നസീർ ഹുസ്സൈൻ കിഴക്കേടത്തിന്റെ പോസ്റ്റാണ് ഈയൊരു വിഷയം ചർച്ചചെയ്യപ്പെടുന്നത്. പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. നമ്മുടെ നാട്ടിൽ പണ്ടുകാലത്ത് നാടിനിണങ്ങിയ വസ്ത്രങ്ങൾ ധരിച്ചിരുന്ന മുസ്‌ലിം സ്ത്രീകൾ പിൽക്കാലത്തു ദേഹം മുഴുവൻ പൊതിഞ്ഞുകെട്ടിയുള്ള വസ്ത്രധാരണം സ്വീകരിച്ചത് ഗൾഫ് നാടുകളുടെ സംസ്കാരത്തിൽ നിന്നുതന്നെയാണ്. എണ്ണപ്പണം കേരളത്തിലേക്ക് ഒഴുകിയതോടെ അറബിനാടിന്റെ സംസ്കാരത്തെയും അനുകരിക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളവർക്ക്. അതീവ ചൂടുകാലാവസ്ഥയെങ്കിലും ഗൾഫ് നാടുകളിൽ വീടുകളിലും വാഹനങ്ങളിലും ഓഫീസുകളിലും ഷോപ്പിംഗ് മാളുകളിലും എല്ലാം ശീതീകരണ സംവിധാനങ്ങൾ ഉണ്ട്. അവിടങ്ങളിൽ ചുട്ടുപൊള്ളുന്ന വെയിലിൽ അവരാരും ഇറങ്ങിനടക്കാറുമില്ല. എന്നാൽ കേരളം പോലുള്ള ഒരു സ്ഥലത്തു അതല്ല അവസ്ഥ. വസ്ത്രധാരണം തീർച്ചയായും മാന്യമാകണം എന്നാൽ യാഥാസ്ഥിതികമാകരുത്. ഈ വിഷയത്തെ കുറിച്ചാണ് നസീർ ഹുസ്സൈന്റെ പോസ്റ്റ്. പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ വായിക്കാം
====

Nazeer Hussain Kizhakkedathu

കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോളാണ് ഞാനാ കാഴ്ച കണ്ടത്. ദേഹം മുഴുവൻ കറുത്ത തുണി കൊണ്ട് മറച്ച യുവതി ബസ്‌ കാത്ത് നില്കുന്നു. കണ്ണുകളുടെ സ്ഥാനത്ത് ഒരു വല. കൈകളിൽ കറുത്ത കയ്യുറ. കുറച്ചു നേരത്തേക്ക് ഞാൻ പള്ളുരുത്തിയിൽ തന്നെയാണോ അതോ സൗദി അറേബ്യയിൽ ആണോ എന്ന് ഞാൻ സംശയിച്ചു.

പ്രവാസികൾ അങ്ങിനെയാണ്, ഒന്നോ രണ്ടോ കൊല്ലം കൂടി നാട്ടിൽ വരുന്നത് കൊണ്ട് നാട്ടിലെ മാറ്റങ്ങൾ പെട്ടെന്ന് ശ്രദ്ധയിൽ പെടും. പ്രത്യേകിച്ച് ഇത് പോലെ ഉള്ള ഇടിവെട്ട് മാറ്റങ്ങൾ ആകുമ്പോൾ.

കാച്ചി മുണ്ടും തട്ടവും ആയിരുന്നു എന്റെ ഉമ്മുമ്മയുടെയും ബാപ്പുമമയുടെയും വേഷം. തലയിൽ തട്ടവും കാതിൽ ചിറ്റും അവർക്ക് ഉണ്ടായിരുന്നു. വെള്ള നിറത്തിലുള്ള കാച്ചി മുണ്ടിന്റെ കരയിൽ പല നിറങ്ങളിലുള്ള ഡിസൈനും നീളാൻ കയ്യുള്ള കുപ്പായത്തിന്റെ കുടുക്കുകൾ കാശിന്റെ രൂപത്തിലുള്ള സ്വർണകുടുക്കുകൾ കൊണ്ടും ആയിരുന്നു. അവരിൽ ചിലര് വെറ്റില മുറുക്കുകയും മറ്റു ചിലര് ചുരുട്ട് വലിക്കുകയും ചെയ്യുമായിരുന്നു.

കച്ചി മേമൻ വിഭാഗത്തിലെ സ്ത്രീകൾ മാത്രമാണ് അന്ന് മട്ടാഞ്ചേരിയിൽ പർദ്ദ പോലത്തെ വസ്ത്രം ഉപയോഗിച്ചിരുന്നത്.

എന്റെ ഉമ്മയുടെ കാലത്ത് കാച്ചി മുണ്ടും തട്ടവും മാറി സാരിയും ബ്ലൗസും സാധാരണ മുസ്ലിം വേഷമായി. സാരിയുടെ തുന്പ് തലയിൽ തട്ടമായി ഇട്ടു. വീട്ടില് നിൽക്കുമ്പോൾ മുണ്ടും ബ്ലൗസും ഒരു തട്ടവും. മുഖം ചുറ്റി തല മറക്കുന്ന ഹിജാബ് ഞാൻ കാണുന്നത് വളരെ വര്ഷങ്ങള്ക്ക് ശേഷം മാത്രം ആണ്.

