എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 5

0
5770

അങ്ങനെയൊരു ചെറിയ സംഭവത്തിന്റെ പേരിൽ അവൾ എല്ലാം വാരിക്കെട്ടി പോകാനൊരുങ്ങിയത് അമ്മയെ ഞെട്ടിച്ചു. അമ്മയുടെ മനസ് അസ്വസ്ഥമായി. ഇവിടെയാണ് വിവാഹത്തിന്റെ ആവശ്യകതയെന്ന് അമ്മയുടെ നിഷ്കളങ്ക മനസ് എന്നെ ഉപദേശിച്ചുകൊണ്ടിരുന്നു. വിവാഹം കേവലമൊരു ഉടമ്പടി മാത്രമാണെന്നും അങ്ങനെ ചെയ്താലും ഇതൊക്കെ സംഭവിക്കുമെന്നുമുള്ള സത്യം ഉള്ളിൽവച്ചുകൊണ്ടു അമ്മയുടെ ആശങ്കയ്ക്കുമുന്നിൽ മൗനമായി ഞാൻ നിന്നു. ഇനി പന്ത്രണ്ടുദിവസങ്ങൾ കഴിഞ്ഞേ ചാരു വരൂ. അടുത്ത ഞായറാഴ്ച അവൾ കൂട്ടുകാരികൾക്കൊപ്പം ടൂർ പോകുമെന്നതിനാൽ ആ അവധിദിനം ഇങ്ങോട്ടു വരാൻ കഴിയില്ലല്ലോ. വരാനിരിക്കുന്ന വിരസദിനങ്ങളെയോർത്തു ഞാൻ ഭയപ്പെട്ടു.

(ഈ പരമ്പരയുടെ ആദ്യഭാഗത്തിൽ പറഞ്ഞത് ഓർക്കുന്നില്ലേ,  എഫ്ബിയിൽ ഞാൻ പോസ്റ്റ് ചെയ്ത ‘ഉത്തരാഖണ്ഡിലെ പ്രളയം’ എന്ന കവിതയുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പം കാരണം ചാരു  എന്റെ മെസഞ്ചറിൽ വന്നതും നിരന്തമായ ചാറ്റിങ്ങിനിടെ  ‘എന്നെ നിന്റെ ഗംഗയാക്കുമോ’ എന്നവൾ ചോദിച്ചതും, ‘അതിനു മറുപടിയായി  ‘ഉമ തന്നെ ആയാലെന്താ’ എന്നുഞാൻ മറുചോദ്യം ചോദിച്ചതും എല്ലാം….

ദേശീയദുരന്തമായി പ്രഖ്യാപിച്ച ഉത്തരാഖണ്ഡിലെ പ്രളയത്തിന് ഒരു പ്രത്യേകതയുണ്ട്  പുരാണകാലമെന്നത് സാങ്കല്പികമായാലും മനസിന്റെ ഭാവനകൊണ്ട് രസകരവും അത്ഭുതകരവുമായ ഒരു കാര്യത്തെ അതിൽ കണ്ടെത്താനാകും. പുരാണകഥയിലെ ഒരു സംഭവത്തിന് കാലംനൽകിയ തിരിച്ചടി. ഭഗീരഥൻ തന്റെ ഉറ്റവരെ പുനർജ്ജീവിപ്പിക്കാൻ ഗംഗയെ തപസുചെയ്തു ഭൂമിയിലൊഴുക്കി. ഗംഗ പതിക്കുമ്പോഴുള്ള ജലവിസ്ഫോടനം കാരണം ഭൂമി നശിച്ചുപോകാതിരിക്കാൻ ശിവൻ ഗംഗയെ ജടയിൽ സ്വീകരിക്കുന്നു. ആ ഗംഗയാകാനാണ് ചാരു ആഗ്രഹിച്ചതും. എന്നാൽ ഉത്തരാഖണ്ഡിൽ സഹസ്രാബ്ദങ്ങൾക്കുശേഷം മഹാപ്രളയം ഉണ്ടായപ്പോൾ അതേ ഗംഗ തന്നെ ശിവനെ ചുറ്റിവരിയുകയും മടിത്തട്ടിൽ ഒളിപ്പിക്കുകയും ചെയ്തു. പ്രളയത്തിൽ മുങ്ങിപ്പോയ കൂറ്റൻ ശിവപ്രതിമയെക്കണ്ട് അങ്ങനെ ചിന്തിച്ചെഴുതിയ കവിതയായിരുന്നു ‘ഉത്തരാഖണ്ഡിലെ പ്രളയം’. ഗംഗയുടെ പ്രതികാരം.

