എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 1

0
6595

 

‘ഉത്തരാഖണ്ഡിലെ പ്രളയം’ എന്നൊരു കവിത ഒരിക്കൽ ഞാൻ എഫ്ബിയിൽ പോസ്റ്റ് ചെയ്തപ്പോൾ അതുമായി ബന്ധപ്പെട്ടുള്ള ഒരു ആശയക്കുഴപ്പം ആണ് ചാരുലതയെ(യഥാർത്ഥ പേരല്ല) എന്റെ മെസഞ്ചറിൽ ആദ്യമായി എത്തിച്ചത്. രണ്ടരവർഷം നീണ്ടുനിന്ന മറ്റൊരു പ്രണയം അതിന്റെ കലാശക്കൊട്ടോടെ അവസാനിച്ചതിന്റെ ഹാങ്ങോവർ തുടർന്ന കാലമായിരുന്നു. ഞാൻ പാറു എന്നു  വിളിച്ചിരുന്ന ആ കഥയിലെ നായികയോടൊത്ത് കർണ്ണാടകയിലെ നഗരസന്ധ്യകളിൽ അലിഞ്ഞുനടന്ന നാളുകൾക്കുശേഷം വിരസതയുടെ അനിശ്ചിതമായ ഒരു ഇന്റർവെൽ. നഷ്ടപ്രണയത്തിന്റെ ക്ളീഷേവേഷങ്ങൾ ഒരു ദേവദാസിനെ പോലെ അരങ്ങിൽ അഭിനയിക്കുമ്പോളാണ് പുതിയൊരു പ്രണയത്തിന്റെ കൊടിയുംവീശി ചാരു കടന്നുവന്നത്. അവൾ തന്റെ ശിവപ്രണയം വെളിപ്പെടുത്താൻ തുടങ്ങുന്ന ആ രാത്രിയുടെ ആദ്യയാമങ്ങളിൽത്തന്നെ എന്റെ ഉറക്കം കൈലാസം കടന്നുപോയിരുന്നു.

(ചാറ്റിന്റെ തുടർച്ച )

‘ശിവൻ എനിയ്ക്കൊരു വികാരമാണ് രാശീ . എനിക്ക് മുരുഡേശ്വറിൽ പോയി നീലകണ്ഠനെ കാണണം ”

“എന്റെ പാർവതിയുമായി എനിക്കും അവിടെ പോകണം ചാരൂ”

“ആഹാ ആരാണാ ഹിമവൽപുത്രി”

“ഇപ്പോഴില്ല, അങ്ങനെയൊരാൾ ഉണ്ടാകുമ്പോൾ”

“സ്റ്റിൽ വേക്കന്റ് ? “വേഗം ഒരാളെ കണ്ടുപിടിക്കൂ, എന്നിട്ടുവേണം എനിക്കൊന്നു ഗംഗയാകാൻ, നീയെന്നെ ഒളിപ്പിച്ചു വച്ചോടാ ”

“എനിക്ക് ഗംഗയെ ആണിഷ്ടം ചാരൂ, ജടയിലല്ല ഈ നെഞ്ചിൽ വയ്ക്കാൻ ”

“ശിവാ നീയെന്നെ കളിയാക്കുകയാണോ ? ”

“ഇല്ല, എന്തെ എങ്ങനെ തോന്നിയോ ? ”

“ഇല്ല, അങ്ങനെയെങ്കിൽ തിരുവനന്തപുരത്തു വന്നു ഇടിതരും ”

“എന്റെ നെഞ്ചു വല്ലാണ്ട് മിടിക്കുന്നു ചാരൂ ”

“കേൾക്കുന്നുണ്ട്, ശിവാ…ശിവാ…”

“ചാരൂ..നിന്നെക്കുറിച്ചു ഒന്നും പറഞ്ഞില്ലല്ലോ”

“എനിക്ക് ഞാൻ മാത്രമേയുള്ളൂ ശിവാ, ഏകാന്തതയെ ആഘോഷമാക്കുന്നവൾ”

“ആ ഏകാന്തയിലേക്കു ഞാനൊന്നു കടന്നുവന്നോട്ടേ?”

“വന്നോളൂ,പക്ഷെ എന്നെവീണ്ടും ഏകാന്തതയിലേക്കു പറഞ്ഞുവിടരുത്. വീണ്ടുമൊരു സങ്കടക്കടൽ താങ്ങാൻ എനിക്ക് വയ്യ ശിവാ ..”

“ഞാനാരെയും ഉപേക്ഷിച്ചിട്ടില്ല ചാരൂ,എന്നെയാണ് പലരും ഉപേക്ഷിച്ചിട്ട് പോയത്”

“ഉം”

“എനിക്ക് നിന്നോട് വല്ലാത്ത ഒരിഷ്ടം തോന്നുന്നു ചാരു”

“എത്രത്തോളം..അനാദിയായ പ്രപഞ്ചത്തോളം ?”

