എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 3

0
6358

 

‘ദേവിയുടെ വരവിനായി മാനസകൈലാസം ഒരുങ്ങിക്കഴിഞ്ഞു. ത്രിപുരാന്തകന്റെ ഇടനെഞ്ചിൽ ഡമരുവിന്റെ ഉടുക്കുകൊട്ട് മുറുകുന്നു. അവൻ സൂര്യചന്ദ്രയാനങ്ങളെ വീക്ഷിക്കുകയാണ്… നിലാവണിഞ്ഞ കൊടുമുടിയിൽ പ്രണയതപസ്സിന്റെ പൂർണ്ണതയായി. പ്രഭാതരശ്മിയുടെ കൈപിടിച്ച് ദേവി വരുന്നതുംകാത്തു അവൻ ഇരിക്കുന്നു. ഇനി ഒരുമിച്ചുള്ള യാത്രകൾ… ചുംബനാഭിഷേകം നടത്തി അവളെ വരവേൽക്കുമ്പോൾ അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതീകമായി അടിയുറച്ചു നിൽക്കുന്ന പർവതങ്ങൾ കാലത്തിന്റെ പ്രണയഭാഷ്യത്തിന്റെ പ്രതിധ്വനികൾ നമ്മിലേക്ക്‌ തൊടുത്തുവിടും… വേർതിരിക്കാനാകാത്ത രൂപങ്ങളായി…അർദ്ധനാരീശ്വരരായി നമ്മൾ മാറും. ഇത് വിധിയുടെ സ്നേഹകല്പനയാണ്… നമ്മൾ അനുസരിക്കുന്നു… നാളെ നമ്മൾ ഒന്നാകുന്നു… തികച്ചും നമ്മുടേതുമാത്രമായ ശുഭമുഹൂർത്തത്തിൽ … ആളും ആരവവും ആഡംബരങ്ങളും അർത്ഥവും ആഘോഷവും ആചാരങ്ങളും ഉപചാരങ്ങളും ഒന്നും ഇല്ലാതെ…. നാളെ ശിവൻ ആദ്യമായി പൂർണ്ണനാകുന്നു. പല അഭിരുചികൾക്കിടയിൽ മറന്നുപോയ ജീവിതം, ജീവിതത്തിൽ ആദ്യമായി ഒരു അഭിരുചിയാകുന്നു”

“അഷ്ടദിക്കുകളിൽ നിന്നും പഞ്ചാക്ഷരിമന്ത്രം കേൾക്കുമ്പോഴും

അതിനിടയിലെ നിന്റെ ശബ്ദത്തിനായി കർണ്ണങ്ങളും

ഭക്തപ്രളയത്തിൽ നീയെന്ന ഹിമകണത്തെ കാണാൻ കണ്ണുകളും

നൈവേദ്യ മലകൾ രൂപപ്പെടുമ്പോൾ

നിന്റെ സ്നേഹം രുചിക്കാൻ നാവും

പൂജാദ്രവ്യങ്ങളുടെ ഗന്ധങ്ങൾക്കിടയിൽ

നിന്റെ സുഗന്ധമറിയാൻ നാസികയും

അഭിഷേകങ്ങൾക്കിടയിൽ

നിന്റെ നേർത്ത പ്രവാഹമറിയാൻ ചർമ്മവും

സദാ ഉണർന്നിരിക്കുന്നു ദേവീ.

കോടാനുകോടികൾക്കായി നൽകിയ മനസ്

നിന്നിലേക്ക്‌ ഏകാഗ്രമാകുമ്പോൾ

പ്രണയിക്കുന്നവരുടെ മാത്രമൊരു ഭൂമിയെ കാണുന്നു.

അവിടെ സംഹാരകർമ്മം മറന്നിട്ട്  ശിവന് നിന്റെകൂടെ ജീവിക്കണം”

“കൈകളിലൂടെ കോടികൾ ഒഴുക്കുന്ന ഒരു കാഷ്യർക്ക് ആവശ്യങ്ങളുടെ വെള്ളപ്പാച്ചിലിലുമാ പണം നിസ്സഹായതയുടെ ബിംബമാണ്.