ഞാൻ ഉമയായി ഹൃദയത്തിൽ സ്വീകരിച്ച ചാരു അവിടെനിന്നിറങ്ങിപ്പോയി ഒരു ഗംഗയായിമാറി ദു:ഖത്താലും മനഃസംഘർഷത്താലും എന്നെ മൂടിയപ്പോൾ അവൾ വർത്തമാനകാലത്തിലെ ആ ഗംഗ തന്നെ ആകുകയായിരുന്നു. )

പിറ്റേന്ന് ഞാനും ലീവ് കഴിഞ്ഞു ജോലിക്കുപോയിത്തുടങ്ങി. ഓഫീസിലെല്ലാരും വിവാഹാശംസകൾ നേർന്നും കാര്യങ്ങൾ തിരക്കിയും ചുറ്റുംകൂടി. എല്ലാരോടും വെറുതെ ചിരിച്ചുകാണിച്ചു ഞാൻ ഉള്ളിലെ നൊമ്പരങ്ങളെ ഒതുക്കിവച്ചു. സ്വയമെടുത്ത തീരുമാനമായതിനാൽ ആരോടുംഒന്നും  തുറന്നുപറയാനാകാതെ ഞാൻ വിയർത്തു.

വീട്ടിൽ നടന്നകാര്യങ്ങൾ കൗമുദി ഫ്‌ളാഷിലെ എന്റെ മിത്രം ഷിലിനോടു മാത്രം ചർച്ചചെയ്തു. അവനെന്റെ ഉത്തരവാദിത്തമില്ലായ്മയെ ശകാരിച്ചു. ഇത്തരത്തിൽ ചെറിയ കാര്യങ്ങൾക്കു ആരും പ്രശ്നമുണ്ടാക്കില്ലെന്നു അവനും എന്നോട് പറഞ്ഞു. നീയൊരു വിവാഹം കഴിച്ചു സാധാരണ കുടുംബജീവിതം നയിക്കുന്നത് കാണാനായിരുന്നു ആഗ്രഹം. മുൻ അനുഭവങ്ങൾ അനവധിയുള്ളപ്പോൾ  നീ വീണ്ടും അബദ്ധത്തിൽച്ചെന്നു ചാടിയെന്ന് അവൻ ദേഷ്യംകലർത്തിയ ചിരിയോടെ പറഞ്ഞു.

നാലുമുതൽ പന്ത്രണ്ടുവരെ ആയിരുന്നു ജോലിസമയം. മനസുഖമില്ലാത്തതിനാൽ ആ ജോലിയും സ്ഥാപനവും നരകതുല്യമായി അനുഭവപ്പെട്ടു.  രാത്രി പതിനൊന്നുമണിയോടെ ജോലി കഴിഞ്ഞു ഞാൻ ഏകദേശം ഒരു കിലോമീറ്റർ മാത്രമുള്ള വാടക വീട്ടിലേക്കു നടന്നെത്തി. ‘അമ്മ ഏകാന്തതയും സങ്കടവുംകൊണ്ട് ഒരു പരുവമായിരുന്നു. കുടുംബവീട്ടിൽ എല്ലാരോടും സംസാരിച്ചും ചിരിച്ചും സമയം ചിലവഴിച്ചിരുന്ന അവർ ഇവിടെ തികച്ചും ഒറ്റപ്പെട്ടിരുന്നു.

