എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 9

0
4763

ഞാൻ ഫോൺ ചെവിയിൽവച്ചു. ‘അമ്മ ദേഷ്യത്തോടെ പറഞ്ഞുതുടങ്ങി.”അവളോടങ്ങനെയൊക്കെ പറഞ്ഞതെന്തിനാണ് ? അതൊക്കെ അല്പം സാവധാനത്തിൽ ശരിയാക്കാമായിരുന്നല്ലോ, നിന്റെ എടുത്തുചാട്ടം ആണ് പ്രശ്നം. എന്തെങ്കിലും പറയണമെന്ന് വിചാരിച്ചാൽ അപ്പൊത്തന്നെ അത് പറഞ്ഞേപറ്റൂ . ആ ശീലം നിനക്ക് ചെറുപ്പം മുതലേ ഉണ്ടല്ലോ. വീട്ടിൽനിന്നും മാറിക്കൊടുക്കാൻ നീ പറഞ്ഞതായി അവളെന്നോട് പറഞ്ഞു. ഞാൻ പറഞ്ഞു മോളെ അവനു നിന്നോട് വലിയ സ്നേഹമാണ് അതുകൊണ്ടാണ് ഇത്തരത്തിൽ സംസാരിക്കുന്നത്. നീയങ്ങു ക്ഷമിക്കൂ.അവൻ വീട്ടിൽ ഒറ്റയ്ക്കായി പോകുന്നതാണ് പ്രശ്നം…..”അവൾ മറുപടിയായി അമ്മയോട് പറഞ്ഞത്രേ ,
“ശിവന് ആരോടും സ്നേഹമില്ലമ്മേ. അമ്മയോട് പോലും, നിലവിലെനിക്കു ഞായറാഴ്ച വീട്ടിൽ നില്ക്കാൻ പറ്റില്ല.അതാണ് സാഹചര്യം. പിന്നെയുംപിന്നെയും അതുപറഞ്ഞു വഴക്കിട്ടാൽ ഞാനെന്തുചെയ്യാൻ. ശിവയോടു മറ്റൊരു ജോലികൂടി നോക്കാൻ ഞാൻ പറഞ്ഞതല്ലേ.  ശിവയുടെകൂടെ വന്ന ദിവസം  മുതൽ എന്റെ സ്വസ്ഥത നശിച്ചു. തിരുവനന്തപുരത്തു ആരെയും പരിചയമില്ലാത്ത ഞാൻ ആ സാധനങ്ങൾ പെറുക്കി എവിടെ കൊണ്ടിടാൻ. എന്റെ കിടപ്പാടം (വാടകവീടിനെയാണ് ഉദ്ദേശിക്കുന്നത് ) നശിപ്പിച്ചപ്പോൾ തൃപ്തിയായില്ലേ. ഗൾഫിൽ ജോലിചെയ്യുന്ന ഓരോ ഭാര്യമാർ വീട്ടിൽ വന്നാണോ നിൽക്കുന്നത്..ഇവിടെ ഹോസ്റ്റലിൽ ഓരോരുത്തർ മാസത്തിലൊരിക്കലൊക്കെ ആണ് വീട്ടിൽ പോകുന്നത്.. ”