മാസാരംഭം കിട്ടുന്ന ശമ്പളമാണ് അയ്യാളുടെ ഏകാശ്രയമെന്നോർക്കുമ്പോൾ ഞാനറിയുന്നത് ചാരൂ …നിന്നെയാണ്…. ❤

ആയിരക്കണക്കിനു ലിറ്റർ രക്തം പമ്പുചെയ്യുന്ന ഹൃദയത്തിനു ദാഹം വരുമ്പോഴുമാ രക്തമെടുക്കാൻ നിർവാഹമില്ല, കൊറോണറീ ധമനികളിലൂടെ ശരീരമെത്തിയ്ക്കുന്ന രക്തമാണേക ആശ്രയമെന്നോർക്കുമ്പോഴും ഞാനറിയുന്നത് ചാരൂ…നിന്നെയാണ്…. ❤

വിശാലതയുടെ മൂർത്തിയായെല്ലാം ഹൃദയത്തിലുൾക്കൊള്ളിയ്ക്കുമ്പോഴും നഷ്ടങ്ങളിൽ അതൊന്നും സ്വന്തമല്ലെന്നെനിക്ക് മനസിലാകുന്നു,

ഒരു കുളിർ ചുംബനമാണേക ആശ്രയമെന്നോർക്കുമ്പോൾ ഞാനറിയുന്നതും ചാരൂ… നിന്നെ മാത്രമാണ്…”

“നിന്നിലേക്കുള്ള ഒഴുക്കായിരുന്നു ചാരൂ ഇതുവരെ എന്റെ ജീവിതം. ജെടക്കെട്ടിൽ ഒളിച്ചുവയ്ക്കാനല്ല … ഹൃദയപ്രപഞ്ചത്തിൽ നിറയ്ക്കാനാണ് നീയെനിക്ക്. നീയില്ലെങ്കിൽ ശിവൻ പൂർണ്ണനല്ല.  പ്രണയതാണ്ഡവമാടുന്ന ശിവന്റെ ദേഹം ഉഷ്ണിച്ചു വരികയാണ്.. നിന്റെ ചുംബനം മാത്രമാണ് പ്രതിവിധിയെന്നു ദേവഗണങ്ങൾ മനസ്സിലാക്കുന്നുണ്ട്. ദേവീ… നീയെന്റെ ആത്മാവിൽ തൊടുന്നു. നീ മാത്രം..”

====

എന്തിനോ തിളയ്ക്കുന്ന സാമ്പാറെന്നു സിനിമയിൽ സലിംകുമാർ പറഞ്ഞപോലെ, വാക്കുകളുടെ പച്ചക്കറിക്കഷണങ്ങൾ മനസിന്റെ വാർപ്പിലിട്ടു ഇങ്ങനെ ഞാൻ എന്തിനോ പാചകം ചെയുകയായിരുന്നു. ഇതിനിടയിലെ ദിവസങ്ങൾ ഞങ്ങൾക്ക് താമസിക്കാൻ വാടകവീടിനായി ഞാൻ നെട്ടോട്ടം ഓടി. തിരുവനന്തപുരം നഗരത്തിൽ വാടകവീടെന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരേർപ്പാടെന്ന് പറയേണ്ട ആവശ്യമില്ലല്ലോ. വലിയ വാടക തന്നെയാണ് പ്രശ്നം. ഒരുപാട് വീടുകൾ നോക്കുകയുണ്ടായി. വാടകകുറവെങ്കിൽ സൗകര്യങ്ങളില്ല, വൃത്തിയുമില്ല. ഓടിട്ട വീടുകൾ പോലും ഏഴായിരം രൂപയൊക്കെയാണ് വാടകയെങ്കിൽ നല്ല വീടുകളുടെ കാര്യം പറയുകയുംവേണ്ട.  ജോലി സ്ഥലത്തിനടുത്തു വെറും ആറായിരം രൂപ വാടകയ്ക്കു വലിയൊരു വീട്ടിലായിരുന്നു അവളുടെ താമസം. അവിടെ ആ വാടകയ്ക്ക് വീടുകൾ സുലഭമായി കിട്ടും. പ്രത്യേകിച്ച് റോഡിൽ നിന്നും കുറെ ഉള്ളിലേക്ക്. കുറച്ചെങ്കിലും സൗകര്യങ്ങൾ നമ്മുടെവീടിനും വേണമെന്ന് എനിക്കും നിർബന്ധമായിരുന്നു. അങ്ങനെ അനവധി HOUSE ബ്രോക്കർമാരുമായുള്ള ബന്ധത്തിന്റെ ഫലമായി പേട്ട -ചാക്ക റോഡിൽ ഒരു വീടിന്റെ മുകൾഭാഗം കിട്ടി. മൂന്നു മുറിയുള്ള നല്ല സൗകര്യമുള്ള വീട്. 50000 രൂപ അഡ്വാൻസും 9000 രൂപ വാടകയും. അതിലും കുറഞ്ഞൊരു വാടകയ്ക്ക് വീട് കിട്ടാൻ പ്രയാസമായിരുന്നു.