വീട്ടിലെത്തിയപ്പോൾ അമ്മയുടെ വാക്കുകൾ എന്നെ വളരെ വേദനിപ്പിച്ചു. “എനിക്ക് നിങ്ങളുടെ ബെഡ് റൂമിൽ നോക്കാൻ പോലും പറ്റുന്നില്ല മോനേ. ഇന്നലെവരെ സജീവമായിരുന്ന മുറി ഇന്ന് ഇരുളടഞ്ഞു മൂകമായി കിടക്കുന്നു. പോരെങ്കിൽ ഓരോ പ്രശ്നങ്ങളും”. അമ്മയുടെ സങ്കടങ്ങൾ എന്നെയും സങ്കടത്തിലാഴ്ത്തി. അമ്മയുടെ ഏകാന്തത എനിക്കും പ്രശ്നമായിത്തുടങ്ങിയിരുന്നു. കുടുംബവീടിനടുത്തു ഹെൻട്രി എന്നൊരു നല്ല മനുഷ്യൻ നടത്തുന്ന കൂൾ ഡ്രിങ്ക്സ് യൂണിറ്റിൽ അമ്മയും നാത്തൂനും ജോലിക്കു പോയിരുന്നു.വലിയ ദേഹാധ്വാനം വേണ്ടാത്ത ജോലിയായതിനാലും വീട്ടിൽ തനിച്ചിരിക്കണ്ട എന്നു തോന്നിയതിനാലും അഞ്ചാറുവർഷം മുന്നേ പോയിത്തുടങ്ങിയതാണ് ആ ജോലിക്ക്. അമ്മയുടെ അനിയത്തി അതായത് എന്റെ ഇളയമ്മ  2014 -ൽ മരണപ്പെട്ടതിനുശേഷം ‘അമ്മ വീട്ടിൽ വലിയ ഏകാന്തതയിൽ കഴിച്ചുകൂട്ടിയിരുന്നു. ഇളയമ്മ ഉണ്ടായിരുന്നപ്പോൾ അവർ രണ്ടുപേരും ഓരോന്ന് മിണ്ടിയുംപറഞ്ഞും ഇരിക്കുമായിരുന്നു. അമ്മയുടെ ഒറ്റപ്പെടലിനുള്ള പരിഹാരമായിട്ടു കൂടിയായിരുന്നു ആ ജോലി. എന്റെ ജീവിതമാറ്റവുമായി ബന്ധപ്പെട്ടു കുറച്ചുദിവസം ‘അമ്മ ആ ജോലി നിർത്തിവച്ചിരുന്നു. ഈ ഏകാന്തതയിൽ നിന്നും രക്ഷനേടാൻ വീണ്ടും അവിടെ പോകണമെന്ന തീരുമാനത്തിലെത്തി ‘അമ്മ.  ഞാൻ എതിരു പറഞ്ഞതുമില്ല. ഭാർഗ്ഗവീനിലയം പോലൊരു വീട്ടിൽ എത്രയെന്നുവച്ചാ ഒറ്റയ്ക്കിങ്ങനെ.

വീട്ടുടമസ്ഥ ഒരു മൂശാട്ട സ്ത്രീയായിരുന്നു. മുൻവാടകക്കാർ എന്നോട് അവരുടെ ശുണ്ഠികളെക്കുറിച്ചും അനാവശ്യ നിർബന്ധത്തെ കുറിച്ചും പറഞ്ഞിരുന്നു. ആ വീടിന്റെ ഏറ്റവും വലിയ ദോഷം എന്തെന്നാൽ പൈപ്പുവെള്ളം കിട്ടില്ല. നാലുവരിപ്പാതയുടെ അപ്പുറത്തെവശത്താണ് പൈപ്പ് എന്നതിനാൽ കണക്ഷൻ കിട്ടിയില്ല എന്നാണു പറഞ്ഞത്. അതുകൊണ്ടുതന്നെ ആ വീട്ടിൽ കുഴൽക്കിണറിൽ നിന്നുകിട്ടുന്ന ഭൂഗർഭജലം ആയിരുന്നു. അതാകട്ടെ വെളുത്ത ഓര് പോലുള്ള എന്തോ പൊങ്ങിക്കിടക്കുന്ന മലിനജലവും. ഒരു കവിൾ കുടിച്ചാൽ വയറ്റിലുള്ളതുമുഴുവൻ വെളിയിൽ പോകും. അതാണ് ആ വെള്ളത്തിന്റെ പ്രത്യേകത. അമ്മ ഈ വിഷയം അവരോടു സംസാരിച്ചത് അവർക്കിഷ്ടമായില്ല. അതുകൊണ്ടുതന്നെ ‘അമ്മ അങ്ങോട്ട് പോകാറുമില്ലായിരുന്നു.

