1280x720-4Bx

നവംബര്‍ 3..1999
സമയം 5.30 എ എം
സ്ഥലം ബാംഗ്ലൂര്‍ റയില്‍വേ സ്റ്റേഷന്‍…
ഐലന്റ് എക്സ്പ്രസ് ഇന്ത്യന്‍ റയില്‍വേയ്ക്ക് ഒട്ടും മാനക്കേടുണ്ടാക്കാതെ ഒന്നര മണിക്കൂര്‍ ലേറ്റായി കറക്റ്റ് സമയത്ത് തന്നെ എത്തി….
ഞാനും എന്റെ അച്ഛനും…
വല്ല കാര്യോം ഉണ്ടായിരുന്നോ ഈ അച്ഛന്…ഞാനാവുന്നതും പറഞ്ഞതാ എനിക്ക് ഈ നാട്ടില്‍ വരണ്ടാന്ന്. അപ്പൊ സമ്മതിക്കില്ല.പ്രൊഫഷണല്‍ കോഴ്സ് പഠിക്കണം പോലും..തമിഴ്നാട്ടിലെങ്ങാനും ആയിരുന്നെങ്കില്‍ എങ്ങനേലും ഒക്കെ പിടിച്ച് നില്‍ക്കാരുന്നു..ഒന്നുമില്ലെങ്കില്‍ അറിയാവുന്ന ഭാഷയെങ്കിലും ആയിരുന്നു… ഇവിടുത്തെ തണുപ്പോ,അതല്യോ തീരെ സഹിക്കാന്‍ വയ്യാത്തെ…. മിണ്ടൂല്ല അച്ഛനോട് ഞാന്‍ മിണ്ടൂല്ല..

“ടാ നിനക്ക് ചായ വേണോ”???….
ഈ തണുപ്പത്ത് ചായ കൊണ്ടെന്താവാന്‍, കുറച്ച് ചാരായം കിട്ടുവോ…അച്ഛനായി പോയി,അല്ലെങ്കില്‍ ചോദിക്കാരുന്നു…

“ഉം”…ഞാന്‍.
“നല്ല തണുപ്പുണ്ടല്ലേ”?അച്ഛന്‍,

ഏയ്,ഇല്ല.നമ്മുടെ വീട്ടിലെ കക്കൂസ് വരെ ഏസി അല്യോ,അതോണ്ട് തീരെ തണുപ്പ് തോന്നുന്നില്ല….അച്ഛാ,വേണ്ടാ…..

“ഫയങ്കര തണുപ്പ്.ഞാന്‍ ഇവിടെ എങ്ങനെ നാലു വര്‍ഷം നിക്കുവോ എന്തോ”…

“നിനക്ക് നില്‍ക്കാന്‍ പറ്റില്ലെങ്കില്‍ വേണ്ടാ.നീ തിരിച്ച് വീട്ടിലോട്ട് വന്നേര്.എന്ന് നിന്റെ അച്ഛനായ ഈ ഞാന്‍ പറയുമെന്ന് നിനക്ക് വല്ല തോന്നലുമുണ്ടെങ്കില്‍ വെറുതേയാ,പതിനേഴാമത്തെ വയസില്‍ പ്രാരാബ്ദ്ധങ്ങളും പേറി ഒരൊറ്റമുണ്ടും ഉടുത്ത് ഒരു ഷര്‍ട്ടും ഇട്ട് കയ്യില്‍ ഒരു ജോഡി തുണിയും ഒരു ITI സര്‍ട്ടിഫികറ്റുമായി ഈ റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങിയവനാ ഞാന്‍.അന്ന് ആരും ഉണ്ടായിരുന്നില്ല എന്നെ സ്വീകരിക്കാന്‍..അവിടുന്നാ ഈ നിലയിലെത്തിയെ..അതോണ്ട് എന്റെ പൊന്നുമോന്, ഇവിടെ പിടിച്ചില്ലെങ്കില്‍ നിനക്കിഷ്ടപ്പെട്ട സ്ത്തലത്തോട്ട് പൊയ്ക്കോ..അച്ഛനൊന്നും പറയില്ല… പക്ഷേ നാട്ടില്‍ കണ്ട് പോകരുത്. നാട്ടിലെങ്ങാനും നിന്നെ കണ്ടാ നോക്കിക്കോ”

അച്ഛന്‍ ഒരുമാതിരി കൊട്ടേഷന്‍ കാര് സംസാരിക്കുന്നത് പോലെ സംസാരിക്കരുത്.ഇതൊക്കെ കേട്ട് ഞാനങ്ങ് പേടിച്ച് പോകും എന്ന് അച്ഛന്‍ കരുതിയെങ്കില്‍ അതു വളരെ ശരിയാ..എന്നുംപറഞ്ഞ്…പേടിപ്പിക്കല്ലേ. അച്ഛന്റെ മോന്‍ തന്നെയാ ഞാനും ,എന്നോടാണോ വാശി ,എന്നാലതൊന്ന് കാണണമല്ലോ,ങാഹാ. ഇനി ഞാന്‍ നോക്കിയാല്‍ പോലും എന്നെ നാട്ടില്‍ കാണത്തില്ല.നോക്കിക്കോ…..

“ശരി…അച്ഛന്‍ ചായ പറ,ചായ പറ”….
“എങ്ങനുണ്ടെടാ റെയില്‍വേ സ്റ്റേഷന്‍”???…അച്ഛന്‍

എന്തിനാ, പകുതിയാക്കി, പാളം കിടക്കുന്ന ഭാഗം എനിക്കും,സ്റ്റേഷന്റെ കെട്ടിടം നില്‍ക്കുന്ന ഭാഗം അച്ഛന്റെ മറ്റൊരു മകനായ എന്റെ അനിയനും ഷെയറായിട്ട് തരാനാന്നോ,ഒരു ചോദ്യം.അല്ല പിന്നെ..

“ബെസ്റ്റ്..കൊള്ളാം..ഫയങ്കര വലുതാ…”,ഞാന്‍..

സമയം 6.00 എ എം
റെയില്‍വേ സ്റ്റേഷനു പുറത്തുള്ള ഓട്ടോ സ്റ്റാന്‍ട്…
അച്ഛന്‍ മുന്‍പേ..കൈയ്യില്‍ ഒരു ചെറിയ ബാഗ്…
ഞാന്‍ പിന്‍പേ..കൈയ്യില്‍ ഒരു വലീയ ബാഗ്….

“ഗുരോ,രാജാജിനഗര്‍ഗെ എഷ്ടാഗുത്തെ”???..അച്ഛന്‍..

രാജിചേച്ചിയെ ഇഷ്ടമാണോന്നോ??!! അച്ഛനെന്തിനാ അത് ഈ ഓട്ടോകാരനോട് ചോദിച്ചെ?.., അച്ഛനെ ഏത് സ്കൂളില്‍ പഠിപ്പിച്ച്, ഈ കൂതറ..അവനെ കയറി ഗുരുവേന്ന്….

“നീവു ബന്നി സാര്‍,ജാസ്തി ഏന്‍ കൊടബേട,70 റുപ്പിസ് കൊടി സാര്‍”…

ഇവനേത് കൊടയുടേയും കൊടിയുടേയും കാര്യമാണോ ഈ പറയുന്നെ..ഞാന്‍ വാ പൊളിച്ച് അച്ഛനെ നോക്കി…..

“ഒകേ”..,
“ടാ ബാഗെടുത്ത് വയ്ക്ക്,ഇതില് പോവാം.കുറച്ച് കൂടുതലാ,എന്നാലും അങ്ങ് പോയേക്കാം”..

