ദുരന്തത്തിലും അവസരങ്ങൾ കണ്ടെത്തുന്ന നികൃഷ്ടരുടെ എണ്ണം ലോകത്താകമാനം കൂടി വരുകയാണ്

0
54

മുരളി തോന്നയ്ക്കൽ

കോവിഡൊക്കെ എന്ത് !

ദുരന്തത്തിലും അവസരങ്ങൾ കണ്ടെത്തുന്ന നികൃഷ്ടരുടെ എണ്ണം ലോകത്താകമാനം കൂടി വരുകയാണ്. കോവിഡ് താണ്ഡവമാടിയ അമേരിക്ക അതിനെ മികച്ച അവസരമാക്കുന്നതായി മുൻ പ്രസിഡന്റ് ഒബാമയുടെ ആരോപണം. കോവിഡിന്റെ മറവിൽ ഒളി അജണ്ടകൾ കടത്തിക്കൊണ്ട് പോകുന്നത് ബോധപൂർവം എല്ലായിടത്തും ഭരണാധികാരികൾ ശക്തിപ്പെടുത്തി വരുകയാണ്. ഇന്ത്യയും അതിനൊരു അപവാദമല്ല. മഹാമാരി അമേരിക്കയിൽ സാമ്പത്തിക അസമത്വവും വംശീയ അന്തരവും വർദ്ധിപ്പിച്ചതായി ഒബാമ. ഇപ്പോൾ ഒരു കറുത്ത വംശജൻ പ്രഭാത സവാരിക്ക് പോകുമ്പോൾ ചില ആളുകൾക്ക് അവരെ തടഞ്ഞു നിർത്താനും വെടിവയ്ക്കാനും വരെ കഴിയുമെന്നത് ഏറെ ആശങ്കപ്പെടുത്തുന്നതായി ഒബാമ പറഞ്ഞു.

കോവിഡാനന്തര ലോകത്തിൽ ഏറ്റവും വലിയ ഇരകളായി മാറുക കറുത്തവരും പാർശ്വവൽകൃത വിഭാഗങ്ങളുമായിരിക്കും എന്ന വസ്തുത സാക്ഷ്യപ്പെടുത്തുന്ന അസാധാരണ സംഭവങ്ങളുടേയും നടപടികളുടേയും വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ 40 കോടിയിലധികം ജനങ്ങൾ അന്നന്ന് പണി ചെയ്തു അന്നം കണ്ടെത്തുന്നവരാണ്. പാക്കേജുകളുടെ പെരുമഴ പെയ്തെങ്കിലും സർക്കാർ നടപടികളുടെ പ്രതിഫലനം കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തിൽ ഉണ്ടാകുമെന്ന് ആർക്കാണ് ഉറപ്പിക്കാനാവുക. ആദ്യ പ്രയോറിറ്റി ലഭിക്കേണ്ട കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ കരളയിക്കുന്ന പാലായനങ്ങളുടെ പരമ്പരയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയിൽ കോവിഡെത്തി 100 ദിനങ്ങൾ പിന്നിട്ടിട്ടും പാലായനങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു.

കോവിഡ് ലോകത്തിന് നൽകിയ കയ്പേറിയ പാഠങ്ങളിൽ നിന്ന് ഒന്നും പഠിക്കാതെയാണ് ഇന്ത്യ നീങ്ങുന്നത്. കോവിഡിന്റെ മറവിലെ സ്വകാര്യ – കോർപ്പറേറ്റ് — കുത്തകവൽക്കരണം നാളെ കൊറോണയേക്കാൾ വലിയ നാശം വിതയ്ക്കുമെന്ന് ഉറപ്പാണ്. ദശാബ്ദങ്ങളായി കടുത്ത ആഗോളീകരണ നടപടികൾ തുടർന്നു വന്ന അമേരിക്ക, ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ, ഇറ്റലി തുടങ്ങിയ മുതലാളിത്ത രാജ്യങ്ങളിൽ കോവിഡിന് മുന്നിൽ പകച്ചു നിൽക്കേണ്ടി വന്നതിന് കാരണം നിയന്ത്രണമില്ലാത്ത സ്വകാര്യ വൽക്കരണമായിരുന്നു. ആരോഗ്യ മേഖലയിൽ നിന്ന് പിൻമാറി സ്വകാര്യ മേഖലക്ക് അത് കൈമാറിയതിന്റെ ദുരന്തം അവർ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യ ഇൻഷുറൻസില്ലാത്ത ആ രാജ്യങ്ങളിലെ ജനങ്ങൾക്ക് മരണം വരിക്കുകയേ നിവൃത്തിയുള്ളു. പല രാജ്യങ്ങളും സ്വകാര്യ ആശുപത്രികൾ പിടിച്ചെടുത്ത് ദേശസാൽക്കരിക്കാൻ നിർബന്ധിതമായി.

കോവിഡിന്റെ മറവിൽ, വൈദ്യുതിരംഗം ഉൾപ്പെടെ തന്ത്രപ്രധാന മേഖലകളിൽ പ്രഖ്യാപിക്കപ്പെട്ട സ്വകാര്യവൽക്കരണം ഇന്ത്യയെ കൊറോണ വൈറസിനേക്കാൾ ഭീകരമായി ബാധിക്കും. സാമ്പത്തിക അസമത്വം, തൊഴിലില്ലായ്മ, ഭക്ഷ്യധാന്യ ക്ഷാമം, വിലക്കയറ്റം, പട്ടിണി എന്നിവ വർദ്ധിക്കുന്നതോടെ കൊടിയ സാമൂഹിക അസന്തുലിതാവസ്ഥയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ജോലി സമയം 12 മണിക്കൂറായി ഉയർത്തുന്നത് ഉൾപ്പെടെ തൊഴിൽ മേഖലയിലെ പരിഷ്ക്കാരങ്ങൾ മുഴുവൻ മുതലാളിമാർക്ക് മാത്രം ഗുണം ചെയ്യുന്നതാണ്. കൊറോണയുടെ മറവിലൂടെ ഒളിച്ചു കടത്തുന്ന വിധി നിർണ്ണായക നടപടികൾ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് പറയാതെ വയ്യ !