“അതെ..ചാരൂ”

“നീയിപ്പോൾ എന്റെ ആരോആയി തോന്നുന്നുണ്ട് ശിവാ.നിന്റെ സ്നേഹത്തിന്റെ താണ്ഡവം എനിക്ക് കാണണം ”

“ചാരൂ..നമ്മളിപ്പോൾ ശിവഗംഗ”

“ശിവഗംഗ എന്നുപേരുള്ള സ്ഥലം തമിഴ്‌നാട്ടിൽ ഉണ്ട് ശിവാ,എന്തായിരിക്കും അങ്ങനെയൊരു പേരുണ്ടാൻ കാരണം?”

“നമ്മെപ്പോലെ രണ്ടുപേർ ഏതോ ചരിത്രകാലത്തിൽ അവിടെ വന്നു ജനിച്ചിരിക്കണം ചാരൂ”

“നിന്നോടെനിക്കിപ്പോൾ ഇഷ്ടംകൂടിവരുന്നു ശിവാ… നീയെന്നും എന്റേതായിരുന്നാൽ കൂടെയുണ്ടാകാം ശിവാ”

“അങ്ങനെയൊരു വാക്ക് … അതിന്റെ ബലത്തോളം ഒന്നും വേണ്ട ചാരൂ..ഒരാളുടെ സ്നേഹത്തിൽ ഒതുങ്ങി ജീവിക്കുന്ന ഒരാളാണ് ഈ ശിവ. എന്നെ അറിയുന്ന ഒരാൾ. അവളെയാണ് ഞാൻ തേടിക്കൊണ്ടിരുന്നത് .അവളാണ് എന്റെ ഉമയും ഗംഗയും ”

“എന്റെ പുരുഷൻ എന്റേതു മാത്രമായിരിക്കണം ശിവാ അത് എന്റെ ഏറ്റവും വലിയ സ്വാർത്ഥതയാവാം”

“പ്രണയവും സ്നേഹവും ഉള്ള ഒരു പെണ്ണിന്റെ മടിയിൽ തല ചായ്ച്ചു  ഉറങ്ങുന്നതിനെക്കാൾ വലിയ സ്വപ്നമെന്നും ഞാൻ കണ്ടിട്ടില്ല ചാരൂ..”

“ശിവാ എന്താണിപ്പോൾ നിന്റെ മനസ്സിൽ ? ”

“ഒരുപാടു വൈകാരികതകളുടെ വേലിയേറ്റം..ചാരൂ ..അതെന്നെ അടിത്തട്ടിലേക്ക് വലിച്ചാഴ്ത്തുന്നു. ഉലഞ്ഞുലഞ്ഞു ഞാൻ നിന്നിലേക്ക്‌ വീണടിയുന്നു”

“നിന്നെ ചേർത്തു പിടിക്കണമെന്ന് എനിക്കും മോഹമുണ്ട്”

“ഒറ്റപ്പെട്ടുപോയ രണ്ടുപേർക്കു ഒരുമിക്കാൻ കാലമൊരു  ഋജുരേഖ വരച്ചു ബന്ധിപ്പിച്ചു എങ്കിൽ നമുക്ക് ഒരുമിച്ചു നടക്കാം ചാരൂ”

“ശിവാ നീയും തിരുവാതിരക്കാരൻ ആണല്ലോ ശിവനേക്കാൾ റൊമാന്റിക് ആയ ഒരു സങ്കൽപം വേറെ എന്താണുള്ളത് അല്ലേ..”

“അതെ…ചാരൂ..ശിവനിൽ എല്ലാമുണ്ട്… സൗന്ദര്യവും വൈരൂപ്യവും സരസതയും വിരസതയും.. മഞ്ഞും അഗ്നിയും..പ്രണയവും കാമവും”

“അതെ ശിവാ…രതിയും ലാസ്യവും ക്രോധവും  സംഹാരവും”

“എന്റെ പക്ഷിക്കായി ആയിരം ചില്ലകളും ആയിരം പൂവുകളും ആയിരം തളിരുകളും മാത്രമല്ല ഈ മരം നീട്ടുന്നത്… ആയിരം വേരുകൾ ആഴ്ത്തി അചഞ്ചലമായ വിശ്വാസവും  കൂടിയാണ് ചാരൂ ”

“ഏതു കാറ്റിലും എനിക്കാ കൂട്ടിൽ അഭയമുണ്ടാകും,അല്ലെ ശിവാ”

