എന്താണ് ചോ.കൂ.മോൻ എന്ന ജാത്യാക്ഷേപ പ്രയോഗം ?

0
162
Murali T
‘ചോ.കൂ.മോൻ’
2020ൽ ചിത്രകാരൻ വരച്ച ഈ പെയിൻ്റിങ്ങിന് നൽകിയിരിക്കുന്ന പേരാണ് ‘ചോ.കൂ.മോൻ’. ഈ പേര് ദക്ഷിണ കേരളത്തിലുള്ളവർക്ക് സുപരിചിതമായ ഒരു വംശീയ-ജാത്യാധിക്ഷേപ പ്രയോഗമാണ്. ഉത്തര കേരളത്തിലുള്ളവർക്ക് ചോ.കൂ.മോൻ എന്ന ജാത്യാക്ഷേപ പ്രയോഗം 2018 ഒക്റ്റോബർ 10 വരെയെങ്കിലും അപരിചിതമായിരുന്നിരിക്കാനാണ് സാധ്യത !
കാരണം, അന്നാണ് കേരളത്തിൻ്റെ (വിസ്മൃത-) ബുദ്ധധർമ്മ പാരമ്പര്യമുള്ള ഒരു മുഖ്യന്ത്രിയെ പേരെടുത്ത് ‘ചേകവ കൂതി’ ജാതിക്കാരനായി അധിക്ഷേപിച്ചു കൊണ്ട്, രണ്ടു നാമജപക്കാരികൾ ടിവി. ചാനലുകളിലൂടെയും ഓൺലൈനിലൂടെയും ജനശ്രദ്ധ നേടിയത്.
മുഖ്യമന്ത്രിയുടെ പേര് പറഞ്ഞു കൊണ്ട് ” ആ ചോവ കൂതി മോൻ്റെ മോന്ത അടിച്ചു പറിക്കണം” എന്ന ആക്രമണ ആഹ്വാനമായിരുന്നു ബ്രാഹ്മണ വംശീയ ജാതിവിവേചന സവർണ്ണമതത്തിൻ്റെ ഇരകളായ ആ സ്ത്രീകളുടെ ജാത്യാക്ഷേപത്തിൻ്റെ കാതലായ ഭാഗം.
അതായത്, ചേകവ സ്ത്രീയുടെ യോനിയിൽ നിന്നു ജന്മം കൊണ്ടതിനാൽ കൊല്ലപ്പെടാൻ വംശീയമായി അർഹനായവൻ്റെ മോന്ത അടിച്ചുപറിക്കാൻ വൈകിയെന്ന് ധ്വനി ! ഈ ആഹ്വാനം ആരു നടത്തിയാലും, സംസ്ക്കാരമുള്ള ആധുനിക ലോകം വെറുക്കുന്ന റേസിസം എന്നു പറയുന്ന വംശീയ വിദ്വേഷമാണെന്നതിൽ തർക്കമില്ല.
നമ്മുടെ പഴഞ്ചൊല്ലുകളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ജാതീയ കുടിലത നിറഞ്ഞ, വംശീയ ഉന്മൂലനപരമായ സവർണ്ണ അജണ്ടകളുടെ ഉദാഹരണങ്ങൾ ധാരാളമുണ്ട്. അവയിൽ ഒന്ന് താഴെ കൊടുക്കുന്നു. :
Image may contain: 1 person(1437) “ഇഞ്ചത്തലയും ഈഴത്തലയും എത്രയും ചതച്ചാൽ അത്രയും നല്ലത് “
(1438) “ഇഞ്ചത്തലയും ഈഴത്തലയും നീളുമ്പോൾ കൊത്തണം” എന്നിവ സവർണ്ണരുടെ ഇടയിൽ നല്ല പ്രചാരമുണ്ടായിരുന്ന, വംശീയ ദ്രോഹപരമായ പഴമൊഴികളാണ്.
“ഈഴവരെ അഭിവൃദ്ധിപ്പെടാൻ അനുവദിക്കരുത് ” എന്നാണ് ‘പഴഞ്ചൊൽ പ്രപഞ്ച ‘ത്തിൻ്റെ കർത്താവായ പ്രൊഫ. പി. സി. കർത്ത ഈ പഴഞ്ചൊല്ലുകൾക്ക് നൽകിയിരിക്കുന്ന വ്യാഖ്യാനം.(പഴഞ്ചൊൽ പ്രപഞ്ചം,1st Pub in 1966, 1st DCB.Edn.1997 , 5th Imp. 2010, പേജ്: 109).