അച്ഛനും കുറച്ച് കൂടുതലാ,ഞാന്‍ പറഞ്ഞില്ലല്ലോ എന്നെ ബീ ഫാം ബാങ്ലൂറില്‍ തന്നെ പഠിപ്പിക്കണം എന്ന്…
ഓട്ടോയില്‍ കയറി..ഓട്ടോ നീങ്ങി…

“അച്ഛന്‍ പറഞ്ഞതൊന്നും എനിക്ക് മനസിലായില്ല,എന്തുവാ,കന്നടയോ തമിഴോ”?പിന്നെ ആ ഗുരു”??

“ഹഹഹ..കന്നഡയാടാ, ഇവിടെ ലോക്കല്‍ ഭാഷയില്‍ ആള്‍കാരെ ഗുരോ ന്ന് വിളിക്കാറുണ്ട് ഞാന്‍ മറന്നിട്ടില്ല..പത്തുമുപ്പത്തന്‍ച് വര്ഷത്തിനു ശേഷവും”..

അച്ഛന്‍ എന്റെ അച്ഛനായി പിറന്നതില്‍ എനിക്ക് എപ്പോഴും ഉള്ളതിനേക്കാള് കൂടുതല്‍ അഭിമാനം തോന്നി.എന്തൊരു മെമ്മറി…ഹോ….

ബാംഗ്ലൂറിലെ,രാജാജിനഗര്‍. അതാണ് കോളേജ് സ്ത്ഥിതി ചെയ്യുന്ന സ്ത്ഥലം.

മജെസ്റ്റിക് വിട്ട് ഓട്ടോ നീങ്ങി.
അതും ഭയങ്കര സ്ഫീഡില്‍…
ഹോ,ഇവന്‍ ഓട്ടോകാരനായി ജനിച്ചത് ഭാഗ്യമായി.,3 ടയറുള്ള ഓട്ടോ കിട്ടിയപ്പോള്‍ ഈ പോക്ക്,പത്തായിരത്തഞ്ഞൂറ്,ചക്രമുള്ള ട്രെയിനെങ്ങാനും ഇവന്റെ കയ്യില്‍ കിട്ടീരുന്നേലോ..ആലോയിക്കാന്‍ വയ്യ…
തണുത്ത കാറ്റടിച്ച് മനുഷ്യന്‍ ഫ്രീസറിലിരിക്കുന്ന ആട്ടിറച്ചി പോലെ ആയി..ഒന്നു പതുക്കെ പോടാ പാണ്ടീ..

“ടാ,ആദ്യം കുറച്ച് ബുദ്ധിമുട്ടൊക്കെ ഉണ്ടാവും..പിന്നെ പിന്നെ അങ്ങ് ശീലമായിക്കോളും”

ആര്‍ക്ക്??എനിക്കോ എന്നെ പഠിപ്പിക്കാന്‍ പോകുന്ന അദ്യാപകര്‍ക്കോ???

“ഉം..അതു സാരമില്ല”..,ഞാന്‍

“ഒന്നുമില്ലെങ്കിലും മൂന്നാല് ഭാഷ പഠിക്കാല്ലോ…കുറച്ചൊക്കെ കാര്യങ്ങളെ നേരിടാന്‍ ഒരു പാകത വരുകയും ചെയ്യും,അതാ ബാംഗ്ലൂര്‍ക്ക് പഠിക്കാന്‍ വിട്ടത് നിന്നെ”…

അല്ലാതെ എന്നെകൊണ്ടുള്ള ശല്യം സഹിക്കാന്‍ വയ്യാഞ്ഞിട്ടല്ല.,പല ഭാഷ പഠിച്ചിട്ട് ഞാനെന്താ ബോംബേലെങ്ങാനും ജട്ടി വില്പ്പനയ്ക്ക് പോന്നോ??…മിണ്ടൂല്ല…അച്ഛനോട് ഞാന്‍ മിണ്ടൂല്ല…

“ബീഫാം അത്രയ്ക്ക് പാടുള്ളതല്ല. നീ പേടിക്കണ്ട”..പാവം അച്ഛന്‍ എന്നെ സമാധാനിപ്പിക്കുവാ…

ബീഫാം എത്ര പാടുള്ളതല്ലാന്ന്??ചിട്ടിക്കാരന്‍ ശരവണന്റെ മുഖത്തുള്ള പാടിന്റെ അത്ര പാടില്ലാന്നാ???,പറയുന്ന കേട്ടാല്‍ ചന്ദനത്തോപ്പ് ഐടിഐ യില്‍ അച്ഛനെ ബീഫാം ആണ്‍ പഠിപ്പിച്ചതെന്ന് തോന്നും..പോ ച്ഛാ…..

“എനിക്ക് പേടിയൊന്നും ഇല്ല”.ഞാന്‍

“അതാ എന്റെ പേടി.കുറച്ചൊക്കെ പേടി വേണം ,അല്ലെങ്കില്‍ ഒരു സീര്യസ്നെസ്സ് ഉണ്ടാകില്ല.പിന്നെ നിനക്ക് കെമിസ്ട്രി ഇഷ്ടമാണല്ലോ,അല്ലേ???”…..

പിന്നേ,കൊള്ളാം കെമിസ്ട്രിയോട് എനിക്ക് അച്ഛന്‌ അമ്മയോടുള്ളതിനേക്കാള്‍ കൂടുതല്‍ ഇഷ്ടമാ,പക്ഷേ പരീക്ഷ എഴുതുമ്പോള് പ്രീഡിഗ്രീ പരീക്ഷയ്ക്ക് എന്റെ ലപ്പറത്തിരുന്ന സാബുവിനെ കൂടെ എന്റെ ലിപ്പറത്ത് ഇരുത്തണം..എന്നാല്‍ ഓകെ..

“നോക്കാം”,ഞാന്‍…

“വായിനോക്കാം എന്നാരിക്കും, ഇത്രയും നാള് അതു തന്നെയായിരുന്നല്ലോ പണി.ഇനി നീ മര്യാദയ്ക്ക് വല്ലതും പഠിച്ച് ജീവിതം പച്ച പിടിപ്പിക്കാന്‍ നോക്ക്..”

പച്ചേന്ന് അച്ഛന്‍ ഇതു വരെ പിടി വിട്ടിട്ടില്ല ല്ലേ,??
എന്തിനാ പച്ച മാത്രമാക്കുന്നെ..നീലേം,മഞ്ഞേം കൂടെ പിടിപ്പിക്കാം..മിണ്ടൂല..അച്ഛനോട് ഞാന്‍ മിണ്ടൂല്ല…

“പിന്നെ ഇവിടാവുമ്പോള്‍ പല സ്റ്റേറ്റില്‍ നിന്നുള്ള ആള്‍ക്കാരുണ്ടാകും.ഇടപഴകാന്‍ പഠിക്കുകയും ചെയ്യാം”..

പല സ്റ്റേറ്റില്‍ നിന്നുള്ള ആള്‍ക്കാരെ കണ്ട് എന്റെ മെന്‍ടല്‍ സ്റ്റേറ്റ് മാറാതിരുന്നാല്‍ മതി…മിക്കവാറും ഇതോടെ ഞാന്‍ നോര്‍മല്‍ ആകും.,പക്ഷേ അച്ഛന്റെ പല സ്റ്റേറ്റില്‍ നിന്നുള്ള ആള്‍ക്കാരുടെ കാര്യം ആലോചിക്കുമ്പോഴാ ….