എന്റെയും ചാരുവിന്റെയും ജീവിതം ഒരു വിവാഹജീവിതം എന്നായിരുന്നല്ലോ എല്ലാരും കരുതിയിരുന്നത്. ആദ്യമേ തീരുമാനിക്കപ്പെട്ടതും അങ്ങനെയായിരുന്നല്ലോ. പലരും വിവാഹചിത്രങ്ങൾ അന്വേഷിച്ചുതുടങ്ങി. എന്റെ മൗനം അവരെക്കൊണ്ടു പലതും ചിന്തിപ്പിച്ചെന്നു  പിൽക്കാലത്തു അവരിൽനിന്നുതന്നെ അറിയാൻ കഴിഞ്ഞു . ഒരുപാടിടങ്ങളിൽ പഠിക്കുകയും പതിമ്മൂന്നുവർഷത്തോളമായി  സോഷ്യൽ മീഡിയയിൽ സ്ഥിരസാന്നിധ്യമായി നിൽക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ സുഹൃത്തുക്കളുടെ വലിയഒരു സംഖ്യതന്നെ എനിക്കുണ്ട്. അപ്പോൾ ഇത്തരം വിഷയങ്ങളിൽ അന്വേഷണങ്ങൾ കൂടിക്കൂടിവരുന്നത് സ്വാഭാവികവുമായിരുന്നു. അതെനിക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി.

ഞാനെന്താ അവളുടെ ജാരനാണോ എന്നെ ഇങ്ങനെ ഒളിച്ചുവയ്ക്കാൻ. എന്റെ നാട്ടിലും നഗരത്തിലും പരസ്യമായി എന്റെ കയ്യുംപിടിച്ചു നടക്കുന്ന അവൾ സ്വന്തംനാട്ടിൽ ഒന്നുമറിയിക്കാതെ മുഖംമൂടിയണിഞ്ഞു ഒരു ബാച്ചിലർ വനിതയായി നടക്കുന്നു. എനിക്കതത്ര ദഹിക്കുന്നതായിരുന്നില്ല. മാട്രിമോണിയൽ ഓഫീസ് എനിക്കായി കണ്ടുപിടിച്ച അനവധി ബന്ധങ്ങളെ തട്ടിയെറിഞ്ഞിട്ടു ഇവളെ ഞാൻ സ്വീകരിച്ചത് ഇതിനുവേണ്ടിയായിരുന്നോ. ഇങ്ങനെ അപമാനിക്കപ്പെടാൻ വേണ്ടിയായിരുന്നോ.

ആയിടെ ഒരുദിവസം വാട്സാപ്പിൽ ചാറ്റ് ചെയ്തപ്പോൾ ഞാൻ ചാരുവിനോട് ഈ വിഷയങ്ങൾ സംസാരിച്ചു. അതവളെ പ്രകോപിതയാക്കി. അല്ലെങ്കിലും അവൾക്കായിരുന്നു എപ്പോഴും പ്രകോപനം.

(ചാറ്റ്‌)

“ഒരു പ്രശ്നം നീയുണ്ടാക്കി. അതിൽ നിന്നും ഞാനൊന്നു മോചിതയായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേയ്ക്കും അടുത്ത പ്രശ്നവുമായി വന്നല്ലോ നന്ദിയുണ്ട്.”

” ഞാനുമൊരു മനുഷ്യനാണ് ചാരൂ. എനിക്കും സാമൂഹികബന്ധങ്ങൾ ഉണ്ട്, ചില ആഗ്രഹങ്ങളുണ്ട്”

“വയ്യെങ്കിൽ പറയൂ ശിവാ..ചുമ്മാ വളച്ചുകെട്ടി പറയുന്നതിനാണ് ”

“ഞാനങ്ങനെ പറഞ്ഞില്ല. എനിക്ക് മറ്റുള്ളവരുടെ മുന്നിൽ മറുപടി ഇല്ലാതാകുന്നു.അത്രേയുള്ളൂ”

“മറ്റുള്ളവർ ആണോ നമുക്ക് ചിലവിനു തരുന്നത് … പരദൂഷണത്തിൽ മിടുക്കന്മാരും മിടുക്കികളും ആണ് എന്റെ ഓഫീസിൽ. അവരിതൊക്കെ അറിഞ്ഞാൽ, ഓ അവൾ അടുത്തവനെയും വലവീശിപ്പിടിച്ചു എന്നാകും പറയുന്നുണ്ടാകുക ”