ഞാൻ അമ്മയോട് പറഞ്ഞു.
“പോകുന്നെങ്കിൽ അവൾ പൊക്കോട്ടെ… അവളുടെ നിബന്ധനകൾ അനുസരിച്ചു മാത്രം ജീവിക്കാൻ എങ്കിൽ അവൾ വാടകകൊടുത്തു വീടുടുത്തു താമസിക്കട്ടെ. നിലവിലത്തെ ജീവിതത്തിൽ എനിക്കൊരു രസവും ഇല്ല..എന്റെ ആഗ്രഹങ്ങൾ അടിച്ചമർത്തപ്പെടുന്നു. അവൾ ആഗ്രഹിക്കുന്നതുമാത്രം സാധിക്കുന്നു. ഇല്ലാത്ത പൈസയുണ്ടാക്കി ആ വീട് ചുമക്കാൻ വയ്യ. വിഹാഹം കഴിക്കാത്ത പെൺകുട്ടികൾ മാസത്തിലൊരിക്കൽ വീട്ടിൽ പോകുന്നത് അവളെന്തിനാണ് ഏറ്റുപറയുന്നത്… നാളുകൾ ഭർത്താവിനൊപ്പം താമസിച്ചിട്ടു സാമ്പത്തിക ഭദ്രതയ്ക്ക് ഗൾഫിൽ പോകുന്ന ഭാര്യമാരുടെ കാര്യം അവളെന്തിനാണ് താരതമ്യം ചെയ്യുന്നത്. അതുപോലെയാണോ എന്റെ കൂടെ വന്നതുമുതലുള്ള അവളുടെ ഈ ‘ഒളിച്ചോട്ട’ സമീപനം ?

ബാക്കി ജോലിസമയം നരകാവസ്ഥ പോലെ അന്നു ചിലവഴിച്ചു. അവളെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. ഇതുപറയുമ്പോൾ വിട്ടുപോയ ചിലതുപറയാൻ തോന്നുന്നു.

(ആഴ്ചകൾക്കു മുമ്പും അവളും ഞാനും നല്ലരീതിയിൽ വഴക്കുകൂടിയിരുന്നു. ഒരു അവധിദിനത്തിന്റെ രണ്ടുദിവസം മുമ്പായിരുന്നു സംഭവം. നാളെ തിരുവനന്തപുരത്തേയ്ക്ക് വരുമെന്നും അവധിദിനം കൂട്ടുകാരിയെ കാണാൻ പോകുമെന്നും പറഞ്ഞപ്പോൾ എനിക്ക് ദേഷ്യംവന്നു . വീട്ടിൽ നിന്നാൽ ബോറടിക്കുമെന്നു പറഞ്ഞാണ് കൂട്ടുകാരിയെ കാണാൻ പോകുന്നത്. മുൻപും അവൾ ഇതുപോലെ ചെയ്തിട്ടുണ്ട്. പിന്നെന്തിനാ ഇങ്ങോട്ടു പോരുന്നതെന്നു ഞാൻ ചോദിച്ചു. വരുന്ന ഒരുദിവസം പോലും ഇവിടെ നില്ക്കാൻ വയ്യെങ്കിൽ വരാതിരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. ഉടനെ അവൾ ക്രോധത്തോടെ പറഞ്ഞു, “ശരി വരുന്നില്ല പോരേ…” .  ഈ സംസാരമെല്ലാം പേട്ട റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ വച്ചായിരുന്നു. ദയവുചെയ്ത് വിളിച്ചു ശല്യപ്പെടുത്തരുതെന്നും ഇവിടെയുള്ളവർ കേൾക്കുമെന്നും താക്കീതുതന്നിട്ടു അവൾ ഫോൺ കട്ടുചെയ്തു . അതിനുശേഷം അമ്മയെ വിളിച്ചുപറഞ്ഞു, നാളെ വരില്ല, ഞാൻ എന്തൊക്കെയോ പറഞ്ഞു വേദനിപ്പിച്ചെന്ന്. പിറ്റേന്ന് ഞാൻ നല്ല രീതിയിൽ മദ്യപിച്ചു. (ഇതുവായിക്കുന്നവർക്കു തോന്നും എനിക്ക് വട്ടെന്ന്. ശരിയാണ് ഒരുപാട് വട്ടുകൾ ഉണ്ട്.) അങ്ങനെ ബാറിൽ പോയിരുന്നു ബിയറും റമ്മും അടിച്ചുകയറ്റിയ എന്നെ, ഒരു ഓട്ടോക്കാരൻ ഒരുവിധം വീട്ടിലെത്തിച്ചു.  അമ്മവരുന്നതുവരെ ജോലിക്കുപോകാതെ ഞാൻ ബോധംകെട്ടുറങ്ങി.