ഈഴവരിൽ അഭിവൃദ്ധിപ്പെടുന്നവരെ ഏതു വിധേനയും നശിപ്പിക്കണം എന്നർത്ഥം ! തിരുവിതാംകൂർ രാജഭരണത്തിൻ കീഴിൽ ബ്രഹ്മണർക്കും നായന്മാർക്കും കൊങ്ങിണികൾക്കും നികുതി പോലും ഇല്ലായിരുന്നത്രേ ! എന്നാൽ, വിസ്മൃത ബുദ്ധ ധർമ്മക്കാരായ ജനതയെ മീശക്കരവും മുലക്കരവും…. പോലുള്ള നൂറുകണക്കിന് നികുതികൾ കൊണ്ട് കൊള്ളയടിച്ചും ആചാര ലംഘനങ്ങളുടെ പേരിൽ ചന്തയിൽ വെച്ച് സ്ത്രീകളുടെ മുലക്കച്ച പിടിച്ചുപറിച്ച് അപമാനിച്ചും കഷ്ടപ്പെടുത്തിയിരുന്നു. പ്രതിഫലം പോലും ഇല്ലാത്ത ‘ഊഴിയം’ എന്ന തിരുവിതാംകൂർ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള നിർബന്ധിത അടിമ തൊഴിലാളികളായി ഈഴവരെയും സുറിയാനി കൃസ്ത്യാനികളെയും അടക്കമുള്ള അസവർണ്ണ ജനസമൂഹത്തെ മനുഷ്യത്വഹീനമായി അവരുടെ ആത്മാഭിമാനം നശിപ്പിക്കുന്നതും, അദ്ധ്വാനം ചൂഷണം ചെയ്യുന്നതുമായ രാജ ഭരണ സംവിധാനം തന്നെ ഉണ്ടായിരുന്നു. ഒരു നേരത്തെ കഞ്ഞി മാത്രമായിരുന്നു ഊഴിയ അടിമപ്പണിക്കുള്ള പ്രതിഫലം.
ഇത്രയും നീചമായി ജനദ്രോഹം ചെയ്യാൻ അക്ഷരാഭ്യാസം പോലും നിഷിദ്ധമായിരുന്ന സവർണ്ണരിലെ ശൂദ്ര വർണ്ണക്കാരായ നായന്മാർക്ക് പ്രത്യേകിച്ച് കാരണമൊന്നും തന്നെയില്ല.
രാജകൊട്ടാരങ്ങളിലെയും കോവിലകങ്ങളിലെയും ശൂദ്ര-നായർ ഭരണാധികാരികൾ പോലും ബ്രാഹ്മണരുടെ ആജ്ഞാനുവർത്തികളായ വെറും ആശ്രിത ഭൃത്യന്മാർ മാത്രമായിരുന്നു.
രാജാവിൻ്റെ ആചാരപരമായ ഭാര്യക്കോ മക്കൾക്കോ അധികാര പിന്തുടർച്ചാവകാശമില്ലാത്ത സംബന്ധ-മരുമക്കത്തായ വ്യവസ്ഥിതിയാണ്, ശൂദ്ര രാജാക്കന്മാരെ നിയന്ത്രിക്കാനായി ബ്രാഹ്മണ്യം നടപ്പാക്കിയിരുന്നത്.
രാജാവിൻ്റെ സഹോദരിമാരുടെ സംബന്ധക്കാരായ ബ്രാഹ്മണരിൽ നിന്നും ജനിക്കുന്ന മക്കൾക്കേ രാജഭരണാവകാശം ലഭിക്കു. രാജകുമാരന് പ്രായപൂർത്തിയായില്ലെങ്കിൽ രാജകുമാരൻ്റെ അമ്മയായ റാണിയാണ് ഭരണം നടത്തുക. ഫലത്തിൽ, സംബന്ധക്കാരായ ബ്രാഹ്മണരുടെ വംശീയ താൽപ്പര്യങ്ങൾ തന്നെയാണ് രാജ ഭരണത്തിലൂടെ നടപ്പിലായിരുന്നത്.
തിരുവിതാംകൂറിൽ ആദ്യമായി മെഡിക്കൽ ബിരുദം നേടിയ ഈഴവനായ ഡോ.പൽപ്പുവിന് ജോലി നിഷേധിച്ച്, തെങ്ങുകയറ്റമാണ് ഈഴവൻ്റെ കുലത്തൊഴിലെന്ന് ഓർമ്മിപ്പിച്ച രാജഭരണത്തിൻ്റെ, ബ്രാഹ്മണ ജാത്യാചാരങ്ങളോടുള്ള അടിമ ബോധം എത്ര ഹീനമായിരുന്നു എന്ന് മനസ്സിലാക്കാം.
‘ചേകവർ’, കളരികൾ
……………. …………….
BC മൂന്നാം നൂറ്റാണ്ട് മുതൽ AD പത്താം നൂറ്റാണ്ട് വരെയെങ്കിലും കേരളത്തിൽ ശക്തമായ ബുദ്ധധർമ്മ വിശ്വാസ പാരമ്പര്യം ഉണ്ടായിരുന്നവരായ പുലയ, അരയ, ചാന്നാർ(നാടാർ), ഈഴവ, തിയ്യ, ബില്ലവ സമുദായങ്ങളിലെ കളരി അഭ്യാസികളെ വിശേഷിപ്പിച്ചിരുന്ന അഭിമാനകരമായ വാക്കായിരുന്നു ‘ചേകവർ’ എന്നത്. നമ്മുടെ ആദിവാസികൾക്കു പോലും കളരി ചേകവ പാരമ്പര്യം ഉണ്ടായിരുന്നെന്ന് കേൾക്കുന്നു !