സമയം 6.30 എ എം
കോളേജിന്റെ സെക്യൂരിറ്റി ഗേറ്റിനു മുന്‍പില്‍ ഓട്ടൊ നിന്നു..
കെ എല്‍ ഇ എജ്യൂകേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് എന്ന വലിയ ബോര്‍ഡ്…
കെ എല്‍ ഇ-‘കഴുതകള്‍ ലാവിഷുണ്ട് ഇവിടെ’ എന്നോ മറ്റോ ആണോ,അല്ലാ, എനിക്കും ഇവിടെ അഡ്മിഷന്‍ കിട്ടി,അതാ ഒരു സംശയം..

വിജനമായ റോഡിന്റെ ഇരു വശവും പൂത്തുലഞ്ഞ് കിടക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍…

രാവിലെ തന്നെ ഏതവനാണോ എന്ന ഭാവത്തില്‍ സെക്യൂരിറ്റി അയാളുടെ മുറിയില്‍ നിന്നും എത്തി നോക്കി…
ഷാളിട്ട് തലയും മുഖവും മുഴുവന്‍ മൂടി,ഒരു ചെറിയ പുതപ്പും പുതച്ച്, കണ്ണു മാത്രം പുറത്ത് കാണിച്ച് കൈയ്യില്‍ ഒരു ലാത്തിയും കാക്കി യൂണിഫോമും…
ഇവനെന്താ താലിബാന്‍ തീവ്രവാദിക്ക് കേരള പോലീസിനുണ്ടായതാണോ…ഇതെന്തു കോലം..
കാശുകൊടുത്ത് ഓട്ടൊകാരനെ അച്ഛന്‍ പറഞ്ഞുവിട്ടു.ഞാന്‍ കൊടുക്കാന്‍ തുടങ്ങിയതാ..500Rs ആയിരുന്നു എന്റെ കൈയ്യില്‍.നോ ചേന്‍ച്..സോ അച്ഛന്‍ കൊടുത്തു.പുവര്‍ മാന്‍.
ഞങ്ങളുടെ അടുക്കലേക്ക് ആ സെക്യൂരുറ്റി വന്നു…

“ഏന്‍ സാറ്..ഏന്‍ ബേകു”??

“അതു പിന്നെ,ഇതെന്റെ മൂത്ത സന്തതിയാ,എനിക്ക് കുറച്ച് നാളെങ്കിലും ഒന്ന് സ്വസ്ത്ഥമായി ഉറങ്ങണം.അതോണ്ട് ഇവനെ ഇവിടെ കളയാന്‍ കൊണ്ട് വന്നതാ,വീട്ടില്‍ ഫയങ്കര ശല്യമാടേ ,.കോളേജ് എപ്പൊ തുറക്കും”??,അച്ഛന്‍..

“കോളേജ് 9 മണിയാവും സാര്‍.ഇവന്‍ അത്രയ്ക്ക് കുഴപ്പക്കാരനാണോ,കണ്ടാല്‍ പറയില്ലല്ലോ”,സെക്യൂരിറ്റി….

“കൊള്ളാം,കുഴപ്പക്കാരനാണോന്ന്.,ഇവന്‍ ഇനി ഇവിടാടെ പഠിക്കാന്‍ പോന്നെ,അപ്പൊ ഇയാള്ക്ക് മനസിലായിക്കോളും,ഇവനെന്താ മൊതലെന്ന്…താന്‍ ഈ ലാത്തി മാറ്റി ഒരു AK 47ന്‌ ഓര്‍ഡര്‍ കൊടുത്തോ ,ഞാന്‍ പറഞ്ഞില്ലാന്ന് വേണ്ടാ”…

“എന്നാ ഒരു കാര്യം ചെയ് സാര്‍,ഇതുപോലത്തവന്മാരെ താമസിപ്പിക്കുന്ന സ്ത്ഥലം കോളേജില്‍ നിന്ന് കുറച്ച് ദൂരെയാ,അതിന്റെ പേര് ഹോസ്റ്റല്‍.സാറൊരു ഓട്ടോ വിളി,ഞാന്‍ ഓട്ടൊകാരന് വഴി പറഞ്ഞ് കൊടുക്കാം.എന്നിട്ട് സാര്‍ അവിടെ പോയി ഫ്രഷ് ആയി ഒരു 10 മണിയാവുമ്പോ വാ..അപ്പൊ ഇവിടുത്തെ പുലി പ്രിന്‍സിപ്പാള് ദേശായിസാര്‍ വരും.ബാക്കി പുള്ളി നോക്കിക്കോളും”..

അവര്‍ പരസ്പരം പറഞ്ഞത് കന്നഡ ആയതുകൊണ്ട് ഇടയ്ക്ക് കേട്ട് ഇങ്ലീഷ് വാക്കുകളും,എന്നെ പറ്റി എന്റെ അച്ഛന്‍ പറയാന്‍ സാധ്യത ഉള്ളതും,അതു കേട്ട സെക്യൂരിറ്റിയുടെ മുഖഭാവവും വച്ച് ഞാന്‍ ഊഹിച്ചെടുത്തതാണ് നിങ്ങള്‍ ഇപ്പൊ കേട്ടത്……

കോളേജിന്റെ മുന്നില്‍ നിന്നു ഞങ്ങള്‍ അടുത്ത ഓട്ടോ പിടിച്ചു.
സെക്യൂരിറ്റി ആ ഓട്ടോകാരന്, തുംകൂര്‍ റോഡിലുള്ള ഹോസ്റ്റല്‍ അഡ്രസ്സ് പറഞ്ഞു കൊടുത്തു.
എന്നിട്ട് അ ഡേഷ് എന്നെ ചെറഞ്ഞ് നോക്കി ആ ഓട്ടോകാരനോട് പറഞ്ഞു..

“സൂക്ഷിക്കണം ഇവനൊരു ആറ്റം ബോംബാ..ഇതവന്റെ അച്ഛന്‍,പാവമാ…ഇവന്റെ മുന്നില്‍ വെറും ഏറുപടക്കം…മലയാളികളാ…ശരിയെന്നാ..വിട്ടോ”….

നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്..കേട്ട്രാ,ചക്കവരട്ടീ,ഞാനിനി ഇവിടൊക്കെ തന്നെ കാണും….
കന്നഡ പഠിച്ചേ പറ്റൂ…അല്ലെങ്കില്‍ ഇതുപോലെ ഇനിയും ഊഹിക്കണ്ടി വരും.,അത് ശരിയാവൂല്ല..

ഓട്ടോയില് ഉച്ചത്തില്‍ കന്നഡ പാട്ട്…

“പ്രീത്തെ..പ്രീത്തെ…നന്നമുച്ചി”….

ഹോ,ഈ പാട്ട് കേട്ടപ്പോഴാ ഓര്‍ത്തത്ത്,എന്റെ കൂടെ ഫിസിക്സ് റ്റ്യൂഷന് ഉണ്ടായിരുന്ന പ്രീതയ്ക്ക് ഞാന്‍ കടം വാങ്ങിയ 2 രൂപ തിരിച്ചു കൊടുത്തില്ല.ശ്ശെ,മോശമായി പോയി.രണ്ട് രുപയാണെങ്കിലും രൂപ രൂപയല്ലേ,അവള്‍ എന്നെ പറ്റി എന്ത് കരുതികാണും .സാരമില്ല അതിനു മുന്‍പ് അവളുടെ കയ്യില്‍ നിന്നു വാങ്ങിയ 150 രൂപ തിരിച്ചു കൊടുക്കുമ്പോള്‍ ഈ 2 രൂപയും ചേര്‍ത്ത് കൊടുക്കാം.അപ്പൊ ടോട്ടല്‍ 152.
ബാധ്യതകള്‍ എനിക്കിഷ്ടമല്ല….