അന്ന് രാത്രി തിരുവനന്തപുരത്തെത്തിയ അവളെ വിളിക്കാൻ ഞാൻ തമ്പാനൂരിൽ ചെന്നു. ഒന്നുംമിണ്ടാതെ വീട്ടിലേക്കു വന്ന അവൾ ഫ്രഷായി കയറിക്കിടന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഞാൻ സ്നേഹത്തോടെ അവളെ വിളിച്ചു, “ചാരൂ…”
അവളെന്നോട് മിണ്ടാൻ കാത്തുകിടന്നപോലെ തോന്നി. ചാരു സംസാരിക്കാനാരംഭിച്ചു.

“നീയെനിക്കു സ്വസ്ഥത തരില്ലല്ലേ… ജോലിയിലെ ടെൻഷനും നീ തരുന്ന ടെൻഷനും കൂടി എനിക്ക് മടുത്തു ശിവാ… നിന്റെ കൂടെ വന്ന ദിവസം മുതൽ എന്റെ സന്തോഷം നശിച്ചു. നീ ചിന്തിക്കൂ.. എന്തുകൊണ്ടാണ് നിന്റെ കൂടെ ഒരു പെണ്ണും നിൽക്കാത്തതെന്ന്. നിന്റെ ഈ സ്വഭാവം കാരണമാണ്. ”

അവളാ പറഞ്ഞതുകേട്ട് എനിക്ക് ഉള്ളിൽ ചിരിവന്നു. സ്വന്തം മകളും പെറ്റമ്മയും വരെ കൂടെ നിൽക്കാതെ ഉപേക്ഷിച്ചുപോയിട്ടും അവൾ എന്റെകൂടെ നിൽക്കാത്ത അന്യസ്ത്രീകളെ കുറിച്ച് പറഞ്ഞു കളിയാക്കുന്നു. എന്റെ കൂടെ അമ്മയുണ്ട്. എനിക്കതുമതി ,ഞാൻ  ഉള്ളിൽ പറഞ്ഞു. അവളോട് അപ്പോൾ ഞാൻ പരിഭവം കാണിച്ചില്ല. ഇതേ ആരോപണം മറ്റൊരിക്കൽ അവൾ ഉന്നയിച്ചപ്പോൾ ഞാൻ നല്ല മറുപടി കൊടുത്തതായിരുന്നു അവൾക്കു സഹിക്കാനാകാതെ പോയത്. എന്തായാലും അടുത്ത ദിവസം അവളാഗ്രഹിച്ച പ്രകാരം കൂട്ടുകാരിയുടെ അടുത്തേയ്ക്കു പോകുകയും അടിച്ചുപൊളിക്കുകയും ചെയ്തു. ‘പൂച്ച എങ്ങനെ വീണാലും നാലുകാലിൽ തന്നെ’ എന്നുപറയുന്നപോലെ, അവളുടെ ആഗ്രഹം മാത്രം ഏതുസാഹചര്യത്തിലും നടപ്പാക്കിക്കൊണ്ടിരുന്നു. അതിനിടയിൽ അന്ന് പകൽ ഞാൻ മദ്യപിച്ചതും അവൾ മനസിലാക്കി. ആ രാത്രിയിലും അതിന്റെ സ്മെൽ മാറിയിരുന്നില്ല. അതിനും അവളെന്നോട് പരിഭവിച്ചു.