======

പ്രണയം കത്തിപ്പടരുന്നതിനും മുന്നേ എന്റെ പലപോസ്റ്റുകളിലും അല്പം ഓവറായി അവൾ പ്രതികരിക്കുന്നത് ഞാൻ ശ്രദ്ധിക്കാതിരുന്നില്ല. എങ്കിലും എന്നേക്കാൾ പ്രായമുള്ള അവളുടെ, എഫ്ബി പ്രൊഫൈലിൽ ‘മാരീഡ്’ എന്നു രേഖപ്പെടുത്തിയിരുന്നത് എന്നിൽ അധികം സംശയത്തിനിടനൽകിയിരുന്നില്ല. അങ്ങനെയിരിക്കെയാണ് മുകളിൽ പറഞ്ഞ ആ കവിത പോസ്റ്റ് ചെയ്തതും അവളെന്റെ മെസഞ്ചറിൽ ചാറ്റിനു വന്നതും. ഏറെനേരം ചാറ്റ് ചെയ്ത ആദ്യദിവസം തന്നെ ഊഷ്മളമായ ഒരു സൗഹൃദം ആരംഭിച്ചു. അന്ന് അവളൊരു ടൂറിനു പോകുന്ന ദിവസവുമായിരുന്നു. രാത്രി ബസിലിരുന്ന് എന്നെയാദ്യമായി വിളിച്ചു. അത് മറ്റൊരു ആവശ്യത്തിനുവേണ്ടിയുമായിരുന്നു. ചാരു ഒറ്റയ്ക്കേയുള്ളൂ എന്ന തിരിച്ചറിവിൽ സീറ്റിൽ അടുത്തിരുന്ന ഒരു മധ്യവയസ്‌കൻ ശൃംഗാരമാരംഭിച്ചു. അയ്യാൾ കേൾക്കുന്ന രീതിയിൽ എന്നോട് ആ വിഷയം സംസാരിച്ചു പരിഹസിക്കാനും ആയിരുന്നു. ഏതായാലും ഫോൺ സംഭാഷണം അവസാനിച്ചപ്പോഴേയ്ക്കും അയാൾ ഉറക്കം അഭിനയിച്ചു കൂർക്കംവലിയും തുടങ്ങിയിരുന്നു. എന്തായാലും, എന്റെയും ചാരുവിന്റെയും ശബ്ദംകൊണ്ടുള്ള ആദ്യസമാഗമത്തിന് ആ ഞരമ്പുരോഗി വഹിച്ച പങ്കു ചെറുതല്ലായിരുന്നു.

ചരുവുമായുള്ള ബന്ധം വളരെപ്പെട്ടന്ന് പ്രണയത്തിലേക്ക് കൈവിട്ടുപോയതിനൊരു കാരണവും ഉണ്ടായിരുന്നു. കർണ്ണാടകയിലെ നഗരസന്ധ്യകൾ രാത്രിയുടെ ഇരുട്ടിലേക്ക് അസ്തമിച്ച ശേഷമുള്ള തിരുവനന്തപുരത്തെ സന്ധ്യകൾ എന്റെ ഏകാന്തത പതിന്മടങ്ങു വർദ്ധിപ്പിച്ചിരുന്നു. എന്റേതെന്നു പറയാൻ ജീവിതത്തിൽ ഒരാളുടെ അനിവാര്യതയെക്കുറിച്ചു ആദ്യമായി ചിന്തിച്ചു. അങ്ങനെയാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചത്. അതിനായി തിരുവനന്തപുരം നഗരത്തിൽ തന്നെയുള്ള മാരിചോയിസ് എന്ന മാട്രിമോണിയൽ സ്ഥാപനവുമായി ബന്ധപ്പെട്ടു.  ഞാനെന്ന ‘അരവട്ടനെ’ ഏറെക്കുറെ മനസിലാക്കിയ അവർ എനിക്കു പറ്റിയ ഒരു അരവട്ടത്തിയെ കണ്ടെത്തിത്തരാം എന്ന് വാക്കുംതന്നു.

എന്നെയും ആശയങ്ങളെയും ചിന്തകളെയും മനസിലാക്കാൻ എന്റെയൊരു ചാനൽ ഇന്റർവ്യൂ ഓഫീസിലെ ഒരു പ്രമുഖനെ കാണിക്കുകയുണ്ടായി. അയാളത് ആ സ്ഥാപനത്തിലെ എല്ലാരേയും കാണിച്ചുകൊടുത്തതിന്റെ ഫലമായി, രണ്ടുദിവസം കഴിഞ്ഞു ആദ്യമായി ആ ഓഫീസിൽ ചെന്ന എനിക്ക് ഊഷ്മളമായൊരു വരവേൽപ്പ് ലഭിച്ചു. കാബിനുള്ളിൽ ഇരുന്നവരൊക്കെ  എഴുന്നേറ്റുനിന്നു ഒരു വിചിത്രജീവിയെ കാണുന്നപോലെയാണ് നോക്കിയത്. എന്തായാലും ഞാനതു ആസ്വദിക്കുകയും ചെയ്തു. പിന്നെ അവിടത്തെ ഫോർമാലിറ്റികളിലേക്കു പോകുകയും ‘ഇപ്പൊ ശരിയാക്കിത്തരാം’ എന്ന് സമാധാനിപ്പിച്ചു വിടുകയും ചെയ്തു. ഗൾഫ് ഒഴികെയുള്ള വിദേശരാജ്യങ്ങളിൽ ജോലിയുള്ള ഏതെങ്കിലും സ്ത്രീയെക്കൊണ്ട് കെട്ടിച്ചു ഈ ചരക്കിനെയും കൂടി കടലുകടത്താൻ പറ്റുമോ എന്നാണു ഞാനവരോടു ഉളുപ്പില്ലാതെ കെഞ്ചിയത്. വാട്സാപ്പിലൂടെ അവർ അനവധി പെൺകുട്ടികളുടെ ഫോട്ടോസ് എനിക്ക് അയച്ചുതരികയുമുണ്ടായി. പെണ്ണുകാണൽ എന്ന ദുരാചാരത്തോടു എനിക്കു താത്പര്യമില്ലാത്തതിനാൽ, മറ്റെവിടെയെങ്കിലും വച്ച് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാം എന്ന് അവർ വാക്കുതന്നു. ഈ സംഭവങ്ങൾ നടക്കുമ്പോളാണ് ചാരുലത ഇടിച്ചുകയറി എന്നിലേക്ക്‌ വരുന്നത്. അപ്പോൾ ഞാൻ കൗമുദി ചാനലിലെ യുട്യൂബ് എഡിറ്ററായിരുന്നു.