സമയം 7.30 എ എം..
കെ എല്‍ ഇ ഹോസ്റ്റല്‍..
ഓട്ടൊകാരന്‍ ഹോസ്റ്റലിനു മുന്‍പില്‍ ഓട്ടോ നിര്‍ത്തി… ഹോസ്റ്റലിന്റെ മുന്‍വശത്തെ വാതില്‍ക്കല്‍ വാഴക്കുല പഴുക്കാന്‍ കെട്ടി മൂലയ്ക്ക് വച്ചിരിക്കുന്നതുപോലെ 2 ചുള്ളന്മാര്‍ കമ്പിളി പുതപ്പും പുതച്ചിരുന്ന് ബീഡി വലിക്കുന്നു..കണ്‍ട്റീസ്..

രണ്ടിനും കാക്കി വേഷം…അവിടുത്തെ അറ്റന്‍ടേറ്സ്‌
(പിന്നീട് ഫ്യൂച്ചര്‍ ടെന്‍സില്‍ അവന്‍മാര്‍ എന്നെ സ്ത്ഥിരമായ് അതു തന്നെയാ വിളിച്ചിരുന്നെ,കണ്‍ട്രി എന്ന്)..
ഞങ്ങളെ കണ്ട് അവര്‍ എഴുനേറ്റ് വന്നു…

“ന്യൂ അഡ്മിഷണ്‍”????

അല്ലെങ്കില്‍ നീയൊക്കെ എന്തേലും ചെയ്യോ?,എന്ന ഭാവത്തില്‍ ഞാന്‍ അവന്മാരെ നോക്കി..

“അവ്ദു”….അച്ഛന്‍.
.
“ബന്നി സാര്..ആജ് വാര്‍ഡന്‍ നഹി ഹേ..”.
അവര്‍ ഞങ്ങളെ Ist ഫ്ളോറിലുള്ള 314 ആം നമ്പര്‍ മുറിയിലേക്ക് കൊണ്ട്പോയി….
ഡുംഡുംഡും…
ഉറക്കപിച്ചയില്‍ ഒരുത്തന്‍ എഴുനേറ്റ് വന്നു..
“ഭായി ജൂനിയര്‍ ഹേ,ആപ് കേ റൂം മേം രഹ്നേ ദോ..ബാത് മേം ചേഞ് കര്‍ത്താ ഹൂം”…അറ്റണ്ടറിലൊരുത്തന്‍ അവനോട് പറഞ്ഞു..

പാവം.അവന്റെ മുഖം കാണുമ്പോഴേ അറിയാം..സീനിയറാ..
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പകല്‍ 7 മണി അവന്റെ സ്വപ്നത്തില്‍ പോലും ഇല്ല.. ദയനീയമായ നോട്ടം..
ഇന്നലത്തെ ഹാങോവര്‍ കാരണം ഇതു വരെ അവന്റെ ടവറില്‍ റേന്‍ച് പിടിച്ചിട്ടില്ല…

“നമസ്തേ അങ്കിള്‍, അന്ധര്‍ ആവോ”…

ഏയ്,അന്ധരല്ല,ഞങ്ങള്ക്ക് കണ്ണുകാണാം എന്ന് എനിക്ക് പറയണം എന്നുണ്ടായിരുന്നെങ്കിലും അതിനു അച്ഛന്‍ സമ്മതിച്ചില്ല..

“ശുക്രിയാ ബേട്ടാ”..
.
ഹോ,അച്ഛനെ സമ്മതിക്കണം,ഏതെല്ലാം ഭാഷ അറിയാം.ഇപ്പൊ ദേ ഫ്രെന്‍ച് പറയുന്നു…
അച്ഛന്‍ എന്നെ അവനു പരിചയപ്പെടുത്തി.പരിചയപ്പെടുത്തുന്നത് കണ്ടാല്‍ അച്ഛന് അവനെ കഴിഞ്ഞ 50 വര്‍ഷമായിട്ട് അറിയാമെന്ന് തോന്നും..

“ഹലോ…ഐ ആം പരാഗ് കലിതാ..തേര്‍ഡ് ഇയര്‍ ബീഫാം”..

പരാഗ് കലിതയോ??!!എന്തുവാടെ ഇത്,ഇങ്ങനേയും ഒരു പേരോ.നിന്റെ അച്ഛന്‍ കലിതുള്ളി ഇട്ട പേരാണോ ഇത്.നിന്റെ പല്ല്,കണ്ടാല്‍, നിന്റെ പേര് പരാഗ് കലിത എന്നത് മാറ്റി പാന്‍പരാഗ് കലിത എന്നാക്കാന്‍ തോന്നുവല്ലോടേ,’തേര്‍ട് ഇയര്‍ ബീഫാം വിച്ച് ഇയര്‍’?? എന്നു ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാന്‍ വേണ്ടാന്നു വച്ചു.ഇനി പഠിപ്പിസ്റ്റ് ആണെങ്കിലോ,ഫ്യൂച്ചറില്‍ എനിക്ക് പറയേണ്ടി വരുമോ ‘ഐ ആം രായേഷ്. തേര്‍ഡ് ഇയര്‍ ബീഫാം,സിക്സ്ത് ഇയര്‍’ എന്നോ മറ്റോ…കൃഷ്ണാ ആ ഗതി നീ വരുത്തല്ലേ…..

“ഹലോ..ഐ ആം രായേഷ്,ഫസ്റ്റ് ഇയര്‍ ബീഫാം,ഫസ്റ്റ് ഇയര്‍”…
അവന്‍ എന്നെ സൂക്ഷിച്ചു നോക്കി..
ആ നോട്ടം,ഇറച്ചിവെട്ടുകാരന്‍ ജാഫര്‍ അന്‍ചല്‍ ചന്തയില്‍ പോയി മുട്ടനാടിനെ നോക്കുന്ന പോലെ…
എന്താണാവോ ഉദ്ദേശം…എന്നെ ഒരു മുട്ടനാടാക്കി ഇവനൊരു ജാഫര്‍ ആവാനുള്ള പരിപാടിയോ മറ്റോ ആണോ??

സാധനങ്ങളെല്ലാം അവന്റെ മുറിയില്‍ വച്ച്,ഫ്രെഷ് ആയി ആ തണുപ്പത്ത്, കിടുങ്ങി കുളിച്ച് ഡ്രെസ്സ് മാറ്റി പേപ്പറുകളൊക്കെ എടുത്ത് അവിടുത്തെ മെസ്സില്‍ നിന്ന് പൂരിയാണെന്നും പറഞ്ഞ് തന്ന ഒരു സാധനവും കഴിച്ച് നേരെ 9.30 ആയപ്പോഴേക്കും തിരിച്ച് വീണ്ടും അച്ഛന്‍ എന്നെ കളയാന്‍കൊണ്ടു വന്ന സ്ത്ഥലത്തേയ്ക്ക്,കോളേജിലേക്ക്…

സമയം10.15 എ എം..
കോളേജ്.. നേരത്തെ കണ്ട റോഡില്‍ നിരന്ന് ബൈക്കുകള്‍..
പയറു വള്ളിയുടെ കനമുള്ള പെണ്ണുങ്ങള്,ഇവളുമാര്‍ക്ക് ആ ജീന്‍സൊന്ന് കയറ്റി ഇട്ടാലെന്താ?,അറിയാതെങ്ങാനും ഇവളുമാര്‍ക്ക് ഒരു തുമ്മല്‍ വന്നാല്‍ നാട്ടുകാര്‍ക്ക് ദര്‍ശന പുണ്യം ഉണ്ടാകുമല്ലോ അറയ്ക്കലമ്മേ…
നഖത്തില് വരെ മസിലുമായി ചില പയ്യന്‍മാര്‍,ഇവനൊക്കെ ചിരവ കൊണ്ടാണോ ഷേവ് ചെയ്യുന്നെ?, കുറ്റിത്താടിക്ക് ഇടയിലൂടെ എത്രവരയാ.തലമുടി കണ്ടാല്‍ ഇവനെ ഒക്കെ പെയിന്റ് ഡപ്പയ്ക്കകത്താണ് പ്രസവിച്ചതെന്ന് തോന്നും.എന്തൊരു കളറ്… ഫാഷനാവും..

