എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ – 2  

0
6227

 

വല്ല്യ ചിലവുള്ള മെഡിക്കൽ പഠനവും മറ്റും നടക്കാൻ ചാരുവിന്റെ മകൾ തന്റെ അച്ഛനിൽ അഭയംതേടി. ചാരുവിന്റെ അമ്മ യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത സ്ത്രീ. മറ്റൊരു ബന്ധുവിന്റെകൂടെയാണ് .ഇങ്ങനെ ഒറ്റപ്പെട്ട കാലങ്ങളിൽ അവൾ ശരിക്കുമൊരു അനാഥയായി കഴിഞ്ഞിരുന്നു. ആയിടയ്ക്കാണ് കിഡ്‌നി സ്റ്റോൺ സർജറിക്ക്‌ അവൾ ആശുപത്രിയിൽ അഡ്മിറ്റായത്. ആ ഓപ്പറേഷനിൽ അവളുടെ യൂട്രസും റിമൂവ് ചെയ്തു. പരിചരിക്കാനും രക്തംനൽകാനും കൂട്ടിരിക്കാനും സുഹൃത്തുക്കളല്ലാതെ ആരുമില്ലാത്ത അവസ്ഥ. ഇത്തരം ഒറ്റപ്പെട്ട അവസ്ഥകളിലാണ് മനുഷ്യൻ ജീവിതം പഠിക്കുന്നത്. ഇവയെ അതിജീവിച്ചാൽ നമ്മുക്കാരുമില്ലെങ്കിലും പുല്ലാണെന്ന് സ്വയം പറഞ്ഞു പഠിക്കും. അതുതന്നെയാണ് അവൾക്കു തന്റെ തീരുമാനങ്ങളിൽ ആരുടെയും അനുവാദമില്ലാതെ ഉറച്ചുനിൽക്കാനുള്ള ധൈര്യം നൽകിയതും.

ഇത്തരത്തിൽ ചാരു തന്റെ കഥകൾ എല്ലാം പറഞ്ഞിരുന്നു. തന്റെ കുഴപ്പംകൊണ്ടാണ് ഇങ്ങനെ ഒറ്റപ്പെട്ടുപോയതെന്നു അവർത്തിച്ചുപറയുമ്പോൾ ഞാൻ ആശ്വസിപ്പിക്കുമായിരുന്നു. എല്ലാരും ഒരുമിച്ചുനിന്നു ഒരാളെ ഒറ്റപ്പെടുത്താൻ നെഗറ്റിവായോ പോസിറ്റിവായോ എന്തെങ്കിലും കാരണമുണ്ടാകാം. എന്റെ ചിലകൂട്ടുകാരികൾക്കും കുടുംബത്തിൽ നിന്നും ഒറ്റപ്പെടുത്തലുകൾ നേരിട്ടിട്ടുണ്ട്, അവർക്കും ഇതുപോലെ താമസിക്കേണ്ടിവന്നിട്ടുണ്ട്. കുടുംബത്തിന്റെ യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ ചോദ്യംചെയ്തതുകൊണ്ടും പുരോഗമനപരമായ ജീവിതരീതികൾ പിന്തുടർന്നതുമായിരുന്നു അതിന്റെ കാരണങ്ങൾ. ചാരുവിൽ നെഗറ്റിവ് ആയൊന്നും ഞാൻ കണ്ടിരുന്നില്ല. തികഞ്ഞവിശ്വാസിയായ ഒരുവൾ അത്ര പുരോഗമനപരമായി ചിന്തിക്കില്ല എന്നും തോന്നിയിരുന്നു. ചില ദുരൂഹതകൾ അവളുടെ കഥകളിൽ മുഴുവൻ ഉണ്ടായിരുന്നതായി തോന്നിയെങ്കിലും നമ്മുടെ ജീവിതത്തെയോ പിന്നീടുണ്ടായ പ്രശ്നങ്ങളെയോ ആ ദുരൂഹതകൾ ഒന്നും ബാധിച്ചിരുന്നില്ല എന്നും പറയാൻ സാധിക്കും. താമസിക്കുന്ന സ്ഥലത്തിനു സമീപത്തുള്ള ഒരു ശിവക്ഷേത്രത്തിൽ അവൾക്കു വലിയ വിശ്വാസവുമായിരുന്നു. അതുകൊണ്ടുതന്നെ അത്രപുരോഗമന ആശയങ്ങൾ അവളിൽ ഉണ്ടായിരുന്നിട്ടുമില്ല. രാഷ്ട്രീയംകൊണ്ട് സിപിഎമ്മിന്റെ അനുഭാവിയായിരുന്നു. എന്നാൽ കമ്മ്യൂണിസത്തിന്റെ സ്വപ്നങ്ങളും സങ്കല്പങ്ങളും അവളിൽ കണ്ടിരുന്നില്ല.

