മുത്തേ….. നിനക്കു വേണ്ടി…

0
300
crying man

crying manമുഖം ഒരു കരിമ്പടത്താല്‍ മറയ്ക്കപ്പെട്ട്…. കൈകള്‍ പിന്നിലേക്ക് കൂട്ടികെട്ടി….. ഏതാണ്ട് മൃതപ്രായമായ മനസ്സും പേറി അയാള്‍…..

ഏതൊരാളുടെ കഴുത്തിനും തലക്കും ചേരും വിധം വ്യക്തമായ അളവുകോല്‍ കൊടുത്തുണ്ടാക്കിയ മനോഹരമായ ആ മാര്‍ബിള്‍ ശിലയുടെ മുന്നില്‍ ‍…..

നൌഷാദ്….. ഊഴവും കാത്തു നില്‍ക്കുന്ന അറവുമാടിന്റെ പ്രതിനിധി…..

എന്തിനാണ് താന്‍ ഇവിടെ?

ക്രൂരതയുടെ ഭദ്രകാളീരൂപം തന്നിലേക്ക് ആവേശിക്കുമ്പോള്‍ … “മോനെ കൊല്ലല്ലേടാ“ എന്ന മുനീറിന്റെ നിലവിളി എന്തേ താന്‍ കേട്ടില്ല….?

“മച്ചാ” എന്ന തന്റെ സൈനബയുടെ ആര്‍ദ്രതയേറിയ വിളി എന്തേ താന്‍ കേട്ടില്ല?

ഒരു ജന്മം മുഴുവന്‍ തനിക്കുവേണ്ടി അന്യരുടെ ആട്ടും, തുപ്പും വിഴുപ്പും ചുവന്ന തന്റെ വാപ്പച്ചിയുടെ നിഷ്കളങ്ക മുഖം ഓര്‍ത്തില്ല….?

എന്തിന്, മരണത്തിനു പകരം മരണം എന്ന ശരിയത്തിന്റെ നാട്ടിലാണ് താന്‍ എന്ന സത്യം എങ്കിലും തനിക്ക് ഓര്‍ക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍……?

മനസ്സില്‍ തന്റെ പൊന്നുംകുടത്തിന്റെ മുഖം മാത്രമായിരുന്നു…. ഏഴുവയസുള്ള തന്റെ മുത്തിന്റെ മുഖം മാത്രം….

“അള്ളാഹു അക്ബര്‍……” നൌഷാദിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി കരിമ്പടം നനഞ്ഞു……

മുനീര്‍ തന്നോട് എന്തു പാപമാണ് ചെയ്തത്….. അവനെ ക്രൂരമായി കൊലപ്പെടുത്താന്‍ മാത്രം എന്തു പാപമാണ് അവന്‍ തന്നോട് ചെയ്തത്?

പാവം… അന്നന്നത്തെ അന്നത്തിനു വേണ്ടി ആഹോരാത്രം അവന്‍ ചീന്തുന്ന വിയര്‍പ്പുതുള്ളികളില്‍ നിന്നും ഒരുതുള്ളി കനിവോടെ തന്റെ കയ്യിലേക്ക് ഇറ്റിച്ചതോ?

“നൌഷാദ്…… നൌഷാദ്…..“ ആരാണത്? മുനീറിന്റെ ശബ്ദമല്ലെ… ഒരു നിമിഷം നിന്നിടത്തു നിന്നു ഞെട്ടലോടെ പിന്നിലേക്കു മാറി…….

ഒരു തേങ്ങല്‍….. എന്തിനു നീ എന്നോടിതു ചെയ്തു നൌഷാദ്…… എന്തിനു നീ എനിക്കൊപ്പം നിന്റെയും ജീവിതം ഇങ്ങനെ? എന്തിനായിരുന്നു നൌഷാദ്….?

എന്തിനാണ് താന്‍ അതു ചെയ്തത്…… ഒരു ദുര്‍ബല നിമിഷത്തില്‍ തോന്നിയ ഒരു കൈപ്പിഴ?

“മച്ചാ…. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്…. മുത്തിന്റെ ഓപ്പറേഷന്‍ ഉടന്‍ നടത്തണം എന്നാണ് ഇന്നലേയും ഡോക്ടര്‍ പറഞ്ഞത്”

സൈനബയുടെ കത്തിലെ വരികളില്‍ തന്റെ മുത്തിന്റെ നിഷ്കളങ്കമായ മുഖം തെളിഞ്ഞു വന്നു…..