ഞാനും അച്ഛനും നേരെ കോളേജ് കാമ്പസിനകത്ത് കയറി..
ടീചേഴ്സിനെ പോലെ തോന്നിപ്പിക്കുന്ന 35-40 ഏജ്ഗ്രൂപ്പിലുള്ള സ്ത്രീകള്‍ കക്ഷം കീറിയ ബ്ലൌസ് ഇട്ട് എതിരേ വരുന്നു..
സാരി ഇറക്കി ഉടുത്തിരിക്കുന്നത് കണ്ടാല്‍ സില്‍ക്‌ സ്മിതയ്ക്ക് വരെ നാണം തോന്നും..
ഇവറ്റകള്‍ കഴിഞ്ഞ ദീപാവലിക്ക് വായില്‍ വച്ചാണോ പടക്കം പൊട്ടിച്ചെ?എന്തൊരു നിറം..ഓ,ലിപ്സ്റ്റിക്കാ…
സമ്മതിക്കണം..
ചിലപ്പോള്‍ പിള്ളേരെ ക്ളാസിലേക്ക് ആകര്‍ഷിക്കാനുള്ള പുതിയ മാര്‍ക്കറ്റിങ് തന്ത്രമായിരിക്കും…

ഞങ്ങള്‍ ഫാര്‍മസി ഡിപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് നടന്നു…
അവിടെ നല്ല സൈലന്‍സ്…ഉറപ്പായി. അപ്പൊള്‍ അകത്തിരിക്കുന്ന പ്രിന്സിപ്പാള്‍ വയലന്‍സിന്റെ ആളു തന്നെ.ഇല്ലെങ്കില്‍ പുറത്ത് ഇത്രയ്ക്ക് സൈലന്‍സ് ഉണ്ടാകില്ല..ഷുവര്‍..

അച്ഛന്‍ ഓഫീസിനകത്തേയ്ക്ക് പോയി… ഞാന്‍ വെളിയില്‍ നിന്നു…
ഒരു കണ്ണടയിട്ട, എല്ലു കഷണത്തിന് ജീവന്‍ വച്ച പോലെ ഒരു രൂപം എന്നെ നോക്കി ചിരിക്കുന്നു…
ഇവന്‍ ചൊവ്വേന്നോ മറ്റോ ആണോ,മനുഷ്യനെ കാണാത്തപോലെയുള്ള നോട്ടം,ഇനി ഞാന്‍ സിബ് ഇട്ടിട്ടില്ലേ,ഞാന്‍ സിബ് തപ്പി..അത് ഓകെ..പിന്നെ?..

അവന്‍ എന്റെ അടുത്തേയ്ക്കു വന്നു..

“ഹലോ,മേം പങ്കജ്..ഫസ്റ്റ് ഇയര്‍ ബീഫാം..ആപ്”??

ആപ്പായി.എനിക്ക് ഹിന്ദി മര്യാദയ്ക്ക് അറിയൂല്ല,ആ അന്‍ചല്‍ അര്‍ച്ചനേലും വര്‍ഷേലും വന്ന ഹിന്ദി സിനിമ എത്ര എണ്ണം കണ്ടതാ,എന്നിട്ടും.അതെങ്ങനാ അതിലെ നായികമാര് തുണി മര്യാദയ്ക്കുടുക്കാത്തത് എന്റെ കുറ്റമാണോ,അപ്പൊ പിന്നെ ഡയഗോല് ആര് ശ്രദ്ധിക്കും,പാവം ഞാന്‍…

“ഐ ആം രായേഷ്.ഫ്രം കേരള…ഫസ്റ്റ് ഇയര്‍ ബീ ഫാം”..

“അച്ഛാ,കൈസെ ഹോ”??
ഉവ്വ്,അച്ഛന്‍ പൈസെം കൊണ്ട് അകത്തെയ്ക്ക് പോയി.ഇപ്പൊ വരും.എങ്ങനെ മനസിലായി?ഒന്ന് ഇന്‍ഗ്ലീഷില്‍ ചോയീരെടെ,മനുഷ്യനെ ബുദ്ധിമുട്ടിക്കാതെ…

“ഐ ആം ഫയിന്‍..യൂ നോ ഐ ആം പുവര്‍ ഇന്‍ ഹിന്ദി”.ഞാന്‍..

ബാക്കി എല്ലാത്തിലും വെരിപുവര്‍ ആണെന്ന് നീ വഴിയേ മനസിലാക്കിക്കോളും..

“റ്റുടേ മോണിങ്,ഐ സാ യൂ ഇന്‍ ഹോസ്റ്റല്.തുമ്കോ റൂം മിലാ”??,പങ്കജ്

അതെ,റൂമിലാ,പിന്നല്ലാതെ റോഡിലോ..

“നോ.നവ് ഐ ആം ഇന്‍ എ സീനിയേഴ്സ് റൂം.മിസ്റ്റര്‍ പരാഗ് കലിത”.,ഞാന്‍

“വോ ബഹന്‍ചോ***,ബടാ മദര്‍ചോ*** ഹെ യാര്‍ വോ,സാലാ കമീന”..പങ്കജ്.

ഈശോ,ഞാനിവനെ ഒന്നും പറഞ്ഞില്ലല്ലോ പിന്നെ ഇവനെന്തിനാ എന്നെ കണ്ണുരുട്ടികാണിക്കുന്നത്?പരാഗിന്റെ അമ്മയും പെങ്ങളും ആയി ബന്ധപെട്ട എന്തോ കാര്യമാണല്ലോ ഇവന്‍ ഈ പറഞ്ഞെ.ആരാണാവോ ഈ കമീന,ചിലപ്പൊ പരാഗിന്റെ പെങ്ങളുടെ പേരാകും ഈ കമീന..ഇവനും അവളുമായി എന്തു ബന്ധം??ഊഹിച്ചിട്ട് ഒന്നും മനസിലാവുന്നില്ലല്ലോ കൃഷ്ണാ,…
ഒന്നും മനസിലാവാത്തപ്പോള്‍ ഞാന്‍ സ്ത്ഥിരമായി ചെയ്യുന്ന പരിപാടി ചെയ്യാം..അങ്ങ് ചിരിക്കാം..
ഞാന്‍ ചിരിച്ചു…

“ഹീ ഇസ് എ ബാസ്റ്റാര്‍ഡ്”..വീണ്ടും പങ്കജ്..