മദ്യത്തെ കുറിച്ച് പറയുമ്പോൾ ഒരു രസകരമായ കാര്യമുണ്ട് . ഞാൻ മദ്യപിച്ചു സമീപത്തു കിടക്കുന്നതു അവൾക്കിഷ്ടമില്ല. കാരണം അപ്പോൾ അവളുടെ മുൻഭർത്താവെന്നു തോന്നുമത്രെ. ഭൂതകാലതിക്താനുഭവങ്ങൾ കൊണ്ട് ആ മാനസികപ്രശ്നം നമുക്ക് മനസിലാക്കാം. എന്നാൽ, ചാരു മദ്യപിക്കാറുണ്ടായിരുന്നു എന്നാണ് മുൻപൊരിക്കൽ എന്നോടവൾ പറഞ്ഞിരുന്നത്.. അതിനൊട്ടു പ്രശ്നവും ഇല്ല. മറ്റൊരാൾ കുടിച്ചുകൊണ്ട് അടുത്തുകിടക്കുമ്പോഴേ അവൾ നാഗവല്ലിയാകൂ. എന്തൊക്കെ ശീലങ്ങൾ…)

ഇനി വീണ്ടും വർത്തമാനകാലത്തിലേക്കു വരാം. ഞാൻ ജോലികഴിഞ്ഞു രാത്രി വീട്ടിലെത്തി. ‘അമ്മ എന്നോട് വഴക്കുകൂടി.’ഒരുദിവസം ഓരോ പ്രശ്നങ്ങൾ ..എനിക്ക് വയ്യേ ദൈവമേ…’  എന്നുപറഞ്ഞു വിലാപം തുടങ്ങി.

ഞാൻ അമ്മയെ ആശ്വസിപ്പിച്ചു. “മര്യാദയ്ക്ക് ഒരു പെണ്ണുകെട്ടി  ജീവിക്കേണ്ടതിനു പകരം ഓരോ പരിഷ്‌കാരങ്ങൾ. അവൾക്കു നിന്നെ കുറ്റപ്പെടുത്താൻ മാത്രമാണ് സമയം. നീ ജീവിതത്തിലൊന്നും ഉണ്ടാക്കിയില്ലത്രേ, അവൾ അമ്പതുലക്ഷത്തിന്റെ കടവുംവീട്ടി സ്ഥലവുംവാങ്ങി, വീട്ടുസാധനങ്ങളും വാങ്ങിയത്രേ….”  അമ്മ പറഞ്ഞുകൊണ്ടേയിരുന്നു.

രണ്ടുദിവസം കഴിഞ്ഞപ്പോൾ ശനിയാഴ്ചയായി. അവളെ ഞാൻ ഫോൺ ചെയ്തു. തന്നെ വിളിക്കാൻ വരണ്ട താൻ വന്നോളാമെന്നു ദേഷ്യത്തോടെ പറഞ്ഞു. അന്ന് രാത്രി ജോലികഴിഞ്ഞു ഞാൻ വീട്ടിലെത്തിയപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു. കട്ടിലിൽ ചുമ്മാ കിടക്കുന്നു. അവളെന്നെ കാത്തിരുന്നതുപോലെ തോന്നി. ‘അമ്മ ആഹാരം കഴിക്കാൻ വിളിച്ചപ്പോൾ ശിവ വരട്ടേയെന്നു പറഞ്ഞത്രേ. എന്നെയവൾ കാത്തിരുന്നത് വഴക്കുകൂടാനെന്നു മനസ് എന്നെ ഓർമിപ്പിച്ചു. അതുപോലെ സംഭവിച്ചു. ഞാനിവിടെ നിന്നും ഇറങ്ങിത്തരണോ എന്നവൾ ചോദിച്ചു. ഞാനൊന്നും മിണ്ടിയില്ല. അവളെ അനുനയിപ്പിക്കാൻ ‘അമ്മ മാക്സിമം ശ്രമിച്ചു. ‘ശരി ഇറങ്ങിത്തരൂ …’ എന്ന് പറയാൻ ചുണ്ടുകൾ വെമ്പിയെങ്കിലും ഞാൻ മൗനംപാലിച്ചു. ഒന്നും കഴിക്കാതെ അവൾ ഉറക്കമായി. പിന്നീടു രാവിലെ ഉണർന്നിട്ടു ബ്രെക്ക്ഫാസ്റ്റും കഴിച്ചു ബാഗുംകെട്ടിപ്പെറുക്കി അവൾ ജോലിസ്ഥലത്തേക്ക് പോകാനൊരുങ്ങി .ബാഗിൽ അവൾക്കു ഉടുക്കാനുള്ള തുണികൾ വാരിനിറച്ചിരുന്നു. സ്റ്റെയർകേസ് ഇറങ്ങുന്നതിനിടയിൽ അവളെന്നോട് പറഞ്ഞു .

