ഒരു വർഷം ഇന്ത്യയിലേക്ക് നികുതി കെട്ടാതെ കടത്തുന്ന സ്വർണ്ണം ശരാശരി 5000 ടൺ വരുന്നുണ്ട്, ഇതിന്റെ 2% മാത്രമാണ് പിടിക്കുന്നത്, എന്നിട്ടും നമ്മുടെ ചാനലുകൾക്ക് ഇത് ആദ്യത്തെ സ്വർണ്ണം കടത്താണ്

110

Muraleedharan Pillai

ശിവശങ്കരനെ അറസ്റ്റ് ചെയ്യും ::
ശിവശങ്കരനെ കൊച്ചിയിലേക്ക് കൊണ്ടുപോകും ::
ശിവശങ്കരൻ കസ്റ്റഡിയിൽ ::
ശിവശങ്കരനെ കൊച്ചിയിൽ എത്തിച്ചശേഷം ചോദ്യം ചെയ്യും ::
രണ്ടു വാഹനങ്ങളിൽ ശിവശങ്കരനെയും കൊണ്ട് കസ്റ്റംസ് കൊച്ചിയിലേക്ക് ::
ഒടുവിൽ ശിവശങ്കരനെ കസ്റ്റംസ് അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുവിട്ട് മടങ്ങി. വാഹനം മടങ്ങുമ്പോൾ ദേഹമാസകലം ചെളി തെറിച്ചപ്പോൾ അവർ പറഞ്ഞു “വാഹനത്തിന്റെ ഒരു സ്പീഡ് ! ”

ചാനൽ തള്ളുകളിൽ പുളകംകൊണ്ട യൂത്തനും മൂത്തനും പച്ചക്കൊടിക്കാരനും പറഞ്ഞു “പിണറായി തീർന്നെടാ !”ചട്ടങ്ങളെല്ലാം പാലിച്ച് ശിവശങ്കരനെ സസ്പെൻഡ് ചെയ്തു. അപ്പോൾ അവർ പറഞ്ഞു ” ഇനി സസ്പെൻഡ് ചെയ്തിട്ടെന്തു കാര്യം ”

ശിവശങ്കരനെ സസ്‌പെൻഡ് ചെയ്താൽ ഇനി അദ്ദേഹം പിണറായിയുടെ രഹസ്യങ്ങളെല്ലാം വിളിച്ചുപറയും. ഇനി ഞങ്ങൾ തെരുവിൽ ആഞ്ഞടിക്കും! ആ സമരകൊടുംകാറ്റിൽ പിണറായി വീഴും! ആഞ്ഞടി ഇവർക്ക് പണ്ടേ ഇഷ്ടമാണല്ലോ! മന്ത്രിമാരും പാർട്ടി നേതാക്കന്മാരും മാറിമാറി ആഞ്ഞടിച്ചു. ജനാധിപത്യ പാർട്ടിയല്ലേ പങ്കിട്ടല്ലാതെ ഒന്നും അനുഭവിക്കില്ല. അത് അധികാരമായാലും അഴിമതി പണമായാലും പെണ്ണായാലും ഒക്കെ ഇവർ കൃത്യമായി വീതം വെയ്ക്കും. അത് ഘടകകക്ഷികൾക്കായാലും ഗ്രൂപ്പ് തിരിച്ചായാലും തുല്യനീതി.

ഇന്ത്യചരിത്രത്തിലെ ആദ്യത്തെ സ്വർണ്ണംകടത്ത് പിടിച്ചതല്ലേ ! ഇവർ മാറിമാറി ഇന്ത്യ ഭരിച്ചപ്പോൾ ഓരോ വർഷവും എയർപോർട്ട് വഴിയും കോൺസുലേറ്റുകൾ വഴിയും കടത്തിയ സ്വർണ്ണമാണ് ഹവാല പണമായും റിയൽ എസ്റ്റേറ്റായും സ്വർണക്കടകളിൽ ഇരുന്ന് ചിരിക്കുന്നതത്രയും. പക്ഷേ മാധ്യമങ്ങൾക്ക് ഇത് ആദ്യത്തെ കടത്താണ്. അതിൽ ഒരു സുന്ദരിയും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനെയും ബന്ധിപ്പിക്കാൻ കിട്ടിയാൽ കൊണ്ടാടാൻ പിന്നെന്തുവേണം !

