മോഹൻലാലും കൂടെ അഭിനയിക്കുന്ന ആളിന്റെ പെർഫോമൻസും

46

Murali Krishnan

മുകേഷ് : “ഇടി വെട്ടിയവന്റെ തലേൽ പാമ്പ് കടിച്ചു…! ”
മോഹൻലാൽ: “എവിടെ വെച്ച് ? ”
മുകേഷ്: ” ചിന്നക്കട ജംഗ്ഷനിൽ വച്ച്..! ”
മോഹൻലാൽ: “എപ്പോ? ”
മുകേഷ്: “ഒരു ഏഴ് ഏഴര ആയിക്കാണും..എടാ മൈതാണ്ടി നമ്മുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഞാൻ പറഞ്ഞതാ.”


ഇന്നസെന്റ് :- “എന്റെ മകളാ.. ലേഖ.. ഡോക്ടർ ആവാൻ പഠിക്കുകയാ.. മെഡിസിൻ ഒക്കെ കഴിഞ്ഞു..”
മോഹൻലാൽ :- “എന്നാ പോയി മേടിച്ച് കൊടുക്കടോ..”


മോഹൻലാൽ :”എങ്കി നേരത്തേ പറഞ്ഞ ആ 250 ഇല്ലേ…അത് താ..”
നെടുമുടി : “ഏത് 250..യ്യോ… ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല…”


ബലരാമൻ : “കൂട്ടികൊടുക്കാൻ പറ്റുമോ സക്കീർ ഭായ്ക്ക്‌?.. കൂടെ നിൽക്കുന്നവന്റെ കുതികാല് കൊത്താൻ പറ്റുമോ സക്കീർ അലിക്ക്?!.. പറ്റില്ല ഭായീ.. ബട്ട് ഐ കാൻ. കൂട്ടികൊടുക്കാം.. കുതികാല് വെട്ടാം.. എന്തും!! ഇൗ സൂര്യന് ചുവട്ടിൽ എന്ത് നെറികേടിനുമാവും ബലരാമന്…”


നിശ്ചൽ: “ദാ, ഇതിൽ ആറു പൊറോട്ടയുണ്ട്. 2 പൊറോട്ട നിനക്കും, 4 പൊറോട്ട എനിക്കും. ഇത് ചിക്കൻ..!!”
ജോജി: “കഷ്ണം നിനക്കും പകുതി ചാറ് എനിക്കും അല്ലേ..”
നിശ്ചൽ: “ചാറീ മുക്കി നക്കിയാ മതി…”
ജോജി: “എടാ എച്ചി എന്നും എച്ചി ആണ്…”
നിശ്ചൽ: “എടാ ദരിദ്രവാസി എന്നും ദരിദ്രവാസി ആണ്..”
ഇതുപോലെതന്നെയുള്ള ഒരു സീനാണ് “നീയിത് കണ്ടോഡേയ്… എങ്കി വിളിച്ചോണ്ട് ഇറങ്ങടേ ഇതിനെ….” എന്നും പറഞ്ഞിട്ട് ജഗതി കൈലി കൊണ്ട് കണ്ണ് തുടയ്ക്കുന്ന (മോഹൽലാലിനെ വീട്ടിൽ നിന്ന് പുറത്താക്കുമ്പോഴുള്ള) സീൻ.
ഇതിന് മുന്നേയായി കതക് തുറന്ന് ലാൽ രേവതിയെ കാണുമ്പോൾ പുള്ളിയുടെ കൈ വിറയ്‌ക്കുന്നതും , ആ വിറയൽ നിർത്താൻ മറ്റേ കൈ ഉപയോഗിക്കുന്നതും , അത് മാറ്റുമ്പോൾ വീണ്ടും വിറച്ചു തുടങ്ങുന്നതും, അപ്പോൾ ജഗതി തന്റെ കൈ കൊണ്ട് ലാലിന്റെ കയ്യിൽ കയറി പിടിച്ചു ആ വിറയൽ നിർത്തുന്നതും തുടങ്ങി സൂക്ഷ്മനിരീക്ഷണത്താൽ മാത്രം ശ്രദ്ധയിൽ പെടുന്ന , ഇവരുടെ കെമിസ്ട്രിയെ ചൂണ്ടിക്കാണിക്കുന്ന ഉദാഹരണങ്ങൾ ഒരുപാടുണ്ട് പഴയ സിനിമകളിൽ. അവയിൽ ഒന്ന് മാത്രമാണ് “കിലുക്കം”.


“ഉദയനാണ് താരം” സിനിമയിൽ ശ്രീനിവാസൻ സ്വിമ്മിങ് പൂളിനരികിൽ ഇരുന്ന് സ്വയം പൊക്കിയടിക്കുന്ന സീൻ.
(“കോഴിയ്ക്ക് മുല വന്നു..”) . മുന്നേ പല സിനിമകളിലും മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ നിഴൽ പറ്റി ജീവിക്കുന്ന തരം കഥാപാത്രങ്ങളെഴുതിയ ശ്രീനി , എന്നാൽ സ്വയം തന്നെ അഴിച്ചുവിട്ട സിനിമയാണ് ഇത് (പ്രത്യേകിച്ചു രണ്ടാം പകുതിയിൽ).
സരോജ് കുമാർ ഇരുന്ന് തള്ളുമ്പോഴും ഉദയഭാനു ഒരു തരത്തിലും അത് തന്നെ അത്ഭുതപെടുത്തുന്നില്ലെന്നും , ഈ വീമ്പടി അരോചകമാവുന്നുണ്ടെന്നും എന്ത് മൈന്യൂട്ടായാണ് അഭിനയിച്ചിരിക്കുന്നത് !
മോഹൻലാലിന്റെ ഏറ്റവും അണ്ടർറേറ്റഡ് കഥാപാത്രങ്ങളിൽ ഒന്നാണ് ഉദയഭാനു എന്നത് ചുമ്മാ പറയുന്നതല്ല !