“ശിവാ നീ വീടൊഴിയാൻ പോകുന്നു എന്നോട് പറഞ്ഞപ്പോൾ ഈ ലോകത്തെ സകല നിസ്സഹായതകളും വന്നെന്നെ മൂടി…അപ്പോഴുള്ള ആ അവസ്ഥ നീ അറിഞ്ഞിട്ടുണ്ടോ ?”

“എന്റെ അവസ്ഥകളും നീ മനസിലാക്കണം ചാരൂ. നീ എന്നെ ഏകാന്തതയിലേക്കു തള്ളിവിട്ടു. ഇവിടെ വന്നു നിൽക്കാൻവയ്യ, ഫോൺചെയ്യാൻവയ്യ… ഞാൻ ശരിക്കും ഒറ്റപ്പെട്ടു. എന്റെ കൂട്ടുകാർ ജീവിക്കുന്നതുകാണുമ്പോൾ ആ മോഹം എനിക്കും ഉണ്ടാകും ..അതും നീ ഓർക്കണമായിരുന്നു… ”

” എനിക്കൊന്നും പറയാൻവയ്യ ശിവാ… ചെന്നിട്ടുവിളിക്കാം..”

എപ്പോഴും അവളെ ഞാൻ സ്റ്റേഷനിൽ കൊണ്ടാക്കാറുണ്ടായിരുന്നു. അന്നവൾ തനിയെ പോയി. രണ്ടു ബാഗുകളിൽ നിറയെ തുണിയും വാരിനിറച്ചു  അവൾ ഇറങ്ങിപ്പോയി. എന്റെ ചങ്കിടിഞ്ഞുതാണു. അവൾ ഗേറ്റു തുറന്നു റോഡിലേക്കിറങ്ങി നടന്നു. ഞാൻ ബാൽക്കണിയിൽ നിന്നും  നോക്കി. ആ ബാഗുകളുടെ ഭാരം കാരണം അവൾക്കു നടക്കാൻവയ്യെന്നു തോന്നി. വളരെ കഷ്ടപ്പെട്ടു ഫുട്പാത്തിലൂടെ വാശിയോടെ നീങ്ങുന്ന അവളെക്കണ്ടു എനിക്ക് കരച്ചിൽവന്നു. എന്തായാലും അവിടെ ചെന്നിട്ടു അവളെന്നെ വിളിച്ചു. എത്തി എന്നുമാത്രം പറഞ്ഞു ഫോൺ കട്ടുചെയ്തു.

എന്റെയും അമ്മയുടെയും അവളുടെയും മാനസികസന്തുലനം തെറ്റിക്കൊണ്ടിരുന്നു. വിട്ടുവീഴ്ചകൾ എനിക്കുമാത്രമായിരുന്നു എന്ന തിരിച്ചറിവിൽ അതെല്ലാം ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. ഒരിക്കലും ചേരാൻ പാടില്ലാത്ത രണ്ടുപേർ എന്ന തലത്തിലേക്ക് നമ്മളെത്തിയിരുന്നു. ഒരുപാട് അനുഭവങ്ങളിലൂടെ ജീവിതം കൈവിട്ടുപോയ അവൾക്കു ശിഷ്ടജീവിതം സന്തോഷത്തോടെ ജീവിക്കാനുള്ള ഒരു ചുറ്റുപാടായിരുന്നു ഞാനൊരുക്കിയത്. അതെല്ലാം സന്തോഷത്തോടെ സ്വാതന്ത്ര്യത്തോടെ അനുഭവിക്കുന്നതിനുപകരം എന്നെ എപ്പോഴും കുറ്റംപറയാനും എന്റെ മുൻകാലജീവിതത്തിലെ പരാജയങ്ങൾ അക്കമിട്ടു നിരത്താനുമായിരുന്നു അവൾക്കു താത്പര്യം.

