എന്റെ നാട് ഇപ്പോഴും 300 വർഷം പുറകിലാണ്

239

Shanu Mullappally

BCE കാക്കത്തൊള്ളായിരം

അരനൂറ്റാണ്ട് മുൻപ് വലന്റീന തെരഷ്‌കോവ എന്ന വനിത തനിച്ച് ഒരു ബഹിരാകാശ പേടകത്തിൽ ഭൂമിയേ 48തവണ വലംവെച്ച് തിരിച്ചു പോന്നു. നമ്മുടെ നാട്ടിലെ സ്ത്രീകൾ ഇപ്പോഴും അയ്യപ്പന്റെ ബ്രഹ്‌മചര്യം സംരക്ഷിക്കാൻ തെറിനാമജപഘോഷയാത്രകളുമായി തെരുവിൽ അലയുന്നു.

1969 ൽ അപ്പോളോ മിഷൻ 11 ൽ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാല് കുത്തി.അതിന് ശേഷം 6 മിഷനുകളിലായി ഇരുപത്തിയാറോളം മനുഷ്യർ ചന്ദ്രനിൽ ഇറങ്ങി അവർ അവിടെ ഗോൾഫ് വരേ കളിച്ചു തിരികെ പോന്നു.അവസാനം ചന്ദ്രനെ കുറിച്ച് ഇനിയൊന്നും അറിയാനില്ല എന്ന ഘട്ടത്തിലാണ് അമേരിക്ക അപ്പോളോ മിഷൻ 18 റദ്ദ് ചെയ്തത്.

49 വർഷത്തിന്റെ ഒരു വലിയ കാലയളവിന് ശേഷവും ഭാരം കുറഞ്ഞ ഒരു ചെറിയ കുന്ത്രാണ്ടം പോലും ചന്ദ്രനിൽ കൊണ്ട്പോയി ഇറക്കാൻ നമുക്ക് സാധിക്കുന്നില്ല.ചെറുനാരങ്ങയും പച്ചമുളകും പൂജിച്ചു കെട്ടിയിട്ടാലോന്നും സാധനം ചന്ദ്രനിൽ എത്താൻ പോകുന്നില്ലിഷ്ടാ.തൽകാലം കോണാനുടുത്ത മഹർഷിമാർ 7000 വർഷങ്ങൾക്കു മുൻപ് പുഷ്പകവിമാനങ്ങളിൽ ഗോളാന്തര യാത്രകൾ നടത്തിയിരുന്നു എന്ന ആർഷഭാരത തള്ളുകളിൽ നമുക്ക് സായൂജ്യമടയാം. പക്ഷേ… അയ്യപ്പസന്നിധിയിൽ വെച്ച് പ്രായമായ ഒരമ്മയുടെ തലയിലേക്ക് നെയ്ത്തേങ്ങ എറിഞ്ഞു കൊള്ളിക്കാനും അയ്യപ്പനെ കാണാൻ കൊതിച്ച പെണ്ണിന്റെ കണ്ണുകളിലേക്ക് മുളക്പൊടി സ്പ്രേ കൃത്യമായി അടിച്ച് കൊള്ളിക്കാനും നമുക്ക് ഒരു അപാരകഴിവ് തന്നെയുണ്ട്കെട്ടോ.

കൃത്രിമഅവയവം വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണങ്ങളിൽ മുഴുകിയ ശാസ്ത്രജ്ഞരുടെ മുൻപിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു മൂലകോശങ്ങളുടെ വളരെ കുറഞ്ഞ ലഭ്യത.സാധാരണയായി അസ്ഥിമജ്ജ, പൊക്കിൾകൊടി, കൊഴിയുന്ന പല്ലുകൾ, അലസിപ്പിച്ച ഭ്രൂണം, പൊണ്ണത്തടി കുറച്ചതിന് ശേഷം അവശേഷിച്ച കൊഴുപ്പ് മുതലായവയിൽ നിന്നും വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇത് വരേ വിത്ത്കോശങ്ങൾ ലഭ്യമായിരുന്നുള്ളു.എന്നാൽ കോടാനുകോടി വിത്ത് കോശങ്ങൾ ആർത്തവരക്തത്തിൽ അടങ്ങിയിരിക്കുന്നു എന്ന് ശാസ്ത്രം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു.അതുകൊണ്ട് തന്നെ കൃത്രിമഅവയവം നിർമിച്ചെടുക്കാനും കോശചികിത്സാ പരീക്ഷണങ്ങൾക്കും ഒരു മുതൽക്കൂട്ടാണ് ആർത്തവരക്തമെന്നും അവർ മനസ്സിലാക്കിയിരിക്കുന്നു.

