ഈയിടെ സ്ഥിരമായി പലയിടത്തുനിന്നും കേട്ട ചോദ്യം, കോടതിവിധിയെല്ലാം അനുസരിക്കുമെങ്കിൽ പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധം തെറ്റല്ലെന്നു വിധിച്ചതും സ്വന്തംകുടുംബത്തിൽ പ്രാവർത്തികമാക്കി കാണിക്കുമോ എന്നതായിരുന്നു.

ഒരു പുരുഷന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന സ്ത്രീകൾ ‘അമ്മ, സഹോദരി, ഭാര്യ(ഇണ,പങ്കാളി,കൂട്ടുകാരി), മകൾ എന്നിവരാണ്. ഇവരെ ഉദ്ദേശിച്ചാണ് ചോദ്യങ്ങളെന്നും മനസിലാക്കാം. ഈ ബന്ധങ്ങളിൽ പരസ്പരവിശ്വാസം പുലർത്തുന്ന ഒരേയൊരു ബന്ധം ഭാര്യയുമായുള്ളതാണ്. കാരണം ഭാര്യ രക്തബന്ധുവല്ല, അവൾ മറ്റൊരു ജീവിതസാഹചര്യത്തിൽ നിന്നുവന്നു നമ്മോടൊരുമിച്ചു ജീവിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ അവിടെയാണ് വിശ്വാസമെന്ന വാക്കിന് പ്രസക്തിയും.

ഒരുമിച്ചു ജീവിക്കാൻ തീരുമാനമെടുക്കുന്ന നിമിഷം ആ വിശ്വാസം കൈമാറുന്നു. അത് മനുഷ്യർ തമ്മിലുള്ള വിശ്വാസമാണ്. അന്ധമായാൽ പ്രശ്‌നംതന്നെ അവിടെയും. പരസ്പരം നല്ല കൂട്ടായും പ്രണയമായും ഇനിയുള്ള കാലം ജീവിക്കാമെന്നുള്ള അലിഖിതമായ ഉടമ്പടി. അവിടെ നിയമപരമായ ഒപ്പുകൾക്ക് ഒന്നും ചെയ്യാനാകില്ല. എല്ലാം മാനസികമായുള്ള തീരുമാനങ്ങൾ. ഉടമ്പടി എന്നുപറയുമ്പോൾ പോലും പരസ്പര സ്വാതന്ത്ര്യത്തെ ഹനിക്കാതെയുള്ള തീരുമാനം ആണ് വേണ്ടത്.

ഭാര്യ മറ്റൊരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടാൽ സിനിമയിലെ കുലപുരുഷന്മാരെപ്പോലെ ചന്ദ്രഹാസമിളക്കി കലിതുള്ളേണ്ടതില്ല . മറിച്ചു, അവൾക്കു തന്നിൽ നിന്നും കിട്ടാത്തത് ആണല്ലോ അവളുടെ കൂട്ടുകാരനിൽ നിന്നും കിട്ടുന്നതെന്ന ചിന്ത സംയമനത്തോടെ കൈവരിക്കുക. ആ സംയമനത്തിനുള്ള സിദ്ധി നേടിയെടുക്കുക.അതാണ് സഹിഷ്ണുത.. അതിനുശേഷം തന്റെ ആവശ്യകത അവിടെയില്ലെന്ന തിരിച്ചറിവിൽ അവരെ അവരുടെ വഴിക്കു സ്നേഹത്തോടെ ജീവിക്കാൻ അനുവദിക്കാമെന്നുള്ള ഉറപ്പു നൽകുകയും ചെയുക. നഷ്ടപ്പെട്ട വിശ്വാസം പിന്നീടൊരിക്കലും വീണ്ടെടുക്കാനാകില്ല. എന്ന തിരിച്ചറിവാണ് കാരണം.

