ജനപിന്തുണയുള്ള ഒരു രാഷ്ട്രീയ സാഹചര്യത്തെ അതേ പാർട്ടിതന്നെ ചോരക്കളിയിലൂടെ കുഴിച്ചുമൂടുന്നു

0
83

മാധ്യമപ്രവർത്തകൻ Basheer Vallikkunnu എഴുതിയത്

കൂത്തുപറമ്പിൽ ഒരു ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടിരിക്കുന്നു (മൻസൂർ പാറാൽ). തെരഞ്ഞെടുപ്പ് നടന്ന് വോട്ട് മഷി ഉണങ്ങുന്നതിന് മുമ്പ് ഒരു രാഷ്ട്രീയ രക്തസാക്ഷി കൂടി. സിപിഎം ഗുണ്ടകളുടെ ആക്രമത്തിലാണ് കൊല നടന്നിട്ടുള്ളത് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഒരു വാക്ക് തർക്കത്തിലോ കശപിശയിലോ കലാശിച്ച ആകസ്മിക മരണമല്ല, ആക്രമി സംഘം ഒരാളുടെ വീട്ടിലെത്തി നടത്തിയ ആസൂത്രിത കൊലയാണ്. മാതാപിതാക്കളുടേയും അയൽക്കാരുടേയുമൊക്കെ മുന്നിൽ വെച്ച്.. സിപിഎമ്മിന്റെ അതിക്രൂരമായ കൊലപാതക ശൈലിയുടെ ഒരു ടിപ്പിക്കൽ ആവർത്തനം.

വലിയ ജനപിന്തുണയുള്ള ഒരു രാഷ്ട്രീയ സാഹചര്യത്തെ അതേ പാർട്ടി തന്നെ ചോരക്കളിയിലൂടെ കുഴിച്ചു മൂടാൻ തീരുമാനിച്ചാൽ പിന്നെന്ത് പറയും. രക്തസാക്ഷികളുടെ ചോരയിലൂടെ ചുവന്ന കൊടിക്ക് പകരം നിരപരാധികളുടെ ചോര ചിന്ത ചുവപ്പിക്കുന്ന കൊടിയാണ് പാർട്ടിക്ക് വേണ്ടതെന്ന് തീരുമാനിച്ചാൽ എന്ത് പറയാനാണ്. കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയുള്ള മണ്ണ് കൊലപാതക രാഷ്ട്രീയം കൊണ്ട് ചുവപ്പിക്കാനാണ് താത്പര്യമെങ്കിൽ അത് നടക്കട്ടെ. സ്വയം പഠിക്കാനോ തിരുത്താനോ തയ്യാറാകാത്ത ഗുണ്ടാ രാഷ്ട്രീയം വിജയിക്കട്ടെ.

പിന്നെ ഒരു കാര്യം, അത് കൂടെ പറയാതിരിക്കാൻ പറ്റില്ല.ഇതേ പോലെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്ന ഉടനെ ഔഫ് അബ്ദുറഹിമാനെന്ന ഒരു ചെറുപ്പക്കാരനെ കാഞ്ഞങ്ങാട്ട് വെട്ടിക്കൊന്നിരുന്നു. ലീഗ് പ്രവർത്തകരായിരുന്നു പ്രതികൾ. ആ കൊലയെ ന്യായീകരിക്കാൻ വലിയ വലിയ പ്രബന്ധങ്ങൾ രചിച്ചവരൊക്കെ ഇപ്പോൾ അപലപനവുമായി ഇറങ്ങിയിട്ടുണ്ട്.
അത്തരം രാഷ്ട്രീയ അടിമകളുടെ പഠന ക്ലാസ്സ് കേൾക്കാനും തത്ക്കാലം താത്പര്യമില്ല. അതൊന്നും ഈ പോസ്റ്റിന് താഴെ കൊണ്ട് വന്ന് തള്ളുകയും വേണ്ട. രാഷ്ട്രീയ കൊലപാതകങ്ങളോട് എപ്പോഴും ഒരേ സമീപനമാണ്, പാർട്ടിയും കൊടിയും നോക്കി ആ സമീപനം മാറ്റാറില്ല, മാറ്റുകയുമില്ല.