ആയിടെ ഞാനവളെ ഒരു ദീർഘയാത്രപോകാൻ ക്ഷണിച്ചു. അവൾ എന്റെ ക്ഷണം നിരസിച്ചു. കൂട്ടുകാരികളുടെ കൂടെമാത്രമേ യാത്രപോകൂ അല്ലെ…എന്നുഞാൻ അവളോട് പണ്ടെപ്പോഴോ ചോദിച്ചിരുന്നത്രെ. ശിവയുടെ കൂടെ യാത്രചെയ്യാനും തയ്യാറാണോ എന്ന് പരീക്ഷിക്കാനാണ്  ഈ അവസരത്തിൽ ഞാൻ വിളിച്ചതെന്ന് ആ മിടുക്കി കണ്ടെത്തിക്കളഞ്ഞു. എന്തൊക്കെ കണ്ടെത്തലുകൾ…നിഗമനങ്ങൾ !

അവൾ തൊട്ടടുത്ത ശനിയാഴ്ച വീട്ടിൽ വന്നതും ദേഷ്യത്തോടെയായിരുന്നു. പിറ്റേന്നും രണ്ടുബാഗ് നിറയെ സാധനങ്ങൾ വരിനിറച്ചു ഇറങ്ങി. നീ മനഃപൂർവ്വം സാധനങ്ങൾ കുറേശ്ശ കടത്തുകയാണല്ലേ എന്ന് ഞാൻ അവളോട് ചോദിച്ചു . അവൾ പറഞ്ഞു

“അതെ ശിവാ… നാളെ നീ ഈ വീട്ടിൽ കയറരുതെന്ന് എന്നോട് പറഞ്ഞാൽ തുണിപോലും ഇല്ലാത്ത അവസ്ഥ വരാൻ പാടില്ലല്ലോ…”

അന്നുമവൾ ഒറ്റയ്ക്കിറങ്ങിപ്പോയി. നമ്മൾതമ്മിലുള്ള ബന്ധത്തിന്റെ മരണമണി മുഴങ്ങിക്കൊണ്ടിരുന്നു. ഫോൺ സംഭാഷണങ്ങൾ കുറഞ്ഞു. സംസാരിച്ചാൽത്തന്നെ അഭിപ്രായവ്യത്യാസങ്ങളും വഴക്കും പതിവായി. പിന്നുള്ള പല ശനിയാഴ്ചകളും എന്നെ അറിയിക്കാതെ വീട്ടിലെത്തി ഞാൻ രാത്രി ജോലികഴിഞ്ഞുവരുമ്പോഴേയ്ക്കും ഉറക്കവുമായിക്കഴിഞ്ഞിരിക്കും. ഒന്നും മിണ്ടാതെ ‘അമ്മ എല്ലാത്തിനും സാക്ഷിയായി
നീറിനീറി കഴിഞ്ഞു.