അങ്ങനെ ജീവിക്കാൻ അനുവദിക്കുക എന്നാൽ ഒരാളെ മറ്റൊരാളോപ്പം പറഞ്ഞുവിടുക മാത്രമല്ല പോംവഴി. ഒരുവീട്ടിൽ ഒരുമിച്ചു ജീവിച്ചുകൊണ്ടുതന്നെ തന്റെ മുൻകാല ഇണയെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുക എന്ന ഘടകവും ഉണ്ട്. കുട്ടികൾ ഉണ്ടെങ്കിൽ അവർക്കു വേണ്ടിയോ കുട്ടികൾ ഇല്ലെങ്കിൽ പരസ്പരമോ നല്ല സുഹൃത്തുക്കൾ ആയി കഴിയാവുന്നതാണ്. തനിക്കും പുറത്തു മറ്റൊരു ഇണയെ തേടാവുന്നതാണ്. ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ യാഥാസ്ഥിതിക സമൂഹം നെറ്റിചുളിക്കുന്നെങ്കിൽ സ്വാഭാവികം.

സാഹചര്യങ്ങൾ മനുഷ്യനെ അടിമയാക്കിയേക്കാം.,എന്നാൽ ബോധപൂർവ്വമുള്ള പ്രവർത്തികൾ സ്വന്തം ഇഷ്ടത്തോടെ മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചു ചെയുന്നത് തന്നെയാണ്. ഇവിടെയാരും തെറ്റ് ചെയ്യുന്നില്ല. രണ്ടുപേർക്കു പരസ്പരം ലൈംഗികാകർഷണം തോന്നുന്നത് സ്വാഭാവികമായ കാര്യമാണ്. ഒരിടത്തുനിന്നു കിട്ടാത്തത് മറ്റൊരിടത്തു തേടിപ്പോകുന്നതു മനുഷ്യൻ തുടരും. ഇനി അഥവാ ഒരിടത്തുനിന്നും കിട്ടിയാലും ഒന്നിലധികം ഇണകളോടുള്ള താത്പര്യവും മനുഷ്യന്റെ ജനിതക സ്വഭാവമാണ്. അപ്പോൾ സന്തോഷത്തോടെയും സ്നേഹത്തോടെയും അവരെ അവരുടെ വഴിക്കു വിടുക. അന്തരമുള്ള മാനസികാഘാതം വലുതായിരിക്കും എങ്കിലും .

ഇവിടെ മനുഷ്യർ തമ്മിലുള്ള വിശ്വാസം, അത് മിത്തോ കെട്ടുകഥയോ അല്ല. ശരീരംകൊണ്ടും മനസ്സുകൊണ്ടും പരസ്പരം അനുഭവിച്ചത്. ഭർത്താവു മറ്റൊരു സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കാണുന്ന ഭാര്യയും ഇങ്ങനെ തന്നെയാണ് വേണ്ടത്. അല്ലാതെ കൊലപാതകങ്ങൾക്കോ മർദ്ദനങ്ങൾക്കോ ആത്മഹത്യയ്‌ക്കോ യാതൊരു അടിസ്ഥാനവുമില്ല ജീവിതത്തിൽ. ഒരുമിച്ചുജീവിക്കുന്നതു മുതൽ കഴിയുന്നതും പ്രണയത്തോടെയും സ്നേഹത്തോടെയും സൗഹൃദത്തോടെയും ജീവിക്കുക എന്നതുമാത്രമാണ് ഇതിനുള്ള ഏക പ്രതിവിധി.

എന്നാൽ ‘അമ്മ, സഹോദരി,മകൾ എന്നീ വ്യക്തത്വങ്ങൾ രക്തബന്ധങ്ങൾ ആണ്. അവിടെ പരസ്പര വിശ്വാസം ഒരു ഘടകമായി വരുന്നില്ല. അവർക്കു അവരുടേതായ താത്പര്യങ്ങളുണ്ട്. ലൈംഗികത വിശപ്പും ദാഹവും പോലൊരു സ്വാഭാവിക ആവശ്യകതയാണ്. സുരക്ഷിതമായ രീതികൾ അവലംബിക്കുക മാത്രമാണ് ഓരോരുത്തരും വേണ്ടത്. ഈ ലോകത്തു ആരും ആരുടെയും സ്വത്തല്ല. ആരെയും ബലമായി പിടിച്ചുവച്ചു സ്നേഹിക്കാനും സ്നേഹം ആവശ്യപ്പെടാനും സാധിക്കില്ല. സ്ത്രീയെ സ്വന്തം പ്രോപ്പർട്ടി ആയിക്കരുതുന്ന സങ്കുചിതത്വം പരിഷ്കൃത സമൂഹങ്ങളിൽ പോലും ഇന്നുമുണ്ട്. ആരും ആരുടേയുമല്ല…

Advertisements