അങ്ങനെ ഞാനും ചാരുവും കൂടുതൽകൂടുതൽ അടുക്കുകയായിരുന്നു. ജീവിതത്തിന്റെ ഏതോ സന്ധി മുതൽ പ്രതിസന്ധിയായി രൂപപ്പെട്ട അവളുടെ ജീവിതം എന്നെ വളരെയധികം സങ്കടപ്പെടുത്തി. തനിക്കാരുമില്ലെന്നും ഡിവോഴ്സ് ആയിട്ട് കാലങ്ങളേറെ ആയെന്നും പെറ്റമ്മവരെ ഒറ്റപ്പെടുത്തിയെന്നും ആദ്യവിവാഹത്തിൽ ഒരു മകളുണ്ടെന്നും അവൾ അച്ഛനൊപ്പം ആണെന്നും പറഞ്ഞപ്പോൾ എന്നിലെ വികാരജീവി വിങ്ങിപ്പൊട്ടി. കുടുംബത്തിൽ നിന്നകന്ന് ഒറ്റയ്ക്കൊരു വീട്ടിലാണ് താമസിക്കുന്നതെന്നുകൂടി പറഞ്ഞപ്പോൾ ഞാൻ കിടപ്പിലുമായി. എത്രവലിയ പൂന്തോട്ടത്തിലെ എത്ര മനോഹരമായ പൂക്കളെക്കാളും ഒറ്റപ്പെട്ടു നിൽക്കുന്ന കാട്ടുചെടിയിലെ പൂവിനെ സ്നേഹിക്കാൻ ജീവിതം കൊണ്ടു പഠിച്ച ഒരുവന് ആ സങ്കടങ്ങൾ മതിയായിരുന്നു അവളെ മാറോടണയ്ക്കാൻ. ചാരു സുന്ദരിയുമായിരുന്നു. യോഗയും ആരോഗ്യപരമായ ദിനചര്യകളും അവളുടെ യൗവ്വനം ത്രസിപ്പിച്ചു നിർത്തിയിരുന്നു. ഞാനവളുടെ പ്രൊഫൈലിൽ കയറി ഫോട്ടോസ് മുഴുവൻ നോക്കി. അതെ, എനിക്കിഷ്ടമുള്ള രൂപഭാവങ്ങൾ. എന്റെ പെണ്ണ് ഇവൾ തന്നെയെന്ന് ഉറപ്പിക്കുകയും ചെയ്തു.

(ചാറ്റ് )

“എന്റെ പെണ്ണേ..നീയുമായി ഇങ്ങനെ സംവദിക്കുമ്പോൾ എന്തെന്നില്ലാത്തൊരു അനുഭൂതി…. അതെന്നെ പ്രണയത്തിന്റെ ഏറ്റവും ഉയർന്ന അഗ്രത്തിൽ നിർത്തുന്നു. എന്റെ ചാരൂ …”

“പ്രണയത്തിൽ വല്ലാതെ മുഴുകുന്ന സ്വഭാവമാണ് ശിവാ എനിക്ക്. ആ പ്രണയം  വിവാഹജീവിതത്തിൽ പലപ്പോഴും അനാവശ്യമായി ഒരു സാധാരണ പുരുഷന് തോന്നിയേക്കാം.പക്ഷേ നിനക്കതു മനസ്സിലാകും”

“എന്റെ ഭാഗ്യം…എന്നും പ്രണയിക്കാൻ കഴിയുന്ന ഒരു പെണ്ണിനെ കിട്ടിയതിൽ.. അതിലും ഭാഗ്യം വേറെ എന്തുണ്ട് ചാരൂ…എപ്പോഴും പ്രണയിൽ മുഴുകുന്ന എനിക്ക് ”

“പ്രണയമില്ലാതെ ഒന്നിനും ആവില്ലെനിക്ക്. പ്രണയത്തോടെ എന്നെ നോക്കുന്ന പുരുഷന്റെ കൂടെമാത്രമേ എനിക്ക് മോഹമുണ്ടാകൂ…അവനൊപ്പമേ എനിക്ക് രതി ആസ്വദിക്കാൻ കഴിയൂ ”

“രതിയെ കെട്ടഴിച്ചു വിടാൻ എനിക്കും ആകില്ല…അതിനായി എനിക്കും പ്രണയം ഉണ്ടാകണം…മോഹം ഉണ്ടാകണം…നമ്മളാദ്യം കണ്ട ദിവസം, എന്റെ ഹൃദയം അറിഞ്ഞു അത്..”