പതിനേഴം നൂറ്റാണ്ടിൽ, അതായത് ഏതാണ്ട് മൂന്നര നൂറ്റാണ്ട് മുമ്പ്, ഡച്ച് തലസ്ഥാനമായ ആസ്റ്റർഡാമിൽ പ്രിൻറ് ചെയ്യപ്പെട്ട ഹോർത്തൂസ് മലബാറിക്കൂസ് എന്ന പന്ത്രണ്ട് വോള്യങ്ങളുള്ള കേരളത്തിലെ ഔഷധ സസ്യസമ്പത്തിനെക്കുറിച്ചുള്ള ലോക പ്രശസ്ത ഗ്രന്ഥത്തിൽ പ്രതിപാദിച്ച വസ്തുതകൾ ശരിയാണെന്ന് സ്വന്തം കൈപ്പടയിൽ സർട്ടീഫൈ ചെയ്ത് മലയാളം വട്ടെഴുത്ത് ലിപിയിൽ സാക്ഷ്യപത്രം എഴുതി ഒപ്പിട്ടു നൽകിയ, ആലപ്പുഴ ജില്ലയിലെ ചേർത്തലക്ക് അടുത്ത കടക്കരപ്പള്ളിയിലെ ഇട്ടി അച്ചുതൻ വൈദ്യരുടെ സാക്ഷ്യപത്രമായിരിക്കണം, ചരിത്രത്തിൽ ആദ്യമായി അച്ചടിമഷി പുരണ്ട മലയാളം അക്ഷരങ്ങൾ.
അതിൽ അദ്ദേഹം ചേകോവർണത്തിൽ പെട്ടയാളാണെന്നാണ് പറഞ്ഞിട്ടുള്ളത്.
അതായത്, ചേകവൻ എന്നത് മലയാളി സമൂഹത്തെ സംബന്ധിച്ച് അഭിമാനകരമായ ബൗദ്ധ പൈതൃക ചരിത്രമുള്ള പദമാണ്.
ശ്രീലങ്കയിലും കേരളത്തിലും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ബുദ്ധ ധർമ്മ സംഘത്തിൻ്റെ സംരക്ഷണ പ്രതിരോധ സംവിധാനമായി കളരികൾ സംഘകാലത്തുതന്നെ നിലനിന്നിരുന്നു. “സംഘ കാല കൃതികളായ അകനാനൂറിൽ 34, 231, 293 പാട്ടുകളും, പുറനാനൂറിലെ 235, 237, 245, 356 പാട്ടുകളും കളരികൾക്കായി മാറ്റി വെച്ചിരിക്കുന്നു. BC 200നും AD 600 നും ഇടയിലുള്ള സംഘകാല കൃതികളിലും വിവിധ തരം കളരികളെപ്പറ്റി വിവരിക്കുന്നു” ( മഹേഷ് കിടങ്ങിൽ, ‘കളരിപ്പയറ്റ് ആയോധന കലകളുടെ മാതാവ് ‘, പേജ്: 72, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 2012)
BC മൂന്നാം നൂറ്റാണ്ടിൽ മൗര്യ സമ്രാജ്യാധിപനായിരുന്ന അശോക ചക്രവർത്തി, അഹിംസയുടെ പര്യായമായ ബുദ്ധ ധർമ്മത്തിനു മുന്നിൽ ആയുധം ഉപേക്ഷിച്ച്, ബുദ്ധ ധർമ്മ വിശ്വാസിയാകുകയും, ബുദ്ധ ധർമ്മ പ്രചരണത്തിനായി തന്റെ സൈനികരുടെ അകമ്പടിയോടെ മിഷണറി സംഘങ്ങളെ അയച്ച സ്ഥലങ്ങളുടെ കൂട്ടത്തിൽ കേരളത്തെ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. അശോക ബ്രാഹ്മി എന്നറിയപ്പെടുന്ന ലിപി (എല്ലാ ഇന്ത്യൻ ഭാഷകളുടെയും ലിപി ഉത്ഭവിക്കുന്നത് ബ്രാഹ്മിയിൽ നിന്നാണ്.) ഉപയോഗിച്ച്, പാലി ഭാഷയിൽ കൊത്തിവെപ്പിച്ച ശില ശാസനങ്ങളിൽ ‘കേരളപുത്രർ’ എന്ന് വ്യക്തമായി കേരളത്തെ പരാമർശിക്കുന്ന അഞ്ച് വ്യത്യസ്ത ശിലാശാസന രേഖകൾ പെഷവാർ (പാക്കിസ്ഥാൻ) , ഡെറാഡൂൺ, ഗിർണാർ, കപൂർ-ഡി-ഗിരി, മൻഷേര തുടങ്ങിയ സ്ഥലങ്ങളിലുണ്ട്.(A Social History of India by SN Sadhasivan Page:102) ഇങ്ങനെ കേരളത്തിലേക്കും മറ്റു ദക്ഷിണേന്ത്യൻ പ്രദേശങ്ങളിലേക്കും ശ്രീലങ്കയിലേക്കും അയക്കപ്പെട്ട ബുദ്ധഭിക്ഷു സംഘങ്ങളിലെ ചക്രവർത്തിയുടെ പ്രതിനിധികളായയെത്തിച്ചേർന്ന സൈനിക സേവകരുടെ വ്യായാമമുറകളിൽ നിന്നുമായിരിക്കണം കേരളത്തിൻ്റെ അഭിമാനവും പ്രതിരോധ ശക്തിയും ആയിത്തീർന്ന കളരി എന്ന ആയോധന കല വികസിച്ച് ചേകവർ എന്ന ബൗദ്ധധർമ്മ സംരക്ഷകരും പ്രതിരോധശേഷിയുമായ ‘തേരെ വാദ’/തറവാട് കളരികൾ ആവിർഭവിച്ചതെന്ന് ചിത്രകാരൻ കരുതുന്നു.