താൻ വർക്ക് ചെയുന്ന ഡിപ്പാർട്ട്മെന്റിൽ ചാരു വളരെ ഉത്തരവാദിത്തമുള്ള ഒരു ജോലിയാണ് ചെയ്തുകൊണ്ടിരുന്നത്. സർക്കാരിന്റെ കോടിക്കണക്കിനു രൂപകൈകാര്യം ചെയുന്നത് താനെന്നും തന്റെ ഉത്തരവാദിത്തത്തിലാണ് ആ പണം ചിലവാക്കപ്പെടുന്നതെന്നും അവൾ പറയുമായിരുന്നു. ജോലിയിലെ സത്യസന്ധത കാരണം സഹപ്രവർത്തകരിൽ ഭൂരിഭാഗംപേർക്കും അവളോട് വൈരാഗ്യവും ശത്രുതയും ഉണ്ടായിരുന്നു. ഒറ്റയ്ക്കുജീവിക്കുന്ന ഒരു സ്ത്രീ ‘സ്വാഭാവികമായി’ അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങളും അവൾ നേരിടേണ്ടിവന്നിട്ടുണ്ട്.

ഒരിക്കൽ ഡിപ്പാർട്ട്മെന്റിലെ ഒരു യൂണിയൻ പ്രമുഖന് അവളിൽ ലൈംഗികതാത്പര്യം തോന്നിയതുമായി ബന്ധപ്പെട്ട വിഷയം ചാരു ഒരു തമാശപോലെ പറയുകയുണ്ടായി. എല്ലാരുടെയും മുന്നിൽവച്ചു തെളിവുസഹിതം അയാളെ പൊളിച്ചുകാട്ടുകയും നാണംകെടുത്തുകയുംചെയ്തു. മറുപടിയില്ലാതായപ്പോൾ മാപ്പുപറഞ്ഞു ആ വിദ്വാൻ തടിയൂരിയത്രേ. ഓഫീസിൽ മറ്റുള്ളവരുടെ തോന്ന്യാസങ്ങൾ ഒന്നും അനുവദിക്കാത്തതുകൊണ്ടു ചാരു എല്ലാർക്കും കല്ലുകടിയായിത്തീർന്നിരുന്നു. ആരെങ്കിലുമൊക്കെ തനിക്കിട്ടു നല്ല പാരപണിയാൻ കാത്തിരിക്കുകയാണെന്ന് അവൾ വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ ഓരോപ്രവർത്തനങ്ങളും അത്ര സൂക്ഷ്മതയോടെ അവർ നിർവ്വഹിച്ചിരുന്നു.പ്രത്യേകിച്ച് സാമ്പത്തികമായ ഇടപാടുകൾ.

