‘മാവേലീയാദർശം വിജയിക്കട്ടെ….. ‘

236

Murali Thonnakkal എഴുതുന്നു 

“മാവേലീയാദർശം വിജയിക്കട്ടെ….. “

എല്ലാവർക്കും നീതി നൽകേണ്ടതില്ല എന്നും സമത്വവും സാഹോദര്യവും ചിരന്തനമായ സ്വപ്നം മാത്രമേ ആകാൻ പാടുള്ളുവെന്നും വിശ്വസിക്കുന്ന ജാതിസമൂഹത്തിൽ “മാനുഷരെല്ലാരുമൊന്നുപോലാകുന്ന ” വ്യവസ്ഥിതി വിളംബരം ചെയ്യുന്ന ഓണത്തിന് സവിശേഷ പ്രധാന്യമുണ്ട്.സമത്വസുന്ദരമായ ഒരു ലോകത്തെയാണ് ഓണസങ്കല്പം വിഭാവനം ചെയ്യുന്നത്.സ്ഥിതി സമത്വമെന്ന തികച്ചും മാനവികമായൊരു ആശയത്തിന്റെ ആഘോഷമാണ് ഓണം.

തുല്യനീതി നിഷേധിക്കുന്ന തികച്ചും ബ്രാഹ്മണിക്കലായ ആശയത്തെ പ്രതിനിധാനം ചെയ്യുന്ന വാമന ദർശനത്തിന് കടകവിരുദ്ധമായ സന്ദേശമാണ് മാവേലി നാടുവാണ സുവർണ്ണകാലം ഉൾക്കൊള്ളുന്നത്. ഭൂമി, വീട്, വിദ്യാഭ്യാസം, തൊഴിൽ, ഭക്ഷണം, ആരോഗ്യം തുടങ്ങിയ മനുഷ്യാവകാശങ്ങൾ സർവ്വർക്കും ലഭ്യമാക്കുമ്പോഴാണ് മനുഷരെല്ലാരും ഒന്നു പോലാവുന്നത്. സർവ്വവിവേചനങ്ങൾക്കുമതീതമായ സമഗ്രവും സമ്പൂർണ്ണവുമായ വ്യവസ്ഥിതി !

ആകയാൽ, മാവേലി മാഹാത്മ്യം ഉത്ഘോഷിക്കുന്ന ഓണം തികച്ചും മാനവികവും ബഹുസ്വരവും ജാതിരഹിതവുമായ സങ്കല്പമാണ്. മനുഷ്യനെ മനുഷ്യനായി കാണാനുള്ള മാനസികാവസ്ഥയിലെത്തുംവരെ കള്ളവും ചതിയും പൊളിവചനങ്ങളും അതുപോലെ തുടരും. ഒപ്പം ആഢംഭരത്തെയും ധൂർത്തിനേയും പ്രതീകവൽക്കരിക്കുന്ന ആത്മാവില്ലാത്ത ആഘോഷമായി ഓണങ്ങൾ കടന്നു പോകുകയും ചെയ്യും.അസഹിഷ്ണുതയും ഹിംസാത്മകതയും മുഖമുദ്രയായ വാമനദർശനം വെടിഞ്ഞാലെ,മാനവികതയുടേയും തുല്യനീതിയുടേയും മാവേലി വാഴ്ച രാജ്യത്ത് സാധ്യമാകൂ എന്ന്
മാവേലി നാടുവാണീടും കാലം …. എന്ന ഗാനം പോലും നമ്മേ ഓർമ്മപ്പെടുത്തുന്നു !

ഏവരും ഒന്നുപോയാലാവുന്ന സാമൂഹിക
ജനാധിപത്യ സങ്കല്പത്തെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും അടയാളപ്പെടുത്തുകയാണ് മഹത്തായ ഓണസങ്കല്പം !!
എല്ലാവരേയും തുല്യരായി കാണുന്ന
“മാവേലീയിസം നീണാൽ വാഴട്ടെ ”
“ഏവർക്കും ഓണാശംസകൾ ”

Advertisements