പുലിപ്പാല് പുരാണങ്ങൾ പടച്ചുണ്ടാക്കി, ശബരിമല ശാസതാവിൻ്റെ തന്ത ചമയുന്ന ‘സവർണ്ണ രാജകുടുംബം’, തങ്ങളുടെ ഐതിഹ്യ എട്ടുകാലിവല കെട്ടുന്നതിന് മുമ്പ് തന്നെ, ഒരു ബൗദ്ധ പഗോഡയായിരുന്ന ശബരിമല ധർമ്മശാസ്തവിൻ്റെ ദേവസ്ഥാനത്തിൻ്റെ ചുമതലകളും ഉടമസ്തതയും വഹിച്ചിരുന്ന ചേരപ്പൻ ചിറ ചേകവ തറവാട്ടുകാരുടെ പ്രശസ്തമായ കളരിയെക്കുറിച്ചുള്ള ചരിത്രം പഠിക്കപ്പെടേണ്ടതാണ്.
ബോധിധർമ്മനും കുങ്ഫുവും
…………………….. ………………
ദക്ഷിണേന്ത്യയിൽ നിന്നും, അതോ കേരളത്തിൽ നിന്നു തന്നെയോ എന്ന് സംശയിക്കാവുന്ന ധമ്മോ (ധർമ്മോധരൻ), ധർമ്മ സെൻ എന്നീ പേരുകളിലും ചൈനയിൽ അറിയപ്പെടുന്ന ബോധിധർമ്മൻ കളരി അഭ്യാസിയായിരുന്നു. 5, 6 നൂറ്റാണ്ടിനിടയിൽ മഹായന ബുദ്ധ ധർമ്മ പ്രചരണാർത്ഥം ചൈനയിലെത്തിയ അദ്ദേഹമാണ് ധ്യാനത്തിൽ അധിഷ്ഠിതമായ സെൻ ബുദ്ധമതത്തിന് തുടക്കം കുറിക്കുന്നത്.
ദക്ഷിണേന്ത്യയിൽ നിന്നും കടൽ മാർഗ്ഗം സഞ്ചരിച്ച് ചൈനയിലെത്തിയ അദ്ദേഹം യാങ്ങ്സീ നദി കടന്ന് ക്ഷാവോലിൻ ടെമ്പിളിൽ എത്തി. മറ്റൊരു ഇന്ത്യൻ ബുദ്ധഭിക്ഷുവായിരുന്ന ഭട്ടന് (Batvo) വേണ്ടി AD 495 ൽ വീ-രാജ വംശത്തിലെ ചക്രവർത്തിയായ സിയവോ-വെൻ നിർമ്മിച്ചു നൽകിയതാണ് ഷാവോലിൻ ടെമ്പിൾ. ഈ ഭട്ട ഭിക്ഷുവിന്റെ പിൻഗാമിയായാണ് ബോധിധർമ്മൻ അവിടെ ചുമതലയേൽക്കുന്നത്. ബോധി ധർമ്മന്റെ ‘സെൻ ബുദ്ധമതം’ ആവിർഭവിക്കുന്നത് അവിടെയാണ്.
ഷാവോലിൻ ടെമ്പിളിലെ ദുർബലരായിരുന്ന ബുദ്ധഭിക്ഷുക്കൾക്ക് ധ്യാനം പരിശീലിപ്പിക്കുന്നതിനൊപ്പം കളരിപ്പയറ്റിലെ 18 അടവുകളും മർമ്മ പ്രയോഗങ്ങളും ബോധിധർമ്മൻ പരിചയപ്പെടുത്തി. ആയോധനകലകളിലൂടെ ശക്തി നേടിയ ബുദ്ധഭിക്ഷുക്കൾ ടെമ്പിളിന്റെ സംരക്ഷകരായി മാറിയ AD.618 മുതൽ 907 വരെയുള്ള ടാങ്ങ് രാജവംശ കാലഘട്ടമാണ് ഷാവോലിൻ ടെംമ്പിളിന്റെ സുവർണ്ണ കാലഘട്ടം. ഷാവോലിൻ ടെമ്പിൾ ‘കുംങ്ങ്ഫു’വിന്റെ ഉത്ഭവ കേന്ദ്രമായത് അതിനെ തുടർന്നാണത്രേ. (കളരിപ്പയറ്റ് ആയോധന കലകളുടെ മാതാവ്. പേജ് 15 – 22 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്)
അതായത്, കേരളമടങ്ങിയ ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും വ്യാപിച്ചിരുന്ന കളരികളുടെ പ്രചാരവും പൈതൃകവും സവർണ്ണ ബ്രാഹ്മണ മതത്തിന്റെ പതിവ് കള്ളക്കഥകളായ പരശുരാമ മാഹാത്മ്യ -ഉൽപ്പത്തി കഥകൾ കൊണ്ടൊന്നും ബുദ്ധ ധർമ്മത്തിൽ നിന്നും അടർത്തി, അടിച്ചുമാറ്റാനാകില്ലെന്ന് സാരം !