എഴുത്തുകാരി Rajasree R എഴുതിയ കുറിപ്പ് കൂടി

കൊന്നത് ഒരു പത്തൊമ്പതു വയസ്സുകാരനെ യാണ്. കണ്ണില്ലാത്ത ക്രൂരതയാണ്. അതിനുത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കുക തന്നെ വേണം. അവൻ എന്തു തെറ്റു ചെയ്താലും ജീവനെടുക്കാൻ ആർക്കും അധികാരമില്ല. കൂട്ടത്തിലൊരാൾ വീഴുമ്പോൾ മാത്രം രാഷ്ട്രീയക്കൊലപാതകങ്ങൾക്കെതിരെയുണരുന്ന രോഷത്തോളം അശ്ലീലം മറ്റൊന്നുമില്ല. അല്ലെങ്കിൽത്തന്നെ കൊലപാതകം എന്ന വാക്കുമായി ചേർത്തു പറയാനുള്ളതല്ല രാഷ്ട്രീയം എന്ന പദം.കടുത്ത വിയോജിപ്പുകൾക്കിടയിലും മനുഷ്യരെ കാണാനും സ്നേഹിക്കാനുമാവാത്തവർക്കുള്ളതല്ല അത്. കുറച്ചു കൂടി കനമുള്ള ഒന്നാണ്; പലപ്പോഴുമത് ചിന്തയും
നിലപാടും ബോധ്യവുമാണ്. വ്യക്തിപരമായ വിശ്വാസമെന്നതിലുപരി സമൂഹത്തോടുള്ള ഉത്തരവാദിത്തബോധം കൂടി അതിലുണ്ട്. രാഷ്ട്രീയമെന്നത് സിനിമയിൽ കാണുന്നതു മാതിരി ആർക്കാനുംവേണ്ടി നടത്തുന്ന അടിയുത്സവമോ ചാവേർകളിയോ പാരമ്പര്യത്തൊഴിലോ മാത്രമല്ല. അണികൾക്ക് ഇനിയുമത് അറിയില്ലെങ്കിൽ നേതാക്കൾ പഠിപ്പിക്കണം; തിരിച്ചുമാവാം.

ശ്രീജ നെയ്യാറ്റിൻകരയുടെ കുറിപ്പ്

സഹോദരങ്ങളായ രണ്ട്‌ മുസ്‌ലിം ലീഗ് പ്രവർത്തകരെ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം വെട്ടി നുറുക്കുക . അതിൽ 22 വയസുള്ള ചെറുപ്പക്കാരന്റെ ജീവനെടുക്കുക .മറ്റൊരാളെ ഗുരുതര പരിക്കുകളേൽപിക്കുക.കണ്ണൂരിൽ സി പി ഐ എം പ്രവർത്തകർ ചെയ്തതാണിത് . സമാനമായിരുന്നു ഷുഹൈബിന്റെ കൊലപാതകവും അന്നാ വീട്ടിലും കൊലനടന്ന സ്ഥലത്തും പോയൊരാളാണ് ഞാൻ കൊല നടക്കുന്ന സമയത്ത് ഷുഹൈബിന്റെ കൂടെയുണ്ടായുണ്ടായിരുന്ന, ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട ഒരു മനുഷ്യനുമായി അന്ന് സംസാരിച്ചിരുന്നു .ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുക എന്താണ് സംഭവിക്കുക എന്ന് മനസിലാകും മുൻപ് വെട്ടി വീഴ്ത്തുക “എനിക്കിനി രക്ഷയില്ല നിങ്ങൾ രക്ഷപ്പെട്ടോളൂ” എന്ന് കാൽ ഞരമ്പുകളിൽ വെട്ടേറ്റ് വീണ ഷുഹൈബിന്റെ നിലവിളിയെ കുറിച്ച് ആ മനുഷ്യൻ നിറകണ്ണുകളോടെ പറഞ്ഞത് ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട് .ഞങ്ങളുടെ സഖാക്കളെ മുസ്‌ലിം ലീഗ് കൊന്നിട്ടില്ലേ എന്ന് ചോദിച്ചു ഇങ്ങോട്ടു വന്നേക്കരുത് സഖാക്കളേ നിങ്ങൾ … സഖാക്കൾ കൊലചെയ്യപ്പെട്ടപ്പോഴും എന്റെ നിലപാട് ഇത് തന്നെയായിരുന്നു… ഒരു കൊലയ്ക്കു മറ്റൊരു കൊല ന്യായമാകില്ല എന്ന് ന്യായീകരണക്കാർ മനസിലാക്കുക.കൊലക്കത്തി താഴെയിടുക എന്നതിനപ്പുറം ഒരു രാഷ്ട്രീയ പരിഹാരം വേറെയില്ല .