ഒരു വർഷം ഇന്ത്യയിലേക്ക് നികുതി കെട്ടാതെ കടത്തുന്ന സ്വർണ്ണം ശരാശരി 5000 ടൺ വരുന്നുണ്ട്. ഒരു ടൺ 1000 കിലോ ആണ്. ഇതിന്റെ 2% മാത്രമാണ് പിടിക്കുന്നത്. എന്നിട്ടും നമ്മുടെ ചാനലുകൾക്ക് ഇത് ആദ്യത്തെ കടത്താണ് .മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി തെറ്റുചെയ്താൽ മുഖ്യമന്ത്രി രാജിവയ്ക്കണം. മുഖ്യമന്ത്രി തന്നെ തെറ്റുചെയ്തെന്ന് ഇരതന്നെ വെളിപ്പെടുത്തിയിട്ട് രാജി വെയ്ക്കാത്തവരാണിവർ. തെളിവ് എവിടെ എന്നാണ് ചോദിച്ചത്. മനസ്സാക്ഷിയുടെ കോടതി എന്നാണ് പറഞ്ഞത്. ചാനലുകാർ സ്വപ്നയുടെ സാരിത്തുമ്പ് വിടാതെ വട്ടംചുറ്റി. ആവശ്യത്തിന് മസാലയും വിളമ്പി. കാര്യത്തിലേക്ക് മാത്രം അവരാരും കടന്നില്ല. ബ്രെക്കിങ് മാറിമറിഞ്ഞു. ആകെ ഒരു ക്രൈം ത്രില്ലർ ആവേശം പകർന്ന് കുടമാറ്റം നടത്തി. മാമാവൃന്ദങ്ങളും ബി ജെ പി യുടെ ഏഷ്യാനെറ്റും വെച്ചുവിളമ്പാൻ മുന്നിൽത്തന്നെ നിലയുറപ്പിച്ചു. ഒന്നും നടക്കാതായപ്പോൾ അവർ ആവേശം ചോരാതെ പറഞ്ഞു 9 മണിക്കൂർ ചോദ്യം ചെയ്തില്ലേ അപ്പോൾ കാര്യമായി കാണും. പതിന്നാല് മണിക്കൂർ ചോദ്യം ചെയ്ത ഒരു മുഖ്യമന്ത്രി ഉള്ള നാടാണിത്. അവർ പറഞ്ഞു ” ഇത് പിണറായിക്ക് വലിയ തിരിച്ചടിയാണ് “തുടർഭരണത്തിനേറ്റ തിരിച്ചടി !

പിന്നെയും ശിവശങ്കറിന്റെ പിന്നാലെ പോയി. അദ്ദേഹത്തെ സോപ്പിടാൻ അവർ പറഞ്ഞു അദ്ദേഹം വലിയ ഭരണതന്ത്രജ്ഞനായിരുന്നു. അദ്ദേഹത്തെ പിണറായി ബലിയാടാക്കി. ശ്ശോടാ എന്തൊരു കഷ്ടമായിപ്പോയി ! നടക്കാനിറങ്ങുമ്പോൾ ഈ കുമ്പിടികൾ കാമറയും മൈക്കുമായി പുറകേ പോയി നാണംകെട്ടു. അതിവർക്കൊരു ശീലമായതിനാൽ കുഴപ്പമില്ല. കാരണം ഉളിപ്പില്ലായ്മ ആദ്യമേ പരിശീലിപ്പിച്ചിട്ടാണ് മൈക് കയ്യിൽ കൊടുക്കുന്നതുതന്നെ !

താൽക്കാലിക കരാർ തൊഴിലാളിയായി ഒരു സ്വകാര്യ ഏജൻസി ജോലി കൊടുത്തതിന്റെ പിന്നാലെ കൂടി. സർക്കാർ ജോലിയാണെന്ന് ആദ്യം പ്രചരിപ്പിച്ചു. പിന്നെ ഏജൻസിയുടെ പിന്നാലെ പോയി. പത്താംക്‌ളാസ്സ് പാസ്സായിട്ടില്ല എന്ന് കണ്ടെത്തി. മഹാപരാധം ! അങ്ങനെ ഉള്ള സ്ത്രീയ്ക്ക് എങ്ങനെ എയർപോർട്ടിലും യു എ ഇ യിലും ഉയർന്ന ജോലി കിട്ടി എന്നവർ ചോദിച്ചതേയില്ല ! അത്‌ ചോദിച്ചാൽ പണി പാലുംവെള്ളത്തിൽ കിട്ടും. പിന്നെ സുഖകരമായി മേയാൻ പറ്റിയ ഇടം മുഖ്യമന്ത്രിയുടെ ഓഫീസാണ്. അതുവെച്ച് പണി നന്നായി മൂപ്പിക്കുന്നുണ്ട്. അതും തീരാൻ രണ്ടുദിവസം മതി. പിണറായി ആ കസേരയിൽ തന്നെയുണ്ട്. ആറുമണിക്ക് ഇവന്മാർക്ക് മുട്ടിടിക്കാൻ കൃത്യമായി അദ്ദേഹം വരുന്നുമുണ്ട്. വയറും നിറച്ച് തലയും താഴ്ത്തി പോകുന്നുമുണ്ട്. ആ പോക്ക് ഒന്ന് കാണേണ്ട കാഴ്ചതന്നെ !