“ഓഫീസിൽ ഉള്ളവരാണോ നമുക്ക് ചിലവിന് തരുന്നത് ചാരൂ”

“നിനക്കിപ്പോൾ എന്താ വേണ്ടത് .. ? .എന്റെ ഇന്നത്തെ ദിവസത്തെ ഇങ്ങനെ നശിപ്പിച്ചപ്പോൾ മതിയായല്ലോ”

“എനിക്ക് വേണ്ടത് ഞാൻ പറഞ്ഞല്ലോ.”

“ഫോട്ടോ പരസ്യപ്പെടുത്താൻ പറ്റില്ല. ഇത്രേ എനിക്ക് പറയാനുള്ളൂ. നീ ഇനി എന്ത് തീരുമാനിച്ചാലും എനിക്ക് പ്രശ്നമില്ല ”

====

ചാരുവിന്റെ ഈ വെല്ലുവിളി എന്നെ വീണ്ടും ഞെട്ടിച്ചു. അവൾക്കു ജീവിതം എന്നാൽ ഇത്രേ ഉള്ളൂ എന്ന തിരിച്ചറിവ് എന്നിൽ വെളിപാടായി പതിച്ചു. അമ്മയുടെ ബന്ധുക്കളെയും സ്നേഹിതരുടെ ഉപദേശങ്ങളെയും ധിക്കരിച്ചു എടുത്തുചാടിയതിന് ശൂന്യതയിൽ നിന്നും ചാട്ടവാറുകൾ പാഞ്ഞുവന്നെന്നെ പ്രഹരിച്ചുകൊണ്ടിരുന്നു. എന്റെ പാവപ്പെട്ട അമ്മയുടെ കയ്യിലിരുന്ന കുറെ പൈസയും ഞാൻ നശിപ്പിച്ചു. അതോർത്തപ്പോൾ കുറ്റബോധം പിടിമുറുക്കി. അന്ന് വൈകുന്നേരം ചാരുവിന്റെ കൂടെ ഫോണിൽ ഏറെനേരം സംസാരിച്ചു. അവൾ ഒരു സന്ധിക്കും തയ്യാറല്ല. അവളുടെ താത്പര്യങ്ങൾക്കനുസരിച്ചെങ്കിൽ മാത്രം ഈ ബന്ധം മുന്നോട്ടുപോകുമെന്നവൾ പറയാതെ പറഞ്ഞുകൊണ്ടിരുന്നു. താത്പര്യങ്ങൾ നഷ്ടപ്പെട്ടു ഞാനൊരു ജീവനില്ലാത്തവനായി മാറിയിരുന്നു.

വിവാഹം കഴിക്കാൻ ഇനി പറ്റില്ലെന്നുകൂടി അവൾ പറഞ്ഞപ്പോൾ ഞാൻ തകർന്നുപോയി. ഒരാഴ്ച മുൻപുവരെ വിവാഹംകഴിക്കാം എന്ന് സമ്മതിച്ച അവളൊരു ഓന്തായി മാറുകയായിരുന്നു. അല്ലെങ്കിലും അഭിപ്രായങ്ങളിലെ ചാഞ്ചാട്ടം അവളുടെ പതിവുസ്വഭാവമായിരുന്നു. ഒരുമിച്ചു താമസിക്കാൻ തുടങ്ങുന്നതിനു മുമ്പ്,  “ശിവാ നിന്റെ എഴുത്തിനും ചിന്തകൾക്കും എന്റെ തണലും പിന്തുണയും എന്നും ഉണ്ടായിരിക്കും” എന്ന് ഇങ്ങോട്ടു വാക്കു തന്നവൾ, ജീവിക്കാൻ വന്നതിന്റെ ഒരാഴ്ചയ്ക്ക് ശേഷം, “ഇങ്ങനെ എഴുതിക്കൂട്ടിയാൽ പുഴുങ്ങിത്തിന്നാൻ പറ്റുമോ” എന്ന് ചോദിച്ചു എന്നെ നേരത്തേതന്നെ ഞെട്ടിച്ചിരുന്നു.