ഈശ്വരാ,തന്ത ഇല്ലാത്തവനാണോ ഈ പരാഗ്,അപ്പൊ പിന്നെ അവന്‍ എങ്ങനെ ഉണ്ടായി..ടെസ്റ്റ് ട്യൂബാവും..അവനെ കണ്ടപ്പോഴേ എനിക്ക് തോന്നി..
“മൈം ഘര്‍ സെ കല്‍ ആയാ,സാലാ കല്‍ രാത് കൊ ഹീ മേരാ റാഗിങ് കിയ”..പങ്കജ്
കിയാ കിയാ ന്നു കരയുന്ന വരെ ഇവനെ റാഗിങ് ചെയ്തെന്നാണോ ഈ പറഞ്ഞത്…ഇവന്‍ എന്നെ വീണ്ടും ചിരിപ്പിക്കും..

“ചലോ ചോടോ,വെന്‍ യൂ കം റ്റു ഹോസ്റ്റല്‍ കം റ്റു മയ് റൂം,512,ഠീക് ഹെ??”…പങ്കജ്.

ഓ,ആയിക്കോട്ടെ,എല്ലുകഷണംആണേലെന്താ,ചീറും പുലി തന്നെ ഇവന്‍,പങ്കജ് എന്ന പേരും ആ ഞാവയ്ക്കലെ ശാന്തചേച്ചീടെ കെട്ട്യോന്‍, കള്ളന്‍പങ്കജാക്ഷന്റെ സ്വഭാവവും.നമുക്ക് പറ്റിയ കമ്പനിയാണെന്ന് തോന്നുന്നു….

അച്ഛന്‍ പെട്ടന്ന് പുറത്ത് വന്നു.
“ഡാ,അവിടെ വായിനോക്കി നിക്കാതെ വാ,പ്രിന്‍സിപ്പാള്‍ വിളിക്കുന്നു”,
ഞാന്‍ ഓടി അച്ചന്റെ കൂടെ പ്രിന്സിപാളിന്റെ റൂമില്‍ കയറി..
സണ്‍ഷേഡ് മീശ വച്ച് ഒരു മദ്യവയസ്കന്‍ .. പേര് ദേശായി..ബീ ജീ ദേശായി..

“ഹലോ മിസ്റ്റര്‍ രാജേഷ്,ഹവ് ടു യൂ ടൂ”???

വൃത്തികെട്ടവന്‍!!ഹവ് ടു യൂ ടൂ പോലും.ഞാന്‍ എങ്ങനെയാ ചെയ്യുന്നേന്ന്.പറയൂല്ല.എനിക്ക് മനസില്ല.’വാട്ട്’ എന്നു തിരിച്ച് ചോദിക്കേണ്ടതാ,പിന്നെ പ്രിന്‍സിപ്പാളായതു കൊണ്ട് വെറുതേ വിട്ടു..

“വെല്‍കം ടു കെ എല്‍ ഇ”…
ഇതും പറഞ്ഞ് പുള്ളി തന്റെ പ്രസംഗം ആരംഭിച്ചു.. ഹോ,ഇയാള്‍ക്ക് പ്രിന്‍സിപ്പാള്‍ എന്നു പേരിട്ടവനെ കൊല്ലണം..ഇത് പ്രിന്‍സിപ്പാളല്ല അറക്കവാളാ..എന്തൊരു കത്തി.മിക്കവാറും ഭാവിയില്‍ ഇയാള്‍ എന്റെ കൈ കൊണ്ട് തന്നെ….

“ക്ളാസ് വില്‍ കമ്മന്‍സ് ഓണ്‍ ഫിഫ്ത്,ദാറ്റ് ഈസ് ടേ ആഫ്റ്റര്‍ ടുമാറോ..ഓകെ..യൂ കാന്‍ സ്റ്റേ ഇന്‍ ഹോസ്റ്റല്‍ ഫ്രം ടുടേ…ഫയിന്‍”????

ക്ളാസ് തുടങ്ങുന്നതിനു മുന്‍പേ ഇങ്ങേര്,ഫയിന്‍ ചോദിക്കാന്‍ തുടങ്ങിയോ!!.സമയമുണ്ടല്ലോ അതിന്,നാലു വര്‍ഷം കിടക്കുവല്ലേ…

സമയം 12.30പി എം
എല്ലാ ഫോര്‍മാലിറ്റീസും തീര്‍ത്ത് ഞാനും അച്ഛനും കോളേജിനു പുറത്തിറങ്ങി..

**വ്രൂമ്..വ്രൂമ്..വ്രോവ്രോവ്രൂ..വ്രൂ വ്രൂ^^^…

ദൈവമേ,മിസൈല്!!!..
അല്ല ബൈക്കാ,കോളേജിലെ ഗഡിയാണെന്ന് തോന്നുന്നു..ഇവന്‍ ഈ ബൈക്ക് വാങ്ങിയപ്പോള്‍ സൈലന്‍സറിനും കൂടെയുള്ള പൈസ തികഞ്ഞില്ലേ?!,,ചെവി പൊട്ടിക്കുന്ന ശബ്ദം..
ദേ വരുന്നു അടുത്തത്..
ഓ,ഇതു രണ്ട് പേരുണ്ടല്ലോ.ഒരാണും ഒരു പെണ്ണും..
സയാമീസ് ഇരട്ടകള് കാണ്ടാല്‍ അവര് വരെ മൂക്കത്ത് വിരല്‍ വയ്ക്കും,അമ്മാതിരി ഒട്ടിയല്യോ ഇരിക്കുന്നേ ,രണ്ടും,ഇനി ഇവളെം അവനേം രണ്ടാക്കണമെങ്കില്‍ വല്ല തടി അറക്കുന്ന മില്ലിലും കൊണ്ടുപോയേ പറ്റൂ…..
അവരുടെ പോക്ക് കണ്ട് അച്ഛന്‍ എന്നെ സൂക്ഷിച്ച് നോക്കി…
പോയി…എനിക്ക് കിട്ടാന്‍ വിദൂരമായ സാദ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ഒരു ബൈക് പോയി.. ഇനി ബൈക് പോയിട്ട് പഴയ ലാമ്രട്ട പോലും കിട്ടില്ല..
കഴുവേറീടെ മക്കള്..

സമയം 5 പി എം.
പര്‍ചേസ് ഒക്കെ കഴിഞ്ഞ് അച്ഛന് മജെസ്റ്റികില്‍ ഹോട്ടലും ബുക്ക് ചെയ്ത് എന്നെ കൊണ്ടുകളയാന്‍ തിരിച്ച് ഹോസ്റ്റലില്‍ എത്തി..
4 ചെക്കന്മാര്‍….സിഗരറ്റ് വലിച്ച് ഹോസ്റ്റലിനു മുന്നില്‍ നില്‍ക്കുന്നു!!..
അച്ഛന്‍ വീണ്ടും എന്നെ സൂക്ഷിച്ച് നോക്കി..
ഇതാ ഇപ്പൊ നന്നായെ,ഞാനാണോ വലിച്ചെ??,അവന്മാരല്ലേ,അതിനെന്നെ എന്തിനാ നോക്കി പേടിപ്പിക്കുന്നേ.ഇത് നല്ല കൂത്ത്…

നേരെ ഹോസ്റ്റല്‍ വാര്‍ഡന്റെ മുന്നിലേക്ക്..
ഒരു സോഡാഗ്ളാസിട്ട കറുത്ത കുള്ളന്‍,പക്ഷേ അതിന്റെ അഹംഭാവം തീരെ ഇല്ല..
ആള് എന്നെ നോക്കി,ഞാന്‍ തിരിച്ചും…പരസ്പരം ചിരിച്ചു..
ചിരിച്ചോ ചിരിച്ചോ,ഞാന്‍ ശരിയാക്കി തരാം എന്ന ഭാവത്തില്‍ ഞങ്ങള്‍ രണ്ടും തല കുലുക്കി.

