ബോംബയെ നടുക്കിയ ഗുൽഷൻകുമാറിന്റെ (T-SERIES സ്ഥാപകൻ) കൊലപാതകം

162

അഡ്വ. ഹാരിസ് പാറയിൽ 

ബോംബയെ നടുക്കിയ ഗുൽഷൻകുമാറിന്റെ (T-SERIES സ്ഥാപകൻ) കൊലപാതകം

ഗുൽഷൻകുമാർ സ്വപ്രയത്നത്താൽ ജീവിതവിജയം നേടിയ ആളായിരുന്നു.അദ്ദേഹത്തിന്റെ അച്ഛനു ന്യൂഡൽഹിയിലെ ദര്യഗാംജ് എന്ന തെരുവിൽ ഒരു കൊച്ചു ജ്യൂസ്കടയുണ്ടായിരുന്നു.വളരെ വിനയാധീനനായിരുന്നു ഗുൽഷൻകുമാറിന്റെ പിതാവ്.ഗുൽഷൻകുമാർ ആ കൊച്ചുകട വിപുലീകരിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ ഗുൽഷൻകുമാർ നോയിഡയിൽ SUPER CASSETTES എന്ന കമ്പനി സ്ഥാപിച്ചു.ആ സ്ഥാപനം വളരെ കുറഞ്ഞ നിരക്കിൽ ഓഡിയോ കാസ്സെറ്റ്സ് വില്പന നടത്തി.അതിനാൽ തന്നെ SUPER CASSETTES ചുരുങ്ങിയ കാലയളവിൽ തന്നെ വൻവിജയമായി മാറിക്കഴിഞ്ഞിരുന്നു.പിന്നീടുള്ള കാലയളവിൽ ഗുൽഷൻകുമാർ ഹിന്ദുമതാധിഷ്ഠിതമായ ഗാനങ്ങളുടെ ഓഡിയോ കാസ്സെറ്റ്സ് ആരംഭിച്ചു.തന്റെ ബിസിനസ് സാമ്രാജ്യം വളരുന്നതിനോടൊപ്പം തന്നെ അദ്ദേഹം പുതിയ മേഖലകളിലേക്ക് തിരിഞ്ഞു.ഹിന്ദു പുരാണങ്ങളുടെ വീഡിയോ കാസ്സെറ്റ്സ് നിർമ്മാണ മേഖലയിലേക്ക് തന്റെ ബിസിനസ് സാമ്രാജ്യം വളർത്തിയെടുത്തു.

എൺപതുകളുടെ അവസാനത്തിൽ സിനിമാ വ്യവസായത്തിന്റെ നിയന്ത്രണം കുറച്ചു പേരുടെ കൈകളിലായിരുന്നു.അവർ അവരുടെ കീഴിലുള്ള കലാകാരന്മാരെ മാത്രമായിരുന്നു പ്രോത്സാഹിപ്പിച്ചിരുന്നത്.ക്രമേണ ഗുൽഷൻകുമാർ സംഗീതലോകത്തു തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്തു.പ്രാഗൽഭ്യമുള്ള പുതിയ ചെറുപ്പക്കാരെ സംഗീതലോകത്തിലേക്ക് ഇതിനോടകം തന്നെ ഗുൽഷൻകുമാർ കൊണ്ട് വന്നിരുന്നു.സോണു നിഗം,അനുരാധ പൗദ്വാൽ,കുമാർ സാനു തുടങ്ങിയവർ അതിൽപെടും.അദ്ദേഹം പുതിയ നടീനടന്മാരെയും സംവിധായകരെയും കൂടി ബോളിവുഡിലേക്ക് കൊണ്ടുവരാൻ തുടങ്ങി.തന്റെ പുതുമുഖ ഗായകരെ അദ്ദേഹം തന്റെ പുതിയ ബ്രാൻഡ് ആയ T SERIES ലൂടെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.പിന്നെ സിനിമാലോകത്തു T SERIES ന്റെ വളർച്ചയായിരുന്നു.T SERIES ജനപ്രീതിയാർജ്ജിച്ചു കഴിഞ്ഞിരുന്നു.വിനോദത്തിലെ ജനപ്രീതിയാർജ്ജിച്ച ബ്രാൻഡ് ആയി T SERIES മാറി.T SERIES ന്റെ യശസ്സ് ഇന്ത്യയിൽ മാത്രമല്ല വിദേശത്തും എത്തിക്കഴിഞ്ഞിരുന്നു.അതോടു കൂടി ഗുൽഷൻകുമാർ ലോകത്തിലെ തന്നെ സംഗീതപ്രഭുക്കളിൽ ഒരാളായി മാറിക്കഴിഞ്ഞു.