തുടക്കത്തിൽ തന്നെ കുറേ അഭിപ്രായവ്യത്യസങ്ങൾ രൂപപ്പെട്ടതുകാരണം വിവാഹം വളരെ ആലോചിച്ചു മതിയെന്ന് താൻ തീരുമാനമെടുത്തതായി അവൾ ഉറപ്പിച്ചുപറഞ്ഞു. (ശിവയൊരു സ്വപ്നജീവിയും ചാരു പ്രായോഗികജീവിയും ആയതിനാൽ വിവാഹം ആലോചിച്ചൊക്കെ മതിയെന്നു അവളുടെ കൂട്ടുകാരി നേരത്തെതന്നെ പറഞ്ഞുപഠിപ്പിച്ചിരുന്നു)

അന്നു നമ്മൾ നല്ല വഴക്കുകൂടി.

എന്നെ നിര്ബന്ധിപ്പിച്ചു സമ്മതിപ്പിക്കാൻ പറ്റില്ല ശിവാ… എന്നവൾ പറഞ്ഞു.

നീതന്ന വാക്കാണ് പാലിക്കാൻ ആവശ്യപ്പെടുന്നതെന്ന് ഞാൻ.

ആദ്യം പറഞ്ഞപോലെയല്ല കാര്യങ്ങൾ മുന്നോട്ടു പോയത്. ‘എനിക്കിപ്പോൾ നിന്നെയത്ര വിശ്വാസമില്ല’ എന്നവൾ തീർത്തുപറഞ്ഞു.

ഞാനിതെല്ലാം സംസാരിക്കുന്നത് പേട്ട റെയിൽവെസ്റ്റേഷനിൽ വച്ചായിരുന്നു. ഓഫീസിനു തൊട്ടടുത്താകയാലും ആരുടെയും ശല്യമില്ലാതെ വിജനമായ പ്ലാറ്റ്ഫോമിലൂടെ നടന്നുകൊണ്ട് ഫോണിൽ സംസാരിക്കാമെന്നതിനാലും അവിടെയാണ് ഫോൺസംഭാഷണങ്ങൾക്കു തിരഞ്ഞെടുക്കുന്നത്.

(ഇതുവായിക്കുന്നവർ അതിലൂടെ തീവണ്ടിയിൽ ഇനി സഞ്ചരിക്കുമ്പോൾ എന്നെയൊന്നോർക്കുക. മുകളിൽ പറഞ്ഞതും പിന്നീട് സംഭവിച്ചതുമായ അനവധി സംഘർഷങ്ങൾ പേറി ശിവൻ കണ്ണീരോടെ നടന്ന കോൺക്രീറ്റ് പാതയെ വെറുതെയൊന്നു നോക്കിയേക്കുക )

ബാംബൂ ദിനം പ്രമാണിച്ചു ആദിവാസി ഊരുകളിൽ നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ അന്ന് രാത്രി ചാരുവിന് വയനാട്ടിലേക്കൊരു യാത്ര പോകേണ്ടതുണ്ടായിരുന്നു. എന്റെകൂടെ ഫോണിൽ വഴക്കുകൂടിയ ശേഷം അവൾ പുറപ്പെട്ടു. കോഴിക്കോട് വരെ ട്രെയിനിലും കൽപ്പറ്റ വരെ ബസിലുമായിരുന്നു യാത്ര. രാത്രിയിൽ ഞാൻ ഫോൺ വിളിച്ചപ്പോൾ അവൾ മനഃപൂർവ്വം എടുത്തിരുന്നില്ല. എന്തായാലും അവിടെത്തിയപ്പോൾ വയനാട്ടിലെ മാരകമായ തണുപ്പിൽ അവൾക്കു പനി പിടിച്ചു. എന്തിനാണോ പോയത് അതിലൊന്നും പങ്കെടുക്കാനാകാതെ അവൾ രണ്ടുദിവസം റൂമിൽത്തന്നെ കിടന്നു. ഇതറിഞ്ഞപ്പോൾ ഞാൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. അപ്പോൾ, വളരെ ക്ഷുഭിതയായി എന്നെ ശകാരിക്കുകയായിരുന്നു ഉണ്ടായത്. പിന്നെ ഞാൻ വിളിച്ചില്ല.