====

ചാരുവിനെ ആദ്യംകണ്ട ദിവസത്തെ കുറിച്ച് പറയാം

അന്ന് സ്വാതന്ത്ര്യദിനം ആയിരുന്നു. ഹൃദയസ്പന്ദനങ്ങൾ തീവ്രമാക്കിക്കൊണ്ടു തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന എനിക്ക് മുന്നിലേക്ക് അതിസുന്ദരിയായി അവൾ വന്നിറങ്ങി. ഞാൻ അല്പംനേരം മായികമായൊരു അനുഭൂതിയുടെ വലയത്തിൽപ്പെട്ടു. ഭാവനയിൽ മെനഞ്ഞെടുത്തതിലും എത്രയോ മനോഹാരിയായി അവളരെ കാണപ്പെട്ടു. അപ്പോൾ ലോകത്തു ഞാൻ ആരാധിച്ചിരുന്ന സുന്ദരിമാരെല്ലാം എന്നിൽ നിന്നും ഓടിയകന്നു. ഞാൻ മുന്നോട്ടുനടന്നു. അവളുടെ അരികിലെത്തി . ആ കൈകൾ ഗ്രഹിച്ചു. അവളിൽ നിന്നും പരന്നൊഴുകിയ സുഗന്ധം ആ റെയിൽവേസ്റ്റേഷനിൽ പരന്നൊഴുകി. അഭിമാനത്തോടെ അവളെയും വിളിച്ചുകൊണ്ടു പുറത്തേയ്ക്കിറങ്ങി ഒരു ഓട്ടോയിൽ കയറി. വൻവൃക്ഷത്തിൽ പടരാൻ കൊതിച്ച മുല്ലവള്ളിപോലെ അവളെന്റെ തോളിൽ ചാഞ്ഞുകിടന്നു. പെട്ടെന്നെന്റെ ചുറ്റും പ്രപഞ്ചം  സനാഥമായി നിറഞ്ഞു. ഏറ്റവും തീവ്രമായ പ്രണയാനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ജീവിതാന്ത്യം വരെ കൈപിടിക്കാൻ ആദ്യമായി ഒരാളെത്തി. എന്റെ പ്രിയപ്പട്ട കൂട്ടുകാരി. ഈ വിധ വൈകാരികചിന്തകളെ ഖണ്ഡിച്ചുകൊണ്ടു ഓട്ടോ സ്റ്റാച്യുവിൽ ഉള്ള അരുൾജ്യോതിയ്ക്ക് മുന്നിലെത്തി..ചാരുവിനു ഏറെയിഷ്ടമുള്ള പൂരിമസാല നമ്മൾ കഴിച്ചു. കഴിക്കുകയാണെങ്കിലും അവളെന്റെ തോളിൽ ചാഞ്ഞുകിടക്കുകയായിരുന്നു.

ഭക്ഷണം കഴിച്ചശേഷം മ്യൂസിയത്തുപോയി മണിക്കൂറുകൾ സംസാരിച്ചുകൊണ്ടിരുന്നു. നമ്മൾ ഭൂതകാലത്തെ ഷെയർചെയ്തു. അതുവരെ പറയാത്ത ഒരു സത്യംകൂടി അവിടെ വച്ച് അവൾ പറഞ്ഞു. ആദ്യ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയ ശേഷം അവൾ മറ്റൊരു ബന്ധത്തിലും ചെന്നുചാടിയത്രേ. അവളുടെ ജോലിയിലെ വരുമാനമാണ് ആ കഥയിലെ നായകന് നോട്ടംഎന്നു മനസിലാക്കിയപ്പോൾ അവൾ പിന്മാറിയത്രെ. എങ്കിലും ഒമ്പതുദിവസങ്ങൾ ഒന്നിച്ചു കഴിഞ്ഞത്രേ. ആ അറിവ് എന്നെ അസ്വസ്ഥമാക്കിയെങ്കിലും ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനത്തിൽ മനസുകൾ കൊണ്ട് ഒപ്പുവച്ചിരുന്നതിനാൽ എന്നിൽ ഭാവഭേദങ്ങളൊന്നും ഉണ്ടായില്ല. ഒമ്പതുദിവസത്തെ ആ ജീവിതകഥയിൽ അസ്വാഭാവികത നിഴലിച്ചുനിന്നെന്നു തോന്നിയെങ്കിലും, ഗതിമാറിയൊഴുകി ശീലിച്ച എന്റെ ജീവിതത്തിനു ശുദ്ധിയശുദ്ധികളുടെ കണക്കെടുക്കാൻ എന്ത് യോഗ്യത എന്ന തിരിച്ചറിവിൽ അവളുടെ മൂർദ്ധാവിൽ പലവട്ടം ചുംബിച്ചു.

