എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 10 (അവസാന ഭാഗം)

0
5849

 

10 
ആ ദിവസം വൈകുന്നേരം ചില ശാരീരികാസ്വസ്ഥതകളെ തുടന്ന് വീടിനടുത്തുള്ള ഒരു ഡോക്ടറെ കാണാൻ ഞാനും അമ്മയും പോയിരുന്നു. ചില ടെസ്റ്റ് റിസൾട്ടുകളും കാണിക്കേണ്ടതുണ്ടായിരുന്നു. രക്താതിസമ്മർദ്ദം നന്നേ കൂടിയതിനാൽ കുറച്ചുദിവസമായി അമ്മയ്ക്ക് തലപെരുപ്പ് ഉണ്ടായിരുന്നു. അതിന്റെ തലേദിവസം ഞാനില്ലാത്ത സമയത്തു സുഹൃത്ത് ഷിലിനും മഹേഷും വീട്ടിലെത്തി അമ്മയെ ആശ്വസിപ്പിച്ചിരുന്നു. കുറെ നിർദ്ദേശങ്ങളും നൽകി അവർ മടങ്ങി. എന്റെ വിവാഹജീവിതം ഏറെ ആഗ്രഹിച്ച ഒരു സുഹൃത്തായിരുന്നല്ലോ ഷിലിൻ. ഞാൻ ഇത്തരം അബദ്ധങ്ങളിൽ ചെന്നുചാടുമ്പോൾ പലപ്പോഴും അവൻ ശകാരിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നല്ലോ. മഹേഷ് പലപ്പോഴും തമാശയുടെ ഭാവത്തിൽ ഷിലിനോട് പറയുമായിരുന്നു, “ഈ ശിവയ്ക്കു എഴുതാൻ മാത്രമേ ബുദ്ധിയുള്ളൂ അല്ലെ ? അതൊന്നും ജീവിതത്തിൽ കണ്ടിട്ടില്ല”.

അമ്മയുംഞാനും ഡോക്ടറെ കണ്ടിട്ട് വീട്ടിലെത്തി. ഞാൻ കമ്പ്യൂട്ടറിൽ എന്തൊക്കെയോ നോക്കിയിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ് ചാരുവും കൂട്ടുകാരിയും വീട്ടിലെത്തിയത്. അവർ വന്നയുടനെ സാധനങ്ങൾ കെട്ടിപ്പെറുക്കാൻ ആരംഭിച്ചു. ഞാനും അമ്മയും മുഖാമുഖം നോക്കി വെറുതേ ഇരുന്നു.

സാധനങ്ങളിൽ അവളുടെ ഗ്രന്ഥശേഖരമായിരുന്നു പ്രധാനപ്പെട്ടത്. വളരെ വിലമതിക്കുന്ന ഗ്രന്ഥശേഖരം തനിക്കുണ്ടായിരുന്നെന്നും പകുതിയിലേറെ മുൻഭർത്താവിന്റെ വീട്ടിൽ ആയിപ്പോയെന്നും ഇനിയതു തിരിച്ചുകിട്ടില്ലെന്നും എന്നോട് പറയുമായിരുന്നു. അതുകൊണ്ടുതന്നെ അവൾ സാധനങ്ങളെടുക്കാൻ വന്നാൽ ആ പുസ്തകങ്ങൾ തന്നെയാകും ആദ്യം എടുക്കുക എന്നും അറിയാമായിരുന്നു. വേണമെങ്കിൽ എനിക്കവിടെ ഒരു കളികളിക്കാമായിരുന്നു. അവളുടെ വാക്കുകേട്ടു ഓരോന്നുകാണിച്ചതും ആ സാധനങ്ങൾ അവിടെനിന്നും എത്തിച്ചതും എല്ലാം ചേർത്ത് നോക്കിയാൽ ഒരു ലക്ഷത്തിലേറെ രൂപ ഞാൻ നശിപ്പിച്ചിരുന്നു. പകുതിജീവിതം അവളുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ അമ്പതിനായിരം രൂപയെങ്കിലും തന്നിട്ട് സാധനമെടുത്താൽ മതിയെന്ന് പറഞ്ഞു അവളെ വീട്ടിൽ കയറ്റാതിരിക്കാമായിരുന്നു. ഒരു ഭിക്ഷ പോലെ ആ സാധനങ്ങൾ എടുക്കാനനുവദിച്ചു ഞാൻ മനഃപൂർവ്വം അവിടെ സ്വയം മഹത്വവത്കരിക്കുകയായിരുന്നു ഉണ്ടായിരുന്നത്. അല്ലെങ്കിലും ആരുടെയും സാധനങ്ങൾ നമുക്കുവേണ്ടന്നും അവൾ ജോലിചെയ്തുവാങ്ങിയത് അവൾ തന്നെ കൊണ്ടുപോട്ടെയെന്നും അമ്മയും പറയുമായിരുന്നു.

വീട്ടിൽ അതൊക്കെ അരങ്ങേറുമ്പോൾ, ഇപ്പൊ വരാമെന്നു അമ്മയോട് പറഞ്ഞു ഞാൻ റോഡിലേക്കിറങ്ങി. പരിചയമുള്ള ഒരു ഓട്ടോ പിടിച്ചു ചുമ്മാ നഗരത്തെരുവിലൂടെ ചുറ്റിയടിച്ചു. പേട്ടയിലും പാളയത്തും സ്റ്റാച്യൂവിലും ഓവർ ബ്രിഡ്ജിലും കിഴക്കേക്കോട്ടയിലും കിള്ളിപ്പാലത്തിലും …. അങ്ങനെ അവളുടെ കൈപിടിച്ചുകൊണ്ടു നടന്ന സ്ഥലങ്ങളിലൂടെയെല്ലാം കറങ്ങി. പാളയം അണ്ടർപാസ്സിലൂടെയും സഞ്ചരിച്ചു. കാൽനടയാത്രക്കാരെ അനുവദിക്കാത്ത അണ്ടർപാസ്സിലൂടെ നടന്നായിരുന്നു ഓണംഘോഷയാത്ര കണ്ടിട്ട് അന്നു ഞാനും ചാരുവും പാളയംഭാഗത്തേയ്ക്കു പോയിട്ട്  വീട്ടിലേക്കു നടന്നത്. എന്റെ കൈകോർത്തുപിടിച്ചു അവൾ അണ്ടർപാസ്സ് റോഡിലെ ഇടുങ്ങിയ ഓടയ്ക്കു മുകളിലൂടെ റെയിൽവേ പാളത്തിലൂടെയെന്നപോലെ ബാലൻസ്‌ചെയ്തു നടന്നത് ഞാനോർത്തു.

നെടുവീർപ്പുകളുടെ ഘോഷയാത്രയ്‌ക്കൊടുവിൽ ബേക്കറിയിലെ പ്രിൻസ് ബാറിനുമുന്നിൽ ഓട്ടോനിന്നു. അവിടെ കയറി വേഗത്തിൽ മൂന്നു പെഗ്ഗുമടിച്ചു ഞാൻ അതെ ഓട്ടോയിൽ വീട്ടിലെത്തി. അവർ സാധനങ്ങൾ പെറുക്കി കഴിഞ്ഞിരുന്നില്ല. തത്കാലം ചെറിയ സാധനങ്ങൾ മാത്രമേ കൊണ്ടുപോകുന്നുള്ളൂ എന്നും മറ്റുള്ളവ രണ്ടുദിവസത്തിനകം വന്നു മാറ്റാം എന്നും അമ്മയോട് പറഞ്ഞത്രേ. ‘ചെറിയ സാധനവും… വലിയ സാധനവും….’ എന്ന് പിറുപിറുത്തുകൊണ്ട് ഞാൻ ഉള്ളുകൊണ്ടു ചിരിച്ചു. ഏറ്റവും വിലമതിക്കുന്നവ എല്ലാം മാറ്റുകയും മറ്റുള്ള പഴകിയ ചില സാധനങ്ങൾ അവിടെ ഉപേക്ഷിച്ചു പോകാനുമായിരുന്നു പ്ലാൻ. അല്ലെങ്കിൽ പഴയ സാധനങ്ങൾ എന്റെ തലയിൽ കെട്ടിവയ്ക്കുക.

എല്ലാം കെട്ടിപ്പെറുക്കി വാഹനത്തിൽ കയറ്റിവിട്ടിട്ടു അവൾ പോകാനിറങ്ങി. ഒരു ജീവിതം അവസാനിപ്പിച്ചിട്ടു അവൾ പോകാൻ നിൽക്കുന്ന കാഴ്ച എന്റെ ഹൃദയത്തെ വെട്ടിനുറുക്കി.

“എന്താ ചാരൂ.. എന്നോടും അമ്മയോടും ഒന്നും മിണ്ടാതെ പോകുകയാണോ നീ…. ”
(സങ്കടഭാരത്തോടെ ഞാൻ ചോദിച്ചു)

“പോകുന്നു ശിവാ…അമ്മാ ഞാൻ പോകുന്നു ..”
(ഇപ്പൊ പെയ്തിറങ്ങും എന്ന മുഖഭാവത്തോടെ അവൾ എന്നെയും അമ്മയെയും മാറിമാറി നോക്കി പറഞ്ഞൊപ്പിച്ചു )

അവൾ പുറത്തേക്കിറങ്ങിപോയി.