നാമജപ സമരക്കാരുടെ ജാത്യാക്ഷേപം
………… ………………….. …………………..
ശബരിമലയിൽ പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും പ്രവേശനാനുമതി നൽകിക്കൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കാൻ കേരള ഗവൺമെൻ്റിന് നിയമബാധ്യതയുണ്ടെന്ന നിലപാടെടുത്തതിനോടുള്ള പ്രതികരണമായാണ് 2018ൽ മുഖ്യമന്ത്രിക്ക് ജാതി-വംശീയമായുള്ള ‘ചോ.കൂ.മോൻ’ ജാത്യക്ഷേപത്തിന് പാത്രീഭവിക്കേണ്ടിവന്നത്.
ഇത്രയും കാലം ‘ചെത്തുകാരൻ’, ‘ചെത്തുകാരൻ്റെ മോൻ’, ‘കൊട്ടി’, ‘ഏറ്റുകാരൻ’ ‘ചിലന്തി’, … തുടങ്ങിയ, അത്ര പ്രാചീനമല്ലാത്ത കുലത്തൊഴിൽ ജാത്യാക്ഷേപ പേരുകൾ കേട്ടു തഴമ്പിച്ചവർക്ക് കുറച്ചു കൂടി പ്രാചീനവും അഭിമാനകരവുമായതും, ആരോമൽ ചേകവരിലേക്കും ഇട്ടി അച്ചുതൻ വൈദ്യരിലേക്കും മാമാങ്ക ചേകവരിലേക്കുമൊക്ക നീളുന്നതുമായ കുലത്തൊഴിൽ നാമമായ ‘ചേകവൻ’ വിളി കേൾക്കേണ്ടി വന്നത് തിരിച്ചറിവുള്ളവരെ സംബന്ധിച്ച് അത്ര മോശമല്ല.
സത്യത്തിൽ, മുഖ്യമന്ത്രിക്കെതിരെ തെരുവിലിറങ്ങി, ജാത്യാക്ഷേപം നടത്തിയ ആ രണ്ടു സത്രീകളെ കുറ്റപ്പെടുത്താനുമാകില്ല. കാരണം, ശൂദ്രർ ആയിരത്തിലേറെ വർഷമായി (എട്ടാം നൂറ്റാണ്ട് മുതൽ) അനുഷ്ഠിച്ചു വന്നിരിക്കാനിടയുള്ള സവർണ്ണ ജാതീയ ആചാരത്തിൻ്റെ ഭാഗമായുള്ളതും, സവർണ്ണരെന്ന നിലയിൽ അവരുടെ ചുമതല കൂടിയായ, ജാത്യാക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെ നടത്തിയത്.
സവർണ്ണ ജാതീയ മതം വിസ്മൃത ബൗദ്ധരായ കേരളത്തിലെ ഭൂരിപക്ഷ പിന്നോക്ക ദളിത സമുദായങ്ങളെ സ്ഥിരമായി, രഹസ്യമായും പരസ്യമായും അധിക്ഷേപിക്കാൻ ഉപയോഗിച്ചു വരുന്ന അനേകം ജാത്യാക്ഷേപ പ്രയോഗങ്ങളിൽ ഒന്നു മാത്രമാണ് ”ചോവ കൂതി മോൻ” എന്ന വംശീയ അധിക്ഷേപ തെറി പ്രയോഗം.
തിരുവിതാംകൂറിൻ്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന സി.കേശവൻ്റെ ജീവിതത്തിലും നെയ്ത് ജോലി കുലത്തൊഴിലാക്കിയിരുന്നതിൻ്റെ പേരിൽ സവർണ്ണരിൽ നിന്നും ‘ചിലന്തി / എട്ടുകാലി’യെന്ന അധിക്ഷേപം നിലനിന്നിരുന്നതായി കേട്ടിട്ടുണ്ട്. നെയ്ത് ജോലി ചെയ്തിരുന്ന ഈഴവ സമുദായത്തിന് മൊത്തമായുള്ള അന്നത്തെ ജാത്യക്ഷേപ പേരായിരുന്നു ‘എട്ടുകാലി, ചിലന്തി’ എന്നിവ.
