സുരക്ഷിതമല്ലാത്ത വിനോദയാത്ര…

134

Muralee Thummarukudy

സുരക്ഷിതമല്ലാത്ത വിനോദയാത്ര…

“It is impossible to make anything foolproof because fools are so ingenious” എന്ന് ഇംഗ്ളീഷിൽ ഒരു ചൊല്ലുണ്ട്. “ലോകത്തെ മണ്ടത്തരത്തിൽ നിന്നും ഒരിക്കലും രക്ഷിക്കാൻ കഴിയില്ല, കാരണം മണ്ടത്തരത്തിന് അതിരുകൾ ഇല്ല” എന്ന് മലയാള പരിഭാഷ കൊടുക്കാം.

കഴിഞ്ഞ ദിവസം വിനോദയാത്ര പോകുന്നതിന് മുൻപ് സ്‌കൂൾ ഗ്രൗണ്ടിൽ ബസും ബൈക്കും കൊണ്ടുള്ള അഭ്യാസപ്രകടനം കണ്ടപ്പോൾ ഈ ചൊല്ലാണ് ഓർമ്മ വന്നത്.

2007ൽ അങ്കമാലിക്കടുത്ത് ഇളവൂർ സ്‌കൂളിൽ നിന്നും നൂറു കുട്ടികൾ ഭൂതത്താൻകെട്ടിലേക്ക് വിനോദയാത്ര പോയി. അവരിൽ കുറച്ചു പേർ കയറിയ ബോട്ട് മുങ്ങി പതിനഞ്ചു കുട്ടികളും മൂന്ന് അധ്യാപകരും മരിച്ചുപോയി.

കേരള മനഃസാക്ഷിയെ നടുക്കിയ സംഭവമായിരുന്നു. കേരളത്തിലെ കാബിനറ്റ് മൊത്തം അവിടെ എത്തി. പതിവ് പോലെ ആരെയോ ഒക്കെ അറസ്റ്റ് ചെയ്തു.

ശേഷം ചിന്ത്യം.

2008 ൽ നാട്ടിൽ എത്തിയ എന്നോട് എൻറെ മരുമകൻ അനന്തു പരാതി പറഞ്ഞു.

“ഞങ്ങളുടെ സ്‌കൂളിൽ നിന്നും ഇപ്പോൾ വിനോദയാത്ര ഇല്ല, അധ്യാപകർക്ക് പേടി ആണ്.”

വിനോദയാത്രകൾ സ്‌കൂൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മയാണ്. അതുകൊണ്ടു തന്നെ ഒരപകടത്തിന്റെ പേരിൽ കേരളത്തിൽ കുറെ കുട്ടികൾക്കെങ്കിലും അതിനുള്ള സാദ്ധ്യതകൾ ഇല്ലാതാവുന്നത് ശരിയല്ല എന്നെനിക്ക് തോന്നി.

അങ്ങനെയാണ് ഞാൻ ‘ഒരുങ്ങാം വിനോദയാത്രക്ക്’ എന്ന പുസ്തകം എഴുതുന്നത്.

വിനോദയാത്രകളുടെ പ്രാധാന്യം, ബസപകടം, കടുവ പിടിക്കുന്നത്, ഫുഡ് പോയ്‌സണിങ് തിരക്കിൽ പെടുന്നത് വരെ എന്തൊക്കെ അപകട സാദ്ധ്യതകൾ ആണ് വിനോദയാത്രകൾക്കുള്ളത്? എങ്ങനെയാണ് സുരക്ഷിതമായി വിനോദയാത്രകൾ പ്ലാൻ ചെയ്യേണ്ടത് എന്നതൊക്കെ ആയിരുന്നു അതിലെ പ്രതിപാദ്യം.
അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. എം എ ബേബി ആണ് അവതാരിക എഴുതിയത്. അന്നത്തെ ഡി ജി പി ആയിരുന്ന ശ്രീ ജേക്കബ് പുന്നൂസ് പ്രകാശനം ചെയ്തു.