‘അമ്മ മുകളിലേക്കുനോക്കി കൈകൂപ്പിക്കൊണ്ട്   “അങ്ങനെ എല്ലാംപോയി…. ” എന്ന് പറഞ്ഞുകൊണ്ട് കുനിഞ്ഞിരുന്നു കരയാൻ തുടങ്ങി. താമസം തുടങ്ങിയ സമയത്തു സൗകര്യങ്ങൾ ഒട്ടുംഇല്ലാതിരുന്നതുകൊണ്ടു നമ്മൾ മൂവരും നിലത്തു ഒരുമിച്ചിരുന്നു ആഹാരം കഴിച്ചതും ബാൽക്കണിയിലിരുന്ന് റോഡിലെ തിരക്കുകളാസ്വദിച്ചു ചായകുടിച്ചതും നർമ്മസംഭാഷണങ്ങളിൽ ഏർപ്പെട്ടതും സായാഹ്നങ്ങളിൽ പുറത്തു കറങ്ങാൻ പോയതും … സിനിമയിലെ ഫ്‌ളാഷ് ബാക്കെന്നപോലെ അമ്മയിലൂടെ കടന്നുപോയിരിക്കാം. അവരുടെ ജീവിതത്തിലെ സന്തോഷനിമിഷങ്ങളായിരുന്നു ആ ഹ്രസ്വകാലം. കാലിയായ വീടിനെ നോക്കി ‘അമ്മ അലമുറയിടാൻ തുടങ്ങി. വീടിന്റെ ഓരോ മുക്കുംമൂലയും അമ്മയെയും എന്നെയും വേട്ടയാടിക്കൊണ്ടിരുന്നു.

എന്റെയും ചാരുവിന്റെയും കിടപ്പുമുറിയിലെ വിശാലമായ കട്ടിൽ ഒരു ദുരന്തനാടകം തീർന്ന വേദിപോലെ മൂകമായിക്കിടന്നു. അവളുടെ മണം ആ മുറിയിലാകെ നിറഞ്ഞുനിന്നിരുന്നു. ഒന്നും പറയാനാകാതെ ഞാൻ ഹാളിൽ ഉലാത്തിക്കൊണ്ടിരുന്നു. എന്നിട്ടു ബെഡ്റൂമിലേക്ക് കയറി. ഈ നാടകം ഇവിടെ അവസാനിച്ചിരിക്കുന്നെന്നു മനസ്സിൽ പറഞ്ഞുകൊണ്ട് ജനാലപ്പാളികൾ അടയ്ക്കാൻ കർട്ടൻ നീക്കി. അന്നൊരു പനിക്കാലത്തു അവൾ കുടിച്ചിട്ട് വച്ച കഷായക്കുപ്പി അവിടിരിക്കുന്നു . അതിൽ കാൽഭാഗത്തോളം കഷായമുണ്ടായിരുന്നു. അത് വിഷമായിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു. ജീവിതത്തിന്റെ മധുരത്തിലേക്കു ആ കഷായം ഒരു സുനാമി പോലെ അടിച്ചുകയറി. ഞാൻ ജാലകങ്ങൾ അടച്ചു. ഇരുട്ടത്തുനിന്നു കണ്ണുകൾ തുടച്ചിട്ടു ഹാളിൽ നിലത്തിട്ടിരുന്ന മെത്തയിൽ ചെന്നുവീണു. വെളിച്ചത്തിൽ നിന്നും ഓടിയൊളിക്കാതെ ‘അമ്മ കണ്ണുകൾ അടച്ചു ദുഖത്തെ ധ്യാനിച്ചിരിക്കുന്നു. മൗനത്തിന്റെ ഭീകരാക്രമണത്തിൽ  ഒരായിരം വെടിയുണ്ടകൾ ഞങ്ങളുടെ ഹൃദയങ്ങളിൽ തുളച്ചുകയറി.

മനസ്സിൽ നിലവിളിച്ചുകൊണ്ട് വേദനയോടെ ഞാൻ അവിടെ നിന്നെഴുന്നേറ്റു ടെറസിനു മുകളിലേക്ക് ഓടികയറി. വല്ലാത്തൊരാർത്തിയോടെ ചാരുവിനെ ഫോൺ ചെയ്തു. അവൾ ഫോണെടുത്തു. സാധനങ്ങൾ ഇറക്കുന്നെന്നും അവർക്കു കാശുകൊടുക്കണമെന്നും കുറച്ചുകഴിഞ്ഞിട്ടു വിളിക്കാമെന്നും പറഞ്ഞു കട്ടുചെയ്തു.

ഞാൻ വീണ്ടും അമ്മയ്ക്കരികിലെത്തി. കുറച്ചുകാലങ്ങളിലെ ജീവിതം നമ്മൾ  അയവിറക്കി. എന്തുസന്തോഷമായിരുന്നു ആദ്യമൊക്കെ…എല്ലാം പോയി… എന്ന് ‘അമ്മ നെടുവീർപ്പിട്ടുകൊണ്ടിരുന്നു. അവൾ സാധനമെടുക്കുമ്പോൾ ഞാൻ പുറത്തുപോയ സമയത്തു ‘അമ്മ രണ്ടു ബുദ്ധിമോശം പ്രവർത്തിച്ചിരുന്നു. അതിലൊന്ന്, ചാരു അമ്മയ്ക്ക് മേടിച്ചുകൊടുത്ത ഓണക്കോടി തിരിച്ചു അവൾക്കു കൊടുക്കാൻ ശ്രമിച്ചതാണ്.  അവളുടെ ഗ്രന്ഥങ്ങളിരുന്ന ഷെൽഫിൽ ആ സാരി ഇരിക്കുന്നതുകണ്ടു ഞാൻ ചോദിച്ചപ്പോൾ ”അമ്മ തന്നെയാണ് അത് പറഞ്ഞതും.. അങ്ങനെ പ്രവർത്തിക്കുമെന്ന് ‘അമ്മ നേരത്തെ എന്റെകൂടെ പറഞ്ഞിരുന്നു. ഒരിക്കലും അതുചെയ്യരുതെന്നു ഞാൻ അമ്മയെ കർശനമായി വിലക്കിയിരുന്നു. എന്നിട്ടും വൈകാരികതയിൽ അമ്മയതു പ്രവർത്തിച്ചു.

“എന്തിനാണമ്മാ…അങ്ങനെ ചെയ്തത്. അത് മേടിച്ചുതരുമ്പോൾ അവളുടെ സന്തോഷം ഞാൻ കണ്ടതാണ്. ഒരിക്കലും സമ്മാനങ്ങൾ തിരിച്ചുകൊടുക്കരുത്. എത്രവലിയ ശത്രുവായാലും മനസുവേദനിക്കും. അങ്ങനെ ചെയ്യരുതെന്ന് ഞാൻ പറഞ്ഞതല്ലേ… എന്നിട്ടും ചെയ്തല്ലോ…..”

ഞാൻ അമ്മയെ കുറ്റപ്പെടുത്തി.
അമ്മയൊന്നും മിണ്ടിയില്ല. ആ കാളരാത്രി ഇഴഞ്ഞുനീങ്ങുകയായിരുന്നു. അതിനിടയിൽ ഞാൻ ആരോടൊക്കെയോ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നു.

പതിനൊന്നു മണിയോടടുത്തപ്പോൾ ചാരു എന്നെ വിളിച്ചു. അവളോട് രഹസ്യമായി സംസാരിക്കാൻ ഞാൻ വീണ്ടും ടെറസിനു മുകളിലേക്ക് കയറി. സാധനങ്ങൾ എവിടേക്കാണ് കൊണ്ടുപോയതെന്നു ഞാൻ ചോദിച്ചു. തത്കാലം അവയൊക്കെ സൂക്ഷിക്കാൻ ഒരുവീടിന്റെ ചെറിയൊരു ഭാഗം വാടകയ്‌ക്കെടുത്തെന്നും നീ വീടൊഴിയാൻ പോകുമ്പോൾ ഞാൻ മറ്റെന്തു ചെയ്യണമെന്നും അവൾ ചോദിച്ചു.

അവളോട് തിരിച്ചുവരാൻ ഞാൻ യാചിച്ചു.

‘എന്തിനാ ശിവാ ഇനിയും വഴക്കിടാനാണോ. എന്റെ സ്വസ്ഥത മുഴുവൻ നഷ്ടപ്പെട്ടു. ഇനിയെന്തിനാണ്..?. ”

“ചാരൂ, പരസ്പരം അഡ്ജസ്റ്റ് ചെയ്താൽ മുന്നോട്ടുപോകാവുന്നതേയുണ്ടായിരുന്നുള്ളൂ. എന്റെ അവസ്ഥകൾ നിനക്കറിയുന്നതല്ലേ… എനിക്ക് സ്നേഹം വേണം. ”

“ശിവാ… നിന്റെ കൂടെ നിൽക്കുന്നൊരു പെണ്ണ് വന്നാൽ നിന്റെ പ്രശ്നങ്ങൾ മാറും. എന്നാൽ ഒരു കുടുംബജീവിതം ഉൾക്കൊള്ളാൻ പറ്റാത്ത തരത്തിൽ ഞാൻ മാറിപ്പോയി. എന്നെ ഞാനെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കിൽ ….”

“എന്റെ സ്വഭാവത്തിനും ഒരുപാടു കുറവുകൾ ഉണ്ട് ചാരൂ. നിന്നെ സ്വീകരിക്കാനെടുത്ത തീരുമാനം ഒരു എടുത്തുചാട്ടമാണ് .അതാണ് എന്റെ പ്രശ്നം. അതു നിന്നേയുംകൂടി കഷ്ടത്തിലാക്കി.”

