കോറോണക്കാലത്ത് പുതിയൊരു വാഹന തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ് ഓൺലൈൻ തട്ടിപ്പുകാർ

55

MVD Kerala യുടെ Facebook Post

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട, ധന നഷ്ടവുമുണ്ടാവില്ല.

കോറോണക്കാലത്ത് പുതിയൊരു വാഹന തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ് ഓൺലൈൻ തട്ടിപ്പുകാർ

മറ്റാരുടെയെങ്കിലും വാഹനങ്ങളുടെ ചിത്രങ്ങൾ ഓൺലൈൻ സൈറ്റുകളിൽ നൽകി “വിൽക്കാനുണ്ട് ” എന്ന പരസ്യം നൽകുന്നതാണ് ആദ്യപടി. സാധാരണയായി ആ വാഹനത്തിന് ലഭിക്കാവുന്ന റീ സെയിൽ വിലയെക്കാൾ കുറവായിരിക്കും പരസ്യത്തിലെ വില. പരസ്യത്തിൽ നൽകിയിരിക്കുന്ന കോൺടാക്ട് നമ്പരിലേക്ക് വിളിച്ചാൽ വിളിച്ചാളുടെ വാട്സ് അപ് നമ്പർ വാങ്ങി അതിലേക്ക് വാഹനത്തിന്റെ കൂടുതൽ ഫോട്ടോകൾ വരും. താൽപര്യമുണ്ടെങ്കിൽ മാത്രം തിരിച്ചു വിളിക്കാനാവശ്യപ്പെടുകയും ചെയ്യും.

താൽപര്യം തോന്നി തിരികെ വിളിച്ചാൽ താൻ ഏതെങ്കിലും യൂണിഫോം വിഭാഗത്തിലെ ഉദ്യോഗസ്ഥനാണെന്നും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാണെന്നും അപ്രതീക്ഷിത ട്രാൻസ്ഫർ ആയതിലാണ് വില അല്പം കുറച്ച് വിൽക്കുന്നതെന്നും മറുപടി ലഭിക്കും. വാഹനം നേരിട്ടു കാണാൻ ചോദിച്ചാൽ കോറോണ കാരണം ജോലി ചെയ്യുന്ന ക്യാമ്പിലും മറ്റും പുറത്തു നിന്നും ആരെയും കയറ്റില്ല എന്നായിരിക്കും വിശദീകരണം.

പിന്നീടാണ് യഥാർഥ തട്ടിപ്പ് വരുന്നത്.നിങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞതിനു ശേഷം, “നിങ്ങളെ എനിക്ക് വിശ്വാസമാണ് വണ്ടി ഞാൻ പാർസൽ സർവ്വീസിൽ അയച്ചുതരാം” എന്ന് മറുപടി ലഭിക്കും. വണ്ടി കൈപ്പറ്റിയിട്ട് വില അക്കൗണ്ടിലേക്ക് അയച്ചു തന്നാൽ മതി എന്ന മോഹന വാഗ്ദാനത്തിൽ പലരും വീഴും. RC യും മറ്റു രേഖകളും വാഹനത്തിൻ്റെ വില കിട്ടിയതിന് ശേഷം തപാലിൽ അയച്ച് തരാമെന്നും പറയും.ഇതെല്ലാം സമ്മതിച്ചു കഴിയുമ്പോൾ ഒരു ചെറിയ തുക വാഹനം പാർസലായി അയക്കുന്നതിനായി ചെലവാകും അതിന് 3000 രൂപ മുതൽ 4000 രൂപ വരെ ഒരു അക്കൗണ്ടിലേക്ക് അയക്കാൻ ആവശ്യപ്പെടും.

അത് നമ്മൾ അയച്ച് നൽകിയാൽ ഈ തട്ടിപ്പ് അവിടെ പൂർത്തിയാകും.പിന്നീട് ഈ നമ്പരിൽ വിളിച്ചാൽ ആരെയും ബന്ധപ്പെടാനും കഴിയില്ല.കൂടുതലും ഇരു ചക്രവാഹനങ്ങളിലാണ് ഇത്തരം തട്ടിപ്പ് യൂസ്ഡ് വാഹനങ്ങൾ വാങ്ങുന്നവർ വാഹനവും ഉടമസ്ഥനേയും നേരിട്ടു കണ്ടു ഉറപ്പാക്കി ബോദ്ധ്യപ്പെട്ടതിന് ശേഷം മാത്രം മറ്റ് കാര്യങ്ങളിലേക്ക് നീങ്ങുന്നതാണ് ഉചിതം. മേൽപ്പറഞ്ഞത് തട്ടിപ്പിൻ്റെ ഒരു രീതി മാത്രം , ഇത്തരത്തിലുള്ള പല രീതികളും തന്ത്രങ്ങളും ഓൺലൈൻ തട്ടിപ്പ് നടത്തുന്നവർ ഉപയോഗിക്കുന്നുണ്ട്.ഇത്തരം ഓൺലൈൻ തട്ടിപ്പുകളിൽപ്പെട്ട് വഞ്ചിതരാവാതിരിക്കുക.

**