ഈശ്വരവിശ്വാസിയായ ഗുൽഷൻകുമാർ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് വരുന്ന തീർത്ഥാടകർക്ക് എല്ലാ വർഷവും സൗജന്യ ആഹാരം നൽകിയിരുന്നു.പടിപടിയായി അദ്ദേഹത്തിന്റെ ജനപ്രീതി,സമ്പത്ത്,സ്വാധീനശക്തി തുടങ്ങിയവ വർധിക്കാൻ തുടങ്ങി.1992 -93 കാലഘട്ടത്തിൽ രാജ്യത്തിന് ഏറ്റവും കൂടുതൽ നികുതി നൽകിയ വ്യക്തിയായിരുന്നു ഗുൽഷൻകുമാർ എന്ന് പറയപ്പെടുന്നു.

അബൂസലീം പലതവണയായി പണത്തിനു വേണ്ടി ഗുൽഷൻകുമാറിനെ ഭീഷണിപ്പെടുത്തിയിരുന്നു.പക്ഷെ ഗുൽഷൻകുമാർ അവർക്കു വഴങ്ങാൻ വിസമ്മതിച്ചു.ഇതിൽ രോഷാകുലനായ അബൂസലീം സംഗീതപ്രഭുവിനെ ഇല്ലാതാക്കുവാൻ സമർഥമായ ആസൂത്രണ പദ്ധതി തയാറാക്കാൻ തുടങ്ങി.ഇതിനിടയിൽ അബൂസലീം സുഭാഷ്ഗായിയെയും രാജീവ്‌റായിയേം വധിക്കാൻ ശ്രമിച്ചിരുന്നു.പക്ഷെ ആ ആസൂത്രണ പദ്ധതി ഫലവത്തായില്ല.രണ്ടു പ്രാവശ്യവും അബൂസലീമിന്റെ ആളുകൾ പിടിക്കപ്പെട്ടു. 1997 ഓഗസ്റ്റ് 5 നു ഇന്ത്യൻ എക്സ്പ്രസിലെ ഒരു റിപ്പോർട്ടർ അബൂസലീമിന്റെ ദുബായി നമ്പറിലോട്ട് അബൂസലീമിൽ നിന്നും സിനിമാമേഖലയിലുള്ളവരെ അക്രമിച്ചതിന്റെ വിവരങ്ങൾ ചോർത്തിയെടുക്കാൻ വിളിച്ചിരുന്നു.മറുപടിയായി അബൂസലീം ഫോണിലൂടെ പറഞ്ഞത് ഇപ്രകാരമായിരുന്നു