ചാരുവിന്റെ വാടകവീടിന് പരിസരത്തും ഞരമ്പുരോഗികൾ സുലഭമായിരുന്നു. ഗേറ്റിൽ പ്രണയാഭ്യർത്ഥനകൾ കൊണ്ടുവയ്ക്കുക പോലുള്ള പരിപാടികൾ നടന്നിരുന്നു. ഞാൻ മുകളിൽ സൂചിപ്പിച്ചപോലെ, ഒറ്റയ്ക്ക് താമസിക്കുന്ന ഒരു പെണ്ണ് ഈ സമൂഹത്തിന്റെ അസ്വസ്ഥതയാകുന്നു. അത്ര ലൈംഗികദാരിദ്ര്യം പിടിച്ചവരുടെ നാടാണ് നമ്മുടേത്. ഈ ശത്രുവലയത്തിനുള്ളിൽ ഒന്നിനെയും കൂസാതെ ജീവിക്കാനുള്ള അവളുടെ ആർജ്ജവം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. വീടിനടുത്തുള്ള ഒരു ഞരമ്പുരോഗിയുടെ വെറിപിടിച്ച നോട്ടങ്ങളെ തടഞ്ഞുനിർത്തിയത് ആ ഭാഗം ടാർപോളിൻ കൊണ്ട് മറച്ചിട്ടായിരുന്നു. എന്തായാലും എന്റെകൂടെയുള്ള ജീവിതം എല്ലാത്തിനുമൊരു പരിഹാരമാകുമെന്ന് ഞാനാശ്വസിച്ചു.

ഇടയ്ക്കു ചാരുവിന് ഒരു പനിവന്നു. ഒറ്റയ്ക്ക് കഴിയുന്ന അവളുടെ ആരോഗ്യത്തിൽ ഞാൻ ആശങ്കാകുലനായി. മാരകമായ പനിയാണോ എന്നോർത്ത്  എന്റെ ഉറക്കംപോലും നഷ്ടപ്പെട്ടു. അവളാണെങ്കിൽ ഇംഗ്ലീഷ് മരുന്നുകൾ കഴിക്കുകയുമില്ല.  ഒടുവിൽ എന്നെ തൃപ്തിപ്പെടുത്താൻ എവിടെയോ കാണിച്ചെന്നുറപ്പുവരുത്തി, ഇപ്പോൾ കുറവുണ്ടെന്നും പറഞ്ഞു. ഇക്കാലത്തും കഷായം പോലുമ്മ മരുന്നുകളെ ആശ്രയിക്കുന്ന ഒരാളായിരുന്നു അവൾ.

അതിനുശേഷമൊരു ദിവസം ചാരു തിരുവനന്തപുരത്തുവന്നു, കൂട്ടുകാരിയും ഒപ്പമുണ്ടായിരുന്നു. ഓണമായതിനാൽ ജയലക്ഷ്മിയിൽ നിന്നും അവൾ അമ്മയ്ക്ക് ഓണക്കോടിയെത്തു. അവിടെനിന്നുതന്നെ ഞാൻ ചാരുവിനും വസ്ത്രങ്ങൾ വാങ്ങി. എനിക്കെന്റെ ഇഷ്ട ബ്രാന്റായ വുഡ്‌ലാന്റിൽ നിന്നും അവൾ മൂവായിരം രൂപയോളം വിലവരുന്ന ടീഷർട്ട് മേടിച്ചു . ഈ സന്തോഷങ്ങൾക്കിടയിലും അവളുടെ ക്ഷീണം ഞാൻ ശ്രദ്ധിച്ചു. പനി ഭേദമായിരുന്നില്ല. തിരുവനന്തപുരത്തുള്ള ഡോക്ടറെ കാണിക്കാമെന്നു നിർബന്ധിച്ചിട്ടും അവൾ വഴങ്ങിയില്ല. പിന്നെ അരുൾജ്യോതിയിലെ ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങൾ മൂവരുംകൂടി പാളയം സാഫല്യം കോംപ്ലക്‌സിനു മുന്നിലെ സിമന്റ് ബഞ്ചിൽ ഇരുന്നു ഭാവികാര്യങ്ങൾ ഒന്നുകൂടി പോളിഷ് ചെയ്തു.