“എത്രവേണമെങ്കിലും കാത്തിരിക്കാമായിരുന്നല്ലോ നിനക്കായി ഞാൻ. എന്തിനാണ് ശിവാ എന്നിട്ടും വാക്കുകൾ കൊണ്ടെന്നെ മുറിവേൽപ്പിച്ചത് ?”

“വിരസത താങ്ങാനായില്ല ചാരൂ. പ്രതീക്ഷിച്ചതിനു വിപരീതമായ ജീവിതം എന്നെ തളർത്തിക്കളഞ്ഞു . എനിക്ക് പ്രായോഗികജീവിയാകാൻ സാധിക്കില്ല ചാരൂ. ഇങ്ങനെ ലാഘവത്തോടെ ജീവിക്കുന്നതിൽ എന്താണ് കുഴപ്പം. നമുക്ക് വേറാരും ഇല്ലല്ലോ . നിന്റെ കുറ്റപ്പെടുത്തലുകൾ, പരാതികൾ..എനിക്ക് എന്നോട് തന്നെ പുച്ഛം ഉണ്ടാക്കി ”

“അത് നിന്നെ ഉത്തരവാദിത്തമുള്ള ഒരാളാക്കാൻ ആയിരുന്നില്ലേ ശിവാ ”

സംസാരത്തിനിടയിൽ എപ്പോഴോ അവളുടെ നിയന്ത്രണം വിട്ടു. അവൾ ഉച്ചത്തിൽ ആർത്തലച്ചു കരയാൻ തുടങ്ങി. ഞാൻ വിലക്കിയിട്ടും ഏതാണ്ട് പത്തു മിനിറ്റോളം നിർത്താതെയവൾ  കരഞ്ഞുകൊണ്ടിരുന്നു. അവൾക്കൊപ്പം എന്റെയും അണപൊട്ടി. വിജനമായിക്കഴിഞ്ഞ നഗരവീഥിയുടെ പാർശ്വത്തിൽ സ്ഥിതിചെയ്യുന്ന വീടിന്റെ മുകളിൽ നിന്ന് ഞാനും പെയ്തിറങ്ങി. സ്വപ്നംകണ്ട ഒരു ജീവിതത്തിന്റെ തകർച്ച ഇടിവെട്ടി പെയ്തുകൊണ്ടിരുന്നു. എന്നിലെ പുരുഷന്റെ വമ്പും ഹുങ്കും എവിടേക്കോ ഒലിച്ചുപോയി. കരഞ്ഞുകൊണ്ടുതന്നെ ഞാനവളെ മടക്കിവിളിച്ചു.

നമ്മൾ താമസിച്ച വീട് കൊള്ളില്ലെന്നും വല്ലാത്തൊരു നെഗറ്റിവ് എനർജിയാണ് അവിടെയെന്നും അങ്ങോട്ടേയ്ക്കിനി ഇല്ലെന്നും മറ്റൊരു വീട് എടുത്താൽ അവിടേയ്ക്കു മാറാമെന്നും അവൾപറഞ്ഞു.

(അവൾ അന്നുതന്നെ സാധനമെടുക്കാൻ ഒരു കാരണമുണ്ടായിരുന്നു. തലേദിവസം ഞാനും അവളുമായുള്ള സംസാരത്തിൽ, എപ്പോഴും എന്നെ കുത്തിവേദനിപ്പിക്കാൻ അവൾ പറയുന്ന വാചകം ആവർത്തിച്ചു.
“നിന്റെകൂടെ ഒരു പെണ്ണും നിൽക്കില്ല ശിവാ..നിന്റെ സ്വഭാവംകാരണം”
ഒരുപാടുതവണ അവളിൽ നിന്നും അതുകേട്ടിട്ടും മറുപടി പറയാത്ത ഞാൻ അന്ന് പ്രതികരിച്ചു.

” നിന്റെ കൂടെ ജീവിച്ച പുരുഷൻമാർ ഉപേക്ഷിച്ചുപോയതിൽ അപാകതയൊന്നും ഞാൻ കാണുന്നില്ല , എന്നാൽ നിന്റെ അമ്മയും നിന്റെ മകളും നിന്നോടൊപ്പമുണ്ടോ ? എന്നെ ഉപേക്ഷിച്ചുപോയതു അന്യസ്ത്രീകൾ അല്ലെ ..അവരെന്റെ ഭാര്യമാർ പോലുമല്ല. എന്റെ കുറ്റംപറയുന്ന നിന്റെകൂടെ ഇന്നാരൊക്കെയുണ്ട് ? ഒരാളെയും അവരുടെ ‘അമ്മ ഉപേക്ഷിക്കില്ല. നിന്റെ കാര്യത്തിൽ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു….?”

എന്റെ ഈ മറുപടി ചരുവിനെ ഒന്നുലച്ചു. ‘അമ്മ പോലും ഉപേക്ഷിച്ചു പോയ ഒരുത്തിക്കു കാര്യമായ എന്തോ തകരാറുണ്ട് . അതുകൊണ്ടു ഇനിയുള്ള ജീവിതം ഒറ്റയ്ക്കുമതി എന്ന് തീരുമാനിച്ചതുകൊണ്ടാണത്രേ സാധനം പെറുക്കി എത്രയുംവേഗം എന്നിൽനിന്നും അകന്നു മാറാനുള്ള തീരുമാനമെടുത്തത്.

എന്റെ ജേർണലിസ്റ്റ് സുഹൃത്തായ ഡിന്നിസത്യൻ, അവളെന്നോട് ആയിടെയും പറഞ്ഞിരുന്നു ചാരുവിനു ഈ ജീവിതവുമായി ഒന്നു പൊരുത്തപ്പെടാൻ സമയം കൊടുക്കണമെന്ന്. എന്നാൽ ചാരു മറ്റുസ്ത്രീകളെ പോലെ അല്ലെന്നു ഞാൻ മനസിലാക്കിയിട്ടു ഏറെ ദിവസങ്ങൾ കഴിഞ്ഞിരുന്നു. ഞാൻ സ്നേഹത്തോടെ പറയുന്നതിൽ പോലും ആണധികാരത്തിന്റെ ഹുങ്കായിരുന്നു അവൾ വായിച്ചെടുത്തത്. ആ വീട്ടിൽ അമ്മയ്ക്കും എനിക്കും മുകളിലായിരുന്നു അവൾക്കു സ്ഥാനം, എന്നിട്ടും അവളതു മനസിലാക്കിയില്ല. ഏകാന്തതയുടെ ബോംബുകളിട്ടു അവളെന്റെ ഹൃദയത്തെ അത്രമാത്രം ശിക്ഷിച്ചിരുന്നു. എന്റെയുള്ളിലെ നിറങ്ങളെ പോലും അവൾ മായ്ചുകളഞ്ഞിരുന്നു. )

ഇനി കാര്യത്തിലേക്കുവരാം

മറ്റൊരുവീടെടുത്തൽ കൂടെവരാമെന്നു അവൾ പറഞ്ഞതുകേട്ടപ്പോൾ വല്ലാത്തൊരു ആശ്വാസംതോന്നി. ആ രാത്രിയിൽ ഞങ്ങൾ രണ്ടുമണിക്കൂറിലേറെ ഫോണിൽ സംസാരിച്ചു. എന്നെ കാണാഞ്ഞിട്ട് ‘അമ്മ ടെറസിലേക്കു കയറിവന്നു. താഴേയ്ക്ക് വരാമെന്നു ഞാൻ കൈകൊണ്ടു ആംഗ്യംകാണിച്ചു, ‘അമ്മ തിരിച്ചുപോയി.

ഞാനും ചാരുവും ഞങ്ങളുടെ ജീവിതം ഓരോന്നും ഓർത്തെടുത്തു സംസാരിച്ചു.

അന്ന് വൈകുന്നേരം ഞാൻ ഓട്ടോയിൽ നമ്മൾ നടന്ന വഴിയിലൂടെയൊക്കെ പോയതും നമ്മൾ ജ്യൂസ് കുടിച്ച കടകളും ആഹാരം കഴിച്ച ഹോട്ടലുകളും ഓണാഘോഷം കണ്ടുകൊണ്ടുനിന്ന സാഫല്യം കോംപ്ലക്‌സിന്റെ രണ്ടാംനിലയും നമ്മൾ സിനിമകണ്ട ശ്രീകുമാർ, ശ്രീപദ്മനാഭ, ഏരീസ് പ്ലക്‌സ്‌, ശ്രീ തിയേറ്ററുകളും …എല്ലാം കണ്ടുകൊണ്ടു നീങ്ങിയതും അവളോട് സംസാരിച്ചു.

“നിന്നോട് ഒരായുസ്സ് മുഴുവൻ ജീവിക്കാൻ ഇറങ്ങി വന്നവളല്ലേ ശിവാ ഞാൻ….”
എന്നുപറഞ്ഞുകൊണ്ടു അവൾ നെടുവീർപ്പിച്ചു

ഫോൺ സംഭാഷണമവസാനിപ്പിച്ചു. ഞാൻ ടെറസിൽ നിന്നും താഴേയ്ക്കിറങ്ങുമ്പോൾ ഒരു പ്രതീക്ഷയും ആശ്വാസവും മനസ്സിൽ കുടിയേറിയിരുന്നു. അമ്മയോടും അതുപറഞ്ഞു. അമ്മയ്ക്കും അല്പം സന്തോഷമായി. ചെറിയ ചെറിയ കാര്യങ്ങൾക്കു ഇങ്ങനെ ചെയ്യേണ്ട ഒരാവശ്യവും ഇല്ലായിരുന്നെന്നു ‘അമ്മ നിഷ്കളങ്കമായി പറഞ്ഞു ചിരിച്ചു.

