത്യയിൽ നിന്ന് ഒരു നേതാവിന് ഇത്തരമൊരു അവസരം ലഭിക്കുന്നത്. 2018 ലെ പ്രളയ ദുരന്തം കേരളം നേരിട്ട രീതി, അതിൽമുഖ്യമന്ത്രിയുടെ നേതൃത്വം എല്ലാം ലോകം ശ്രദ്ധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് ഈ അവസരം കാണിക്കുന്നത്. കേരളത്തിലെ ദുരന്തനിവാരണത്തെ അടിസ്ഥാനമാക്കി ഇവിടെ ഒരു എക്സിബിഷൻ നടക്കുന്നുണ്ട്. കേരളത്തിലെ പുനർ നിർമ്മാണം എന്ന പ്രത്യേക സെഷൻ വേറെയും. 193 രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് നേതാക്കളും യു എൻ ഉദ്യോഗസ്ഥരും ദുരന്ത നിവാരണ വിദഗ്ദ്ധരുമെല്ലാം പങ്കെടുക്കുന്ന പരിപാടിയാണ്. മൊത്തത്തിൽ കേരളത്തിന് നല്ല വിസിബിലിറ്റി കിട്ടുന്നുമുണ്ട്, സന്തോഷം.

യൂറോപ്പിലും മുഖ്യമന്ത്രിക്ക് തിരക്കോട് തിരക്കാണ്. ഇന്നലെ ലോകാരോഗ്യ സംഘടനയിലെ അംഗങ്ങളുമായി ചർച്ച ഉണ്ടായിരുന്നു. അതിനുശേഷം ജനീവയിലെ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ നേരിൽക്കണ്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

ഇന്ന് മുഖ്യമന്ത്രി സ്വിറ്റസർലാന്റിന്റെ തലസ്ഥാനമായ ബേണിലേക്ക് പോകും. അവിടെയും നാലോ അഞ്ചോ പരിപാടികളുണ്ട്. ഇന്നത്തെ പരിപാടികൾ സംഘടിപ്പിക്കുന്നത് ബേണിലെ അംബാസഡറും മലയാളിയുമായ സിബി ജോർജ്ജ് ആണ്. അവരുടെ വെബ്‌സൈറ്റിൽ ഇന്നത്തെ പ്രോഗ്രാമിനെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും അപ്പപ്പോൾ ലഭ്യമാകും. അതുകൊണ്ട് ഇന്ന് തന്നെ ഈ വെബ്‌സൈറ്റ് ഒന്ന് ലൈക്ക് ചെയ്യൂ.

മുരളി തുമ്മാരുകുടി