നീണ്ട നാലു വര്‍ഷങ്ങള്‍ കാത്തിരുന്ന് ഉണ്ടായ പൊന്നുംകുടം…. പക്ഷെ ജന്മനാ രണ്ട് വൃക്കകള്‍ക്കും ക്ഷതം സംഭവിച്ചിരുന്നു….. ഓപ്പറേഷന്‍ വേണമെന്നും ഒരു വൃക്കയേങ്കിലും മാറ്റി വെക്കേണ്ടി വരുമെന്നും അന്നേ ഡോക്ടര്‍ പറഞ്ഞിരുന്നു…..

“നൌഷാദ് ….ആറു വയസ്സിനു ശേഷം ഓപ്പറേഷന്‍ ചെയ്യുന്നതാവും നല്ലത്” ഡോക്റ്ററുടെ വാക്കുകള്‍ തെല്ലു ആശ്വാസം പകര്‍ന്നു…

മാസം ഒരു വലിയ തുക ഡയാലിസിനു ചിലവാകാന്‍ തുടങ്ങിയപ്പോള്‍ ക്ലീനിങ്ങ് കമ്പനിയിലെ അറുനൂറു റിയാല്‍ ശമ്പളക്കാരനായ തനിക്ക് നാടും, വീടും, സൈനബയും, മുത്തും എല്ലാം കിട്ടാക്കനികളുടെ പട്ടികയില്‍ ഇടം കണ്ടെത്തി….

“എന്താടാ ഇത്ര ആലോചന……” സൈനബയുടെ കത്തില്‍ മുഖം പൂഴ്ത്തിയിരുന്ന തന്നോട് മുനീറിന്റെ കുശലം…….

ക്ലീനിങ്ങ് കമ്പനിയിലെ അക്കുണ്ടന്റ് ആണെങ്കിലും വന്ന നാള്‍ മുതല്‍ ഒന്നിച്ചാണ് മുനീറും താനും…… വലിപ്പച്ചെറുപ്പമില്ലാത്ത ഒരു സൌഹൃദം…..

“മുത്തിനു എങ്ങനെയുണ്ടു മൊനെ…….” ഓപ്പറേഷനുള്ള പൈസക്ക് എന്തെങ്കിലും വഴി ഒത്തുവോ? മുനീറിന്റെ ആര്‍ദ്രത മുറ്റിയ ചോദ്യത്തിനു മറുപടിയായി രണ്ടു തുള്ളി കണ്ണീര്‍ കത്തില്‍ വീണുടഞ്ഞു…….

“എടാ എല്ലാം ശരിയാകും….. ഞാന്‍ ബീവിയോട് നമ്മുടെ മുത്തിനു വേണ്ടി അവളുടെ സ്വര്‍ണം വില്‍ക്കാം അപേക്ഷിച്ചു നോക്കി….. പക്ഷെ അവള്‍ വഴങ്ങുന്നില്ല…… “വല്ലോര്‍ക്കും വേണ്ടി എന്തിനാ” എന്നാ അവളുടെ ചോദ്യം….. അവള്‍ക്കറിയില്ലല്ലോ നമ്മളുടെ ബന്ധം……”

“വേണ്ട മുനീര്‍…. അതൊന്നും വേണ്ട….. എന്റെ മുത്തിനു അള്ളാഹു ആയുസു നിശ്ചയിച്ചുണ്ടെങ്കില്‍ അവള്‍ ജീവിക്കും…. എന്റെ മുത്തിനു ഒന്നും സംഭവിക്കില്ല……”

“നീ എന്തെങ്കിലും കഴിച്ചുവോ….”

“ഇല്ല….. കയ്യിലുള്ള അവസാന ഹലാലയും എണ്ണിപ്പെറുക്കി ഇന്നു നാട്ടിലേക്കയച്ചു…… ഈ മാസത്തെ ഡയാലിസിസിനു അതു തികയില്ല എങ്കിലും…”

“നീ പോയി എന്തെങ്കിലും കഴിക്കൂ…..“ കീശയില്‍ കയ്യിട്ട് ഇരുനൂറു റിയാലിന്റെ രണ്ടു കെട്ടുകള്‍ മുനീര്‍ പുറത്തെടുത്തു… പിന്നെ അതില്‍ നിന്ന് ഒരു നോട്ടെടുത്തു തനിക്കു നേരെ നീട്ടി….

“വേണ്ട മുനീര്‍…. നിന്നോടുള്ള ഈ കടം എങ്ങനെ ഞാന്‍ വീട്ടും….. അതിനും മാത്രം എന്തു ബന്ധമാണു മൊനെ നമ്മള്‍ തമ്മില്‍ ഉള്ളത്?” തന്റെ ഗദ്ഗദം നിറഞ്ഞ വാക്കുകളെ ചെറു പുഞ്ചിരിയോടെയാണ് മുനീര്‍ നേരിട്ടത്….

