അംബേദ്ക്കറാണ് ശരി !

166

മുരളി തോന്നയ്ക്കൽ

അംബേദ്ക്കറാണ് ശരി !!

അംമ്പേദ്കറിസം ഒരു സാമൂഹിക ശാസ്ത്രം മാത്രമല്ല, അതൊരുരാഷ്ട്രീയ ദർശനം കൂടിയാണ്. രാഷ്ട്രീയ ജീവിതത്തിൽ സമത്വമുണ്ടാകുമെന്ന് വിശ്വസിച്ച ബാബയ്ക്ക് സാമൂഹിക ജീവിതത്തിൽ അതുണ്ടാകുമെന്ന് ഒരുറപ്പുമില്ലായിരുന്നു ! എത്രയും വേഗം സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾ ദൂരീകരിച്ചില്ലെങ്കിൽ, നാം വളരെ പാടുപെട്ട് പടുത്തുയർത്തിയ ജനാധിപത്യഇന്ത്യ തകർന്നടിയുമെന്ന പ്രവചന സ്വഭാവമുള്ള മുന്നറിയിപ്പും ബാബ നൽകിയിരുന്നു ! ഇന്ത്യയിലെ മുഴുവൻ ജനതയ്ക്കും ജനാധിപത്യാവകാശങ്ങൾ ലഭിക്കണമെന്ന വിശാല കാഴ്ച്ചപ്പാട് അദ്ദേഹം പുലർത്തി.

തികച്ചും ബഹുസ്വരവും മതേതരവും ജാതിരഹിതവുമായ വിശാല കാഴപ്പാടിന് ഉടമയായിരുന്നുബാബാസാഹേബ് .വിവേചനങ്ങൾക്കതീതമായി എല്ലാവർക്കം സമത്വം, തുല്യനീതി,തുല്യപരിഗണന ഇവ ഉറപ്പു നൽകുന്ന ജനാധിപത്യ ഇന്ത്യ ബാബയുടെ മഹത്തായ സ്വപ്നമായിരുന്നു. കോൺഗ്രസിന് സ്വാതന്ത്ര്യമെന്നാൽ,രാഷ്ട്രീയാധികാരമായിരുന്നു. ഡോ.അംബേദ്കറിന് സ്വാതന്ത്ര്യമെന്നാൽ വഴിനടക്കാനും തുണിയുടുക്കാനും ഭക്ഷണം ലഭിക്കാനും ആരാധനാലയങ്ങളിലും വിദ്യാലയങ്ങളിലും പ്രവേശിക്കാനുമുള്ള അവകാശങ്ങൾക്കൊപ്പം തുല്യ സാമൂഹിക പദവി കൂടിയായിരുന്നു. അതായത്, രാഷ്ട്രീയ ജനാധിപത്യത്തിന് വേണ്ടിയായിരുന്നില്ല, സാമൂഹിക ജനാധിപത്യത്തിന് വേണ്ടിയാണ് ഒരു ജീവിതം ബാബ ഉഴിഞ്ഞുവച്ചത്.സമത്വനീതിയും സമഭാവനയും പുലരുന്ന ഉൾക്കാഴ്ച്ചയുള്ള വിശാല സാമൂഹിക-രാഷ്ട്രീയ ദർശനമാണ് അംബേദ്ക്കറിസം.

മഹത്തായസാമൂഹിക ജനാധിപത്യ ത്തിലേയ്ക്കുള്ള ശ്രേഷ്ഠ ചുവടുകളായിരുന്നു വോട്ടവകാശവും സംവരണവും പ്രത്യേകമണ്ഡല സംവിധാനവും. എന്തിനേറെ, ഭരണഘടന അവകാശങ്ങളും പരിരക്ഷകളും ഉറപ്പാക്കിയത് പോലും ദീർഘദർശിയായ ആ ധിഷണാശാലിയുടെ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഉജ്വല ഏടുകളായി ചരിത്രം വിലയിരുത്തുന്നു.ഇന്ത്യയെ അടിമുടി മാറ്റിയെടുക്കാവുന്ന രാഷ്ട്രീയ വിപ്ളവത്തിനും സാമൂഹിക പരിവർത്തനത്തിനും അത് നാന്ദി കുറിക്കേണ്ടതായിരുന്നു. പക്ഷേ, പരംപൂജ്യ ബാബാസാഹേബ് വിഭാവനം ചെയ്ത രാഷ്ട്രീയ-സാമൂഹിക ദർശനത്തിന്റെ അന്ത:സത്ത ഉൾക്കൊള്ളുന്നതിലും പ്രായോഗികവൽക്കരിക്കുന്നതിലും ഭരണകർത്താക്കൾ മാത്രമല്ല, അംബേദ്കറൈറ്റുകളും ദയനീയമായി പരാജയപ്പെട്ടു. ഈ 62 ആം പരിനിബ്ബാന വാർഷിക വേളയിൽ അദ്ദേഹമുയർത്തിയ സമത്വത്തിന്റെ, സാമൂഹിക നീതിയുടെ ഉജ്വല രാഷ്ട്രീയം കൂടി ചർച്ച ചെയ്യപ്പെടട്ടെ എന്നാശിക്കുന്നു.

പകരക്കാരനില്ലാത്ത അക്കാദമിക് പണ്ഡിതൻ, സാമ്പത്തിക വിദഗ്ധൻ, ചരിത്രകാരൻ, രാഷ്ട്രീയ മീമാംസകൻ , സാമൂഹിക ചിന്തകൻ, ഭരണഘടനാ വിദഗ്ധൻ, കിടയറ്റ പാർലമെന്റേറിയൻ, മികച്ച ഭരണാധികാരി, ഉജ്ജ്വല വാഗ്മി, തത്വചിന്തകൻ, തികഞ്ഞ ദാർശനികൻ ,
സമാനതകളില്ലാത്ത ധിഷണാശാലി… എന്നിങ്ങനെ ലോകത്തെ വിസ്മയിപ്പിച്ച മറ്റൊരു ഇന്ത്യക്കാരനെവിടെ ?

ബാബാസാഹേബിന് പ്രണാമം !!