അൽപനേരംകഴിഞ്ഞപ്പോൾ അവളെയും കൊണ്ട് എന്റെ വീട്ടിലേക്കു പോയി. അമ്മയെ പരിചയപ്പെടുത്തേണ്ടതുണ്ട്. വീട്ടിലെത്തി, മുറിതുറന്ന് നമ്മളോരുമിച്ചു എന്റെ കിടക്കയിലിരുന്നു. അടുത്ത ബന്ധുവിന്റെ വീട്ടിലെ ഫങ്ഷന് പോയിട്ട് ‘അമ്മ പിന്നീടാണ് എത്തിയത്. അവളെ കണ്ടപാടെ അമ്മ വിതുമ്പാനാരംഭിച്ചു. എന്റെ ദുരവസ്ഥകൾ അക്കമിട്ടെണ്ണി. മോളവനെ സ്നേഹിക്കണമെന്നും അനുസരിച്ചില്ലെങ്കിൽ ചൂരലെടുത്തു തല്ലണമെന്നും സങ്കടവും ഹാസ്യവും കലർത്തി പറഞ്ഞു.

മോനിഷ്ടപ്പെടുന്ന ഏരു പെണ്ണും സ്നേഹനിധിയായ എന്റെ അമ്മയ്ക്ക് സ്വീകാര്യമായിരുന്നു..അവളും അമ്മയും പിന്നെയും എന്തൊക്കെയോ കുറെ സംസാരിച്ചു. വറുത്തമീനും സാമ്പാറും ചില വെജിറ്റബിൾ കറികളും കൊണ്ട് നല്ലൊരു ഊണ് തരപ്പെടുത്തിയിട്ടു ‘അമ്മ അവളോട് യാത്രപറഞ്ഞു ഫങ്ഷൻ സ്ഥലത്തേയ്ക്കുതന്നെ പോയി. വീട്ടിൽ പിന്നെയും ഞങ്ങൾ മാത്രമായി. ഞങ്ങളെ ഒരുമിച്ചിരുത്തിയിട്ട് പോകുന്നതിന്റെ ഉത്കണ്ഠ ഒന്നും സദാചാരപോലീസല്ലാത്ത അമ്മയ്ക്കില്ലായിരുന്നു. ”അമ്മ വെറുമൊരു ‘അമ്മ അല്ലമ്മേ..ഒരു പുരോഗമനവാദിയുടെ അമ്മയാണമ്മേ” എന്ന് അമ്മയെ പലപ്പോഴും ഞാൻ ഓർമിപ്പിക്കാറുമുണ്ടായിരുന്നു.

ആ മുറി മഞ്ഞുപൊഴിയുന്ന ഞങ്ങളുടെ സ്വപ്നകൈലാസമായല്ല, ഒരു അഗ്നിപർവ്വതമായി മാറുകയായിരുന്നു .അതിന്റെ ചൂട്  ഞങ്ങളിലരിച്ചുകയറി. രക്തത്തിനുപകരം ലാവയൊഴുക്കു തുടങ്ങി. ഗാഢമായി ചുംബിച്ചുകൊണ്ട് ഞങ്ങൾ അധരങ്ങളെ കൈമാറി. പരിരംഭണത്തിൽ മുഴുകികൊണ്ടു ചുംബനങ്ങളെ പരസ്പരം ധൂർത്തടിച്ചു. എന്റെ കൈകൾ അവളിൽ കാമത്തിന്റെ തീർത്ഥാടനം തുടങ്ങി. ഞങ്ങൾ കിടക്കയിലേക്ക് ചരിഞ്ഞു. കുതിപ്പും കിതപ്പും കൊണ്ട് ഞങ്ങൾ സൂര്യഗോളത്തിലെ പര്യവേഷകരായി. ജ്വരമൂർച്ഛയിൽ ഉരുകിയൊലിച്ചു. തൃപ്തിയുടെ മാനദണ്ഡങ്ങൾ അപ്രസക്തമായി. ആഴങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടു അഗ്നിശൈലം പൊട്ടിത്തെറിച്ചു. നമ്മുടെ ലാവാപ്രവാഹങ്ങൾ ഒന്നായൊഴുകി. കെട്ടുപിണഞ്ഞ രൂപങ്ങളായി നമ്മൾ കിതപ്പുകളുടെ ഹുങ്കാരം അടങ്ങുന്നതുവരെ അങ്ങനെ കിടന്നു.

തലേദിവസത്തെ കാര്യങ്ങളോർത്തു അടുത്ത ദിവസം അവളുടെ ചാറ്റിൽ ഒരു നിമിഷകവിത കുറിയ്ക്കുകയുണ്ടായി.

