തലച്ചോർ മുതൽ കിഡ്‌നി വരെ മനുഷ്യശരീരത്തിലെ ഏറെ അവയവങ്ങളെ കുഴപ്പത്തിലാക്കാൻ അടക്കക്ക് കഴിവുണ്ട്

441

Muralee Thummarukudy

അടക്കാമരം അലങ്കാരമാക്കാം, അടക്കയോ ?

ഇന്നൊരു തേങ്ങയും എഴുതാനില്ല, അതുകൊണ്ട് അടക്കയെ പറ്റി എഴുതാം

പത്തു വർഷം മുൻപ് ഞാൻ ഒരിക്കൽ പാപുവ ന്യൂ ഗിനി എന്നൊരു രാജ്യത്ത് പോയി. ഒരു ദിവസം രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ അവിടുത്തെ നാടൻ ചന്തയിൽ എത്തി. ചന്തയിൽ ഒരിടത്ത് മൊത്തം അടക്കയുടെ വ്യാപാരം ആണ്.

“ഇതിന് നല്ല മധുരമാണ്, കഴിച്ചാൽ ചുണ്ടും നാക്കും ഒക്കെ ചുവന്നു തുടുക്കുകയും ചെയ്യും”, കച്ചവടം ചെയ്യുന്ന ഒരാൾ എന്നോട് പറഞ്ഞു.

ഓറഞ്ചും മഞ്ഞയും നിറത്തിൽ ചുവന്നു തുടുത്തിരിക്കുന്ന അടക്ക കണ്ടാൽ ഒരു പഴം ആണെന്ന് തോന്നുമല്ലോ. ലോകത്ത് ഭൂരിഭാഗം പ്രദേശത്തും അടക്കാമരം ഇല്ല, അടക്ക തൊണ്ടോടുകൂടി കൃഷി ഇല്ലാത്ത രാജ്യങ്ങളിൽ വിൽപ്പനയും ഇല്ലല്ലോ. ആ നാട്ടുകാരുടെ ചുണ്ടും വായും ഒക്കെ ചുവന്നനിരിക്കുന്നത്. അതുകൊണ്ടു തന്നെ അവിടെ വരുന്ന വിദേശികളെ പറഞ്ഞു പറ്റിക്കുന്നത് അവരുടെ ഒരു വിനോദം ആകാം.

“പിറന്നു വീണ അന്ന് തന്നെ അടക്കമരത്തിന്റെ പാളയിൽ കിടത്തി കുളിപ്പിച്ചെടുത്ത എന്നോടോ ബാലാ” എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. പിന്നെ സ്ഥലം പാപ്പുവ ആയതു കൊണ്ട് അത് പറഞ്ഞില്ല. ഞാൻ തേങ്ങയുടെ സെക്ഷനിലേക്ക് പോയി.

ഇന്ത്യമുതൽ കിഴക്കോട്ടാണ് അടക്കാമരം കണ്ടു വരുന്നത്. അടക്കാമരം ലോകത്ത് അധികം നാടുകളിൽ ഇല്ലെങ്കിലും അടക്ക ചവക്കുന്നവരുടെ എണ്ണം നിസ്സാരമല്ല. ലോകത്തിൽ അറുപത് കോടി ആളുകൾ അടക്ക ചവയ്ക്കുന്നവർ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഭൂരിഭാഗവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആണ്, പക്ഷെ മലയ്ഷ്യ മുതൽ പസിഫിക്ക് ദ്വീപുകൾ വരെ അവരങ്ങനെ പരന്നു കിടക്കുന്നു. ചരിത്രം ഉണ്ടാകുന്ന കാലത്തിന് മുൻപ് തന്നെ അടക്ക കൃഷിയും അടക്ക ചവക്കലും ഒക്കെ ലോകത്തുണ്ട്. നാലും കൂട്ടിയുള്ള മുറുക്കലും വെറ്റിലയും കൂട്ടിയുള്ള ദക്ഷിണയും ഒക്കെ ഏഷ്യയിൽ പല ഭാഗങ്ങളിലും സംസ്കാരത്തിന്റെയും ശുഭാവസരങ്ങളുടെയും ഭാഗമാണ്.

പാരമ്പര്യം ആയത് കൊണ്ട് ഇതൊരു നല്ലകാര്യം ആണെന്ന് വിചാരിക്കരുത്. അലങ്കാരത്തിനും ദക്ഷിണകൊടുക്കാനും ഒക്കെ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല, പക്ഷെ വായിലിട്ടാൽ മൊത്തം കുഴപ്പക്കാരൻ ആണ് ഈ സുന്ദരൻ കായ. തലച്ചോർ മുതൽ കിഡ്‌നി വരെ മനുഷ്യശരീരത്തിലെ ഏറെ അവയവങ്ങളെ കുഴപ്പത്തിലാക്കാൻ അടക്കക്ക് കഴിവുണ്ട്.

“Areca nut affects almost all organs of the human body, including the brain, heart, lungs, gastrointestinal tract and reproductive organs. It causes or aggravates pre-existing conditions such as neuronal injury, myocardial infarction, cardiac arrhythmias, hepatotoxicity, asthma, central obesity, type II diabetes, hyperlipidemia, metabolic syndrome, etc. Areca nut affects the endocrine system, leading to hypothyroidism, prostate hyperplasia and infertility. It affects the immune system leading to suppression of T-cell activity and decreased release of cytokines. It has harmful effects on the fetus when used during pregnancy. Thus, areca nut is not a harmless substance as often perceived and proclaimed by the manufacturers of areca nut products such as Pan Masala, Supari Mix, Betel quid, etc. There is an urgent need to recognize areca nut as a harmful food substance by the policy makers and prohibit its glamorization as a mouth freshener. Strict laws are necessary to regulate the production of commercial preparations of areca nut.”

എന്നാണ് Indian J Med Paediatric Oncology ജേർണലിൽ “A review of the systemic adverse effects of areca nut or betel nut” എന്ന ലേഖനത്തിൽ Apurva Garg, Pankaj Chaturvedi, and Prakash C. Gupta1 എന്നീ ഗവേഷകർ പറയുന്നത്. അടക്കയുടെ കുഴപ്പങ്ങൾ പറയുന്ന നൂറുകണക്കിന് ലേഖനങ്ങൾ വേറെയും ഉണ്ട്.

എൻ്റെ അമ്മൂമ്മയും അച്ഛനും അമ്മാവനും അമ്മായിമാരും വല്യമ്മമാരും ഒക്കെ അടക്കയും കൂട്ടി മുറുക്കുന്നവർ ആയിരുന്നു. ഭാഗ്യത്തിന് ആ അടക്കാപ്രേമം ഒന്നും പകർന്നു കിട്ടിയില്ല. വാസ്തവത്തിൽ മനുഷ്യന് ഒരു ഗുണം ഇല്ലത്തതും പരമാവധി കുഴപ്പക്കാരനും ആയ അടക്കക്കെതിരെ കേരളത്തിൽ വേണ്ടത്ര ബോധവൽക്കരണം ഇപ്പോഴും നടക്കുന്നില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു. അടക്കാമരക്കൃഷി ഒക്കെ ഇപ്പോഴും നാട്ടിൽ ഉണ്ടെങ്കിലും അതിനെ പറ്റിയും നമ്മൾ ചിന്തിക്കണം. വേറെ എന്തൊക്കെ നല്ല വസ്തുക്കൾ ഉണ്ട് നമുക്ക് കൃഷി ചെയ്യാൻ.

മുരളി തുമ്മാരുകുടി