എന്തൊരു സ്ത്രീയാ ഇവൾ. മാനുഷികമായ വികാരങ്ങൾ ഇവൾക്കില്ലേ..ഞാനെന്താ അവളുടെ ശത്രുവാണോ, അതോ അവളെ പണ്ട് ഉപദ്രവിച്ച ഭർത്താവോ. ഒരുപാട് സ്നേഹമുള്ള സ്ത്രീകളുടെ വീട്ടിൽ ജനിച്ചുവളർന്ന എനിക്ക് സ്ത്രീയെന്നാൽ കരുണയും സ്നേഹവും അഭയവുമായിരുന്നു. കൂടെയുള്ളവരെ അരക്ഷിതാവസ്ഥയിലേക്ക് വലിച്ചെറിയുന്ന ചാരുവിൽ, ഞാൻ മേല്പറഞ്ഞതുപോലെ സ്ത്രീയുടെ വിശാലമായ ഗുണങ്ങൾ ഒന്നും കണ്ടിരുന്നില്ല. ഒരുപക്ഷെ ഏവരാലും ഉപേക്ഷിക്കപ്പട്ട അവസ്ഥയെ അതിജീവിച്ചതുകൊണ്ടാകാം. എന്നാൽ ഒരുപാട് ഒറ്റപ്പെടലുകളിലൂടെ കടന്നുവന്ന എന്റെ ജീവിതത്തിൽ ചാരു എന്ന ചോയിസ് തീർത്തും തെറ്റിപ്പോയെന്ന് മനസ് മൗനമായി പറഞ്ഞുകൊണ്ടിരുന്നു.

(എല്ലാം കഴിഞ്ഞു മാസങ്ങൾക്കു ശേഷം എന്നിൽനിന്നവൾ വിടവാങ്ങുമ്പോൾ അവൾ എന്നോട് ചാറ്റിൽ പറഞ്ഞ വാചകം അവളുടെ കുറ്റസമ്മതം ആയിരുന്നു. ഈ പരമ്പരയുടെ ഒടുവിൽ ഞാനതു വെളിപ്പെടുത്താം)

അടിസ്ഥാനപരമായി ഒരു ഫെമിനിസ്റ്റ് ആയ എനിക്ക് സ്ത്രീയെന്നാൽ ഭർത്താവിനെ പരിചരിക്കുന്ന ഒരാളാകണം എന്നബോധം അറിവുവച്ച കാലംമുതൽ ഇല്ലായിരുന്നു. എന്നാൽ, കുഞ്ഞുണ്ണി മാഷിന്റെ കവിതപോലെ, ‘

എനിക്കുണ്ടൊരു ലോകം,

നിനക്കുണ്ടൊരു ലോകം

നമുക്കില്ലൊരു ലോകം’

എന്നപോലെ ജീവിതത്തെ രണ്ടുവഴിയിലാക്കി വല്ലപ്പോഴും മാത്രം സംഗമിക്കുന്ന ഒന്നാകാൻ താത്പര്യവും ഇല്ലായിരുന്നു. അവരവരുടെ സ്വാതന്ത്ര്യം അതിന്റെ എല്ലാ അർത്ഥത്തിലും വിനിയോഗിച്ചാലും ഒന്നായി ഒരേമനസായി, പരസ്പരം സ്നേഹവും അഭയവും ആയി ജീവിക്കാൻ മാത്രമേ ഞാനാഗ്രഹിച്ചിരുന്നുള്ളൂ. വല്യമ്മയുടെ മകൾ പ്രീഡിഗ്രി പഠനകാലത്തു അല്പം ഫാഷനബിൾ ആയി നടന്നപ്പോൾ കുടുംബത്തിലെ യാഥാസ്ഥിതികർ അവളെ ശകാരിക്കുകയുണ്ടായി അന്ന് അവൾക്കൊപ്പം നിന്ന് വാദിച്ചിട്ടുള്ള ഒരുവനാണ് ഞാൻ,അതും എന്റെ പതിനേഴാംവയസിൽ. പുരോഗമനബോധം എന്നും എന്റെ സിരകളിലുണ്ടായിരുന്നു.