തൊണ്ടയ്ക്ക് വീക്കവുമായാണ് ചാരു പിറ്റേന്ന് ഉണർന്നതത്രെ. തലേന്ന് രാത്രി തൊണ്ടകീറി കരഞ്ഞത് തന്നെയായിരുന്നു കാരണം. ചെറിയ പനിയും ബാധിച്ചിരുന്നു. അതുകൊണ്ടു ഞാൻ വിളിച്ചപ്പോൾ ഫോണെടുക്കാതെ, സംസാരിക്കാൻ വയ്യെന്ന് മെസഞ്ചറിൽ എഴുതിയിട്ടു. മറ്റൊരു വീടെടുത്താൽ ഒരുമിച്ചു താമസിക്കാം എന്ന അവളുടെ വാക്ക് എന്റെയുള്ളിൽ പ്രതീക്ഷയോടെ കിടക്കുന്നുണ്ടായിരുന്നു.

വീടൊഴിയാൻ പോകുന്നകാര്യം ഞാൻ വീട്ടുടമസ്ഥയോടു സംസാരിച്ചു. അവർക്കു അതത്ര ഇഷ്ടപ്പെട്ടില്ല. വാടകക്കാർ വന്നയുടനെ മാറുന്നത് വീടിനെന്തെങ്കിലും കുഴപ്പമുള്ളതായി ആളുകൾ തെറ്റിദ്ധരിക്കുമെന്നും അഡ്വാൻസ് പൈസ മറ്റൊരു കാര്യത്തിന് മറിച്ചതുകൊണ്ടു പെട്ടന്ന് മടക്കിത്തരുക പ്രയാസമാണെന്നും അവർ പറഞ്ഞു. ആ വിഷയവുമായി ബന്ധപ്പെട്ടു ഞാനും അവരും പരസ്പരം കയർത്തു സംസാരിക്കുകയുണ്ടായി. എന്തായാലും ഈവരുന്ന ഒന്നാംതീയതി തന്നെ മാറുമെന്നും അന്ന് പണം മടക്കിത്തരണമെന്നും കർശനമായി പറഞ്ഞിട്ട് ഞാൻ ഇറങ്ങിപ്പോന്നു. എന്റെ പ്രശ്നങ്ങളൊന്നും അറിയേണ്ട കാര്യമില്ലെന്നും ആ വീട്ടിൽ ഒരുവർഷം തികച്ചു താമസിക്കണമെന്നും ആയിരുന്നു അവരുടെ ആഗ്രഹം. വാടകയില്ലാതെ താമസിക്കാൻ അനുവദിക്കുമെങ്കിൽ എനിക്ക് പ്രശ്‌നമില്ലെന്ന് പറഞ്ഞതായിരുന്നു അവരെ പ്രകോപിപ്പിച്ചത്. അഡ്വാൻസ് തുക തീരുന്നതുവരെ,അതായതു അഞ്ചാറുമാസം താമസിച്ചുകൊള്ളാൻ അവർ പറഞ്ഞു. പറ്റില്ല, ആ പണം കൊണ്ട് എനിക്ക് വേറെ ആവശ്യമുണ്ടെന്നു ഞാനും പറഞ്ഞു.

രണ്ടുദിവസത്തിനുശേഷം ചാരു വീണ്ടുംവാക്കുമാറി. ഇനിയുള്ള ജീവിതം ഒറ്റയ്ക്ക് ചിലവഴിക്കാൻ ആണ് താത്പര്യമെന്നും ആരുംകൂടെ വേണ്ടെന്നുമാണ് അവസാനതീരുമാനമെന്നും അഗതികളെ ശുശ്രൂഷിക്കാൻ പോകുന്നെന്നും മനുഷ്യസേവനത്തിനു ജീവിതം ഉഴിഞ്ഞുവയ്ക്കാൻ പോകുന്നെന്നും എന്നോട് പറഞ്ഞു. ആ തീരുമാനത്തിൽ എനിക്ക് ഞെട്ടലൊന്നും ഉണ്ടായില്ല. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്ന് എനിക്കും ബോധ്യമായിരുന്നു. വീണ്ടും ജീവിതവാഗ്ദാനം നടത്തിയിട്ടു പിന്മാറാൻ ഒരുകാരണം അവൾക്കുണ്ടായിരുന്നു. അതായിരുന്നു ‘അമ്മ കാണിച്ച രണ്ടാമത്തെ ‘ബുദ്ധിമോശം’.

ചാരു വീട്ടിൽനിന്നും സാധനം കെട്ടിപ്പെറുക്കിയ ആ രാത്രി ‘അമ്മ നിയന്ത്രണം വിട്ടു അവളോട് യാചിക്കുകയും പോകരുതെന്ന് കാലുപിടിക്കുകയും ചെയ്തു. ആ സമയം ഞാനവിടെ ഇല്ലായിരുന്നല്ലോ. അമ്മയുടെ അപേക്ഷകൾ ചെവിക്കൊള്ളാതെ എന്നെ കുറ്റംപറഞ്ഞുകൊണ്ടിരുന്ന അവളോട് അമ്മയ്ക്ക് പിന്നെ ദേഷ്യമായി. അത് ചെറിയൊരു വഴക്കിൽ കലാശിച്ചു. പെറ്റമ്മയുടെ വിലയറിയാത്ത നിനക്ക് എന്റെ കണ്ണീരിന്റെ വില മനസിലാകില്ലെന്ന് ‘അമ്മ അറിയാതെ പറഞ്ഞുപോയി. അതാണ് അവളെ ചൊടിപ്പിച്ചതത്രെ.
അവളുടെ കൂട്ടുകാരിയേയും ‘അമ്മ എന്തോ പറഞ്ഞത്രേ. ഇക്കാര്യം ചോദിയ്ക്കാൻ മറ്റൊരുദിവസം കൂട്ടുകാരി എന്നെവിളിച്ചു വഴക്കുകൂടുകയുണ്ടായി. എനിക്ക് നിങ്ങളുടെ ജീവിതത്തിൽ ഉത്തരവാദിത്തം ഇല്ലെന്നും ഞാൻ പറഞ്ഞിട്ടാണോ നിങ്ങൾ അടുത്തതെന്നും ചോദിച്ചുകൊണ്ട്
ആ സ്ത്രീ ക്ഷോഭിച്ചു. എന്തായാലും അന്നേരം ഞാൻ അവളോട് വഴക്കിടാൻ പോയില്ല.

തന്റെ വാക്കുകളാണ് അവസാനപ്രതീക്ഷയും ഇല്ലാതാക്കിയതെന്ന തിരിച്ചറിവിൽ ‘അമ്മ തീവ്രമായി ദുഖിച്ചു. അവർ പലദിവസങ്ങൾ വീട്ടുപരിസരത്തെ ക്ഷേത്രങ്ങളിൽ പോയിരുന്നു കരയുകയുണ്ടായി. അമ്മയുടെ ആ മൂഡ് മാറിക്കിട്ടാൻ, പെൻഷൻവാങ്ങാൻ തിരുവനന്തപുരത്തേയ്ക്കുവന്ന വല്യമ്മയുടെ കൂടെ അമ്മയെ എറണാകുളത്തേയ്ക്കു അയച്ചു. ഒന്നാംതിയതി കൗമുദിയിൽ നിന്നും ഇറങ്ങിപ്പോകാനും തീരുമാനിച്ചു. എന്നാൽ വീടുമാറുമ്പോൾ ശേഷിക്കുന്ന കുറെ സാധനങ്ങൾ അവിടയുള്ളത് ഒരു തടസമായതിനാൽ ഞാൻ ചാരുവിനോട് അത് മാറ്റിത്തരാൻ ആവശ്യപ്പെട്ടു. അവളെന്റെ ചാറ്റിൽ ഇങ്ങനെ കുറിച്ചു

ചാരു :
“സാധനങ്ങൾ എടുത്തു മാറ്റാൻ വരുമ്പോൾ വീണ്ടും ശിവയുടെ അമ്മയുടെ വക പെർഫോമൻസ് ഉണ്ടാവുമെങ്കിൽ സാധനങ്ങൾ എടുക്കണ്ട എന്ന് തീരുമാനിക്കേണ്ടി വരും. കാരണം അതെടുപ്പിക്കാൻ കൊണ്ടുവരുന്ന ആളുകളുടെ മുന്നിൽ എനിക്ക് നാണം കെടാൻ പറ്റില്ല…പണത്തേക്കാൾ എനിക്ക് വലുത് മനഃസമാധാനമാണ് ശിവാ. അന്ന് എന്റെ കൂടെ എനിക്കൊരു താങ്ങായി വന്നതാണ് എന്റെ കൂട്ടുകാരി അവളും കുറെ അധിക്ഷേപം കേൾക്കേണ്ടി വന്നു. എന്നെ പറഞ്ഞത് സഹിക്കാം പക്ഷേ ഇതുമായി ഒരു ബന്ധവും ഇല്ലാത്ത അവൾ എന്തിനാണ് വെറുതേ”