“എനിക്ക് സുഭാഷ്‌ഗായിയെയും രാജീവ്‌റായിയെയും കൊല്ലേണ്ട ആവശ്യമില്ലായിരുന്നു.എന്റെ പദ്ധതി അവരെ ഭയപ്പെടുത്തലായിരുന്നു.പക്ഷെ അടുത്തയാഴ്ച നിങ്ങൾ ഉണർന്നിരുന്നോള്ളൂ എന്റെ ആളുകൾ സിനിമാമേഖലയിലെ ഒരു സവിശേഷ വ്യക്തിത്വത്തെ കൊന്നിരിക്കും.ഈ സമയത്ത് എന്റെ പദ്ധതി എന്ന് പറയുന്നത് ഭയപ്പെടുത്തലല്ല മറിച്ച് സിനിമാമേഖലയിലുള്ള എല്ലാവർക്കുമുള്ള ഒരു താക്കീതാണ് ”
റിപ്പോർട്ടർ ഉടനെത്തന്നെ ഈ വിവരം ക്രോഫോർഡ് മാർക്കറ്റിന്റെ അടുത്തുള്ള ക്രൈം ബ്രാഞ്ച് പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ ക്രൈം ബ്രാഞ്ച് ചീഫ് രഞ്ജിത്ത് സിംഗ് ശർമയെ അറിയിച്ചു.രഞ്ജിത്ത് സിംഗ് ശർമ്മ ഈ സംഭവം വളരെ ഗൗരവത്തിൽ തന്നെ കൈകാര്യം ചെയ്യാൻ വേണ്ടി എല്ലാ ക്രൈം യൂണിറ്റ് ചീഫിനെയും വിളിപ്പിച്ചു.ഉടനെത്തന്നെ ബോളിവുഡിലെ ഒട്ടുമിക്ക പൗരപ്രധാനികൾക്കും പോലീസ് സെക്യൂരിറ്റി ഏർപ്പാടാക്കിക്കഴിഞ്ഞിരുന്നു.ശർമ്മയ്ക്ക് പക്ഷെ ഒരു വലിയ പിശക് സംഭവിച്ചിരുന്നു.അദ്ദേഹം ഗുൽഷൻകുമാറിന് സുരക്ഷിതത്വം നൽകാൻ വിട്ടുപോയിരുന്നു. നിർഭാഗ്യവശാൽ ഗുൽഷൻകുമാറായിരിക്കും അബൂസലീമിന്റെ ഉന്നം എന്ന് പൊലീസിലെ ആർക്കും മുൻകൂട്ടി കാണാൻ സാധിച്ചില്ല.

പോലീസിന്റെ സൂക്ഷ്മപരിശോധനയിൽ അബൂസലീം എല്ലാ മാസത്തിലും അഞ്ചുലക്ഷം ഉറുപ്പിക തനിക്ക് എത്തിച്ചുതരണമെന്ന് ഗുൽഷൻകുമാറിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പക്ഷെ ഗുൽഷൻകുമാർ വളരെ ധിക്കാരത്തോടുകൂടി തന്നെ തന്റെ പണം ക്ഷേത്രഭണ്ടാരത്തിലേക്ക് വെറുതെ കൊടുത്താലും ദാവൂദിന്റെ ഗാങ്ങിനു തന്റെ പണം നൽകില്ലെന്ന് കണിശമായിത്തന്നെ പറഞ്ഞു.ഈ സംഭവവികാസങ്ങളെല്ലാം വളരെ വൈകിയാണ് പോലീസ് അറിയുന്നത്.അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു.

ഗുൽഷൻകുമാർ രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അന്ധേരിയിലുള്ള ജീതേശ്വർ മഹാദേവ് ക്ഷേത്രത്തിലെ സന്ദർശനം പതിവായിരുന്നു.മുൻകരുതലെന്ന നിലയ്ക്ക് ഗുൽഷൻകുമാർ സെക്യൂരിറ്റി ഗാർഡിനെ ഏർപ്പാടാക്കിയിരുന്നു.പക്ഷെ സെക്യൂരിറ്റി ഗാർഡിനു സുഖമില്ലാത്തതിനാൽ കുറച്ചു ദിവസങ്ങളായി അവധിയിലായിരുന്നു.ഈ വിവരം അബൂസലീമിന്റെ ആളുകൾ അബൂസലീമിനെ ധരിപ്പിച്ചിരുന്നു.1997 ഓഗസ്റ്റ് 12 നു അബൂസലീം ഗുൽഷൻകുമാറിനെ ആ ക്ഷേത്രത്തിനു പുറത്തു വെച്ച് കൊല്ലാൻ ആളുകളെ ഏർപ്പാട് ചെയ്തു.കൊലയാളികളോട് ഗുൽഷൻകുമാറിനെ നിറയൊഴിക്കുമ്പോൾ ഉണ്ടാവുന്ന നിലവിളിയും മരണവേദനയും സെൽഫോണിലൂടെ കേൾപ്പിക്കണമെന്ന് അബൂസലീം പ്രത്യേകം നിർദ്ദേശിച്ചിരുന്നു.