ആയിടെ ഒരുദിവസം, ഇനിയും വരാത്ത ട്രെയിനിനെ നോക്കി ഉരുക്കുപാതയുടെ വിദൂരതയിൽ കണ്ണെറിഞ്ഞുകൊണ്ട് പേട്ട റെയിൽവേ സ്റ്റേഷൻ കാന്റീനിലെ കാപ്പിയും കുടിച്ചു നിൽക്കുമ്പോഴാണ് ഒരു സന്യാസിയെ കണ്ടത്. ദൈവികമല്ലാത്ത ഒരു ആത്മീയതയുടെ വഴികളെ കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാനായി മുന്നിലേക്ക്‌ ചെന്നു. ചോദ്യങ്ങൾ ശ്രവിച്ചശേഷം എന്നെ രൂക്ഷമായി അടിമുടി നോക്കിക്കൊണ്ടു അദ്ദേഹം ഇങ്ങനെ പറഞ്ഞു. നീ ഇനിയും ഏറെ ചീഞ്ഞുനാറാനുണ്ട്. ചീഞ്ഞുചീഞ്ഞു നീ നടന്നെത്തുന്ന വഴി എന്നോട് ചോദിക്കേണ്ട ആവശ്യമില്ല. ജിമ്മിൽ വർക്ഔട്ട് ചെയ്യാൻ എടുക്കുന്ന ഭാരങ്ങൾക്കു പകരം മൺവെട്ടിയോ പിക്കാക്സോ കോടാലിയോ എടുത്ത് ഉപയോഗിച്ചാൽ തീരാവുന്ന പ്രശ്നമേ നിനക്കുള്ളൂ. വഴിമാറാടാ മുണ്ടയ്ക്കൽ രാശീ…. എന്ന് പറഞ്ഞു സംസാരം അവസാനിപ്പിച്ചശേഷം അയാൾ സായംസന്ധ്യയുടെ കുങ്കുമത്തിൽ തന്റെ കാവിവസ്ത്രത്തെ ലയിപ്പിച്ചു നടന്നുമറഞ്ഞു. പ്ലാറ്റ്‌ഫോമിൽ രാത്രിയുടെ നിഴൽ വീണുതുടങ്ങുന്നു. എവിടെ നിന്നൊക്കെയോ ഇഴഞ്ഞുവന്ന പാമ്പുകൾ അവിടവിടെ ചുരുണ്ടുകൂടുന്നു. ഞാൻ രണ്ടാമത്തെ കാപ്പിയും വാങ്ങി കുടിച്ചുകൊണ്ട് ഇച്ഛാഭംഗങ്ങളുടെ തൊണ്ണൂറ് കിലോയെ മെല്ലെ ചലിപ്പിച്ചു ഓഫീസിലേക്ക് കൊണ്ടിരുത്തി. സത്യമായും ഒരു ആത്മീയതയുടെ വശങ്ങൾ ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നു. നോക്കൂ…ഒരാൾ തന്റെ ജീവിതകാലംകൊണ്ടു നേടുന്ന ആശ്രമങ്ങൾ
അതിൽ ഗാർഹസ്ഥ്യം പൊളിഞ്ഞു . വാനപ്രസ്ഥവും സന്യാസ്യാവും വെറും നാലുമാസങ്ങൾ കൊണ്ട് എടുത്തണിയേണ്ട ഭീകരമായ ഒരവസ്ഥ.

പിന്നീടുള്ള ദിവസങ്ങൾ എന്റെ ജീവിതം ശ്മാശാനമൂകമായിരുന്നു. അമ്മയെ പലവിധ ശാരീരിക അസ്വസ്ഥതകൾ വേട്ടയാടാൻ തുടങ്ങി. ബീപികൂടി തളർന്നു വീണു. പിന്നെപ്പിന്നെ അമ്മയെ ഇൻസൾട്ട് ചെയ്തു സംസാരിക്കുന്നതു അവൾ ശീലമാക്കി. ‘തള്ള’ എന്നൊക്കെയായിരുന്നു സംബോധന. നോക്കൂ അവളുടെ അനാരോഗ്യങ്ങളിൽ പരിചരിച്ച എന്റെ അമ്മയെ തള്ള എന്നൊക്കെ അവഹേളിക്കുക…. അവൾക്കാരോടും നന്ദിയോ കടപ്പാടോ ഇല്ലായിരുന്നു(തള്ള എന്ന പ്രയോഗം തിരുവനന്തപുരത്തൊക്കെ ഒരു അവഹേളനപ്രയോഗം തന്നെയാണ്).