സവർണ്ണ ജാതീയതയിൽ പെടാത്ത വിസ്മൃത-ബൗദ്ധരെ തങ്ങളുടെ വരുതിയിലാക്കാനായി കുലത്തൊഴിലുകളെ ജാതിയായി വ്യാഖ്യാനിച്ച് ആ സമൂഹത്തെ ജീർണ്ണപ്പിച്ച് സമുദായത്തിൻ്റെ ആത്മാഭിമാനം തകർത്ത്, സവർണ്ണ അടിമ ജാതി-നുകത്തിനകത്തേക്ക് ചവിട്ടിക്കേറ്റുന്ന ഒരു തന്ത്രമായാണ് നൂറ്റാണ്ടുകളായി ബ്രാഹ്മണ സവർണ്ണ മതം ജാത്യാക്ഷേപം എന്ന വംശീയ ആക്രമണ രീതിയെ അവലംഭിച്ചിരുന്നത്.
ഇതിലൂടെ കേരളത്തിലെ ബ്രാഹ്മണ സവർണ്ണ മതത്തിലെ ഏറ്റവും താഴെക്കിടയിൽ കഴിഞ്ഞുകൂടിയിരുന്ന ശൂദ്ര വർണ്ണക്കാരായ നായർ-ഭൃത്യ ജനങ്ങൾക്ക് ബൗദ്ധ പാരമ്പര്യമുള്ള ചേകവരേക്കാൾ മുന്തിയ വർഗ്ഗമാണ് തങ്ങളെന്ന ദുരഭിമാനം നിർമ്മിച്ചു നൽകാൻ ബ്രാഹ്മണ്യം ലക്ഷ്യം വെച്ചിരിക്കണം.
കേരളത്തിലെ വിസ്മൃത ബുദ്ധ അസവർണ്ണ സമൂഹത്തിൻ്റെ കുലത്തൊഴിൽ മദ്യോൽപ്പാദനമാണെന്ന് വരുത്തിത്തീർക്കാനായി കഴിഞ്ഞ നൂറ്റാണ്ട് വരെ ബ്രാഹ്മണ സവർണ്ണ മതം പലവിധ സമ്മർദ്ദ തന്ത്രങ്ങളും പ്രയോഗിച്ചിരുന്നു. അതിലൊന്നായിരുന്നു ഈഴവ-തിയ്യരുടെ വീടുകൾക്ക് രാത്രിയിൽ ശൂദ്ര-നായന്മാരെക്കൊണ്ട് തീവെപ്പിക്കുന്ന ക്രൂരത. അതേക്കുറിച്ച് കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ നായന്മാരുടെ പൂർവ്വ ചരിത്രം എന്ന പുസ്തകത്തിൽ പ്രതികാരം എന്ന അദ്ധ്യായത്തിൽ പ്രതിപാദിച്ചിരിക്കുന്ന ചില വസ്തുതകളിൽ നിന്നും മനസ്സിലായ കാര്യം താഴെ ചേർക്കുന്നു. (കണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ നായന്മാരുടെ പൂർവ്വചരിത്രം – രണ്ടാം ഭാഗം, അദ്ധ്യായം 6 പ്രതികാരം, പേജ്: 310-312, മൂന്നാം പതിപ്പ്. Oct. 2011)
‘ചുടുവീടന്മാര്‘, ‘കുടിലോടികള്
………………… ……………………..
രസിക ശിരോമണികളായ ബ്രാഹ്മണരുടെ അത്താഴത്തിനു ശേഷമുള്ള ഒരു വിനോദമായും നായന്മാരുടെ പ്രതികാരദാഹത്തിന്റെ ഫലമായും രണ്ടു വിധേനയും “ചുടുവീടന്മാര്” സൃഷ്ടിക്കപ്പെട്ടിരുന്നു എന്നാണു പറയപ്പെടുന്നത്.
നായന്മാര്‍‍ക്കിടയില് ധനിക-ദരിദ്രഭേദമില്ലാതെ ആചരിക്കപ്പെട്ടിരുന്ന ഒരു ചടങ്ങായിരുന്നു “മച്ചുകര്മ്മം”. പുനീശ്വരി പൂജ (ഭുവനീശ്വരി പൂജ എന്നു ബ്രാഹ്മണ ഭാഷ്യം.) എന്ന പേരിലും ഇതറിയപ്പെട്ടു. ശൂദ്രരുടെ വീടിന്റെ പടിഞ്ഞാറ്റയില്, നടുവിലെ പ്രധാന മുറിക്കാണു മച്ച് എന്നു പറയുന്നത്.
ശൂദ്ര-നായന്മാരുടെ രക്തദാഹികളായ സകല ദൈവങ്ങളുടേയും ഇരിപ്പിടം ഈ മച്ചിലായിരുന്നത്രേ ! ഈ പുനീശരീ (കാളീ) പൂജക്ക് കള്ളും കോഴിയും പ്രധാന നിവേദ്യങ്ങളായി നിശ്ചയിച്ചത് ബ്രാഹ്മണരല്ലാതെ മറ്റാരുമാകാനിടയില്ലല്ലോ. കാരണം, നായര് കള്ളു ചെത്തുക പോയിട്ട് അദ്ദ്വനിച്ച് ജീവിക്കാന് ശ്രമിക്കുന്നതുപോലും നിന്ദ്യമെന്നു കരുതുന്ന അക്കാലത്ത്, ‘മച്ചു കർമ്മ’ത്തിനു പുലിപ്പാലുപോലെ പ്രയാസകരമായ കള്ള് എല്ലാ നായര് വീടുകളിലും അനിവാര്യമാകുന്നത് ഈഴവ (ബൌദ്ധ) വംശഹത്യ ലക്ഷ്യം വെക്കുന്നതല്ലെന്നു പറയാനാകില്ല.