ഓഫീസിലെ ലീവായിരുന്നു മറ്റൊരു പ്രശ്നം. പെട്ടന്നുണ്ടായ ഒരു ജീവിതമാറ്റം കാരണം നേരത്തെ പറയാനും കഴിഞ്ഞില്ല. സ്വകാര്യപത്രസ്ഥാപനം ആയതിനാൽ ഓണാവധി ഒരുദിവസം മാത്രമായിരുന്നു. ചാരുവിനാകട്ടെ പത്തോളംദിവസം. എന്തായാലും വിവാഹത്തിനു ലീവനുവദിക്കണം എന്ന അവരുടെ ‘ഗതികേടിൽ’ എനിക്ക് എട്ടുദിവസത്തെ ലീവ്‌കിട്ടി. വിവാഹമൊന്നും അല്ലെന്നും ഒന്നിച്ചൊരു താമസം തുടങ്ങുകയെണെന്നും ഞാൻ ഓഫീസിൽ പറഞ്ഞിരുന്നില്ല. ഫ്‌ളാഷിലെ കാർട്ടുണിസ്റ്റ് ഷിലിനോടുമാത്രം എല്ലാം പറഞ്ഞിരുന്നു. അവനാകട്ടെ എന്റെയൊരു അഭ്യുദയകാംക്ഷിയും  ദീർഘകാലമായുള്ള ചങ്ങാതിയുമായിരുന്നു.

ഉത്രാടദിനം രാത്രി ജോലിതീർത്തിട്ടു ഓഫിസിൽ നിന്നും ഇറങ്ങി. പലരും എനിക്ക് ആശംസകൾ നേർന്നു. എല്ലാം സ്വീകരിച്ചുകൊണ്ട് ഞാനിറങ്ങിനടന്നു. അപ്പോൾ ചാരു എന്നെ വിളിച്ചു. അവൾക്കു വല്ലാത്തൊരു ടെൻഷനെന്നു പറഞ്ഞു. നമ്മുടെ തീരുമാനം പൂർണ്ണമായും ശരി തന്നെയല്ലേ ശിവാ എന്നവൾ ചോദിച്ചു. അതേ ചാരൂ എന്നു മറുപടി പറഞ്ഞു അവൾക്കു ധൈര്യം നൽകി. നാളെ ഈ സമയത്തു ഞാൻ നിന്റെ അടുത്തുണ്ടാകും. നിന്റെ നെഞ്ചിൽ തലവച്ചു കിടക്കുകയാകും എന്നവൾ വല്ലാത്തൊരു പതിഞ്ഞശബ്ദത്തിൽ പറഞ്ഞു.(അങ്ങനെ തലവച്ചതു റെയിൽവേ പാളത്തിൽ ആയിരുന്നല്ലോ എന്നാകും ചിലപ്പോളവൾ  ഇന്ന് കരുതുന്നുണ്ടാകുക). ‘നാളെ നിന്റെ അടുത്തേയ്ക്കുവരാൻ രാവിലെ ഉണരേണ്ടതുണ്ട്. ഗുഡ് നൈറ്റ് ശിവാ…’ എന്നുപറഞ്ഞു അവൾ ഉറങ്ങാൻപോയി. അപ്പോഴേയ്ക്കും ഞാൻ വീട്ടിലെത്തിയിരുന്നു.