“ആപ് കാ റൂം ഊപ്പര്‍ ഹേ…”

നിക്ക്……,തീരുമാനിക്കാന്‍ വരട്ടേ..

“അച്ഛാ,മലയാളികള് ആരെങ്കിലും ഉണ്ടോന്ന് ചോദിക്ക്.എങ്കില്‍ എനിക്ക് അവരുടെ കൂടെ ആ റൂം മതി.ഹിന്ദിക്കാര് വേണ്ട,”
‘ആണോ,മുത്ത് ഇതെന്താ നേരത്തെ പറയാഞ്ഞെ,അച്ഛന്‍ ഇപ്പൊ ശരിയാക്കിത്തരാട്ടാ’,എന്ന ഭാവത്തില്‍ അച്ഛന്‍ എന്നെ നോക്കി,.എന്നിട്ട് ആ വാര്‍ഡനോട് പറഞ്ഞു..

“ഗീവ് ഹിം റൂം വിത് സം നോര്‍ത്ത് ഇന്‍ട്യന്‍സ്..പ്ലീസ്..ലെറ്റ് ഹിം ലേണ്‍ സം അദര്‍ ലാങ്വേജ് റ്റൂ”..

അച്ഛാ..ച്ഛാ..ച്ഛാ…ച്ഛാ!!!!!!!!…മിണ്ടൂല്ല ഞാന്‍ അച്ഛനോട് മിണ്ടൂല്ല…

അച്ഛന്‍ എന്നെ കളയാന്‍ കൊണ്ട് വന്നത് ഓകെ,പക്ഷേ എന്നാലും ഒരു നോര്‍ത്ത് ഇന്ട്യന്റെ കൂടെ വേണ്ടാരുന്നു.ഇതിനേക്കാള്‍ ഭേധം വല്ല റെഡ്‌ഇന്‍ഡ്യന്‍സിന്റേയും കൂടെ ഇടുന്നതാരുന്നു.അപ്പൊ പിന്നെ ഒറ്റ വെടിക്ക് തീര്‍ന്നേനെ,ശ്ശോ..

“ഓകേ,നോ പ്രോബ്ലം സേര്‍ ഗോ റ്റു റൂം നമ്പര്‍ 512,ഒള്ളി വണ്‍ പേര്‍സണ്ണ് ദേര്‍,മിസ്റ്റര്‍ പങ്കജ്,ഫ്രം ഹരിയാന”.വര്‍ഡന്‍…

ഗുരുവായൂരപ്പാ,ആ ചിറും പുലി പങ്കജാക്ഷന്‍!!!.
എന്നാലും എന്റെ കൃഷ്ണാ,നാട്ടില്‍ ഒന്നാന്തരം കൊമ്പനാനയെ പോലെ കഴിഞ്ഞ ഞാന്‍ ഇപ്പൊ ദേ ഈ ബാന്‍ഗ്ലൂറില്‍ വന്ന് ഒരു കുഴിയാനയുടെ പരുവത്തില്‍ ഒരു ഹരിയാനക്കാരന്റെ കൂടെ താമസിക്കാന്‍ പോകുന്നു…വിധി…
എന്റെയല്ല ആ ഹരിയാനക്കാരന്റെ…അയ്യാ..

സാധനങ്ങളെല്ലാം എടുത്ത് 512 ലേക്ക്…
കതകില്‍ മുട്ടി..
പങ്കജ് റൂം തുറന്നു..

“ഹായ്,രാജേഷ്”…

‘രാജേഷ്’ അല്ലടാ ക്ണാപ്പേ, ‘രായേഷ്’..അങ്ങനെ വിളി.അതാ ശീലം, എന്നാലേ ഞാന്‍ വിളി കേള്ക്കൂ….

“ഹായ്..ഹവ് ആര്‍ യൂ.”??,ഞാന്‍

“ഫയന്‍,കം ഇന്സൈഡ് കമോണ് അങ്കിള്‍”…
ഇതും പറഞ്ഞ് അവന്‍ അച്ഛന്റെ കാലില്‍ വീണു.കാലില്‍ വീണവരെല്ലാം കാലു വാരിയ അനുഭവം മാത്രമുള്ള അച്ഛന്‍ ഒന്നു ഞെട്ടി.

“കൈസെ ഹോ ബേട്ടാ???”, അച്ഛന്‍

ഹൊ,എന്നെ പോലും ഇത്രയ്ക്ക് സ്നേഹത്തോടെ മോനേ എന്നു വിളിച്ചിട്ടില്ല..മിണ്ടൂല്ല..അച്ഛനോട് ഞാന്‍ മിണ്ടൂല്ല..

സമയം 6.15 പി എം..

“ടാ എന്നാല്‍ ഞാന്‍ ഹോട്ടലിലോട്ട് പോകട്ടേ??”,അച്ഛന്‍…

എന്നെയും കളഞ്ഞേച്ച് അച്ഛന്‍ പോവാണല്ലേ.ഞാനിനി ഒറ്റയ്ക്ക്.ഒന്നും അറിയാതെ എങ്ങനെയാണാവോ…

“ഉം”..ഞാന്‍…

“നീ വിഷമിക്കണ്ട,കുറച്ചൊക്കെ റാഗിങ്ങ് കാണും.സഹിക്കാവുന്നതിന് അപ്പുറമായെന്നു തോന്നിയാല്‍ നിനക്ക് ശരിയെന്നു തോന്നുന്ന രീതിയില്‍ പ്രതികരിച്ചോ.തല്ലേണ്ടി വന്നാല്‍ തല്ലിക്കോ.ബാക്കി നമുക്ക് വരുന്നിടത്ത് വച്ച് കാണാടാ”..

ങേ!!!
ഈശ്വരാ അച്ഛന്‍ എന്നോട്..ഇങ്ങനെ.. ഇത്രയും നാള് എന്റെ മനസിലെ ഏറ്റവും വലിയ ഹീറോ ആറാം തമ്പുരാനിലെ മോഹന്‍ലാല്‍ ആയിരുന്നു.ഒറ്റ നിമിഷം കൊണ്ട് ഇപ്പൊ അച്ഛന്‍ അതിനേക്കാള്‍ വലുതായി,എനിക്ക്..
ഹോ അതു കേട്ട് കഴിഞ്ഞപ്പോള്‍ ഒരു 5 കുപ്പി ബൂസ്റ്റ് ഒറ്റയടിക്ക് കുടിച്ച എനര്‍ജി… വല്ലാത്ത ധൈര്യം..
മിണ്ടും…ഞാന്‍ ഇനി അച്ഛനോടേ മിണ്ടൂ….

“അച്ഛന്‍ പൊയ്ക്കോ,എനിക്ക് കുഴപ്പം ഒന്നും ഇല്ല”…

“ഇവിടുന്ന് നീ പുതിയൊരു യാത്ര തുടങ്ങുന്നു.ജീവിതത്തില്‍ ഒറ്റയ്ക്ക് കാര്യങ്ങള്‍ നേടാനും നേരിടാനും പഠിക്കാന്‍ പോകുന്നു.ഇനിയുള്ള നാലു വര്‍ഷം നീ നിന്റെ ഭാവി തീരുമാനിക്കും.ശരി തെറ്റുകള്‍ സ്വയംതിരിച്ചറിയുക….കേട്ടല്ലോ”???…

അച്ഛന് എഴുനേറ്റു..
റൂമിന് വെളിയിലേയ്ക്ക് ഞാനും പങ്കജും അച്ഛന്റെ കൂടെ നടന്നു..