അക്കാലത്ത്, “വേട്ടുവരെന്ന” ആദിമവാസി വിഭാഗമാണ് തെങ്ങില് കേറ്റവും മറ്റും നടത്തുന്നത് എന്നാണ് കാണിപ്പയ്യൂർ പറയുന്നത്. പക്ഷേ, ‘മച്ചില് വച്ചു’കൊടുക്കുന്നതിനുള്ള നിവേദ്യമായ കള്ള്, നായര് വീടുകളില് എത്തിക്കേണ്ട ചുമതല തലപോകുന്ന ആജ്ഞയായി ലഭിച്ചിരുന്നത് സ്ഥലത്തെ കുറച്ചു ദുര്ബലരായ ഈഴവ(ബൌദ്ധ) കുടുമ്പത്തിനു മാത്രമായിരിക്കും.
ഇവരുടെ ആജ്ഞ നിറവേറ്റാന് കഴിയാത്ത ഈഴവ കുടുംബത്തിന്റെ വീട് പാതിരയ്ക്ക് അഗ്നിക്കിരയാക്കുക എന്നതാണു നായന്മാര് അക്കാലത്തു ചെയ്തിരുന്ന പ്രതികാര നടപടി. അങ്ങനെ, വീട് കത്തിക്കപ്പെട്ട്, ആ നാട്ടില് നിന്നും ജീവന് രക്ഷിക്കാനായി ഓടി രക്ഷപ്പെട്ടിരുന്ന ഹതഭാഗ്യരായ ഈഴവരെ അക്കാലത്ത് വിശേഷിപ്പിച്ചിരുന്ന പരിഹാസ പേരാണു “ചുടുവീടന്മാര്” എന്ന്.
വിസ്മൃത ബുദ്ധ ധർമ്മക്കാരായ ഈഴവരില് നിന്നും സാമൂഹ്യമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളെ കള്ളുചെത്ത് തൊഴിലിലേക്ക് സമ്മര്ദ്ദപൂർവ്വം നിയോഗിച്ച് ഈഴവരുടെ കുലത്തൊഴില് മദ്യ നിര്മ്മാണമാണെന്ന് വരുത്തിത്തീര്ക്കാനുള്ള ബ്രാഹ്മണ പൌരോഹിത്യ ഗൂഡാലോചനയിലൂടെ ജാതിയത ബൗദ്ധരിലേക്കും തൊഴിൽ പേരുകളായി സന്നിവേശിപ്പിക്കുന്ന സവർണ്ണ മത-തന്ത്രത്തിന്റെ അജണ്ട തന്നെയാണ് ചുടു വീടന്മാരെ സൃഷ്ടിക്കാൻ കാരണമായത്.
ചില സ്ഥലങ്ങളില് ഇവരെ “ചുടുകുടിക്കാര്” “കുടിലോടികള്” എന്നീ പേരുകളും വിളിച്ചിരുന്നു എന്നാണു കാണിപ്പയ്യൂര് ശങ്കരന് നമ്പൂതിരിയുടെ നായന്മാരുടെ പൂര്വ്വ ചരിത്രം എന്ന പുസ്തകത്തിന്റെ രണ്ടാഭാഗത്തില് പ്രതികാരം എന്ന അദ്ധ്യായത്തില് പറയുന്നത്.
ഇതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്?
എത്ര നഷ്ടം സംഭവിച്ചാലും കുല തൊഴിലായി മദ്യ നിർമ്മാണവും കള്ളുചെത്തലും സ്വീകരിക്കാൻ വിസ്മൃത ബൗദ്ധ ജനത / ഈഴവർ അക്കാലത്ത് കൂട്ടാക്കിയിരുന്നില്ല എന്നു തന്നെയാണ്.
ബ്രാഹ്മണ പൗരോഹിത്യം ഒരു ദ്വിമുഖ തന്ത്രമാണ് പ്രയോഗിച്ചിരുന്നത് എന്ന് മനസ്സിലാക്കാം. ചുടു വീടന്മാർ, കുടിലോടികൾ, ചുടു കുടിക്കാർ തുടങ്ങി പല പേരിൽ വിളിക്കപ്പെടുന്നതിൽ നിന്നും അനേകം ജനം പലയിടത്തായി ഇങ്ങനെ പാലായനം ചെയ്യാൻ നിർബന്ധിതരായിട്ടുണ്ട് എന്ന് വ്യക്തമാണ്. സ്വന്തം വീടും സ്വത്തുക്കളും നഷ്ടപ്പെട്ട് ജീവൻ മാത്രം രക്ഷിച്ച് നാടുവിട്ട് ഓടേണ്ടി വന്നിരുന്ന ഹതഭാഗ്യരുടെ വീടും സ്വത്തും കൃഷിയും വ്യാപാരങ്ങളും ബ്രാഹ്മണ പുരോഹിതരുടെയോ ആശ്രിതരായ ശൂദ്ര-നായന്മാരുടെയോ സ്വന്തമായിത്തീരുന്നുണ്ട്.