തിരുവോണദിനം വന്നെത്തി. നമ്മുടെ ജീവിതമാരംഭിക്കുന്ന ദിവസം. ഞാനും അമ്മയും ആകെ ത്രില്ലിലായിരുന്നു. ‘അമ്മ രാവിലെ കുടുംബക്ഷേത്രത്തിലൊക്കെ പോയി പ്രാർത്ഥിച്ചു. എന്റെയും അവളുടെയും പേരിൽ അർച്ചന കഴിപ്പിച്ചു. ഞാൻ എട്ടരയോടെ കുളിച്ചൊരുങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് പോയി. ട്രെയിൽ വരുന്നതുംകാത്തു ട്രാക്കിന്റെ അകലങ്ങളിലേക്ക് ഇടയ്ക്കിടെ എത്തിനോക്കി പ്ലാറ്റ്‌ഫോമിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

ഏകദേശം ഒമ്പതരയോടെ ട്രെയിൻ വന്നു. ട്രെയിൻ പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ അവളെന്നെ ഫോണിൽ വിളിച്ചു. ‘ശിവാ നിന്നിലേക്ക്‌ ഞാൻ അടുത്തുകൊണ്ടിരിക്കുന്നു. പ്ലാറ്റ്ഫോം കാണാൻ കഴിയുന്നുണ്ട് ‘. അപ്പോഴേയ്ക്കും സ്റ്റേഷനിൽ ട്രെയിനിന്റെ അറിയിപ്പ് മുഴങ്ങുന്നുണ്ടായിരുന്നു.

‘ചാരുവിനെയും കൊണ്ട് ജീവിതത്തിന്റെ ട്രെയിൻ ഒന്നാമത്തെ പ്ലാറ്റ് ഫോമിൽ ശിവനരികിൽ വന്നുകൊണ്ടിരിക്കുന്നു’

ആദ്യത്തെ കൂടിക്കാഴ്ച്ചയിൽ സംഭവിച്ചപോലെ, അവളുടെ കൈകൾ ഗ്രഹിച്ചു സ്നേഹപൂർവ്വം ഞാനെന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. നമ്മൾ ഓട്ടോയിൽ കയറി വീട്ടിലേക്കുപോയി. അവൾ മജന്ത നിറത്തിലെ മനോഹരമായൊരു ചുരിദാർ ആണ് ധരിച്ചിരുന്നത്. ആ അവസ്‌ത്രത്തിൽ അവളെ കൂടുതൽ മനോഹാരിയായി കാണപ്പെട്ടു. വീടിനുമുന്നിൽ ഓട്ടോയിലെത്തിയപ്പോൾ പരിസരത്തെ പല യുവാക്കളും റോഡിൽ നിൽക്കുന്നുണ്ടായിരുന്നു. അവരുടെ മുന്നിലൂടെ, ഒരു കൈയിൽ ചാരുവിന്റെ ബാഗുമെടുത്തു മറുകൈകൊണ്ട് അവളെയും പിടിച്ചു ഞാൻ കുടുംബവീട്ടിലേക്കു ഒരു ജേതാവിനെപോലെ കയറി. ‘വാ മോളേ..’ എന്ന് വിളിച്ചുകൊണ്ടു ‘അമ്മ സന്തോഷത്തോടെ സ്വീകരിച്ചാനയിച്ചു. കുശലാന്വേഷങ്ങൾക്കു ശേഷം ഞങ്ങൾ പ്രാതൽ കഴിച്ചു. പിന്നെ ഏറെനേരം എന്റെ മുറിയിൽ നമ്മൾ വിശ്രമിച്ചു. അയല്പക്കത്തുള്ള ചിലരും ഇതറിഞ്ഞു ആകാംഷയോടെ കാണാൻവന്നിരുന്നു.

പതിനൊന്നുമണിയോടെ ഞങ്ങൾ താമസിക്കാനെടുത്തിട്ട വീടുകാണാൻ പോയി. തുറന്നകത്തുകയറി. അവൾക്കു വീട് നന്നായി ഇഷ്ടപ്പെട്ടു. കുറേനേരം എല്ലാംചുറ്റിക്കണ്ടു. ഏകാന്തതയിൽ ഒരുമിച്ചിരുന്നാൽ സാഹചര്യങ്ങൾ വഴിതെറ്റിക്കും എന്ന പ്രമാണം നമ്മുടെ ആദ്യകൂടികാഴ്ചയിൽ സംഭവിച്ചിരുന്നല്ലോ.അത് ഇവിടെയും ആവർത്തിച്ചു. ഗാഢമായ ചുംബനങ്ങളും ആലിംഗനങ്ങളും കൊണ്ട് പരസ്പരം ആനന്ദിച്ചു. റ്റൈൽസ് ഒട്ടിച്ച നിലത്തു നമ്മൾ പുണർന്നുകിടന്നു. അവളുടെ മാറിടങ്ങൾ എനിക്ക് ദൗർബല്യമായിരുന്നു. അതിനെ ഞാൻ ഒരു കാമുകനെപ്പോലെയും മകനെപ്പോലെയും ആസ്വദിച്ചു. ആദ്യരാത്രിയ്ക്കായി നമ്മൾ ആട്ടക്കലാശത്തെ മാറ്റിവച്ചു.