അമ്മ അന്ന് എന്തോ പറഞ്ഞെന്നു ഞാനറിഞ്ഞത് അവളുടെ ഈ ചാറ്റിലൂടെയായിരുന്നു

ഞാൻ :
“അന്ന്… മറ്റൊരു വീട് എടുക്കൂ.. ആ വീട് താമസിക്കാൻ കൊള്ളില്ല… അവിടെ ഇരിക്കുന്ന സാധനങ്ങൾ മാറുന്ന വീട്ടിലേക്കു മാറ്റാം എന്നൊക്കെ എന്നോട് പറഞ്ഞിട്ട് തൊട്ടടുത്ത ദിവസം അഭിപ്രായം മാറ്റാൻ എന്താണ് സംഭവിച്ചത് ശ്രീ..? ”

ചാരു : 
“ശിവയുടെ ആ മെയിൽ ഞാൻ വീണ്ടും വായിച്ചു അമ്മയുടെ വാക്കുകൾ അത് വീണ്ടും വായിക്കണം എന്ന് തോന്നിപ്പിച്ചു. അതാണ് ശരി എന്ന് തോന്നി. പെറ്റമ്മ പോലും ഉപേക്ഷിച്ചവൾ ഒറ്റയ്ക്ക് തുടരുന്നതാണ് നല്ലതെന്നു തോന്നി… “

ഞാൻ :
“ഒരു കാര്യത്തിന്റെ അർത്ഥതലങ്ങൾ വ്യാഖ്യാനിച്ചു പ്രശ്നം കലുഷിതമാക്കുക …എന്നാൽ അത് അപ്പറഞ്ഞ സമയത്തു പ്രശ്നമൊന്നും അധികം ഉണ്ടാകുകയും ഇല്ല… ഇതൊക്കെ നമ്മുടെ മനസിന്റെ തോന്നലാ ശ്രീ… കാര്യമൊന്നും ഇല്ല.. ഞാൻ പറഞ്ഞ കാര്യവും അമ്മയുടെ വാക്കുകളും ബന്ധമില്ല… ഞാൻ അമ്മയോട് പലപ്രാവശ്യം ചോദിച്ചു.. ‘അമ്മ ഓരോന്നായി ഓർത്തെടുത്തു പറഞ്ഞു.. അവർ അന്നേരം അത്രമാത്രം തകർന്നു നിന്നപ്പോൾ പറഞ്ഞതാ… ഞാൻ മെയിലിൽ എഴുതിയിട്ട ഒന്നും അമ്മയോട് ഞാൻ ഒരിക്കലും ഡിസ്കസ് ചെയ്തിട്ടില്ല… എന്നാൽ നിന്നെ കുറിച്ചുള്ള കാര്യങ്ങൾ എല്ലാം ഞാൻ അമ്മയോട് പറഞ്ഞിരുന്നു നമ്മൾ താമസം തുടങ്ങുന്നതിനു മുന്നേ…..”

ചാരു :
“ആയിക്കോട്ടെ സന്തോഷമേ ഉള്ളൂ. എന്നെ സ്വന്തം മകളായി കരുതിയിരുന്നെന്ന് ആ നാവുകൊണ്ട് ഇനിയൊരിക്കലും പറയരുതെന്ന് അമ്മയോട് പറയണം”

ഞാൻ :
“പക്ഷെ അവർ നിന്നെയോർത്തു ഇന്നും കരയുകയാണ് എന്നത് ഞാൻ മാത്രം കാണുന്ന സത്യമാണ് ശ്രീ..”

ചാരു :
“വാക്കുകൾ കൊണ്ട് ആരും ആരുടേയും സ്വന്തം ആകില്ല ശിവാ. നിന്റെ ‘അമ്മ കരയുന്നതു എന്നെ ഓർത്തല്ല നീ അവരെ ഉപേക്ഷിച്ചു പോകുന്നതിനാണ്. പറഞ്ഞതൊക്കെ ശിവയുടെ ‘അമ്മ മറന്നിട്ടുണ്ടാവും പക്ഷേ കേട്ട ഞാൻ മറന്നിട്ടില്ല. മറക്കാൻ കഴിയുന്നുമില്ല. ഞാൻ പുസ്തകങ്ങൾ പാക്ക് ചെയ്തുകൊണ്ടിരുന്നപ്പോൾ വന്ന ഫോൺ കാൾ ആരുടേതായിരുന്നു എന്ന് ചോദിക്കൂ. ഫോണിലൂടെ ഉച്ചത്തിൽ എന്നെയും കൂട്ടുകാരിയേയും കുറിച്ച് എന്തൊക്കെയാണ് മറുപടികളായി പറഞ്ഞതെന്നും.”

(കുറച്ചുനേരത്തിനു ശേഷം )

ഞാൻ :
“അമ്മയോട് ആ ഫോൺ സംഭാഷണത്തിന്റെ കാര്യം ഞാൻ ചോദിച്ചു.  ഇളയമാമന്റെ ഭാര്യ വിളിച്ചു . അപ്പോൾ ആണ് ആ സംസാരം ഉണ്ടായതെന്ന് പറഞ്ഞു. ”

“അവളും കൂട്ടുകാരിയും വന്നിരുന്നു സാധനങ്ങൾ പെറുക്കുന്നു. പറഞ്ഞാൽ കേൾക്കില്ലല്ലോ ആരും. ഒരു അമ്മയുടെ വേദന ആർക്കും മനസിലാകില്ല. എനിക്ക് ട്രെയിനിൽ തലവച്ചു ചാകാൻ പറ്റില്ലല്ലോ… മോൻ എന്നെ കളഞ്ഞിട്ടു പോകാൻ പോകുന്നു. ഞാൻ ചത്താൽ പോലും അവൻ വരുമോ എന്തോ… ”

ഈ വാചകം അല്ലാതെ ഒന്നും പറഞ്ഞിട്ടില്ല എന്ന് അമ്മ എന്നെകൊണ്ട് ആണയിട്ടു പറയുന്നു . അമ്മയുടെ വേദന ആർക്കും മനസിലാകില്ല എന്ന വാചകം ആണോ നിനക്ക് തെറ്റിദ്ധാരണ ഉണ്ടാക്കിയത്. അമ്മ അവരെ കുറിച്ച് തന്നെയാണ് പറഞ്ഞതെന്ന് എന്നോട് പറയുന്നു. ”

ചാരു :
“ശിവയുടെ ‘അമ്മ നന്നായി അഭിനയിക്കും എന്ന് ഇപ്പോൾ മനസ്സിലായി.ശരി അതൊക്കെ നിങ്ങൾ അമ്മയും മകനും തമ്മിലുള്ള കാര്യം പറഞ്ഞവർക്ക് മറക്കാം മാറ്റി പറയാം.കേട്ട ഞാൻ മറക്കില്ല”

ഞാൻ :
“അമ്മയും മകനും എന്ന നിലയിൽ ഞാനിതിനെ കാണുന്നില്ല. ഞാനും അവളും എന്തെങ്കിലും കാര്യത്തിന് വഴക്കു കൂടിയാലും അമ്മയതിൽ ഇടപെടരുതെന്ന്  ഞാൻ അമ്മയോട് പലപ്രാവശ്യം പറഞ്ഞിട്ട്ണ്ടായിരുന്നു. നീ കേട്ട കാര്യം മറക്കില്ല എങ്കിൽ നിന്നോട് പറഞ്ഞത് എന്തെന്ന് പറയു..  ഞാൻ അറിഞ്ഞാൽ …അമ്മയെ വഴക്കു പറഞ്ഞിട്ട് ഇറങ്ങിപോകുമോ എന്ന പേടികൊണ്ട് ‘അമ്മ എന്തെങ്കിലും മറച്ചു വയ്ക്കുന്നു എങ്കിൽ നീ എന്നോട് പറയൂ. എന്താണ് പറഞ്ഞതെന്ന് ഞാൻ കൂടി അറിയട്ടെ. ഇനിയിപ്പോൾ പ്രതികരണങ്ങൾക്കു അർത്ഥമില്ല . എങ്കിലും കാര്യം അറിയാൻ ഒരു ആഗ്രഹം.”
 
ചാരു :
“ശിവ പറഞ്ഞതും ചെയ്തതും ശരിയെന്നു ശിവയും അമ്മ പറഞ്ഞത് ശരികൾ മാത്രമെന്ന് അമ്മയും സമർത്ഥിക്കാൻ ശ്രമിക്കുന്നു. ഞാൻ സമർഥിക്കാൻ വരുന്നില്ല ശിവാ. 
 