എന്റെ കോളേജ് കാലത്ത് പോലും മുസ്ലിം പെണ്‍കുട്ടികൾ അന്നത്തെ ഫാഷൻ ആയ ചുരിദാറും അതിന്റെ ഷാൾ തട്ടമായി ഉപയോഗിച്ച് മാത്രം ആണ് ഞാൻ കണ്ടിരിക്കുന്നത്.

പതുക്കെ പതുകെ കറുത്ത നിറത്തിലുള്ള പർദ്ദ മുതിർന്ന സ്ത്രീകള് പ്രത്യേകിച്ച് ഗൾഫ്‌ രാജ്യങ്ങളിൽ വീട്ടു ജോലിക്കെല്ലാം പോയി തിരിച്ചു വന്നവർ ഉപയോഗിച്ച് തുടങ്ങി. അപ്പോഴു അത് എളുപ്പത്തിൽ ഉടുക്കാം എന്നാ ഒരു സൗകര്യം ആയിരുന്നു മതപരമായ കാരണങ്ങളെക്കാൾ അതിന്റെ ആകര്ഷണം. ഇപ്പോൾ പർദ്ദ കടകള വളരെ കൂടുതലായി കാണാൻ കഴിയുന്നു.

വസ്ത്രം ഒരാളുടെ സ്വാതന്ത്ര്യമാണ്, പക്ഷെ അതിൽ പ്രാദേശിക കാലാവസ്ഥ ഒരു പങ്കു വഹിക്കുന്നുണ്ട്. അത് കൊണ്ടാണ് തണുപ്പ് രാജ്യങ്ങളിൽ പാന്റും കൊട്ടും ടൈയും സൊക്സും ആയ വേഷം ചൂടും ഈർപ്പവും കൂടിയ കേരളത്തിൽ അനുയോജ്യം അല്ലാതെ വരുന്നത്. ഇത് പോലെ വേഷം അണിഞ്ഞു സ്കൂളിൽ പോകുന്ന കുട്ടികളോട് ചോദിച്ചാൽ അറിയൽ അതിന്റെ ബുദ്ധിമുട്ട്.

കുറച്ചു വര്ഷങ്ങള്ക്ക് മുൻപ് ഞങ്ങൾ ഈജിപ്റ്റ് സന്ദർശിച്ചപ്പോൾ സഹാറ മരുഭൂമി സന്ദർശിച്ചു. പോടി കാറ്റുള്ളതിനാൽ മുഖം നീളൻ കുപ്പായമിട്ട്, തലവഴി ഒരു ഷാൾ കെട്ടി മുഖം മറച്ചാണ് ചില സ്ഥലങ്ങൾ സന്ദര്ശിച്ചത്. അന്നാണ് മരുഭൂമിയിലെ ജനങ്ങളുടെ വേഷ വിധാനം ഇങ്ങിനെ ആവാനുള്ള കാരണം മനസ്സിൽ ആയതു. അത് കേരളം പോലെ ഒരു ചൂടും ഈർപ്പവും കൂടിയ സ്ഥലത്ത് ഉപയോഗിക്കുന്നത് മണ്ടത്തരമാണ്.

ചിലരുടെ വാദം പർദ്ദ ഇസ്ലാം വിശാസ പ്രകാരമുള്ള വസ്ത്രമാണ് എന്നാണ്. അർത്ഥമറിയാതെ മത ഗ്രന്ഥങ്ങൾ വായിക്കുന്നതിന്റെ പ്രശ്നം ആണത്. ഖുർ ആനിലെ 24ആം സൂറത്തിലെ 31ആം ആയത്തിലാണ് ഇതിനെ കുറിച്ച് പരാമർശം ഉള്ളത്. അത് ഇപ്രകാരമാണ്. പുറത്തു നിന്നുള്ള ഒരാളുടെ മുൻപിൽ സ്ത്രീകൾ തങ്ങളുടെ ദൃഷ്ടി താഴ്ത്തുകയും, ശിരോവസ്ത്രം മാറിലേക്ക്‌ വലിച്ചിടുകയും ചെയ്യണം. മലയാളത്തിൽ പറഞ്ഞാൽ പുറത്തു നിന്നൊരാൾ വരുമ്പോൾ തലയിലെ തട്ടം കൊണ്ട് മാറു മറക്കണം. പർദ്ദ, ഹിജാബ്,ബുർഖ എന്നിങ്ങനെ ഒരു വാക്ക് പോലും ഇല്ലാത്ത ഒരു വേദ പുസ്തകം ആണ് പെണ്ണുങ്ങളെ കെട്ടിപൊതിയാൻ ചിലര് ഉപയോഗിക്കുന്നത്. ഇതിനു തൊട്ടു മുന്പുള്ള ആയതിൽ പുരുഷന്മാരും അന്യ സ്ത്രീകളുടെ മുൻപിൽ തങ്ങളുടെ ദൃഷ്ടി താഴ്ത്തണം എന്ന് എഴുതിയിട്ടുണ്ട്.

ഇതിന്റെ എല്ലാം മറ്റൊരു വശം ആണുങ്ങളുടെ വസ്ത്രധാരണം മറ്റു മതസ്തരിൽ നിന്ന് വലിയ വ്യത്യാസമില്ല എന്നുള്ളതാണ്.

മുഖവും കണ്ണുകളും മറച്ചുള്ള വസ്ത്ര ധാരണം കൊണ്ട് നമ്മൾ എങ്ങോട്ടാണ് മുന്നേറുന്നത്? അടുക്കളയിൽ നിന്ന് അരങ്ങത്തേക്കല്ലേ മുസ്ലിം സ്ത്രീകള് വരേണ്ടത്?

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.