അപ്പോഴാണ് ചാരു കൂട്ടുകാരിയോട് തമാശ ഭാവത്തിൽ പറയുന്നത്. (ജീവിതത്തോടുള്ള അവളുടെ ഈ സീരിയസില്ലായ്മ എന്നെ തുടക്കം മുതൽ എന്നിൽ സംശയമുണ്ടാക്കിയിരുന്നു)

“എടീ ശിവ വിവാഹമാണ് ഉദ്ദേശിക്കുന്നത്”

“ആഹാ, അതെയോ ശിവാ… നന്നായി. അമ്മയ്ക്ക് സന്തോഷമാകും”

ചിരിച്ചുകൊണ്ട് കൂട്ടുകാരി എന്നെനോക്കി പറഞ്ഞു.

‘അമ്മ പഴയൊരാളാണ്. ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നു പറഞ്ഞപ്പോൾ വലിയ സന്തോഷമായ ആളാണ് ‘അമ്മ. മാട്രിമോണിയൽ ഓഫീസിൽ അടയ്ക്കാൻ പൈസ ചോദിക്കാതെ തന്ന ആളാണ്. ‘ഏതൊരമ്മയും ആഗ്രഹിക്കുന്നത്  മക്കൾ വിവാഹം കഴിച്ചു ജീവിക്കുന്നതാണ്.. ”

ഞാൻ വളരെ സീരിയസായി തന്നെ പറഞ്ഞു

എന്റെ അമ്മയുടെ തൃപ്തിയ്ക്കായി വിവാഹം കഴിച്ചു ജീവിക്കാമെന്നും

ഒരമ്മയുടെ അക്കാര്യത്തിലുള്ള ഉത്കണ്ഠകൾ മനസിലാക്കുന്നെന്നും ഓണത്തിരക്കുകൾ കഴിഞ്ഞൊരു ദിവസം വിവാഹം രജിസ്റ്റർ ചെയ്യാമെന്നും ഭാര്യാഭർത്തൃ നാമങ്ങളും അതിന്റെ യാഥാസ്ഥിതികവും വൃത്തികെട്ടതുമായ നൂലാമാലകളും അടിമത്തങ്ങളും ഒഴിവാക്കി തികഞ്ഞ സ്വതന്ത്രജീവിതമാണ് വേണ്ടതെന്നും നമ്മുടെ ആദ്യത്തെ കൂടിക്കാഴ്ചയിൽ ഒരുമിച്ചു തീരുമാനിച്ചകാര്യം ഞാനോർത്തു. പക്ഷെ അവളുടെ മനസ്സിൽ ഇപ്പോളതൊരു തമാശ പോലെ.എന്റെ മനസ്സിൽ പലവിധ ചിന്തകൾ രൂപപ്പെട്ടു.

വിവാഹത്തോട് അവൾക്കു ആദ്യമേയുള്ള ചില വിയോജിപ്പുകൾ ഞാൻ ശ്രദ്ധിച്ചിരുന്നു. അത് പ്രത്യക്ഷത്തിൽ പുറത്തുകഴിച്ചിരുന്നില്ല. വിവാഹം ഒന്നിന്റെയും അവസാനവാക്കല്ല, വിഹാഹം കഴിച്ചാലും ഇഷ്ടമില്ലാത്തിടത്തു ഞാൻ നിൽക്കില്ല, ഒരു ചരടിന്റെ ബലം മാത്രമല്ല പരസ്പരവിശ്വാസവും ജീവിതവും..ഇങ്ങനെയൊക്കെ പറഞ്ഞായിരുന്നു വിവാഹത്തോടുള്ള അവളുടെ വെറുപ്പ് പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ഇക്കാര്യങ്ങളിൽ എനിക്കും വിയോജിപ്പുകൾ ഇല്ലായിരുന്നു. പക്ഷെ നിലവിലെ എന്റെ താത്പര്യം വിവാഹജീവിതമായിരുന്നു. (അതിന്റെ കാരണം ഞാൻ മുകളിൽ പറഞ്ഞിട്ടുമുണ്ടായിരുന്നു). അതുകൊണ്ടുതന്നെ എന്റെകൂടെ വരാനുള്ള താത്പര്യത്തിൽ എല്ലാത്തിനും അവൾ മനഃപൂർവ്വം സമ്മതം മൂളിയതായിരുന്നെന്നു അറിയാൻ  ഒരുപാട് വൈകിപ്പോയിരുന്നെന്നു ഇന്ന് ചിന്തിച്ചുപോകുന്നു.