കള്ള് ചെത്ത് കുലത്തൊഴിലായി സ്വീകരിക്കുന്ന ഒരു ഈഴവ ജാതിയെ നിർമ്മിക്കുന്നതിനോടൊപ്പം അതിനേക്കാളും വലിയ വംശീയ ഉന്മൂലനവും ചുടു വീടന്മാരുടെ സ്വത്ത് സ്വന്തമാക്കലും ഈ ഗൂഢാചാരത്തിലൂടെ വിഭാവനം ചെയ്യപ്പെട്ടിരുന്നു എന്നത് സ്പഷ്ടമാണ്.
അസ്തിത്വ പ്രതിസന്ധി
…………….. ………………
1200 വർഷമായി തന്ത്രശാലികളായ പൗരോഹിത്യത്തിൻ്റെ വംശീയ കുടിലതക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ വിസ്മൃത ബൗദ്ധ സമൂഹത്തിൻ്റെ മനുഷ്യ മനസ്സ് അനുഭവിച്ചുകൊണ്ടിരിക്കുന്ന, കൊടിയ വംശീയ പീഢനത്തിൽ നിന്നും സ്വാഭാവികമായും ഉളവായ ആത്മ സംഘർഷത്തിൻ്റെ ദൃശ്യവൽക്കരണമാണ് ചോ.കൂ.മോൻ എന്ന ഈ ചെറിയൊരു പെയിൻ്റിലൂടെ ചിത്രകാരൻ സമൂഹ മനസാക്ഷിക്കു മുമ്പാകെ രേഖപ്പെടുത്തി സമർപ്പിക്കുന്നത്.
ഇന്ത്യൻ ചരിത്രത്തിൽ മാത്രമല്ല, ലോക ചരിത്രത്തിൽ തന്നെ അത്യുജ്ജ്വലമായ സാംസ്ക്കാരിക പ്രബുദ്ധതയുടെ പ്രകാശം പ്രസരിപ്പിച്ച സിദ്ധാർത്ഥ ഗൗതമബുദ്ധൻ്റെ അഹിംസാത്മകവും മനുഷ്യ സ്നേഹപരവുമായ മാനവിക തത്വശാസ്ത്രത്തെ തമസ്ക്കരിക്കാനായി കള്ള ചരിത്രങ്ങളായ പുരാണേതിഹാസ രചനകളിലൂടെ നിരത്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന പൗരോഹിത്യത്തിൻ്റെ ഇരകളാകുന്ന ഓരോ ഇന്ത്യൻ പൗരനും അനുഭവിക്കുന്ന ആത്മസംഘർഷത്തിൻ്റെ അസ്തിത്വ പ്രതിസന്ധി ഈ ചിത്രത്തിലെ ഇരുതലകളുള്ള മനുഷ്യരൂപവും അനുഭവിക്കുന്നുണ്ട്.
ആ അനുഭവം, ഓരോ ഇന്ത്യക്കാരനും സ്വജീവിതത്തിൽ തന്നെ നേരിട്ട് അനുഭവിച്ചറിയുന്ന, തൊഴിലിനെ ജാതിയായി കാണാൻ നിർബന്ധിക്കുന്ന സാമൂഹ്യ അനീതിയുടെ ദുരിതമാണ്. അദ്ധ്വാനിക്കുന്നവരെ, ചിന്തിക്കുന്നവരെ, കുറ്റവാളികളാക്കുന്ന ജാതീയതയാണത്. സവർണ്ണ ബ്രാഹ്മണ മതത്തെ റേസിസമായി തിരിച്ചറിഞ്ഞ് രാഷ്ട്രീയമായി തള്ളിക്കളയാൻ ഇന്ത്യൻ സമൂഹം പ്രബുദ്ധമാകട്ടെ എന്ന് ആശിക്കുന്നു.
-ചിത്രകാരന് ടി. മുരളി
23-09-2020
വായനക്കാര് ശ്രദ്ധിക്കുക:
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
ജാതി മത ദൈവ വിശ്വാസങ്ങള് വ്രണപ്പെടുന്ന യാഥാസ്ഥിതിക അസുഖമുള്ളവർ ഈ പോസ്റ്റ്‌ വായിക്കാൻ ശ്രമിക്കരുത്. അഥവാ വായിച്ചാൽ തന്നെ ഉള്ളടക്കം സത്യമാണോ എന്ന് സ്വയം പരിശോധിച്ച് സ്വന്തം ഉത്തരവാദിത്വത്തില് മാത്രം വിശ്വസിക്കാനോ അവിശ്വസിക്കാനോ ഉള്ള തീരുമാനം സ്വയം എടുക്കേണ്ടതാണ്.