എങ്ങനെയാണ് ഈ പുസ്തകങ്ങൾ അധ്യാപകരുടെ കയ്യിൽ എത്തിക്കുന്നത് എന്ന കാര്യം എന്നെ വീണ്ടും ചിന്തിപ്പിച്ചു. അതുകൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കേരളത്തിലെ ആയിരക്കണക്കിന് സ്‌കൂളുകളിൽ ഈ പുസ്തകത്തിന്റെ കോപ്പി സൗജന്യമായി എത്തിക്കാനുള്ള നടപടി എടുത്തു.

2009 ലെ കാര്യമാണ്. കാലം പത്തു വർഷം മുന്നോട്ടു പോന്നു.

സ്‌കൂളിന്റെ മുറ്റത്ത് വിനോദയാത്രക്ക് മുൻപ് അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും മുന്നിൽ ബസുകളും കാറുകളും ബൈക്കുകളും അഭ്യാസം കാണിക്കുമെന്ന് എങ്ങനെയാണ് ഒരു സുരക്ഷാവിദഗ്ദ്ധൻ ചിന്തിക്കുന്നത്?. അതിരില്ലാത്ത ഈ മണ്ടത്തരത്തിന് എതിരെ എന്ത് പ്രതിരോധമാണ് നമുക്ക് പറഞ്ഞുകൊടുക്കാൻ പറ്റുന്നത്?

അതിരില്ലാത്ത മണ്ടത്തരം കാണിച്ച് മനുഷ്യകുലത്തിന്റെ പ്രത്യുല്പാദന ശൃംഖലയിൽ നിന്നും സ്വയം പിന്മാറുന്ന മനുഷ്യർക്ക് നൽകുന്ന ഒരു അവാർഡ് ഉണ്ട്. ഡാർവിൻ അവാർഡ് എന്നാണ് ഇതിന്റെ പേര്. സ്‌കൂൾ മുറ്റത്ത് അപകടകരമായ അഭ്യാസം നടത്തുന്ന കുട്ടികൾ ഈ അവാർഡിന് എന്തുകൊണ്ടും യോഗ്യരാണ്. അത് നോക്കി നിൽക്കുന്ന അധ്യാപകരും രക്ഷകർത്താക്കളും സ്വന്തം കുട്ടികളെ ആ അവാർഡിന് തയ്യാറെടുപ്പിക്കുകയാണ്.

വീണ്ടും ചില വീട്ടുകാര്യങ്ങളിൽ പപ്പു ജയറാമിനോട് പറയുന്ന ഡയലോഗ് ആണ് ഓർമ്മ വരുന്നത്.

“എന്തവസ്ഥ, തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തിയിട്ട്, കഴുവേറി മോനെ നീ ഒന്നും…..”

സാർ ഇങ്ങനെ ഇമോഷണൽ ആകരുത്, കുട്ടികൾ അല്ലേ ?
ഇമോഷണൽ ആകും.

പുസ്തകം എഴുതാൻ എടുത്തത് എൻറെ സമയം.

പുസ്തകം പ്രസിദ്ധീകരിക്കാൻ ചെലവാക്കിയത് എൻറെ സമയവും ബന്ധങ്ങളും.

പുസ്തകം എണ്ണായിരം സ്‌കൂളിൽ ഫ്രീ ആയി എത്തിച്ചത് എൻറെ പണം.

എന്നിട്ടാണ് സ്‌കൂൾ മുറ്റത്ത് അഭ്യാസം കളിക്കുന്നത്.

എന്നിട്ടാണ് അധ്യാപകർ അത് നോക്കി നിൽക്കുന്നത് !

പുസ്തകത്തിന്റെ സൗജന്യ കോപ്പി ആദ്യത്തെ ലിങ്കിൽ ഉണ്ട്.
ഡാർവിൻ അവാർഡിനെപ്പറ്റി കേൾക്കാത്തവർ രണ്ടാമത്തെ ലിങ്ക് നോക്കണം.

മുരളി തുമ്മാരുകുടി

Previous articleവളയംപിടിച്ചു; ‘സൂപ്പറായി’
Next articleBSNL നെ കൊന്നതാര് ? എങ്ങനെ?
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.