“ഇതു നീ തിരിച്ചു തരിക തന്നെ വേണം….. തൊഴിലാളികളുടെ ഓവര്‍ ടൈം കാശാണ്…… ഉച്ചക്ക് ബ്രക്ക് ടൈമില്‍ പൂട്ടില്ലാത്ത ആ മേശവലിപ്പില്‍ വച്ചിട്ടു പോരാന്‍ പേടി ആയതുകൊണ്ട് കൂടെ എടുത്തു എന്നു മാത്രം…. നിന്റെ അടുത്ത മാസം സാലറിയില്‍ ചിലപ്പോള്‍ ഞാനിതു കട്ട് ചെയ്തേക്കും…. ഇപ്പോള്‍ അതൊന്നും ആലോചിക്കേണ്ട, നീ പോയി വല്ലതും കഴിക്കൂ……”

അടുത്തുള്ള ബൂഫിയയില്‍ നിന്നും ഒരു സാന്റ്വിച്ച് കഴിച്ചു തിരികെ വരുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു…….. സൈനബയുടെ നമ്പര്‍…..

“മച്ചാ…..” ഭയം കലര്‍ന്ന ആ വിളിയില്‍ തന്നെ എല്ലാം അടങ്ങിയിരുന്നു…….

“മുത്തിനു അസുഖം കൂടി മച്ചാ……. ഇപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നതേയുള്ളൂ….. ഐ സി യു വിലാണ്… നമ്മള്‍ എന്തു ചെയ്യും മച്ചാ…. ഞാന്‍ ഡോക്ടറുടെ അടുത്ത് ചെന്നു നിന്നിട്ട് വിളിക്കാം….. ഒന്നു സംസാരിക്കുമോ…. എന്റെ സമാ‍ധാനത്തിന്….”

“നൌഷാദ്… ഞാന്‍ ഡോക്ടര്‍ സെബാസ്ട്യന്‍….. മകളുടെ കണ്ടീഷന്‍ വളരെ വളരെ മോശമാണ്….. ഒന്നു രണ്ട് ദിവസത്തിനുള്ളില്‍ തീര്‍ച്ചയായും ഓപ്പറേഷന്‍ നടത്തണം…. അമ്മയുടെയും മകളുടെയും രക്തഗ്രൂപ്പ് ഒന്നായതുകൊണ്ട് നമ്മുക്ക് വൃക്ക ദാതാവിനെ തേടേണ്ടതില്ല….“

പക്ഷെ ഡോക്ടര്‍….. ഓപ്പറേഷന്‍ എന്നു പറയുമ്പോള്‍….!

“അതാണ് നൌഷാദ് ഞാന്‍ പറഞ്ഞു വരുന്നത്…..ഓപ്പറേഷന്‍ കഴിഞ്ഞാല്‍ മുത്ത് പൂര്‍ണമായും അസുഖാവസ്ഥയില്‍ നിന്നു മോചിതയാവും….. പക്ഷെ ഓപ്പറേഷന് ഏതാണ്ട് നാലു ലക്ഷം രൂപയോളമാകും….. സൈനബയോട് സംസാരിച്ചപ്പോള്‍ അതിനുള്ള വഴികള്‍ കുറവാണെന്ന് പറയുന്നു….. ആശുപത്രിയൂടെ വകയായി ഒരു അമ്പതിനായിരം രൂപാ കുറച്ചു തരാന്‍ കഴിയും…. പക്ഷെ മൂന്നര ലക്ഷം രൂപാ ഇല്ലാതെ ഓപ്പറേഷനെ കുറിച്ച് ചിന്തിക്കുക പ്രയാസം…. നിങ്ങള്‍ ഗള്‍ഫില്‍ അല്ലെ നൌഷാദ്….. എങ്ങനെയെങ്കിലും ശ്രമിച്ചാല്‍ ….?”

റൂമില്‍ എത്തി കട്ടിലേക്കു വീഴുമ്പോള്‍ മനസ്സ് നിറയെ മുത്തും അവളുടെ നിഷ്കളങ്കമായ മുഖവും മാത്രമായിരുന്നു….. ആകെയുള്ള കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ പോലും ത്രാണിയില്ലാത്ത താന്‍ ഒരു വാപ്പയോ?…. എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്…?