“പങ്കജ്,ഇസ്കോ ത്ദോടാ ദേക് ലേനാ,…ഠീക് ഹേ”??

“ഡോണ്ട് വറി അങ്കിള്‍,നോ പ്രോബ്ളം”….
അച്ഛനൊടൊപ്പം ഹോസ്റ്റല്‍ ഗേറ്റിനടുത്തുള്ള റോഡ് വരെ ഞങ്ങളും പോയി..
ഒരു ഓട്ടൊ വന്നു നിന്നു…

“ശരിയെന്നാല്,ഞാന്‍ നാളെയേ പോകൂ..എന്തെങ്കിലും എമര്‍ജന്‍സി വന്നാല്‍ നീ ഹോട്ടലിലോട്ട് വിളിക്ക്,കാര്‍ഡ് ഉണ്ടല്ലോ,ല്ലേ”??

എന്തു കാര്‍ഡ് ഉണ്ടായിട്ടെന്തു കാര്യം.റേഷന്‍ കാര്‍ഡില്‍ നിന്ന് അച്ഛന്‍ എന്നെ വെട്ടിയില്ലേ..

“ഉം”..ഞാന്‍.

“പിന്നെ ഒരു കാര്യം,ഈ നഗരത്തില്‍ രണ്ട് കാര്യങ്ങള്‍ ഒരുപാടുണ്ട്..ഒന്ന്….ബാര്‍”…

“അയ്യേ..ച്ചേ”..(ഹായ് ഹായ് ഹായ്)”,ഞാന്‍..

“അവിടെ അധികം പോകണ്ടാ,പിന്നെ ക്ഷേത്രങ്ങള്‍…അവിടെ പിന്നെ നീ പോവില്ലാന്ന് എനിക്കറിയാം..അത് നിന്റെ ഇഷ്ടം പോലെ..OK..??”…

“ഉം”..ഞാന്‍.

“പങ്കജ് യൂ ടേക് കേര്‍,സീ യൂ എഗേന്‍”…അച്ഛന്‍ പങ്കജിന് കൈ കൊടുത്തു..

എന്നിട്ട് എന്നെ നോക്കി,എനിക്ക് കൈ തന്നു…
“നിന്റെ സമയം ഇവിടെ തുടങ്ങുന്നു.ആള്‍ ദ ബെസ്റ്റ്”..

ഇതും പറഞ്ഞ് അച്ഛന്‍ ഓട്ടൊയില്‍ കയറി..
ഓട്ടോ നീങ്ങി..കണ്ണില്‍ നിന്നു മറയുന്നത് വരെ ഞാന്‍,ആ ഓട്ടോ നോക്കി നിന്നു…
പങ്കജ് എന്റെ തോളത്ത് കൈ അമര്‍ത്തി.. ഞാന്‍ പങ്കജിനെ നോക്കി…ചിരിച്ചു..

അച്ഛന്‍ പറഞ്ഞതാണ് ശരി…
എന്റെ സമയം ഇവിടെ തുടങ്ങുന്നു.

എന്നോട് അച്ഛന്‍ ആ പറഞ്ഞത് കറക്ട്. പക്ഷേ ബാക്കി പറയാന്‍ അച്ഛന്‍ മറന്നു..
എന്നോടല്ല..പങ്കജിനോട്……. ‘നിന്റെ സമയദോഷവും എന്ന്’,
ഞാനെന്താ ഉരുപ്പടി എന്നു എന്റെ അച്ഛനല്ലേ അറിയാവൂ…

അച്ഛന്‍ പറഞ്ഞ പല കാര്യങ്ങളും ഗ്രഹിക്കാന്‍ അന്നത്തെ എന്റെ പക്വത എന്നെ അനുവദിച്ചില്ല..
ഒരുകാര്യം ഒഴികെ…

“പങ്കജ്,യൂ ടേക് കേര്‍,സീ യൂ എഗേന്‍”…
ഇനിയുള്ള നാലു വര്‍ഷം ….പാവം അവന് ഇതിലും വലുതെന്തോ വരാനിരുന്നതാ…

You May Also Like

ഇമെയില്‍ @ പാതാളം

പതിവുപോലെ മെയിലുകള്‍ ചെക്കു ചെയ്യുകയായിരുന്നു ഫസല്‍ അലി. അപ്പോഴാണ് ആ മെയില്‍ അയാളുടെ ശ്രദ്ധയില്‍പെട്ടത്. സബ്ജക്റ്റ് ബാറില്‍ ‘പാതാളത്തില്‍നിന്ന്’ എന്ന എഴുത്താണ് അയാളുടെ സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചത്. സ്പാം മെയിലുകളുടെ കൂട്ടത്തില്‍പ്പെടുത്തി ഡിലീറ്റ് ചെയ്യാന്‍ ഒരുങ്ങിയതാണ് ഫസല്‍ അലി. എന്നിരുന്നാലും ആകാംഷ അതിനനുവദിച്ചില്ല. തുറന്നുവായിച്ചപ്പോള്‍ തമാശയാണ് തോന്നിയത്. പാതാളത്തില്‍ നിന്ന് തനിക്കൊരു ക്ഷണപ്പത്രം. വരുന്ന 28 നു താന്‍ അവിടെ എത്തണമെന്ന്, തന്റെ 28ആം ജന്മദിനത്തിന്. സുഹൃത്തുക്കളുടെ ആരുടേയെങ്കിലും തമാശയായിരിക്കുമെന്നു കരുതി ഫസല്‍ അലി അത് ഡിലീറ്റ് ചെയ്തു. അയാള്‍ അത് അപ്പോള്‍ തന്നെ മറക്കുകയും ചെയ്തു.

കഥാപാത്രങ്ങളുടെ വിവരണങ്ങളിൽ കൂടി മാത്രം വരുന്ന, എന്നാൽ സിനിമയിൽ ഇല്ലാത്ത കഥാപാത്രങ്ങൾ

മറവത്തൂർ കനവ് സിനിമയിൽ മറ്റ് കഥാപാത്രങ്ങളുടെ വിവരണങ്ങളിൽ കൂടി മാത്രം വരുന്ന, സിനിമയിൽ പ്രത്യക്ഷമായി വരാത്ത കോര സാറിൻ്റെ കഥാപാത്രത്തെ പലർക്കും

തെരുവില്‍ നിന്നും ജെയിംസിനെ കൈപിടിച്ചുകയറ്റിയ ‘ബോബ്’ എന്ന പൂച്ച

ബോബിനെ ഒപ്പം കൂട്ടിയ ജെയിംസിനെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. തന്റെ കലാ പ്രകടനത്തിന് കൂടുതല്‍ കാശ് ആളുകള്‍ കൊടുക്കുവാന്‍ തുടങ്ങിയതോടെ അവരുടെ ജീവിതം മാറി.

അന്തപ്പന്‍ മാര്‍ഗ്ഗം

(ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് കുറിച്ചിട്ട ഒരു കഥ. കാലം അല്‍പ്പം മാറിയെങ്കിലും കഥക്ക് ഇപ്പോഴും വലിയ മാറ്റം വന്നിട്ടില്ലാത്തതിനാല്‍ അതിവിടെ വീണ്ടും കുറിക്കുന്നു. വായിക്കുക ഒരഭിപ്രായം കുറിക്കുക. വന്നവര്‍ക്കും, ഇനി വരുന്നവര്‍ക്കും ഈയുള്ളവന്റെ മുന്‍കൂര്‍ നന്ദി. നമസ്‌കാരം. പി വി.)