എന്റെ ഗളത്തിലെയുഗ്രനാഗം

മസ്തിഷ്കത്തിലേക്കിഴഞ്ഞുകയറുമ്പോൾ

നിന്നിലെ ഭൂമിയുടെ ഉൾത്തുടിപ്പുകളറിഞ്ഞുകൊണ്ട്

നിന്നിലേക്കിഴയാൻ തുടങ്ങുന്നു ഞാൻ

കാമവിഷദംശനത്തിൽ

നീലിച്ച നീ ആലസ്യത്തിലാറാടുമ്പോൾ

ചുടലഭസ്മമത്തെ കുടഞ്ഞെറിഞ്ഞു ഞാൻ

ഉള്ളിലെ തീയെ ജ്വലിപ്പിച്ചുകൊണ്ട് ഏരിയുന്നു

എന്റെ ഹൃദയത്തിൽ മുറുകുന്നു

ഡമരുവിന്റെ ഉടുക്കുകൊട്ട്

ഹിമാലയത്തിൽ മഞ്ഞുരുകിയെന്നപോലെ

ലാവാപ്രവാഹത്തിൽ വിയർത്തിറങ്ങുന്നു ഞാൻ

ചുംബനത്തീമഴയിൽ

നിന്റെയംഗത്തിലെ വികാരഫലഭൂയിഷ്ടിയിൽ

തളിരിട്ടുയർന്നതിൽ

പൂവായും കനിയായും നിന്നെ നുണയുന്നു

കാമതാണ്ഡവച്ചടുലതകൊണ്ടെന്റെ മുറി

ഒരഗ്നിശൈലമാക്കുന്നു……

മതിവരാതെ പിന്നെയും എഴുതിക്കൊണ്ടിരുന്നു

“കടപ്പുറത്തു കമിഴ്ന്നുകിടന്നു

രണ്ടുകൈകൊണ്ടും മണ്ണിനെ മാറോടണയ്ക്കുന്നപോൽ..

ചാരൂ ..നിന്റെ സകല വികാരവിചാരങ്ങളെയും

നിന്നിൽ തുടിക്കുന്ന ഓരോ കോശങ്ങളെയും ഞാൻ

സ്നേഹത്താലും പ്രണയത്താലും

എന്നിലേക്ക്‌ ആർത്തിയോടെ ചേർക്കുന്നു… ”

ചാരുവും ഞാനും സംഗമിച്ച ആ ദിവസം വൈകുന്നേരം അവളെ യാത്രയാക്കാൻ റെയിൽവേ വീണ്ടും.സ്റ്റേഷനിലെത്തി. സ്ഥിരമായ കൂടുകൂട്ടലിനു വേണ്ടിയൊരു താത്കാലിക വേർപിരിയൽ.

ട്രെയിനെടുക്കുന്നതുവരെ അവൾക്കൊപ്പം ഞാനും അതിനുള്ളിൽ ഇരുന്നു. അവളെന്റെ തോളിൽ ചാഞ്ഞു കിടന്നു ചോദിച്ചു

“ശിവാ ജോലിക്കു പോകുമ്പോൾ എല്ലാ ആഴ്ചയിലും എന്നെയിങ്ങനെ യാത്രയാക്കാൻ നീ വരണം. വന്നിറങ്ങുമ്പോൾ വിളിക്കാനും. ഓരോ തവണ നമ്മൾ പിരിയുമ്പോഴും അടുത്ത സമാഗമത്തിനുവേണ്ടി ദിവസങ്ങൾ എണ്ണിത്തുടങ്ങണം. ആ തീവ്രമായ പ്രണയം അങ്ങനെതന്നെ നിലനിൽക്കണം…”

ഞാൻ ദീർഘനിശ്വാസത്തോടെ തലയാട്ടി. ട്രെയിൻ നീങ്ങി..സ്നേഹത്തോടെ യാത്രപറഞ്ഞുകൊണ്ടു ഇറങ്ങിനടന്നു. ഞാൻ അപ്പോൾ മാരിചോയിസിലെ ആളെ വിളിച്ചു എനിക്കുവേണ്ടി ഇനി വിവാഹബന്ധങ്ങൾ ആലോചിക്കേണ്ട എന്ന് പറഞ്ഞു.  കുറച്ചുനേരം കഴിഞ്ഞപ്പോൾ ചാരു വാട്സാപ്പിൽ ഇങ്ങനെ ചോദിച്ചു .

“ശിവാ എന്നിലെ പെണ്ണിനെ നിനക്കിഷ്ടമായോ ?”

“ഒരുപാടിഷ്ടമായി ചാരൂ…എന്നിലെ പുരുഷനെയോ ..?”

“ഉം..നിന്നെ എനിക്കിഷ്ടമായി ശിവാ..”