ഒരു മിന്നല്‍ പിണര്‍ പാഞ്ഞു…… “മുനീറിനോട് ചോദിച്ചാലോ……? അവന്റെ കയ്യിലിരിക്കുന്ന ആ നോട്ടുകെട്ടുകള്‍ മുഴുവന്‍ കൊടുക്കേണ്ടി വരില്ല തന്റെ മുത്തിന്റെ ജീവന്റെ വിലയായി……”

“പക്ഷെ തൊഴിലാളികലുടെ ശമ്പളപൈസ അവന്‍ എങ്ങനെ തരും……?!! ചോദിച്ചാല്‍ തരാന്‍ ഒരു വഴിയും ഇല്ല…. ചോദിക്കാതെ എടുത്താലോ…?!”

“വേണ്ട…. വിശ്വാസ വഞ്ചനയോളം വലിയ ഒരു പാപമില്ല….. തന്റെ കൂടെ പിറപ്പാണവന്‍…. അവനോട് ഒരിക്കലും…?!”

“പക്ഷെ തന്റെ മുത്ത്…. ആറ്റു നോറ്റുണ്ടായ അവളിലും വലുതാണോ ചങ്ങാതിയും, അവനോടുള്ള വിശ്വാസവും….?! തന്റെ മുത്തിന്റെ ജീവന്റെ വിലയേക്കാള്‍ വലുതോ തന്റെ ചങ്ങാതി…?!”

കിടക്കയില്‍ നിന്ന് എഴുനേല്‍റ്റ് ഹാങ്ങറില്‍ തൂങ്ങുന്ന മുനീറിന്റെ വസ്ത്രങ്ങളുടെ അടുത്തേക്ക് നടക്കുമ്പോള്‍ നേര്‍ത്ത മര്‍മ്മരം പോലും ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു…..

നോട്ട്കെട്ടുകള്‍ കയ്യില്‍ കിട്ടുമ്പോള്‍ അതുമായി അടുത്ത മണി എക്സ്ചേഞ്ചില്‍ എത്തുന്നതിനെ കുറിച്ചു മാത്രമായിരുന്നു ചിന്തകള്‍…..

മൊബൈല്‍ ചില അവസരങ്ങളില്‍ ഉപകാരി ആയേക്കാം… പക്ഷെ ചില അവസരങ്ങളില്‍ അതിലേറെ ഉപദ്രവകാരിയും….. ആകസ്മികമായി ചിലച്ച മൊബൈല്‍ മുനീറിനെ ഉണര്‍ത്തുമ്പോള്‍ കയ്യിലിരിക്കുന്ന നോട്ട്കെട്ടുകളുമായി തരിച്ച് നില്‍ക്കാനേ സാധിച്ചുള്ളൂ…..

‘എന്താടാ മോനെ നീയീ കാണിക്കുന്നത്”….. മുനീറിന് അസ്വഭാവികമായ തന്റെ ആ പ്രവര്‍ത്തികണ്ട് അല്‍ഭുതം തോന്നിയതില്‍ ആശ്ചര്യമില്ല…..

“മുനീര്‍ മുത്തിനെ ഐ സി യു വില്‍ അഡ്മിറ്റാക്കി….. ഡോക്ടര്‍ പറയുന്നത് രണ്ട് ദിവസത്തിനുള്ളില്‍ ഓപ്പറേഷന്‍ വേണമെന്ന്…. എനിക്കീ പൈസ നാട്ടില്‍ അയക്കണം….. നിനക്ക് ഞാന്‍ ഇതെങ്ങനെയെങ്കിലും തിരിച്ചു തരാം….. എന്റെ മുത്തിനെ ഓര്‍ത്ത് നീ അനുവദിക്കണം…..”

“മോനെ ഇത് തൊഴിലാളികളുടെ ശമ്പളമല്ലേടാ….. നിന്റെ മുത്ത് എന്റെതും അല്ലെ… നമ്മുക്ക് ഇന്നു തന്നെ വഴി കണ്ടു പിടിക്കാം…. ഒന്നും ഒത്തില്ലെങ്കില്‍ പലിശക്കു വാങ്ങാം….. നീ ആ പൈസ അവിടെ തിരിച്ചു വച്ചേക്കൂ…..”