തിലകനും മോഹൻലാലുമായുള്ള കെമിസ്ട്രി ഒരു സീനായി മാത്രം എടുത്തുപറയാൻ പറ്റാത്തതുകൊണ്ട് , അതിന് മുതിരുന്നില്ല. സ്ഫടികം , കിരീടം , നരസിംഹം തുടങ്ങിയെത്ര ചിത്രങ്ങളിൽ അച്ഛൻ-മകൻ ബന്ധത്തെ വൈകാരികമായി അവർ തകർത്താടിയിരിക്കുന്നു !


ഒരു സീനിൽ , കൂടെ അഭിനയിക്കുന്ന ആളിന്റെ പെർഫോമൻസ് എത്രത്തോളം മനോഹരമാകുന്നോ , അത്രത്തോളം തന്നെ തന്റെയും അഭിനയം മേല്പോട്ട് കയറുമെന്നും , ഇതൊരു “ഗിവ് & ടേക്ക് ” പരിപാടിയാണെന്നും മോഹൻലാൽ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്.
ഈ സീനുകളിലെല്ലാം തന്നെ അദ്ദേഹം പറഞ്ഞകാര്യം വളരെ വ്യക്തമായി കിടക്കുന്നുണ്ട് താനും. ഇപ്പറഞ്ഞതിന് മറ്റൊരു നല്ല ഉദാഹരണം “മുനിച്ചാമിയുടെ കളർ പടം പതിഞ്ഞിരിക്കണല്ല്..” എന്ന ഡയലോഗ് വരുന്ന കിലുക്കത്തിലെ സീനാണ്.
ഈ “വിന്റേജ് മോഹൻലാൽ” എന്നുള്ള വാക്ക് തന്നെ ഉത്ഭവിച്ചതിന് കാരണം ഇപ്പോഴത്തെ മോഹൻലാലിന് നല്ല സ്ക്രിപ്റ്റുകൾ ലഭിക്കുന്നില്ലെന്നും , അദ്ദേഹത്തിന്റെ “ഉപഗ്രഹങ്ങൾക്ക്” കൂടുതലും കച്ചവട(മാസ്സ്) പടങ്ങൾ ചെയ്യിക്കാനാണ് താൽപ്പര്യമെന്നും , അഭിനയസാധ്യതയുള്ള സിനിമകൾ ചെയ്യാൻ അയാളെ പ്രേരിപ്പിക്കുന്നുമില്ലെന്നും തുടങ്ങുന്ന കിംവദന്തികളാണ്.
ഇതൊരു പരിധി വരെ ശരിയാണെന്ന് തോന്നിയിട്ടുണ്ട്.

ഒരു പക്ഷേ, നല്ല സ്ക്രിപ്റ്റുകൾ ലഭിക്കുന്നില്ല എന്നത് മാത്രമായിരിക്കില്ല കാരണം ; മറിച്ച് ഈ നവയുഗത്തിൽ ഇമ്മാതിരി പ്രകടനങ്ങൾ പുറത്തെടുക്കാൻ പാങ്ങുള്ള ആളുകളുടെ കുറവോ , അതുമല്ലെങ്കിൽ പഴയ കാലത്തെപോലെ ദൈനംദിന ജീവിതത്തോട് ചേർന്നുനിൽക്കുന്ന ഹാസ്യം , തിരക്കഥയിലേയ്ക്ക് പകർത്താൻ മാത്രം കഴിവുള്ള തിരക്കഥാകൃത്തുകൾ ഇന്നില്ലാത്തതോ, സീനിയർ നടന്മാർക്ക് പഴയപോലെയൊരു സ്പെയ്സ് ഇപ്പോൾ കിട്ടുന്നില്ലാത്തതോ , എന്നിങ്ങനെ ആവാം കാരണങ്ങൾ.
മേൽപ്പറഞ്ഞവർ മാത്രമല്ലാതെ ഇനിയും പ്രതിഭകൾ ഏറെയുണ്ട് മലയാളസിനിമയിൽ. KPAC ലളിത , ജഗദീഷ് , പപ്പു , തുടങ്ങി പലരും..
എന്നിരുന്നാലും ഒരു കാര്യത്തിൽ മാത്രം ഉറപ്പുണ്ട്.

മുകളിൽ എഴുതിയിരിക്കുന്ന സീനുകളിൽ മോഹൻലാലിന്റെ കൂടെയുള്ള ഇത്രയും പ്രതിഭാധനരായ അഭിനേതാക്കളെ സംവിധായകർ അഴിച്ചുവിട്ടിട്ടും , മർമ്മപ്രധാനമായ കൗണ്ടറുകൾ നൽകിയിട്ടും , വെറുമൊരു നോട്ടത്തിലൂടെയോ അതുമല്ലെങ്കിൽ ഒരു മൂളലിലൂടെയോ അവരുമായി പിടിച്ചുനിൽക്കാനും , അയാളെതന്നെ മുൻനിർത്തി വർഷങ്ങൾക്കിപ്പുറവും പുതുമ നഷ്ടപെടാതെ മേൽപ്പറഞ്ഞ ഈ സീനുകൾ ആഘോഷിക്കപ്പെടുവാനും ചില്ലറ റെയ്ഞ്ച് ഒന്നും പോര…
അത് വേറെ കാര്യം ❤️