കൂട്ടുകാരിയും വന്നിട്ടുണ്ട്. എല്ലാറ്റിനും കൂട്ടുനിൽക്കുന്നതു കൂട്ടുകാരിയാണ്. അന്നേ ഞാൻ പറഞ്ഞതാണ് ഇത്രയും പത്രാസുള്ളവരൊന്നും നമുക്ക് ചേരില്ല എന്ന്. അവർക്ക് ഇതൊക്കെ ഒരു രസം. ഇനിയെങ്കിലും വേറൊരാണിനോടെങ്കിലും ഇങ്ങനെയൊന്നും കാണിക്കരുത്. ഇതിന്റെയൊക്കെ പഠിച്ചോളും എന്നോ അനുഭവിച്ചോളും എന്നോ അങ്ങിനെ എന്തോ ഒരു വാക്കാണ് പറഞ്ഞത്. അവൾക്കൊരു കുഴപ്പോം ഇല്ല. ഞാനും എന്റെ മോനും മാത്രം നാണം കെട്ടു. അവർടെ ആർക്കും ഒന്നും അറിയില്ലല്ലോ അവനോടു പറഞ്ഞു എല്ലാരോടും പറഞ്ഞോളാൻ.  അവർക്കൊക്കെ ഇതൊരു രസമാണ് ഒരാണിന്റെ കൂടെ വന്നു താമസിക്കുന്നു. നാല് ദിവസം കഴിഞ്ഞു വേണ്ടെന്നും പറഞ്ഞു പോകുന്നു. ഞാനിതൊന്നും കേട്ടിട്ടില്ലേ ദൈവമേ. അമ്മയുടെ കൂടെ ജീവിക്കുന്നവർക്കല്ലേ അമ്മമാരുടെ വിഷമം അറിയൂ. ഇത് അതൊന്നുമില്ലല്ലോ. അത് കൂട്ടുകാരിയോടും പറയുന്നത് കേട്ടു. അമ്മപോലും കൂടെയില്ലാത്തവർക്കു ഇതൊന്നും മനസിലാകില്ല എന്ന്. ഇതിന്റെയൊക്കെ അനുഭവിച്ചോളും എന്ന് പലതവണ ശാപവാക്കുകൾ പറഞ്ഞു. 
ശിവ വരുന്നതുവരെ ‘അമ്മ സംസാരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ആ വണ്ടിക്കാർ സാധനങ്ങൾ എടുക്കാൻ വീട്ടിനുള്ളിൽ വന്നപ്പോഴും. ശിവ വന്നശേഷം ‘അമ്മ മിണ്ടിയില്ല. അതെന്തുകൊണ്ടെന്നു ഇപ്പൊ മനസ്സിലായി. ഇതൊന്നും പറഞ്ഞിട്ട് നിങ്ങൾക്കിടയിൽ ഈർഷ്യ ഉണ്ടാക്കാനല്ല. ഞാൻ കള്ളം പറയുന്നു എന്ന ധ്വനി വന്നതുകൊണ്ട് പറഞ്ഞതാണ് “.
ഏറ്റവുമൊടുവിൽ ചാരു കുറ്റസമ്മതം നടത്തിക്കൊണ്ടു എന്റെ ചാറ്റിൽ അവസാനമായി ഇങ്ങനെ എഴുതിയിട്ടു
ചാരു :
“ഇനിയും നമ്മൾ ഒരുമിച്ചാൽ ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്ന് പറയുന്ന അവസ്ഥയാകും. കുടുംബം എന്നത് എനിക്ക് ചേരില്ല. അത് ഞാനെങ്കിലും തിരിച്ചറിയണമല്ലോ. നിനക്ക് ചേരുന്ന നീ ആഗ്രഹിക്കുന്ന തരത്തിൽ നിന്റൊപ്പം ജീവിക്കുന്ന ഒരു പെണ്ണിനെ കിട്ടിയാൽ നിനക്ക് സുഖമായി ജീവിക്കാം. എന്റെ ചിന്തകളെയും പെരുമാറ്റങ്ങളെയും ഒരു മാതിരി പുരുഷന്മാർ ആരും accept ചെയ്യാൻ വഴിയില്ല. എന്റെ രീതികളോട് പൊരുത്തപ്പെടാൻ നിനക്കാവില്ല അന്നും ഇന്നും എന്നും.എനിക്ക് ഞാൻ ആവാനും നിനക്ക് നീ ആവനുമേ ആത്യന്തികമായി കഴിയൂ
ബാക്കിയൊക്കെ adjustment ആണ്. ആ adjustment എല്ലാക്കാലവും എല്ലാറ്റിലും നിലനിൽക്കില്ല..”

സത്യത്തിൽ ചാരുവിന്റെ ഈ അവസാന വാക്കുകൾ വായിക്കുന്നതിന് മുമ്പ് പകുതിതെറ്റുകൾ എന്റെ ഭാഗത്തുനിന്നാണെന്നു കുറ്റബോധത്തോടെ കരുതിയിരുന്നു. അത് വായിച്ചപ്പോൾ അഭിപ്രായംമാറി. അവൾക്കു എന്റെ ജീവിതം ഒരു പരീക്ഷണവസ്തു ആയിരുന്നു. തനിക്കു കുടുംബം ചേരുമോ എന്നറിയാൻ പരീക്ഷിച്ച ഗിനിപ്പന്നി ആയിരുന്നു ഞാൻ എന്ന തിരിച്ചറിവിൽ ഞാൻ അറിയാതെ ചിരിച്ചുപോയി .

നവംബർ 29നു അർദ്ധരാത്രി ജോലികഴിഞ്ഞു ഞാൻ വീട്ടിലേക്കു നടക്കുമ്പോൾ പേട്ട ഓവർബ്രിഡ്ജ് തുടങ്ങുന്ന ഭാഗമെത്തി. ഇടതുവശത്തെ വഴിയിലൂടെ പോയാൽ റെയിൽവേസ്റ്റേഷൻ . വലതുവശത്തേയ്ക്കെങ്കിൽ പാലത്തിന്റെ കയറ്റം. എന്തോ ഒരു പ്രേരണയാൽ ഞാൻ ഇടതുവശം തിരഞ്ഞെടുത്തു. അതുവഴി നടന്നാലും പാളം ക്രോസ് ചെയ്തു പേട്ട ജങ്ഷനിൽ എത്താം. ഓവർ ബ്രിഡ്‌ജിന്റെ താഴെ ഒരുപാടുപേർ ആത്മഹത്യ ചെയ്ത ഇടമായിരുന്നു. പകൽ സമയത്തു പോലും ആ ഭാഗത്തെന്തോ ദുരൂഹതകലർന്ന ഭീതി എനിക്കനുഭവപ്പെട്ടിരുന്നു. ആത്മഹത്യയുടെ ആ ഗുഹാമുഖത്തെത്തിയയപ്പോൾ മരണദാഹം എന്റെ മസ്തിഷ്കത്തിൽ കലശലായിരുന്നു. പ്ലാറ്റ്ഫോം അവസാനിക്കുന്ന അവിടെ ഞാൻ വെറുതേനിന്നു. (ജോലിചെയുമ്പോൾ ഏഴുമണിയോടെ ബാറിൽ പോയി ആവശ്യത്തിന് പെരുക്കിയിരുന്നു. ആരെപേടിക്കാൻ. സ്ഥാപനത്തിൽ ഇനി ഒരു ദിനംകൂടി. അതുകൊണ്ടുതന്നെ നന്നായി മദ്യപിച്ചു വന്നു ജോലിചെയ്തു) . ഞാനങ്ങനെ പാളത്തിനു സമീപത്തുനിൽക്കുമ്പോൾ അജ്ഞാതനായ ഒരാൾ പ്രാഞ്ചിപ്രാഞ്ചി നടന്നുവരുന്നു. അയാൾ റെയിൽവെസ്റ്റേഷനിലെ ഒരു അന്തേവാസിയാണെന്നു തോന്നുന്നു. നട്ടപ്പാതിരയ്ക്ക് ഇവിടെ നിൽക്കുന്നതെന്തിനെന്ന് എന്നോട് ചോദിച്ചു. മദ്യലഹരി വിട്ടിട്ടില്ലായിരുന്ന ഞാൻ തമാശയ്ക്കു പറഞ്ഞു അടുത്ത ട്രെയിനിൽ കയറി നരകത്തിന്റെ സ്റ്റേഷനിൽ ഇറങ്ങണമെന്ന്. ഇപ്പോൾ വണ്ടിയില്ലെന്നും രണ്ടുമണിക്കൂർ എങ്കിലും കഴിയുമെന്നും പറഞ്ഞ അയാൾ എന്നോട് ഓരോന്ന് ചോദിയ്ക്കാൻ തുടങ്ങി. വീട്ടിൽ പോകാൻ നിർബന്ധിച്ചു. ഇല്ലെങ്കിൽ സ്റ്റേഷനിൽ പോയി ഇപ്പോൾ എല്ലാരേയും വിളിച്ചുകൊണ്ടു വരുമെന്നും പറഞ്ഞു. അവിടത്തെ ഓട്ടോ സ്റ്റാന്റിലെ ഏറെക്കുറെ എല്ലാ ഡ്രൈവർമാരും എന്നെ കണ്ടുപരിചയമുള്ളവരാണ്..ഒരാൾ എന്റെ ബന്ധുവുമാണ്. അയാൾക്കാണെങ്കിൽ എന്റെ കാര്യങ്ങൾ കുറെയൊക്കെ അറിയുകയുംചെയ്യാം. അതുകൊണ്ടു ഞാൻ മുന്നോട്ടുനടന്നു വീട്ടിലെത്തി.  ഒരുപക്ഷെ അയാൾ എന്നെ കണ്ടില്ലായിരുന്നെങ്കിൽ എന്തുസംഭവിക്കുമെന്നു എനിക്കറിയില്ല. ഒരു ഭീരുവായതിനാൽ ട്രെയിനിനുമുന്നിൽ ചാടുമെന്നു ഉറപ്പൊന്നും ഇല്ല. (ഈ സംഭവം ആദ്യമായി ഇതിലൂടെ മാത്രമാണ് ഞാൻ വെളിപ്പെടുത്തുന്നത്)