പിറ്റേന്ന് വൈകുന്നേരം ഈവിഷയങ്ങൾ എന്റെയൊരു നല്ല സുഹൃത്തും ഹൊറൈസൺ പബ്ലിക്കേഷൻ എന്ന പ്രസാധകസ്ഥാപനം നടത്തുന്നവനുമായ സുലോജിന്റെ കൂടെ ഏറെനേരം സംസാരിച്ചു. മനഃശാസ്ത്രപരമായി കൗൺസിലിംഗ് നടത്താനും അവനറിയാമായിരുന്നു. അവനെന്റെ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ സമാധാനിപ്പിക്കുകയും അഡ്ജസ്റ്റ് ചെയ്തുപോയാലേ ജീവിതം മുന്നോട്ടുപോകുമെന്നു ഓർമിപ്പിക്കുകയുംചെയ്തു. എന്നാൽ അതെന്നെ സമാധാനിപ്പിക്കാൻ അന്നങ്ങനെ പറഞ്ഞതാണെന്നും സംഭവിക്കാൻ പോകുന്നത് എന്താണെന്നു അറിയാമായിരുന്നെന്നും അവൻ പിന്നീട് പറയുകയുണ്ടായി.

എന്റെ ഉൾബോധങ്ങളിൽ കഠിനമായ സംഘർഷം നടക്കുന്നുണ്ടായിരുന്നു. അമ്മയ്ക്കും ഏറെക്കുറെ കാര്യങ്ങൾ മനസ്സിലായിരുന്നു. അമ്മയുടെയും സ്വസ്ഥത നശിച്ചു തുടങ്ങിയിരുന്നു. പിറ്റേന്ന് പരിചയമുള്ള ഒരു സൈക്കോളജിസ്റ്റിനെ ഞാൻ സമീപിച്ചു. കാൽ മണിക്കൂറോളം എന്നെ പറയാനനുവദിക്കുകയും എല്ലാം സസൂക്ഷ്മം കേൾക്കുകയും ചെയ്ത അദ്ദേഹം ചില നിർദ്ദേശങ്ങൾ നൽകി. പക്ഷെ ആ നിർദ്ദേശങ്ങളെല്ലാം എന്റെ മനസിന്റെ പരിധിയുടെ ഒരുപാട് താഴെയായിരുന്നു. എനിക്കറിയാവുന്ന നിർദ്ദേശങ്ങൾ തന്നെയായിരുന്നു എന്നതിനാൽ നിരാശയായിരുന്നു ഫലം. കാരണം പാലിക്കാനാണല്ലോ പലതും ബുദ്ധിമുട്ട്. പ്രത്യേകിച്ച് വികാരജീവി കൂടിയായ ഒരുവന്.

വയനാട് നിന്ന് പുറപ്പെടുന്നതിന്റെ തലേന്ന് രാവിലെ ചാരു എന്നെ വിളിച്ചു . ഇവിടത്തെ തണുപ്പിൽ നിന്നെ കെട്ടിപ്പിടിച്ചു കിടക്കാൻ കൊതിയാകുന്നെന്നു പറഞ്ഞു. ഈ ചാരുതന്നെയാണോ തലേന്നെന്നോട് ഒരുകാരണവുമില്ലാതെ ഗർജ്ജിച്ചതെന്നു ഞാൻ അത്ഭുതപ്പെട്ടു. ഇവൾക്കെന്താ ‘അന്യൻ’ബാധകേറിയോ എന്നോർത്ത് ചിരിച്ചുപോകുകയും ചെയ്തു  അങ്ങനെ കടുത്തപനിയോടെ ടൂർ കഴിഞ്ഞു അവൾ ജോലിസ്ഥലത്തെ വീട്ടിലെത്തി. സ്നേഹത്തോടെ എന്നെ വീണ്ടും വിളിച്ചു. തന്റെ സ്വാർത്ഥതയുടെ കെട്ടഴിക്കാൻ അവൾ തുടങ്ങുകയായിരുന്നു. പ്രത്യക്ഷത്തിലെനിക്കു സന്തോഷം നൽകിയെങ്കിലും യഥാർത്ഥ അഗ്നിപരീക്ഷണങ്ങളുടെ നാളുകളായിരുന്നു ആ ഫോൺ കാളിൽ കുറിയ്ക്കപ്പെട്ടതെന്നു ഞാനറിഞ്ഞിരുന്നില്ല.

(തുടരും)

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 10 (അവസാന ഭാഗം)

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 9

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 8

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 7