“വേണ്ട മുനീര്‍….. ഈ പൈസ ഞാന്‍ അയക്കാം എന്നിട്ടു നാളെ തന്നെ നമ്മുക്കതു തിരിച്ചു കൊടുക്കാം……”

എപ്പോഴാണ് ആ തര്‍ക്കം പിടിവലിയിലേക്ക് നീണ്ടത്….. എപ്പോഴാണ് തന്റെ കയ്യില്‍ ആ കത്തി എത്തപ്പെട്ടത്….. അറിയില്ല…. മനസ്സില്‍ നിറയെ “മുത്ത്” മാത്രമായിരുന്നു…. മുത്തിന്റെ ജീവനു വിലങ്ങുതടി തീര്‍ക്കുന്ന എന്തിനേയും വെട്ടി മാറ്റി മുന്നൊട്ട് പോകുക എന്ന ലക്ഷ്യം മാത്രമായിരുന്നു മനസ്സില്‍…..

“കൊല്ലല്ലേടാ മോനെ“ എന്ന ആര്‍ത്തനാദം താന്‍ കേട്ടുവോ, അതോ കേട്ടില്ല എന്നു നടിച്ചുവോ….?!

കറിക്കത്തി തന്റെ എല്ലാമെല്ലാമായ കൂടപ്പിറപ്പിന്റെ ചങ്കിലേക്ക് ആഴ്ത്തുമ്പോള്‍ തന്റെ കൈ വിറച്ചിരുന്നുവോ…?!

അറിയില്ല പക്ഷെ ലക്ഷ്യം മുത്ത് മാത്രമായിരുന്നു….. ചോര നിറഞ്ഞ വസ്ത്രങ്ങള്‍ മാറി പുതിയത് ധരിക്കുമ്പോഴും….. പുറത്തെ ലക്ഷ്യത്തിലേക്ക് കുതിക്കുമ്പൊഴും അവസാന പ്രാണനായി പിടഞ്ഞു കൊണ്ടിരുന്ന തന്റെ ആത്മസുഹൃത്തിനെ തിരിഞ്ഞൊന്നു നോക്കാന്‍ പൊലും കനിവില്ലാത്ത ക്രൂരന്‍…?!

പൈസ അയച്ച് സൈനബയെ ഫോണ്‍ വിളിക്കുമ്പോള്‍ “എവിടെ നിന്ന് ഇത്ര പെട്ടെന്ന് കിട്ടി മച്ചാ” എന്ന ചോദ്യത്തിന് മൌനം മറുപടി പറഞ്ഞു……

തിരികെ റൂമിലേക്ക് നടക്കുമ്പോള്‍ മനസ്സ് പതിയെ തന്നിലേക്ക് മടങ്ങി വന്നത്…..

“മുനീര്‍…. തന്റെ മുനീര്‍…. അള്ളാ…. “ ഓടുകയായിരുന്നു……

“പുരുഷാരത്തിനു നടുവില്‍, കാക്കി കുപ്പായക്കാര്‍ക്കിടയില്‍ തൂവെള്ള വസ്ത്രത്തില്‍ പൊതിഞ്ഞ് തന്റെ മുനീര്‍…..“

പിന്നെ എല്ലാം മുറപോലെ നടന്നു….. ഒന്നും നിഷേധിച്ചില്ല……. അല്ലെങ്കില്‍ തന്നെ ദൈവത്തിന്റെ കോടതിയില്‍ തനിക്കു കാത്തിരിക്കുന്ന ശിക്ഷകള്‍ തുലനം ചെയ്യുമ്പോള്‍ ഇവിടുത്തെ ശിക്ഷ നൃണം…..

ഇന്ന് അര്‍ഹമായതിനു വേണ്ടി ഒരു കാത്തു നില്‍പ്പ്…..

ഒരു വാഹനം വന്നു നിന്നതിന്റെ ഇരമ്പല്‍….. കനത്ത ബൂട്ടുകളുടെ ഒച്ച….. അത് അടുത്തു വന്നു…..

“ഇന്ത നൌഷാദ് അലി സുള്‍ഫിക്കാര്‍…?“ (നൌഷാദ് അലി സുള്‍ഫിക്കര്‍ എന്നണോ നിന്റെ പേര്‍)ആഗതന്റെ ചോദ്യം….

“ഐവ….. “ (അതെ) കനത്ത ശബ്ദത്തില്‍ മറുപടി…..

“താല്‍ ഗുദ്ദാം……” (മുന്നോട്ട് കയറി നില്‍ക്കൂ)

ആരോ തന്റെ കയ്യില്‍ പിടിച്ചിരിക്കുന്നല്ലോ….. ഒരു തണുത്ത സ്പര്‍ശം….. കാതില്‍ മുനീറിന്റെ സ്വരം “മോനെ ഞാന്‍ ഇവിടെയുണ്ടടാ….. നിനക്കു കൂട്ടായി…. പോന്നോളൂ“

അള്ളാഹു അക്ബര്‍….. അള്ളാഹു അക്ബര്‍………!