എന്റെ പ്രിയപ്പെട്ട “ക”

  എനിക്കറിയാവുന്ന അര ഡസൻ ഭാഷകളുടെ ലിപികളിൽ ഏറ്റവും സുന്ദരനും സുമുഖനും ആയ അക്ഷരമാണ് “ക”
  .”“യുടെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം.
  നാലു വയസാകുന്നതിന് മുമ്പുതന്നെ എനിക്ക് ഒന്നാം ക്‌ളാസിൽ ചേരേണ്ടി വന്നു.മലബാറിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്നു എന്റെ ചാച്ചൻ.അറുപത്തിയഞ്ച് കുടുംബങ്ങൾ . താമസിക്കുന്ന ഞങ്ങളുടെ ഗ്രാമത്തിൽ ആകെയുള്ളത് ഒരു എൽ.പിസ്കൂൾ മാത്രമായിരുന്നു.സ്‌കൂളിലെ കുട്ടികളുടെ എണ്ണം നൂറ്റി ഇരുപതും.കുട്ടികളുടെ എണ്ണം കുറവായതുകൊണ്ട് സ്‌കൂൾ നിന്നുപോകാൻ സാധ്യതയുണ്ട് എന്നൊരു കിംവദന്തി പരന്നു .അങ്ങിനെ സ്‌കൂൾ കമ്മറ്റിയിൽ ആക്റ്റീവ് ആയിരുന്ന ചാച്ചൻ സ്‌കൂൾ നിലനിർത്തുന്നതിനുവേണ്ടി നാലുവയസുപോലുമാകാത്ത എന്നെ ഒന്നാം ക്‌ളാസിൽ ചേർത്തു.
  സ്കൂളിലെ ഏറ്റവും പ്രായംകുറഞ്ഞ കുട്ടിയായിരുന്നു ഞാൻ.എങ്കിലും ഒരുവർഷം കഴിഞ്ഞപ്പോഴേക്കും സ്‌കൂളിലെ മുഴുവൻ കുട്ടികളുടെ പേരും വീട്ടുപേരും ഞാൻ കാണാതെ പറയുമായിരുന്നു.അകലെയുള്ള മറ്റൊരു സ്‌കൂളിൽ അഞ്ചാംക്‌ളാസിൽ പഠിക്കുന്ന ചേട്ടൻ എല്ലാ വീട്ടുപേരുകളും അവയുടെ വിശേഷങ്ങളും ചേർത്ത് ഒന്നാന്തരം ഒരു നാടൻപാട്ടുണ്ടാക്കി എനിക്ക് തന്നു.
  ഇങ്ങനെയൊക്കെയാണെങ്കിലും മലയാള അക്ഷരമാലയിലെ “ക” എനിക്ക് ഒരു പ്രശനം തന്നെ ആയിരുന്നു..
  ഒരിക്കൽപോലും ആരെയും വഴക്കുപറയുകയോ അടിക്കുകയോ ചെയ്യാത്ത സ്നേഹസമ്പന്നനായ ഞങ്ങളുടെ ജോർജ് സാർ എന്റെ വിഷമം മനസിലാക്കി.ഒരു ദിവസം കാലത്തു അദ്ദേഹം പറഞ്ഞു,”ഇന്ന് ഞാൻ നിങ്ങളോട് ഒരു കഥ പറയാം “.
  “ക” എന്ന് വിളിക്കുന്ന ഒരപ്പൂപ്പന്റെ കഥ.
  സാർ ബോർഡിൽ ഒരു നീണ്ട പൂജ്യം വരച്ചു വച്ചു.
  ഞങ്ങളും സ്ലേറ്റിൽ ഒരു പൂജ്യം വരച്ചു.സാർ പറഞ്ഞു”,ഇനി അപ്പൂപ്പന് നമുക്ക് ചെവി വരക്കാം”.സാർ ഇടതും വലതും ഓരോ ചെവി വരച്ചു.
  “അപ്പൂപ്പനല്ലേ ഇനി ഒരു കണ്ണട വയ്ക്കാം”.
  .ചെവിയുടെ മുകൾ ഭാഗത്തൊരു വരയിട്ടു.കുട്ടികൾ ഒന്നടങ്കം വിളിച്ചു പറഞ്ഞു,”ക,……..ക”
  ഞങ്ങൾ “ക”പഠിച്ചു കഴിഞ്ഞു
  എങ്കിലും സാർ “ക”യ്ക്ക് കണ്ണും വായും മൂക്കും വരച്ചുചേർത്തു ഒരു മനുഷ്യ രൂപം ഉണ്ടാക്കി.ഞാൻ ആ” ക” യിലേക്ക് സൂക്ഷിച്ചു നോക്കി.
  പരിചയമുള്ള ആരുടെയോ മുഖം.സ്നേഹത്തിന്റെ,വാത്സല്യത്തിന്റെ മുഖം മഹാനായ ഞങ്ങളുടെ ജോർജുസാറിന്റെ മുഖം തന്നെയല്ലേ അത്?
  അന്ന് ഞാൻ സ്‌കൂൾ വിട്ടു വീട്ടിൽ എത്തിയതിനുശേഷം നൂറുകണക്കിന് “ക”കൾ ഞങ്ങളുടെ വീടിന്റെ ഭിത്തിയിൽ പ്രത്യക്ഷപെട്ടു.
  എനിക്ക് ” ക”എന്ന അക്ഷരത്തോട് അതിയായ സ്നേഹം തോന്നി.ഇന്നും ഞാൻ വിശ്വസിക്കുന്നു,അക്ഷരങ്ങളിൽ സുന്ദരൻ “ക”തന്നെ
  Advertisements