ചില ആളുകൾ ഇങ്ങനെയാണ്. അത് എച്ചുമ്മുകുട്ടിയുടെ ജീവിതകഥയിൽ നിന്നും നമ്മൾ വായിച്ചതാണ്. സമൂഹത്തിൽ മാനവികതയും സ്നേഹവും ഉയർത്തിപ്പിടിക്കുന്ന പലരുടെയും തനിക്കൊണം. അവർ വീടുകളിൽ മോശം മനുഷ്യരാകുന്നു. അതാണ് ചാരുവിനും സംഭവിച്ചത്. അവൾ പുറത്തു കൂട്ടുകാരുമായി അടിച്ചുപൊളിക്കുന്ന നല്ല കൂട്ടുകാരി, ജോലിസ്ഥലത്തു സത്യസന്ധയായ സർക്കാരുദ്യോഗസ്ഥ, വൃദ്ധസദനങ്ങൾ സന്ദർശിക്കുമ്പോൾ ഒരു തികഞ്ഞ മനുഷ്യസ്നേഹി. പക്ഷെ വീടിനുള്ളിൽ വന്നാൽ ഒരു നല്ല മകളോ നല്ല ഭാര്യയോ നല്ല അമ്മയോ ആയിരുന്നില്ല. ഒരുകാലത്തും ആയിരുന്നില്ല. ബന്ധുക്കളോട് മാത്രം അടങ്ങാത്ത പക. അതൊരു മാനസിക പ്രശ്നമാണ്. എനിക്കും ഉണ്ട് കുറെയൊക്കെ, അമ്മയുടെ ബന്ധുക്കളോട്. പക്ഷെ അമ്മയെ മാത്രമെങ്കിലും സ്നേഹിക്കുന്നുണ്ടല്ലോ… അങ്ങനെയൊരാശ്വാസമുണ്ട്.

അമ്മയെ അവൾ ‘തള്ള’യെന്നു വിളിച്ച വഴക്കിനുശേഷം അവൾ പിരിയാനുള്ള തീരുമാനമെടുത്തു. ഇനി അങ്ങോട്ടുള്ള ജീവിതത്തിൽ എന്ത്ചെയ്യണമെന്ന് ആലോചിക്കുന്നെന്ന് എന്നോടവൾ പറഞ്ഞു. വീട്ടിൽ കിടക്കുന്ന സാധനങ്ങൾ മാറ്റിത്തരാം എന്ന് പറഞ്ഞശേഷം എന്നെയവൾ ഒരുപാടു ശപിച്ചു. നിന്റെ ജീവിതത്തിൽ ഇനിയാരും വരില്ല ശിവാ… ഒരു പെണ്ണും നിന്നെ സ്നേഹിക്കില്ല …” എന്നൊക്കെ . പക്ഷെ അവളുടെ വാക്കുകൾ ഫലിച്ചില്ല. പിന്നെയും അഞ്ചാറുപേർ കടന്നുവന്നു. ഞാനാരെയും സ്വീകരിച്ചില്ല. ഇനി സ്വീകരിക്കുകയുമില്ല. ഒറ്റയ്ക്കുള്ള ജീവിതത്തേക്കാൾ മഹത്തരമായി ഒന്നുമില്ലെന്ന്‌ അറിയുന്നു.

മനഃസമാധാനത്തിന്റെ ലോകം അതാണ് വേണ്ടത്. കാരണം എനിക്കും ഒരുപാടു കുറവുകളുണ്ട്. കുറവുകൾ കൂട്ടാനുള്ളവരെയല്ല, അവയെ മായ്ക്കാനുള്ളവരെയാണ് എനിക്കും ആവശ്യം. അങ്ങനെയൊരു ദിവസം രാത്രിയിൽ അവൾ  കൂട്ടുകാരിയുമൊന്നിച്ചു വീട്ടിൽ വന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ഭീകരമായ രാത്രി.