കുറച്ചുനേരംകൂടി ഓരോന്ന് സംസാരിച്ചിരുന്നശേഷം കൂട്ടുകാരി യാത്രപറഞ്ഞുപോയി. ഞാനും ചാരുവും മ്യൂസിയത്തിൽ പോയി ഏറെനേരം ഇരുന്നു. അപ്പോഴേയ്ക്കും നല്ല മഴപെയ്തിരുന്നു. വൈകുന്നേരത്തോടെ അവൾ തിരികെ പോയി. തമ്പാനൂർ ബസ്റ്റാന്റിൽ ചെന്ന് ഞാനവളെ യാത്രയാക്കി. ഇനി കാണുന്നത് നമ്മൾ ഒരുമിച്ചു ജീവിക്കുന്ന ദിവസം.

എല്ലാം തീരുമാനിക്കപ്പെട്ട ഉടനെ ഞാൻ എഫ്ബിയിൽ ഒരു ഒറ്റവരി പോസ്റ്റിട്ടു.

“ശിവൻ അവന്റെ പാർവ്വതിയെ കണ്ടെത്തിയിരിക്കുന്നു”

ശിവൻ പാർവതിയെ മാറോടണയ്ക്കുന്ന ചിത്രം പ്രൊഫൈൽ ചിത്രമാക്കി. നൊടിയിടകൊണ്ടു ഇരുന്നൂറിലേറെ ലൈക്കുകളും ആശംസകളും കുമിഞ്ഞുകൂടി.

റിലേഷൻ ഷിപ്പ് സിംഗിൾ ആയിരുന്നത് ‘ഇൻ എ റിലേഷൻ ഷിപ്’ എന്നാക്കി. ആ അപ്‌ഡേറ്റിനും കിട്ടി ലൈക്കുകളുടെ കൂമ്പാരം. അതെ മുങ്ങാൻപോകുന്ന ഒരു ടൈറ്റാനിക്ക് ഷിപ്പ്. അതിനടിയിലൊക്കെ വന്ന കമന്റുകൾ വായിച്ചാൽ മനസിലാകും, എന്നെപിടിച്ചു കെട്ടിക്കാൻ എഫ്ബിയിലെ സുഹൃത്തുക്കളുടെ അമിതതാത്പര്യം.

ഓരോദിവസങ്ങളും ഞാൻ തള്ളിവിട്ടു. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഞങ്ങളുടെ ഫോൺ സംഭാഷണങ്ങളും ജീവിതത്തിന്റെ പ്ലാനിംഗുകളും തകൃതിയായി മുന്നോട്ടുപോയി. ഞാനൊരു പുകഞ്ഞകൊള്ളി ആയതിനാലും നിഷേധിയായതിനാലും അമ്മയുടെ സഹോദരങ്ങൾ നേരിട്ടൊന്നും പറഞ്ഞില്ലെങ്കിലും വിയോജിപ്പുകൾ മനസിൽകൊണ്ടു നടക്കുകയായിരുന്നു. അവരെല്ലാം ജാതകത്തിന്റെയും ജ്യോതിഷത്തിന്റെയും വക്താക്കൾകൂടിയായിരുന്നു. എന്നെ പൂർണ്ണമായും വിശ്വസിച്ചു അമ്മ മാത്രം കൂടെ നിന്നു.

നമ്മുടെ കൂടിച്ചേരലിന്റെ തലേദിവസമായി. അന്ന് ഉത്രാടമായിരുന്നു. ഉത്രാടപ്പാച്ചിലുകളിൽ നിന്ന് ഒഴിഞ്ഞുമാറി ശിവൻ ചാരുവിന്റെ ചാറ്റിൽ ഇങ്ങനെ എഴുതിയിട്ടു….  (തുടരും)

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 10 (അവസാന ഭാഗം)

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 9

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 8

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 5

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 4

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 3