പക്ഷേ നമ്മുടെ നാട്ടിൽ പള്ളിക്കും അമ്പലത്തിനും വേണ്ടിയുള്ള വർഷങ്ങൾ നീണ്ട മൽപിടുത്തങ്ങൾക്കിടയിൽ നമുക്ക് ഗവേഷണങ്ങൾക്കോ പരീക്ഷണങ്ങൾക്കോ നിരീക്ഷണങ്ങൾക്കോ സമയം ലഭിക്കാറുമില്ല സത്യം എന്താണെന്നറിയാൻ നമുക്ക് താൽപര്യവുമില്ല.

ആർത്തവമില്ല എന്നവകാശപെടുന്ന അമൃതാനന്ദമയി നമുക്ക് അമ്മയും.ആർത്തവരക്തം പുറത്തേക്കൊഴുക്കാത്ത പശു നമുക്ക് മാതാവും.തീണ്ടാരിചോര മാസംതോറുമൊലിക്കുന്ന പെറ്റമ്മ മക്കൾക്ക്‌ വെറും തള്ളയുമായി മാറിയിരിക്കുന്ന ഒരു ഇടമായി നമ്മുടെ നാട് മാറിയിരിക്കുന്നു.പെറ്റ് മുലയൂട്ടി പോറ്റിവളർത്തിയ അമ്മമാർ അശുദ്ധരാണെന്ന് പറയുവാൻ മടിയില്ലാത്ത ഗോത്രമനുഷ്യരായി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമ്മൾ അധഃപതിച്ചിരിക്കുന്നു.

1938 ൽ നിർമിച്ചതാണ് വടകര മൂരാട് പാലം.ബ്രിട്ടീഷ്ക്കാരാണ് ഇത് നിർമിച്ചതെന്നും കേരള ഗാന്ധി കെ കേളപ്പനാണ് നിർമ്മാണത്തിന്റെ ചുക്കാൻ പിടിച്ചതെന്നും രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട്.മദിരാശി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കാനാൻ ഡൻങ്കർലി എന്ന കമ്പനിയാണ് അന്ന് പാലത്തിന്റെ കരാർ ഏറ്റെടുത്തത്.1920-30 കാലങ്ങളിൽ തിവിതാകൂറിൽ പോലും രണ്ട് കാറുകൾ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് ചരിത്രം.കാളവണ്ടികൾ മാത്രമുണ്ടായിരുന്ന ഒരു കാലത്ത് നിർമ്മിച്ച ഈ പാലത്തിലൂടെ ഇന്നും 16 വീലുകളുള്ള വലിയ ലോറികൾ പോലും ഭാരവും വഹിച്ചു കടന്ന് പോകുന്നു.രണ്ട് വലിയ വാഹനങ്ങൾ പരസ്പരം കടന്ന് പോകുന്നതിനുള്ള വീതി ഈ പാലത്തിന് ഇല്ല.പക്ഷേ നിർഭാഗ്യവശാൽ 81 വർഷത്തിന് ശേഷവും സയൻസും ടെക്‌നോളജിയും ഇത്രയും വളർന്ന ഈ പുതിയ കാലത്തും ഈ പാലത്തിന്റെ അരികിലൂടെ മറ്റൊരു പാലം നിർമിക്കാൻ നമുക്ക് കഴിഞ്ഞില്ല.