ഉച്ചയൂണിനു സമയമായപ്പോൾ നമ്മൾ തിരികെ കുടുംബവീട്ടിലേക്കുപോയി. വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചു കുറച്ചു വിശ്രമിച്ചശേഷം വീട്ടുസാധനങ്ങൾ വാങ്ങാൻ നഗരത്തിലേക്ക് പോയി. ഒരു ജീവിതം തുടങ്ങുകയാണ്. എല്ലാം പുതുതായി സ്വരൂപിക്കേണ്ടതുണ്ട്. തിരുവോണദിവസം ഏതു കട തുറക്കാനാണ്. വായിക്കുന്ന നിങ്ങൾക്കു തോന്നും, ഇതൊക്കെ നേരത്തെ ചെയ്തുകൂടായിരുന്നോ എന്ന്. അതിനും കാരണമുണ്ട്..പറയാം.

ചാരുവിന്റെ അനാഥമായ ഏകാന്തജീവിതം അവൾക്കു ഒരുപാട് ഉത്തരങ്ങൾ അന്യമാക്കിയിരുന്നു. അതിലൊന്നാണ്, ഓണാവധിക്കു നാട്ടിൽ പോകുന്നില്ലേ എന്ന ചോദ്യത്തിന്റെ ഉത്തരം. നാടില്ലാത്തവൾക്കു എവിടെ പോകാൻ സാധിക്കും. ഈ ഒരവസ്ഥയെ അതിജീവിക്കാൻ ആ സമയമത്രയും അവൾ ദീർഘമായ യാത്രകൾ ചെയ്യുമായിരുന്നു. ഇന്ത്യൻ റെയിൽവേയിൽ ഒരു ഭാരതപര്യടനം മറ്റൊരു കൂട്ടുകാരിയുമായി ചേർന്ന് ഇത്തവണ അവൾ ബുക്ക് ചെയ്തിരുന്നു. പിന്നെയാണല്ലോ നമ്മൾ അടുക്കുന്നതും പലതും തീരുമാനിക്കുന്നതും.ആ യാത്ര കാൻസൽ ചെയ്യാൻ ഞാൻ നിർബന്ധിച്ചെങ്കിലും അവൾ വഴങ്ങിയിരുന്നില്ല. പതിനഞ്ചു ദിവസം നീളുന്ന ആ യാത്രയ്ക്കുശേഷം നമ്മൾ ഒരുമിക്കാനായിരുന്നു പ്ലാൻ ചെയ്തിരുന്നത്.  അപ്പോഴാണ് ഞാൻ മുകളിൽ പറഞ്ഞപോലെ അവൾക്കു പനിവന്നത്. അതോടെ, പന്ത്രണ്ടായിരം രൂപ നഷ്ടമാകുമെങ്കിലും യാത്ര കാൻസൽ ചെയ്യാൻ അവൾ തീരുമാനിച്ചു. കാരണം പനിയുടെ ഹാങ്ങോവറും കൊണ്ട് നോർത്തിന്ത്യയിലൊക്കെ പോയാൽ ആരോഗ്യം കൂടുതൽ സങ്കീർണ്ണമായേക്കും. അങ്ങനെ യാത്ര പെട്ടന്ന് റദ്ദാക്കിയതായിരുന്നു എനിക്ക് പലതിനും വേണ്ടത്ര സമയം കിട്ടാതിരുന്നത്. മാത്രമല്ല ആ ദിവസമായിരുന്നു മുൻവാടകക്കാർ ഒഴിവായി വീടിന്റെ താക്കോൽ കയ്യിൽ കിട്ടിയതും.

