ശൈലജ ടീച്ചറെ ആഘോഷിക്കുമ്പോൾ, അതേ വോഗ് മാഗസിന്റെ “വാരിയർ ഓഫ് ദി ഇയർ “പട്ടികയിൽ ഇടം നേടിയ രേഷ്മാ മോഹൻദാസിനെ തമസ്ക്കരിക്കുന്നത് ഒരു നിലയിലും ന്യായീകരണം അർഹിക്കുന്നില്ല

126

മുരളി തോന്നയ്ക്കൽ

കേരളം മറക്കരുത് ഈ നിറപുഞ്ചിരി…!

ശൈലജടീച്ചർ വോഗ് മാഗസിനിലൂടെ ആദരിക്കപ്പെട്ടത് ഏറെ അഭിമാനകരം എന്ന് പറയാതെ വയ്യ. പക്ഷേ, സെലിബ്രിറ്റി പരിഗണനയിൽ ആ നേട്ടം കേരളം തിമിർത്ത് ആഘോഷിക്കുമ്പോൾ, അതേ വോഗ് മാഗസിന്റെ “വാരിയർ ഓഫ് ദി ഇയർ ” പട്ടികയിൽ ഇടം നേടിയ രേഷ്മാ മോഹൻദാസ് എന്ന മാലാഖയുടെ അനുപമമായ നേട്ടം തമസ്ക്കരിക്കപ്പെട്ടത് ഒരു നിലയിലും ന്യായീകരണം അർഹിക്കുന്നില്ല !

അതിജീവനത്തിന്റെ തീക്ഷണ കാലത്ത്, മന:സാക്ഷിയും മാനവികതയും അസ്തമിച്ചിട്ടില്ലായെന്ന് ഈ നാടിനെ ഓർമ്മപ്പെടുത്തി സാന്ത്വനത്തിന്റെ തൂവൽ സ്പർശമായി കോവിഡ് രോഗികൾക്കൊപ്പം കർമ്മോത്സുകയായി നിലകൊണ്ട രേഷ്മയെ തേടി വോഗ് മാഗസിന്റെ ആദരവ് എത്തിയതിൽ അൽഭുതത്തിന് ഇടമില്ല.

കോവിഡിന്റെ ആദ്യഘട്ടത്തിൽ, കേരളം ഭയചകിതമായി അടച്ചുപൂട്ടിയിരുന്ന നാളുകളിൽ സ്വജീവൻ പണയപ്പെടുത്തി കോവിഡ് വാർഡിൽ ജോലി ചെയ്തു. മരണത്തിന്റെ നിത്യതയിലേയ്ക്ക് അതിവേഗം നടന്നു പോകുമെന്ന് കരുതിയ ഏറ്റവും പ്രായം കൂടിയ രണ്ട് രോഗികളുടെ ജീവൻ രക്ഷിച്ചെടുത്ത് അവർ ലോകശ്രദ്ധ നേടി.എല്ലാ വെളിച്ചവും കെട്ടു പോയിട്ടില്ലായെന്നും മന:സാക്ഷിയുടെ ചെറുതരുത്തുകൾ ഇനിയും അവശേഷിക്കുന്നുണ്ടെന്നും കേരളം തൊട്ടറിഞ്ഞ നാളുകൾ….!

ഒരു ഘട്ടത്തിൽ രേഷ്മ കോവിഡ് ബാധിച്ച് ചികിത്സ കഴിഞ്ഞ് വീട്ടിൽ ക്വാറെന്റെയിനിൽ കഴിയവേ വിളിച്ചു സംസാരിക്കുമ്പോൾ, അതിവേഗം ഡ്യൂട്ടിയിലേയ്ക്ക് മടങ്ങണം എന്ന രേഷ്മയുടെ വാക്കുകൾ തെല്ല് അഭിമാനത്തോടെയാണ് കേട്ടുനിന്നത്.  ഈ കെട്ട കാലത്ത് ത്യാഗത്തിന്റേയും സമർപ്പണത്തിന്റെയും വേറിട്ടൊരു ശബ്ദമാണ് ആ വാക്കുകളിൽ മുഴങ്ങിയത്.

സർവ്വതിനും അദൃശ്യമായ അതിർത്തി രേഖകൾ വരച്ചിട്ട് ബോധപൂർവ തമസ്ക്കരണത്തിന് വിധേയമാക്കുന്ന വികല വായനകൾ മലയാളി പോറ്റിവളർത്തുന്ന ഒരു പൊതുബോധത്തിന്റെ സൃഷ്ടിയാണ്. ആകയാൽ, കേരളം കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ച് നിന്ന വേളയിൽ, രോഗികൾക്ക് കരുതലും കൈത്താങ്ങുമായി ഒപ്പം നിന്ന രേഷ്മമാർ ആദരിക്കപ്പെടേണ്ടവർ തന്നെയാണ്. കേരളത്തിന്റെ ആരോഗ്യ മേഖലയിൽ സവിശേഷമുദ്ര ചാർത്തി ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ രേഷ്മാ മോഹൻദാസിന് ഒരു ബിഗ് സല്യൂട്ട് !അഭിനന്ദനങ്ങൾ രേഷ്മാ മോഹൻദാസിനും ഒപ്പം വോഗ് മാഗസിനും.