ഈയടുത്തകാലത്ത് പാലാരിവട്ടത്ത് നമ്മൾ നിർമിച്ച പാലം രണ്ട് മാസങ്ങൾക്കുള്ളിൽ നടുവൊടിഞ്ഞു വീഴുമ്പോഴും വെള്ളക്കാരന്റെ മൂരാട് പാലം നട്ടെല്ല് വളയ്ക്കാതെ ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. പിന്നെങ്ങിനെ ഞാൻ എന്റെ നാടിനെയോർത്ത് അഭിമാനം കൊള്ളും ? ഒരു ചാക്ക് സിമന്റ് കൊണ്ട് അടക്കാൻ കഴിയുന്ന കുഴൽകിണർ ദ്വാരങ്ങളിലും ക്ലാസ് മുറികളിലെ പാമ്പിൻ മാളങ്ങളിലും പ്രാണൻ പിടഞ്ഞു വെടിഞ്ഞ പൈതങ്ങളുടെ നാടിനെയോർത്ത് ഞാൻ എങ്ങിനെ അഭിമാനം കൊള്ളും ?

“നമുക്ക് സന്യാസം തന്നത് വെള്ളക്കാരാണ്”എന്ന ഗുരുവിന്റെ വാക്കുകൾ ഞാൻ ഈ അവസരത്തിൽ ഓർത്ത് പോകുന്നു.സന്യാസം മാത്രമല്ല നായന്മാർ ഉൾപ്പെടെയുള്ള സ്ത്രീകൾ ഇന്ന് മാറ് മറച്ചു നടക്കുന്നതും,അയിത്ത ജാതിക്കാർ വിദ്യാഭ്യാസം നേടിയതും,സതി പോലുള്ള ഹൈന്ദവ ആചാരങ്ങൾ നിറുത്തലാക്കിയതും കീഴാളർക്കെതിരെയുള്ള ക്രൂരശിക്ഷ രീതികൾ അവസാനിപ്പിച്ചതുമെല്ലാം വെള്ളക്കാർ ഇവിടെ വന്നത്കൊണ്ട് മാത്രമാണ്.

ചാണകത്തിലെ പ്ലൂട്ടോണിയവും, പശുവിന്റെ പാലിൽനിന്നും വേർതിരിച്ചെടുക്കുന്ന സ്വർണവും, സഞ്ജയന്റെ ലൈവ് ടെലികാസ്റ്റും,ദശാവതാരത്തിൽകോർത്ത പരിണാമ സിദ്ധാന്തവും, സേണിലെ നടരാജവിഗ്രഹ തള്ളുകളും, ഗണേശന്റെ പ്ലാസ്റ്റിക് സർജറിയും, കൗരവരുടെ ivf ജനനവും, bc 7000 ലേ വിമാനവും റഡാറും, മോഡി വേവ്‌സും, ഹർഷവർദ്ധൻ എഫക്റ്റും ഉൾപ്പെടെയുള്ള തള്ളൂകൾ കേന്ദ്രമന്ത്രിമാരും ISRO ശാസ്ത്രജ്ഞരും തള്ളിമറിക്കുന്ന എന്റെ നാടിനെ കുറിച്ചോർത്ത് ഞാൻ എങ്ങിനെ അഭിമാനിക്കും ?

എന്റെ നാട് ഇപ്പോഴും 300 വർഷം പുറകിലാണ്. എന്റെ നാട്ടിലെ നേതാക്കന്മാർ ഇപ്പോഴും MLA മാരെയും MP മാരെയും റിസോർട്ടുകളിൽ ഒളിപ്പിക്കുവാനുള്ള തന്ത്രപാടിലാണ്.ഈ വക കോമഡികൾ കാണുമ്പോൾ തിക്കും തിരക്കും കൂട്ടി വെള്ളക്കാരെ ഇവിടെനിന്നും ഓടിച്ചത് ഒട്ടും ശെരിയായില്ല എന്നൊരു അഭിപ്രായം എനിക്കും ഉണ്ട്.