ഗുൽഷൻകുമാർ ക്ഷേത്രത്തിൽ നിന്ന് വെളിയിലോട്ട് വന്ന അവസരത്തിൽ കൊലയാളികളിൽ ഒരാളായ രാജ ഗുൽഷൻകുമാറിന് നേരെ വെടിയുതിർത്തു.വെടിയുണ്ടകൾ അദ്ദേഹത്തിന്റെ കയ്യിലും അരക്കെട്ടിലും വന്നു പതിച്ചു.ഗുൽഷൻകുമാറിന്റെ ശരീരത്തിൽ നിന്നും രക്തം നിലയ്ക്കാതെ ഒഴുകിത്തുടങ്ങിയിരുന്നു.അദ്ദേഹം ഓടി മറയാൻ ശ്രമിക്കുന്നതിനിടയിൽ ഒരു പൊതുശൗചാലയത്തിനു ചാരെ മറയാൻ ശ്രമിച്ചു.പക്ഷെ കൊലയാളികൾ ഗുൽഷൻകുമാറിനെ പിന്തുടർന്ന്കൊണ്ടേയിരുന്നു. വീണ്ടും വെടിയുതിർത്തു.ഗുൽഷൻകുമാർ വേദന കൊണ്ട് പിടഞ്ഞു.അദ്ദേഹം ശൗചാലയത്തിന്റെ ഭാഗത്തു നിന്ന് ഇഴഞ്ഞു നീങ്ങിക്കിണ്ടിരുന്നു.ശൗചാലയത്തിനു സമീപം ഒരു ചെറിയ കുടിൽ അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ പതിഞ്ഞു.തന്റെ ജീവൻ നിലനിർത്താൻ അദ്ദേഹം മുട്ടിലിഴഞ്ഞു കൊണ്ട് ആ ചെറുകുടിലിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു.

രക്തവും ജീവിതവും അദ്ദേഹത്തിന് നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുകയായിരുന്നു.ഗതികെട്ട ഗുൽഷൻകുമാർ രക്തം വാർന്നൊലിച്ചുകൊണ്ട് ആ കുടിലിൽ ഇഴഞ്ഞുകൊണ്ട് കയറിപ്പറ്റി. നിർജ്ജീവമായിക്കൊണ്ടിരിക്കുന്ന അദ്ദേഹം ആ കുടിലിലെ താമസക്കാരിയായ നിരാലംബയായ വ്യദ്ധയോട് വാതിലടയ്ക്കാൻ കെഞ്ചിക്കൊണ്ടിരുന്നു.പക്ഷെ നിസ്സഹായയായ ആ വൃദ്ധ രക്തം നിറഞ്ഞു ഇഴഞ്ഞു നീങ്ങുന്ന ഗുൽഷൻകുമാറിനെയും വെടിയുണ്ടകളുടെ ശബ്ദവും കൊലയാളികളെയും ഒക്കെ കണ്ട് സ്തംഭിച്ചു നിൽക്കുകയായിരുന്നു. അതിനാൽ തന്നെ ആ വൃദ്ധക്ക് വാതിലടയ്ക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.കൊലയാളികൾ ഈ സംഭവങ്ങളൊക്കെ അബൂസലീം സെൽഫോണിലൂടെ കേൾക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി.

കൊലയാളികൾ തങ്ങൾ ഏറ്റെടുത്ത ദൗത്യം നിറവേറ്റാൻ തീരുമാനിച്ചു.അവർ ആ ചെറുകുടിലിലേക്ക് കയറിച്ചെന്ന് വെടിയുതിർത്തു.പതിനഞ്ചു വെടിയുണ്ടകൾ ഗുൽഷൻകുമാറിന്റെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങി.സംഗീതപ്രഭു നിമിഷനേരം കൊണ്ടുതന്നെ ലോകത്തോട് വിട പറഞ്ഞു.അന്ധേരിയിലെ പകൽവെളിച്ചത്തിൽ ഏകദേശം പതിനഞ്ചു മുതൽ ഇരുപത് നിമിഷങ്ങളോളം ഈ നാടകം അരങ്ങേറി.കാഴ്ചക്കാരിൽ ഒരാൾപോലും ഗുൽഷൻകുമാറിനെ സഹായിക്കാനോ പോലീസിനെ അറിയിക്കാനോ തുനിഞ്ഞില്ല.