“പഴയ തിക്താനുഭവങ്ങൾ എല്ലാം മറന്ന് ഒരുപാട് പ്രതീക്ഷയോടെയാണ് ശിവാ ഞാൻ നിന്റെയൊപ്പം ജീവിതം തുടങ്ങുന്നത്. ഇനിയൊരു കണ്ണീർക്കടൽ താണ്ടാൻ ഉള്ള കരുത്ത് എന്റെ കൈകൾക്കില്ല.”

“ഉം… എന്നിലെ സ്നേഹത്തിനു കലർപ്പില്ല ചാരൂ… എന്നും ശിവൻ നിന്റെ മാത്രം ”

“നമുക്കിടയിൽ മൂന്നാമതൊരാൾ കടന്നു വരരുത്.അതിൽ സ്വാർത്ഥയാണ് ഞാൻ.ആദ്യമേ ഞാൻ പറഞ്ഞല്ലോ, എന്റെ പുരുഷൻ എന്റേത് മാത്രമാകണം.അതെനിക്ക് നിർബന്ധമാ ”

ചാറ്റിലൂടെ നമ്മൾ സമ്മതപത്രങ്ങൾ കൈമാറിക്കൊണ്ടേയിരുന്നു

ദിവസങ്ങൾ കഴിഞ്ഞു. ഒരുദിവസം ഞാനും അമ്മയും അവളുടെ വീട്ടിൽ പോയി. ചാരുവും ഒരു കൂട്ടുകാരിയും ഞങ്ങളെ വിളിക്കാൻ റെയിൽവേസ്റ്റേഷനിൽ കാറുമായി വന്നു. അന്ന് പെരുംമഴയായിരുന്നു. വീട്ടിലെത്തി പ്രാതൽ കഴിഞ്ഞു ഞങ്ങൾ നാലുപേരും ഭാവി ജീവിതത്തെക്കുറിച്ചു ചർച്ചചെയ്യാനാരംഭിച്ചു. ആർക്കും ഒന്നിനും എതിരഭിപ്രായം ഇല്ലായിരുന്നു.

ഒരു ജീവിതത്തിന്റെ വേദി അവിടെ അനായാസം ഒരുങ്ങുകയായിരുന്നു. അതിനെ തകിടംമറിക്കാൻ പിന്നാലെ വരുന്ന ഒരു കൊടുങ്കാറ്റിനെ ആരും പ്രവചിച്ചില്ല. ഉച്ച ഭക്ഷണത്തിനു ശേഷം ഞങ്ങൾ മടങ്ങിപ്പോന്നു. ചാരു തന്നെയാണ് റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടതും.

ഇതിനിടയിൽ മറ്റൊരു പ്രതിസന്ധി ചാരുവിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആദ്യവിവാഹത്തിലുണ്ടായ മകൾ ഇപ്പോൾ യൗവ്വനാവസ്ഥയിലെത്തി വിദ്യാഭ്യാസത്തിന്റെ ഉന്നതമേഖലകൾ താണ്ടുകയാണ്. അവൾ അച്ഛനൊപ്പമാണ് നിൽക്കുന്നതെന്നു പറഞ്ഞല്ലോ. എങ്കിലും ചരുവുമായി അവൾ ഫോണിലൂടെയും മറ്റും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടായിരുന്നു. ചാരുവിനു അവളോട് വല്ലാത്തൊരു വൈകാരികതയും ഉണ്ടായിരുന്നു. നമ്മുടെ ബന്ധത്തിന്റെ കാര്യം മകളോട് പറയുക, അവളിൽ നിന്നും സമ്മതം മേടിക്കുക ഇവയെല്ലാം ചാരുവിന്റെ ഉത്തരവാദിത്തം ആയിരുന്നു. ഈ വിഷയങ്ങളെല്ലാം സൂചിപ്പിച്ചുകൊണ്ട് അവൾ മകൾക്കൊരു വാട്സാപ്പ് മെസ്സേജ് ഇടുകയുണ്ടായി. അത് വായിച്ചിട്ടു ആദ്യമൊരു തമാശയായി കരുതിയ മകൾ പിറ്റേന്ന് ഈ ബന്ധത്തിന് എതിർപ്പ് പ്രകടിപ്പിച്ചു എങ്കിലും ചാരുവിന്റെ തീരുമാനം ഉറച്ചതെന്നു മനസിലാക്കിയപ്പോൾ മകൾ ഈ ബന്ധത്തിന് സമ്മതിക്കുകയായിരുന്നു. മകൾ എന്റെ എഫ്ബി പ്രൊഫൈലിൽ കയറി നോക്കുകയും അമ്മയ്ക്ക് എല്ലാവിധ ആശംസകൾ അറിയിക്കുകയുമാണ് ഉണ്ടായതു. എന്തുകൊണ്ടാണ് അമ്മയുടെ കാര്യത്തിൽ കാർക്കശ്യത്തോടെ ഇടപെടാൻ ആ മകൾക്കു സാധിക്കാത്തതെന്തെന്നറിയാമോ ?

തുടരും…

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 3

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 4

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 5

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 6

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 7

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 8

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 9

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 10 (അവസാന ഭാഗം)