മുപ്പതാംതിയതിയോടെ കേരളകൗമുദിയിൽ നിന്നും ഞാൻ ഇറങ്ങി. ഒരുമാസത്തെ ലീവ് ചോദിച്ചു തരാത്തതുകൊണ്ടായിരുന്നു ഇറങ്ങിയത്. ഒരു യാത്ര അനിവാര്യമായിരുന്നു. സ്റ്റാഫുകൾക്ക് ലീവ് കൊടുക്കണം എന്ന നിയമം ഒന്നും അവിടെ കൃത്യമായി നടപ്പാക്കപ്പെട്ടിട്ടില്ല. അന്നത്തെ ദിവസം  ബോസുമായി അവസാനവട്ടം ഗുസ്തിപിടിച്ചു. ഒരു എഴുത്തുകാരിയും സഞ്ചാരിയുമായ രാജനന്ദിനി വെള്ളയമ്പലത്തു വന്നിട്ട് എന്നെ വിളിക്കുകയുണ്ടായി. അവളെ കാണാൻപോയപ്പോൾ അല്പം താമസിച്ചു. അതിനെ ചൊല്ലിയായിരുന്നു വഴക്ക്. നാളെ റിസൈൻ ചെയുന്നെങ്കിലും ജോലിചെയ്യുന്ന നിമിഷം വരെ ഉത്തരവാദിത്തം പാലിക്കണം എന്നായിരുന്നു താത്കാലികമായി മെന്റൽ സ്റ്റെബിലിറ്റി നഷ്ടപ്പെട്ടിരുന്ന എന്നോട് ബോസ് ഉദ്ബോധിപ്പിച്ചത്. അവനാകട്ടെ മുതലാളിയുടെ തികഞ്ഞ വിധേയനും മുതലാളി കണ്ണുരുട്ടിയാൽ ട്രൗസറിൽ മുള്ളുന്നവനുമായിരുന്നു.
രാജനന്ദിനി എന്നോട് ഇത്തരം ലിവിങ് ടുഗെദർ ജീവിതം ഒരു ബോറൻ ഇടപാടാണെന്നും ശിവയെ പോലെ സെൻസിറ്റിവ് കക്ഷികൾക്ക് ചേരില്ലെന്നും പെട്ടന്നൊരു ദിവസം ഗുഡ്ബൈ പറഞ്ഞുപോകാൻ മാത്രം സീരിയസില്ലായ്മ ഉള്ളവർക്കേ പറ്റൂ എന്നും എല്ലാ സ്ത്രീകളും മൂല്യമുള്ളവരെന്നു തെറ്റിദ്ധരിക്കരുതെന്നും എന്നെ ഉപദേശിച്ചു. നല്ലൊരു സഞ്ചാരിയായ അവൾ അതിന്റെ ചില പാഠങ്ങൾ പകർന്നുതന്നിട്ടു എന്നെ യാത്രയാക്കി.

കേരളകൗമുദിയിൽ നിന്നിറങ്ങി ഞാൻ പിറ്റേന്ന് എറണാകുളത്തേക്കു പോയി. വല്യമ്മയുടെ വീട്ടിൽ അവിടെ അമ്മയും ഉണ്ടല്ലോ. രണ്ടുദിവസം അവിടെ നിന്നിട്ടു അമ്മയുമായി തിരിച്ചുപോന്നു. വീടൊഴിയേണ്ടതുണ്ട്. വീട്ടിലെത്തിയപ്പോഴേയ്ക്കും ചാരു ബാക്കി സാധനവും കൊണ്ടുപോയിരുന്നു. അവളുടെ കയ്യിലും കീയുണ്ടായിരുന്നു. സെപ്തംബർ നാലാംതീയതി  മുതലായിരുന്നു താമസം അതുകൊണ്ടുതന്നെ ഒന്നാംതീയതി മാറുമെന്ന് പറഞ്ഞിരുന്നെങ്കിലും ഡിസംബർ നാലാംതീയതിവരെ സമയമുണ്ടായിരുന്നു. ‘അമ്മ ചെറിയ ചെറിയ സാധനങ്ങൾ ഓട്ടോയിൽ കുടുംബവീട്ടിലേക്കു കൊണ്ടുപോന്നു.

മൂന്നാംതിയതി, അന്ന് ആ വീട്ടിൽ നമ്മുടെ അവസാനദിനം. എന്റെയും ചാരുവിന്റെയും കിടപ്പുമുറി ഇരുളടഞ്ഞു കിടന്നു. അതിനുള്ളിൽ നിന്നും ശിവാ …ശിവാ എന്ന വിളികൾ എന്റെ ചെവികളിലൂടെ ഹൃദയത്തിലേക്ക് തുളച്ചുകയറി. സ്നേഹവും പ്രണയവും രതിയും പരിഭവങ്ങളും പിണക്കങ്ങളും വഴക്കുകളും നിശ്വാസങ്ങളും ആ മുറിയിൽ നിറഞ്ഞുനിന്നു. അവളുടെ ഗന്ധം വിട്ടുകളയാൻ ആ മുറി തയ്യാറാകാത്തപോലെ. ഹാളിൽ നിൽക്കുമ്പോൾ ആ മുറിയിലേക്ക് നോക്കിയാൽ അവളവിടെ നിൽക്കുന്നതായി തോന്നും. ഇരു കുസൃതിക്കാരിയുമായിരുന്നു ചാരു.
സ്നേഹത്തോടെ അവളെന്നെ നല്ലരീതിയിൽ നുള്ളുമായിരുന്നു. അങ്ങനെ എനിക്കിട്ട് എന്തോ പണിതരാൻ അവളവിടെ പതുങ്ങി നിൽക്കുകയാണെന്ന് തോന്നി.

എന്നോടുള്ള ജീവിതം വിശ്വസിച്ചു അവൾ കൊണ്ടിട്ട സാധനങ്ങളുടെ ചില അവശിഷ്ടങ്ങൾ അവിടവിടെ ചിതറിക്കിടന്നു. അതിലും അവളുടെ ഓർമ്മകൾ. ചാരുവിനോടുള്ള സ്നേഹം എന്തുമാത്രമെന്നു ഞാൻ മനസിലാക്കിയ ദിവസമായിരുന്നു അത്. അവൾ കുടിച്ചിട്ടുവച്ച കഷായം വീണ്ടും കണ്ടു…അതിന്റെ അടപ്പു തുറന്നിട്ട് ഞാനതിൽ  ചുണ്ടുകൾ കൊണ്ടുരസി… അവൾ ആ കുപ്പിയിൽ നിന്നും നേരിട്ടാണ് കുടിച്ചുകൊണ്ടിരുന്നത്. പിന്നെ ഞാനതിനെ വീടിന്റെ പിന്നാമ്പുറത്തുകൊണ്ടു വച്ചു. ഷോക്കേസിൽ ഇരുന്ന അവളുടെ ഒരു പാവ, അതിനെ കാജൽ എന്നായിരുന്നു അവൾ വിളിച്ചിരുന്നത്. അതൊന്നും കൊണ്ടുപോയിരുന്നില്ല.  അങ്ങനെ ഓർമകൾക്ക് ക്വട്ടേഷൻ കൊടുത്തിട്ടായിരുന്നു അവൾ പോയത്.

നാലാം തിയതി,  അവസാന സാധനങ്ങളും കുടുംബവീട്ടിലേക്കു മാറ്റി. കട്ടിലും മേശയും എല്ലാം.
ചാരുവിന്റെ ചില ചെറിയചെറിയ വസ്തുക്കളും ഉണ്ടായിരുന്നു..അവൾ മനപൂർവ്വം ഉപേക്ഷിച്ചുപോയവ. ഒരു ഓർമയ്ക്കായി ഞാനവയെല്ലാം എടുത്തുകൊണ്ടുപോന്നു. അങ്ങനെ ശിവന്റെ ഗാർഹസ്ഥ്യത്തിനു തിരശീലവീണു. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായെന്നപോലെ ഞാൻ വീണ്ടും കുടുംബവീടിന്റെ പടികയറി. അന്നുവൈകിട്ടോടെ അഡ്വാൻസ് മടക്കിവാങ്ങി അമ്മയുടെ കൈയിൽ കൊടുത്തിട്ടു രാത്രി കവി അനിൽകുര്യാത്തിയുടെ വീട്ടിലേക്കുപോയി. കുറെയേറെ മദ്യപിച്ചു ഞാൻ മുകളിലത്തെ നിലയിൽ കിടന്നുറങ്ങി. അന്നെനിക്ക് രാത്രി കൂട്ടിനുണ്ടായിരുന്നത് അവിടത്തെ ലാബ്രഡോർ സുന്ദരി മാത്രമായിരുന്നു. അവൾ പുലരുന്നതുവരെ എന്റെ സുഖവിവരമന്വേഷിച്ചു ഇടയ്ക്കിടെ എന്റെയടുത്തു വന്നു കിടന്നു മുഖത്തു നക്കി നക്കി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

പിറ്റേന്നുരാവിലെ വീട്ടിലെത്തി. ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം കോയമ്പത്തൂർക്ക് പോയി.
പേട്ടയിൽ നിന്നും ട്രെയിനിൽ കയറി ഷൊർണൂർ ഇറങ്ങിയിട്ട് പാലക്കാട് ബസ്റ്റാന്റിലേക്കു പോയി അവിടെനിന്നു ബസുമാർഗം കോയമ്പത്തൂരെത്തി. ഷൊർണൂർ വച്ച് ഞാൻ അമ്മയെ വിളിച്ചു സംസാരിച്ചിരുന്നു.  “അവളൊരു വഴിക്കു പോയി, നീ മറ്റൊരു വഴിക്കും..ഞാൻ മാത്രം തനിച്ചായി..” ‘എന്നുപറഞ്ഞു അമ്മ ഒരുപാട് കരഞ്ഞു. ഞാൻ എല്ലാം ഉപേക്ഷിച്ചുപോകുകയാണെന്നാണു ‘അമ്മ കരുതിയത്. എന്നാൽ അങ്ങനെയല്ലെന്നും ഒരു യാത്രയ്ക്ക് ശേഷം ഉടനെ മടങ്ങിവരുമെന്നുംപറഞ്ഞു ഞാൻ അമ്മയെ ആശ്വസിപ്പിച്ചു.