ഇനി വീണ്ടും കാര്യത്തിലേക്കുവരാം. അങ്ങനെ നമ്മൾ പരിചയമുള്ള ഓട്ടോപിടിച്ചു വീട്ടുസാധനങ്ങൾ വാങ്ങാൻ നഗരത്തിലിറങ്ങി. തുറന്നിരുന്ന കടകളിൽനിന്നും മെത്തയും ബ്രഷുകളും ചൂലും അത്യാവശ്യ വീട്ടുപകരണങ്ങളും മേടിച്ചു . അതെല്ലാം വാടകവീട്ടിൽ കൊണ്ടുവച്ചിട്ടു വീണ്ടും കുടുംബവീട്ടിലെത്തി. അന്ന് സായാഹ്നത്തോടെ വീട്ടിലുണ്ടായിരുന്ന മാമനോടും മാമിയോടും അവരുടെ മകനോടും യാത്രപറഞ്ഞിട്ടു ഞങ്ങളുടെ കുറച്ചു സാധനങ്ങളുമെടുത്തു ഞാനും അവളും അമ്മയും പുതിയ ജീവിതത്തിനായി അവിടെ നിന്നറങ്ങി. അതെ…ശിവന്റെ ഗാർഹസ്ഥ്യത്തിന്റെ പരീക്ഷണക്ളാസുകൾ ആരംഭിക്കുകയായി.

വാടകവീട്ടിലെത്തി. നിലത്തു മെത്തവിരിച്ചു ഞങ്ങൾ കിടന്നു. വിവാഹം രജിസ്റ്റർ ചെയ്യാത്തതിൽ അമ്മയ്ക്ക് ഉള്ളിൽ പരിഭവം ഉണ്ടായിരുന്നെങ്കിലും പുറത്തുകാണിച്ചില്ല. ഈ രാജ്യത്തിലെ ഒരമ്മയും തന്റെ മകനു വേണ്ടി തന്റെ യാഥാസ്ഥിതികബോധങ്ങൾ മാറ്റിവച്ചു ഇങ്ങനെ അഡ്ജസ്റ്റ് ചെയ്തിട്ടുണ്ടാകില്ല. അത്ര പാവമായിരുന്നു ‘അമ്മ. എന്നോടുള്ള തീവ്രമായ സ്നേഹം കൊണ്ടാണ് എന്റെ പല തീരുമാനങ്ങളും അംഗീകരിച്ചിരുന്നത്. മകന് ഇനിയെങ്കിലും ഒരു നല്ല ജീവിതം അതുമാത്രമായിരുന്നു അമ്മയുടെ ചിന്ത. അർത്ഥമില്ലാതെ പോകുന്ന ശിവയുടെ ജീവിതത്തിൽ മനമുരുകി നടന്നിരുന്നു അവർ. തന്റെ കാലശേഷം മകന് ആരുമില്ല എന്ന ചിന്ത അമ്മയെ വല്ലാതെ അലട്ടിയിരുന്നു. (ഇപ്പോൾ അതിന്റെ മൂർദ്ധന്യത്തിൽ ആണ് ‘അമ്മ ജീവിക്കുന്നത്.) അതിനൊക്കെ ഒരു പരിഹാരം ആയിട്ടായിരുന്നു ഈ പുതിയ പരീക്ഷണത്തെ ‘അമ്മ കണ്ടിരുന്നത്.

