ഇത് പ്രവാസികൾക്കൊപ്പം നിൽക്കേണ്ട കാലം

0
53

മുരളി തോന്നയ്ക്കൽ

ഇത് പ്രവാസികൾക്കൊപ്പം നിൽക്കേണ്ട കാലം

കോവിഡ് പ്രതിരോധത്തിൽ, ലോകത്തിനാകെ മാതൃകയായി നിൽക്കുന്നത് അമേരിക്കയോ ഇംഗ്ളണ്ടോ ജർമ്മനിയോ അല്ല, നമ്മുടെ സ്വന്തം കേരളമാണ്! അതിൽ ഏറ്റവും അഭിമാനിക്കുന്നത് പ്രവാസികളാണ്. കാരണം, ലോകം പാടിപ്പുകഴ്ത്തുന്ന കേരള മോഡൽ പട്ടവുമായി ഈ നാട് ഉയർന്നതും വളർന്നതും പ്രവാസികളുടെ കൂടി അധ്വാനഫലത്താലാണ്. അര നൂറ്റാണ്ടിലേറെ നീളുന്ന പ്രൗഢോജ്വല ചരിത്രമാണ് മലയാളികളുടെ പ്രവാസ തൊഴിൽ ജീവിതം അടയാളപ്പെടുത്തുന്നത്. ബെന്യാമിന്റെ “ആടുജീവിത”ത്തിലെ നജീബിനെപ്പോലെ യാതനകളുടേയും വേദനകളുടേയും കനൽവഴികൾ ബഹുദൂരം പിന്നിട്ടവർ ! ത്യാഗവും സമർപ്പണവും ചാലിച്ച കണ്ണീരിന്റെ ഉപ്പു കലർന്ന ജീവിതത്തിന്റെ ഉടമകൾ !

Dh196-billion Dubai budget from 2020 to 2022 approved | Government ...തേനീച്ചകളെ പോലെ അരിച്ചു കൊണ്ടുവന്ന് അവർ ഊട്ടിയത് അവരുടെ കുടുംബങ്ങളെ മാത്രമല്ല, ഈ നാടിനെ കൂടിയാണ്. നല്ല വീടുകളായും റോഡുകളായും ഗ്രാമങ്ങൾ ഉണരുമ്പോൾ, വ്യാപാരം – വ്യവസായ സ്ഥാപനങ്ങളുടെ തലയെടുപ്പുമായി നഗരങ്ങളും ഒപ്പം വളരുകയായിരുന്നു. കേരളം ഇന്നത്തെ നിലയിൽ സർവ്വ മേഖലയിലും പുരോഗതി നേടിയതിന്റെ ക്രഡിറ്റ് പ്രവാസികൾക്ക് കൂടി അവകാശപ്പെട്ടതാണ്. ഇന്നും സംസ്ഥാന വരുമാനത്തിന്റെ വലിയൊരു പങ്ക് ഗൾഫ് പണമാണെന്ന് ഏത് സാമ്പത്തിക ശാസ്ത്രജ്ഞനും അടിവരയിടുന്ന സത്യമാണ്. വസ്തുതകൾ ഇതായിരിക്കേ, നാടിന്റെ സമ്പത്തിലും ഐശ്വര്യത്തിലും അനിഷേധ്യ പങ്ക് വഹിച്ച പ്രവാസികൾക്ക്, ഈ വിധി നിർണ്ണായക ഘട്ടത്തിൽ, അർഹിക്കുന്ന പരിഗണയും കരുതലും നാട് നൽകിയോ എന്ന ചോദ്യത്തിന് നിങ്ങൾ ഉത്തരം കണ്ടെത്തുക.

ലോകമെമ്പാടും കോവിഡ് കൊടുങ്കാറ്റായി ആഞ്ഞുവീശുമ്പോൾ, ആശങ്കയും അരക്ഷിതബോധവും പ്രവാസികളെയാകെ ചൂഴ്ന്നു നിൽക്കുന്നു. പ്രവാസി സമൂഹവും അവരുടെ കുടുംബങ്ങളും ഉത്കണ്oയുടെ മുൾമുനയിലാണ്. കേരളത്തിൽ 2 ആളുകൾ മരണപ്പെട്ടെങ്കിൽ, കേരളത്തിന് പുറത്ത് ജീവൻ നഷ്ടപ്പെട്ട മലയാളികൾ 24 ആണ് ! 32 ലക്ഷം മലയാളികളാണ് ഗൾഫ് രാജ്യങ്ങളിലാകെ ഉള്ളതെന്നത് ആശങ്കയുടെ ആഴം കൂട്ടുന്നു ! മുഖ്യമന്ത്രി പതിവ് വാർത്താ സമ്മേളനത്തിൽ പ്രവാസികളെ സംബന്ധിച്ചുള്ള ആശങ്കകൾ നിരന്തരം പങ്ക് വയ്ക്കുന്നുണ്ടെങ്കിലും, പ്രവാസികളുടെ സുരക്ഷയും നാട്ടിലേയ്ക്കുള്ള മടക്കവും സംബന്ധിച്ച് ക്രിയാത്മക നടപടികൾ ഇപ്പോഴും വൈകുന്നു. പ്രവാസികളുടെ ആവലാതികൾ എംബസികൾ പരിഗണിക്കുന്നില്ലെന്ന പരാതികൾ വ്യാപകമാണ്.

സംസ്ഥാന സർക്കാർ സമ്മർദ്ദം കൂടുതൽ ബലപ്പെടുത്തുകയും കേന്ദ്ര സർക്കാർ ഉഭയകക്ഷി ചർച്ചകളിലൂടെ കൂടുതൽ സുരക്ഷയൊരുക്കിയും വ്യോമഗതാഗത നിരോധനത്തിൽ ഇളവ് വരുത്തിയും അതിവേഗം പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്ന നിമിഷത്തിനായി പ്രവാസികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

ജീവനിലുള്ള ഭീതിയും, തൊഴിൽ അരക്ഷിതത്വവും സാമ്പത്തിക പ്രതിസന്ധിയും കുടുംബ പ്രാരാബ്ധങ്ങളും പ്രവാസികളുടെ മാനസികാരോഗ്യം ഏറെ ദുർബലമാക്കിയിട്ടുണ്ട്. വർക്ക് പെർമിറ്റുകൾ, വിസാ കാലാവധി, സ്ഥിരതാമസ കാർഡ് പുതുക്കൽ ഇവയെല്ലാം പ്രതിസന്ധിയിലാണ് . ഈ സന്ദിഗ്ധാവസ്ഥയിൽ ജനിച്ച നാടിന്റെ കനിവിനായി പ്രവാസികൾ ഉറ്റുനോക്കുകയാണ്. ഏത് സാഹചര്യത്തിലും സ്വാഭാവിക നീതിയും സർക്കാരിന്റെ കരുതലും പ്രവാസികൾക്കൊപ്പം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ പകരുന്ന പ്രതീക്ഷ വളരെ വലുതാണ്!

നമ്മുടെ വീട്ടിലോ , ബന്ധുക്കളിലോ സുഹൃത് വലയത്തിലോ ഒരു പ്രവാസിയെങ്കിലും കാണും… വരും നാളുകളിൽ പ്രവാസി കുടുംബങ്ങൾകൂടി സന്തോഷകരവും ശുഭകരവുമായ വാർത്തകൾ ഉണ്ടാകുമെന്ന പ്രത്യാശയോടെ…