അവിടെ വല്യച്ഛൻ ഒരു ട്രീറ്റ്മെന്റിലായിരുന്നു. ഒരു വലിയ ഫ്‌ളാറ്റോക്കെ വാടകയ്‌ക്കെടുത്തു സ്റ്റാഫിനൊപ്പം ആയിരുന്നു താമസം. അവർക്കൊപ്പം ഒരാഴ്ചതാമസിച്ചു. കോയമ്പത്തൂർ നഗരത്തിൽ ഞാൻ ഗതികിട്ടാപ്രേതം പോലെ ചുമ്മാ ചുറ്റിയടിച്ചു. അവിടെനിന്നിറങ്ങി പഴനിക്കു പോയി രണ്ടുദിവസം അവിടെയും  ചിലവഴിച്ചു. അവിടെവച്ചു ഒരു വല്ലാത്ത ആത്മീയമോഹം എന്നെ ഗ്രസിച്ചിരുന്നു. പഴനിയുടെ തെരുവിൽ ഒരു സർവ്വസംഗപരിത്യാഗിയെ പോലെ ചുമ്മാ കാവിയുടുത്തു നടന്നു. അതൊരു അഭിനയമെന്നു മനസിലാക്കിത്തന്നത്  അവിടെ കണ്ട അതിസുന്ദരിയായ ഒരു ലൈംഗികത്തൊഴിലാളി ആയിരുന്നു. ഞാൻ കണ്ട ഏറ്റവും സുന്ദരമുഖങ്ങളിൽ ഒന്ന്. അവളെക്കണ്ടപ്പോൾ അറിയാതെ എന്നിലുദ്ദരിച്ച ശാരീരികതൃഷ്ണകൾ കാരണം  പഴനി വിടുമ്പോൾത്തന്നെ കാവിയിൽ നിന്നും പുറത്തുചാടാൻ ഞാൻ തീരുമാനിച്ചു. അവളെന്നെനോക്കി മോഹിപ്പിച്ചുകൊണ്ടിരുന്നെങ്കിലും മലമുകളിലെ ആണ്ടവൻ താത്കാലികമായെങ്കിലും എന്നെ പിന്തിരിപ്പിച്ചു.

അവിടെ നിന്ന് മാംഗളൂരിലേക്ക് പോയി . കർണ്ണാടകയിലെ ധർമ്മസ്ഥലയിൽ ഏതാനും ദിവസം ചിലവഴിച്ചു. ധർമ്മസ്ഥല എന്ന് കേൾക്കുമ്പോൾ തന്നെ ചരിത്രപരമായി എന്തൊക്കയോ ബന്ധമുണ്ടെന്ന് നമുക്ക് തോന്നും.സംഗതി ശരിയാണ്. മഞ്ജുനാഥേശ്വര ക്ഷേത്രമാണ് അവിടത്തെ പ്രധാന ആകർഷണം. സാക്ഷാൽ ശിവൻ തന്നെയാണ് മഞ്ജുനാഥൻ . ദിവസേന പതിനായിക്കണക്കിനു ഭക്തജനങ്ങൾ ഇന്ത്യയുടെ എല്ലാ കോണിൽ നിന്നും ഇവിടെ എത്തുന്നു. ഭാഗ്യാന്വേഷികളും ആത്മാന്വേഷികളും ഇടകലർന്ന ജനക്കൂട്ടത്തിൽ അലിഞ്ഞില്ലാതായി ഞാൻ ഏതാനുംദിവസങ്ങൾ.. ക്ഷേത്രത്തിനു ഇടതുവശത്തുള്ള അന്നപൂർണ്ണ എന്ന വിശാലമായ മണ്ഡപത്തിൽ എല്ലാ ദിവസവും ജാതിമതഭേദമന്യേ അന്നദാനം നൽകിവരുന്നു . ഇവിടെ സമ്പന്നനും ദരിദ്രനും ഇല്ല. ഞാൻ അവിടത്തെ ഫുഡുമടിച്ചു അലഞ്ഞുതിരിഞ്ഞു നടന്നു.

അവിടെ വച്ച് ഞാനെന്റെ പഴയ കാമുകി ‘പാറുവിനെ’ കാണുകയും അവളോടു ഈ കഥകൾ വിസ്തരിച്ചു പറയുകയുമുണ്ടായി. അവൾ കർണ്ണാടകയിലാണല്ലോ ജോലിചെയ്യുന്നത്. ഒരു ദിവസം മുഴുവൻ നമ്മൾ ധർമ്മസ്ഥലയിലും പരിസരത്തും കറങ്ങിനടന്നു. എന്റെ ജീവിതത്തിനു സംഭവിച്ച പിഴവുകൾ അവൾ വിസ്തരിച്ചു പറയുകയുണ്ടായി. പിറ്റേന്ന് ഞാൻ തിരിച്ചു വീണ്ടും കോയമ്പത്തൂരിലേക്ക്. അവിടെ ഇഷ യോഗസെന്ററും സന്ദർശിച്ചു തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു.

വീട്ടുസാധനങ്ങൾ എടുക്കാൻവന്ന ദിവസത്തിനുശേഷം ചരുവിനെ കണ്ടിട്ടേയില്ല.. കോയമ്പത്തൂർ വച്ച് ഒരിക്കൽ ഫോണിൽ ബന്ധപ്പെട്ടതിനു ശേഷം അവളുടെ ശബ്ദവും കേട്ടിട്ടില്ല. അവളെയും ആ ജീവിതത്തെയും മറക്കാൻ ആകില്ല. പരസ്പരം എത്രമേൽ വെറുത്താലും സംഭവബഹുലമായ നാലുമാസ ദാമ്പത്യം നാല്പതുവർഷത്തിന്റെ ഓർമ്മകൾ പേറി എന്നിലുണ്ടാകും . ഞാനവളോട് ചെയ്ത തെറ്റ്, മോശമായ ഭൂതകാല അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടു ജീവിച്ച അവളെ
വിളിക്കരുതായിരുന്നു. നിന്റെ ഗംഗയാകാം ശിവാ എന്നുപറഞ്ഞ അവളെ ഉമയാക്കരുതായിരുന്നു.
ഒരു പ്രണയമായി അവൾക്കൊപ്പം ചേർന്നുനിന്നാൽ മതിയായിരുന്നു. വല്ലപ്പോഴുമുള്ള കൂടിക്കാഴ്ചകളിൽ സംതൃപ്തി കൊള്ളാമായിരുന്നു. പക്ഷെ അപ്പോഴത്തെ എന്റെ ആവശ്യകത മറ്റൊരു ജീവിതമായിരുന്നു. എന്റെ തെറ്റായ ചോയിസ് ആയി ചാരു എന്നിലൊരു മുറിവാകുന്നു.

ഇന്നും പേട്ടയിലൂടെ നടക്കുമ്പോൾ നമ്മുടെ ആ വാടകവീടിന്റെ ബാൽക്കണിയിൽ അറിയാതെ നോക്കും. ജീവിതത്തിന്റെ ആദ്യആഴ്ചകളിൽ നമ്മൾ ഒന്നിച്ചിരുന്നു ഒരുപാട് സ്വപ്‌നങ്ങൾ കണ്ട ബാൽക്കണി…. പുറത്തുപോയാൽ ഞാൻ വരുന്നതുവരെ  ചാരു എന്നെ നോക്കിനിൽക്കുന്ന ബാൽക്കണി. അവളും അമ്മയും ഞാനും തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു നിന്ന ബാൽക്കണി…  നമ്മുടെ കോഫീ ടൈമുകൾ എന്നും പുനർജനിച്ചു നിൽക്കുന്ന ബാൽക്കണി…അതിനിന്ന് മറ്റേതോ അവകാശികളാണ്.  ആ ബാൽക്കണിയിലേക്കു നോക്കുമ്പോൾ ഇന്നും അവളെന്നെ കൈവീശികാണിച്ചു നിൽക്കും. തോന്നലല്ല, ഓർമ്മകൾ തോന്നലാകുന്നതെങ്ങനെ ?

(അവസാനിച്ചു )

**********************************
(ഇതിങ്ങനെ എഴുതി അവസാനിപ്പിക്കുന്ന അർദ്ധരാത്രി ഏറെക്കാലത്തിനുശേഷം ഞാൻ ഒരുപാട് കരഞ്ഞു. ഞാനവളോട് തെറ്റുചെയ്‌തോ അവളെന്നോട് തെറ്റുചെയ്‌തോ എന്നതല്ല…..ഞാൻ കാരണം അവൾ ദുഖിച്ചു എന്നതാണ് എന്നെ വേട്ടയാടുന്നത്. ശരിയായ തീരുമാനങ്ങൾ അല്ലെങ്കിൽ ദുഖമാകും  ജീവിതത്തിൽ നിത്യേനയുള്ള അതിഥി. ഏറെ വായനക്കാർ ഉണ്ടായി ഈ ഓർമ്മക്കുറിപ്പിന് . ചാരുവിനെയും അമ്മയെയും എന്നെയും സ്വീകരിച്ചു വിജയമാക്കിയ എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി.)

എന്റെ ഫേസ്ബുക്ക് പ്രൊഫൈൽ >>  ക്ലിക്ക് > രാജേഷ് ശിവ(രാശി)

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 9