ജീവിതം തുടങ്ങി. എന്റെയും ചാരുവിന്റെയും ‘ആദ്യരാത്രി’ വലിയ അത്ഭുതങ്ങളില്ലാതെ, കടന്നുപോയി. ആദ്യമായി കണ്ടദിവസം നമ്മുടെ അപ്രതീക്ഷിതമായ ആക്രാന്തവും പരവേശവും ഞാൻ സൂചിപ്പിച്ചിരുന്നല്ലോ. അതുപോലെ സജീവമായ കാമാഗ്നി ഇവിടെ ആളിക്കത്തിയില്ല. കർണ്ണാടകയിലെ പ്രണയസന്ധ്യകൾ എന്റെ ലൈംഗികജീവിതത്തിന്റെ വലിയൊരു പരീക്ഷണശാലകൂടിയായിരുന്നു. അതിലെ കഥാനായികയായ എന്റെ കാമുകി എന്റെ ഭാവനകൾക്കു അപ്പുറത്തു നിൽക്കുന്ന ലൈംഗികരസങ്ങൾ അറിയുന്ന ഒരുവളായിരുന്നു. അക്കാര്യത്തിൽ ഞാനൊരു ഭാഗ്യവാനും ആയിരുന്നു. അതിന്റെ ഹാങ്ങോവർ പൂർണ്ണമായുംവിട്ടുമാറാത്ത എനിക്ക്, ഇവിടെ കരുതിക്കൂട്ടിയുള്ള ഒരു സെക്സ് പൂർണ്ണതയിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ രണ്ടോമൂന്നോ ദിവസം കഴിഞ്ഞപ്പോഴുള്ള ഒരു അർദ്ധരാത്രി പെട്ടന്ന് ഞാനവളോട് പൂർണ്ണമായും പൊരുത്തപ്പെട്ടു. ഞങ്ങൾ പകലുകളിൽ വീട്ടിൽ ഇഷ്ടഭക്ഷണങ്ങൾ പാകം ചെയ്തു കഴിച്ചും രാത്രികളിൽ ഫാന്റസിയുടെ കൈപിടിച്ച് ഉമാമഹേശ്വരന്മാരായി സെക്സിലേർപ്പെട്ടും കഴിഞ്ഞു. ജീവിതത്തിന്റെ ഈ തുടക്ക കാലങ്ങളിൽ ഞങ്ങളെ സന്ദർശിക്കാൻ വന്ന ഒരേയൊരാൾ തിരുവനന്തപുരം ജില്ലയിൽ തന്നെയുള്ള എന്റെ ചിരകാല സുഹൃത്ത് അനിൽകുര്യാത്തി എന്നെ കവിയായിരുന്നു. മറ്റുള്ളവരെ വിവാഹം അറിയിച്ചില്ല എന്ന് പരിഭവം വ്യാപകമായി കേട്ടിരുന്നു. എന്നാൽ വിവാഹം ഒരുതരത്തിലും ചടങ്ങായോ പാർട്ടിയായോ നടത്താത്ത കാര്യം ആരും അറിഞ്ഞിരുന്നില്ല. പെട്ടന്നൊരുദിവസമുള്ള ഒന്നിക്കൽ മാത്രമായിരുന്നല്ലോ ഞങ്ങളുടേത്.

ദിവസങ്ങൾ ഇങ്ങനെയൊക്കെ തന്നെ നീങ്ങി. ചാരു മീൻകറി വയ്ക്കുന്നത് തിരുവനന്തപുരം സ്റ്റൈലിലല്ലായിരുന്നു. അതുകൊണ്ടുതന്നെ എനിക്കും അമ്മയ്ക്കും അവളുടെ പാചകം വളരെ രുചികരമായി തോന്നി. അവളുടെ മത്തിക്കറിയും കപ്പയും അപാര ടേസ്റ്റ്‌ ആയിരുന്നു. ബീഫ് വയ്ക്കാനും നല്ല സാമർഥ്യം ആയിരുന്നു. നമ്മൾ വൈകുന്നേരങ്ങളിൽ ശംഖുമുഖം ബീച്ചിലും കോവളത്തും സിനിമാ കാണാനും വീട്ടുസാധനങ്ങൾ മേടിക്കാനുമൊക്കെ പോയി അടിച്ചുപൊളിച്ചുകൊണ്ടിരുന്നു. ഓണാഘോഷം എല്ലാ അർത്ഥത്തിലും ആസ്വദിച്ചു . നഗരത്തിരക്കുകളിൽ അലഞ്ഞുനടന്നും നിശാഗന്ധിയിൽ കലാപരിപാടികൾ ആസ്വദിച്ചും ഓണാഘോഷ ഘോഷയാത്രകൾ കണ്ടും ആ ഓണത്തെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓണമാക്കി.  ഇങ്ങനെ ജീവിതം അതിന്റെ സന്തോഷം മുഴുവനായി തന്നുകൊണ്ടു മുന്നോട്ടു പോകവേ ആയിരുന്നു ആ ശപിക്കപ്പെട്ട ദിവസം വന്നെത്തിയത്.   (തുടരും)

 

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 10 (അവസാന ഭാഗം)

ലിവിംഗ് ടുഗദർ ദുരന്തകഥ Part 9

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 8

ലിവിംഗ് ടുഗദർ ദുരന്തകഥ Part 7

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 6

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 5

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 4